Thursday 19 May 2022 04:46 PM IST

‘കുറഞ്ഞ ചെലവിൽ യാത്ര... പോക്കറ്റ് കീറാതെ ബോട്ടിങ്ങും ഭക്ഷണവും’: ആനവണ്ടിയിൽ ഉല്ലാസയാത്ര പോയാലോ

Tency Jacob

Sub Editor

ksrtc-explore

ബസിനു പതിയെ ചിറകുമുളയ്ക്കുകയാണ്. നിമിഷങ്ങൾക്കു മുൻപ് അപരിചിതരായിരുന്ന മനുഷ്യർ, മാസ്ക് മാറ്റി പുഞ്ചിരിക്കാനും തൊട്ടുതൊട്ടിരുന്നു വർത്തമാനം പറയാനും തുടങ്ങിയിരിക്കുന്നു. ‘മലയാളി മലയാളി ആകണമെങ്കിൽ ഒരു തവണയെങ്കിലും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരിക്കണം...’ ഈ ഡയലോഗ് ആരു പറഞ്ഞതാണ്. ചിന്തകളെ ഞെട്ടിച്ചുകൊണ്ട് കാതടപ്പിച്ച് ‘േേേയ......’ എന്നൊരു ആരവം. നാലു പെൺകുട്ടികളുടെ സംഘമാണ്. അവർ ആഘോഷതിമിർപ്പിലേക്ക് കയറിയതിന്റെ ഒച്ചയാണ്.

കൃത്യം എട്ടു മണിക്കു യാത്ര തുടങ്ങിയപ്പോഴും പകുതിയിലേറെ സീറ്റുകളിൽ യാത്രക്കാരില്ല. ബുക്ക് ചെയ്യാൻ വിളിച്ചപ്പോൾ ‘അൻപതു സീറ്റിൽ രണ്ടു സീറ്റു മാത്രമേ ഒഴിവുള്ളൂ, വേഗം പറയണം’ എന്നു ധൃതി പിടിച്ചവരാണ്. എന്നിട്ടാണ്...

ജംഗിൾ സഫാരിക്കുള്ള രണ്ടു വണ്ടികളിൽ മുന്നിലുള്ളത് മൂന്നാർ റോഡിലേക്കു തിരിഞ്ഞു. ഞങ്ങളുടെ ബസ് വേറൊരു വഴിയിലേക്കാണ് തിരിയുന്നത്. ‘അതെന്താ അ ങ്ങനെ’ എന്നു ചിന്തിക്കുമ്പോഴേക്കും പുറത്തു നിന്നു വലിയൊരു ആർപ്പുവിളി. അപ്രതീക്ഷിതമായി ആനവണ്ടി കണ്ടപ്പോഴുണ്ടായ നാട്ടുകാരുടെ ആഹ്ലാദാരവമായിരിക്കണം. വഴിയരികിൽ നിൽക്കുന്ന സംഘത്തെ നോക്കി ചിരിച്ചു കൈവീശി.

പെട്ടെന്നാണ് വണ്ടി തൊട്ടടുത്തൊരു വളവിലേക്കു കയറിയതും റിവേഴ്സ് ഗിയറിലിട്ട് തിരിച്ചെടുത്തതും. ആകെ മൊത്തം കളം മനസ്സിലായി വരുമ്പോഴേക്കും റ്റാറ്റാ കൊടുത്ത സംഘം മുഴുവൻ ബസിനുള്ളിലുണ്ട്. കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ ആറാം വാർഡിലെ തൊഴിലുറപ്പു ജോലി ചെയ്യുന്ന ചേച്ചിമാരും ചേട്ടന്മാരുമാണ്. മൊത്തം ഇരുപത്തിയാറു പേരുണ്ട്. കണ്ടക്ടർ നിബുവും ഡ്രൈവർ ബിജുവും സഹൃദയരാണ്. എല്ലാവരോടും തമാശ പറഞ്ഞു യാത്ര ഉഷാറാക്കുന്നതിൽ മിടുക്കർ.

ഭൂതത്താൻമാർ കെട്ടിയ കോട്ട കാണാൻ

ഭൂതത്താൻ കെട്ടിൽ നിന്നു തട്ടേക്കാടു വരെ ബോട്ടിലാണ് യാത്ര! ബസും കൂടെ വരുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ ‘അങ്ങേ കടവിൽ കാത്തുനിൽക്കാം’ എന്നു മറുപടി. പച്ചപ്പ് അതിരു പിടിച്ച തടാകത്തിലൂടെ നേർത്ത കാറ്റേറ്റ് തിടുക്കപ്പെടാതെ ഒരു യാത്ര. ബോട്ടിൽ നിന്നുയർന്ന കലമ്പൽ കേട്ടാകണം നീർകാക്കകൾ പ റന്നു.

തൊട്ടടുത്തിരിക്കുന്നത് പിണ്ടിമനയിൽ നിന്നു കയറിയ സംഘമാണ്. യാത്രയുടെ ഒരു രസവും പാഴാക്കില്ലെന്നുറപ്പിച്ചാണ് ഇരിപ്പ്. ‘‘വീട്ടിൽ നിന്ന് ആറു കിലോമീറ്ററേ ഉള്ളൂ ഭൂതത്താൻ കെട്ടിലേക്ക്. എന്നിട്ടും ഇതുവരെ വരാനൊത്തില്ല.’’ രാജേന്ദ്രൻ ചേട്ടൻ വിശേഷം പറയാനാരംഭിച്ചു.

‘‘കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര കാരണം അ ങ്ങനെയാരു ഭാഗ്യമുണ്ടായി. കുറഞ്ഞ ചെലവിൽ ഭക്ഷണവും യാത്രാച്ചെലവും ബോട്ടിങ്ങും അടക്കം വേറെ ആരു കൊണ്ടുപോകുമെന്നാ.’’ പ്രഭാകരൻ ചേട്ടൻ ആനവണ്ടിയുടെ തോളത്തു തട്ടുകയാണ്.

ഹായേ മേരി പരം പരം പരം പരം പരമസുന്ദരി...

ബോട്ടിനുള്ളിൽ പെട്ടെന്നൊരു പാട്ടിൻ തിരയിളക്കം. ജെസ്സിചേച്ചിക്ക് ഡാൻസ് കളിക്കാഞ്ഞിട്ട് ആകെയൊരു വീർപ്പുമുട്ടൽ. കൂട്ടുകാരെ കൂടെ കളിക്കാൻ വിളിക്കുന്നുണ്ടെങ്കിലും അവരെല്ലാം ചമ്മൽ മറഞ്ഞു നിൽക്കുകയാണ്. അതുവരെ കലപിലയിൽ കുറുകിക്കൊണ്ടിരുന്ന പെൺകുട്ടികളുടെ സംഘം ജെസ്സിചേച്ചിക്കൊപ്പം കൂടി. പിന്നെയവിടെ തകിലടി മേളമായി...

‘‘പുലിമുരുകൻ സിനിമ ഷൂട്ട് ചെയ്തത് ദാ, ആ കാട്ടിലാണ്.’’ ബോട്ടിലെ കിളി പൂയംകുട്ടി വനത്തിലേക്ക് കൈ ചൂണ്ടി. എല്ലാവരും കൗതുകത്തോടെ പുറത്തോട്ടു നോക്കി.

‘‘ദാ, അവിടെയായിരുന്നു മോഹൻലാലിന്റെ വീട്, ദേ ഇവിടെയായിരുന്നു പുലിയുമായുള്ള സംഘട്ടനം.’’നിബുവിന്റെ കൗണ്ടർ കേട്ട് ‘ചേട്ടോയ്, തള്ളാതെ തന്നെ വണ്ടി പോകുന്നുണ്ട് കേട്ടോ...’ എന്നു ബോട്ട് കൂട്ടച്ചിരി ചിരിച്ചു.

‘‘ഞാനും പാത്തുവും ലുലുവും മാല്യങ്കര എസ്എൻഎം കോളജ് വിദ്യാർഥികളാണ്. ഹോസ്റ്റലിലാണ് താമസം. മ ലപ്പുറത്താണ് ഇവർ രണ്ടുപേരുടെയും വീട്. ഈ വീക്കെൻഡ് അവധിക്ക് എന്റെ കൂടെ കൂട്ടി. കൂട്ടത്തിലുള്ള നാലാമത്തെ പെൺകുട്ടി, റുക്സാന എന്റെ അനിയത്തിയാണ്.’’ ഫർസാന വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കെ വീണ്ടുമൊരു തട്ടുപൊളിപ്പൻ പാട്ടു വന്നപ്പോൾ തുള്ളിച്ചാടി അതിലേക്ക് മടങ്ങിപ്പോയി. തട്ടേക്കാട് ഇറങ്ങുമ്പോഴേ കണ്ടു, ബ സ് ചിരിച്ചു കൊണ്ടു കൈകാട്ടി വിളിക്കുന്നു.

ksrtc-travel-1 യാത്രയ്ക്കുള്ള വട്ടംകൂട്ടൽ. രാവിലെ 7.45 കോതമംഗലം ബസ്‌ സ്റ്റാൻഡ്

കാടിനുള്ളിലേക്കു കയറുന്നു, ഇറങ്ങുന്നു

‘‘കുട്ടമ്പുഴ വഴി മാമലക്കണ്ടം കയറിയാണ് സാധാരണ യാത്ര. ഇരുമ്പുപാലത്ത് പണി നടക്കുന്നതു കൊണ്ട് വേറെ വഴിക്കു പോകാം.’’ നിബു ഡബിൾ ബെല്ലടിച്ചു. ഒറ്റക്കൊമ്പൻ തലയും കുലുക്കി കയറുന്നതു പോലെ ആനവണ്ടി മെല്ലെ കാട്ടിലേക്ക് കയറുകയാണ്. ഇരുവശങ്ങളിലൂടെ പച്ച പിടിച്ച തണുപ്പ് ബസിനുള്ളിലേക്ക് അരിച്ചിറങ്ങി. ബസിൽ കൊടുക്കൽ വാങ്ങലുകൾ തുടങ്ങിയിരിക്കുന്നു. പിണ്ടിമന സംഘം കയറുമ്പോൾ കയ്യിലുണ്ടായിരുന്ന വലിയ ബാഗുകൾ കണ്ട് അതിശയിച്ചിരുന്നു. ഒരു ദിവസത്തെ യാത്രയ്ക്കെന്തിന് ഇത്രയും വലിയ ബാഗ്? ഇപ്പോഴാണ് കാര്യം മനസ്സിലായത്. ഉണ്ണിയപ്പവും കറുമുറു പലഹാരങ്ങളൊക്കെ കയ്യിലിരുന്നു ചിരിച്ചു.

പെരിയാറിനു കുറുകേയുള്ള ഇഞ്ചത്തൊട്ടി തൂക്കുപാലമാണ് അടുത്ത ലക്ഷ്യം. കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം. ചാഞ്ചാടിയാടുന്ന പാലത്തിലൂടെ ആടിയാടി നടക്കുമ്പോൾ എതിരേ വരുന്നവർ വികാരാർദ്രമായി പാടുന്നുണ്ടായിരുന്നു.

പെരിയാറേ പെരിയാറേ

പർവ്വതനിരയുടെ പനിനീരേ...

പോകുന്ന വഴിയിലൊരിടത്തു പ്രാതൽ കഴിക്കാൻ നിർ ത്തി. ‘‘എന്തു വേണമെങ്കിലും കഴിച്ചോ. കാശ് സ്വന്തം കീശയിൽ നിന്നാണ് പോകുന്നതെന്ന ചിന്ത ഉണ്ടായാൽ മതി.’’ ബിജു ഓർമപ്പെടുത്തി.‌ ഉച്ചയ്ക്കുള്ള ഊണും വൈകുന്നേരത്തെ ചായയും യാത്രാ പാക്കേജിലുണ്ട്.

ഇനി കാണേണ്ടത് ചീയപ്പാറ വെള്ളച്ചാട്ടമാണ്. പക്ഷേ, അത് വേനൽക്കാലത്തെ വെയിലു കൊണ്ടുപോയി. വെള്ളം കുതിച്ചൊഴുകിയിരുന്ന അടയാളമേറ്റി നിൽക്കുന്ന ക രിങ്കൽപ്പാറകൾ മാത്രമുണ്ട്.

യാത്രയിലുടനീളം കാറ്റും ചെടിത്തലപ്പുകളും മുഖത്ത് ഉമ്മവച്ചു കൊണ്ടേയിരുന്നു. വഴിയരികിൽ നിൽക്കുന്ന വ യലറ്റു പൂക്കളും മഞ്ഞക്കോളാമ്പിയും വണ്ടിയിലെ ആരവം കേട്ടാകണം എത്തിനോക്കി. വീട്ടുമുറ്റത്തിനരികിലൂടെ പോകുമ്പോൾ വാഴത്തടത്തിൽ കുന്തിച്ചിരുന്നു പാത്രം തേച്ചുകൊണ്ടിരുന്ന അമ്മമാർ ചിരിച്ചു തലയാട്ടി സന്തോഷം പങ്കുവച്ചു. വീതി കുറ‍ഞ്ഞ വഴികളായതുകൊണ്ട് മെല്ലെയാണ് വണ്ടിയുടെ പോക്ക്. ഓരോ വളവും ശ്രദ്ധിച്ചെടുത്ത്, ഓരോ കയറ്റവും അടിവച്ചടിവച്ചു കയറി, ആടിയുലയ്ക്കാതെ ആസ്വദിച്ചൊരു യാത്ര...

‘‘ഓഹ്, ടൂറിസ്റ്റ് ബസോ കാറോ ആയിരുന്നേൽ ഇപ്പോ ഛർദ്ദിച്ചു കുഴഞ്ഞു കിടന്നേനെ.’’ രമണിച്ചേച്ചി ഡ്രൈവർക്ക് ഫുൾ മാർക്ക് കൊടുത്തു. കാടിനുള്ളിലെ ശുദ്ധവായു ശ്വസിക്കുന്നതു കൊണ്ടാകാം കൂടുതൽ കൂടുതൽ ഉഷാറാകുകയാണ്.

‘‘ഇനി വെള്ളച്ചാട്ടം കാണിച്ചില്ലെന്ന പരാതി വേണ്ട.’’ നിബു ഡോർ തുറന്നു ചാടിയിറങ്ങി. എല്ലാവരെയും പുറത്തേക്കു വിളിച്ചു.

‘‘ദാ, ഇതാണ് വാളറ വെള്ളച്ചാട്ടം.’’ അടുത്തെത്തുമ്പോൾ മുഖത്തു ചിതറിതെറിക്കുന്ന വെള്ളത്തുള്ളികൾ. ‘‘ഇനിയും നിന്നാൽ നേരം പോകും. വേഗം കയറിക്കോ. ന മുക്ക് കൊരങ്ങാടി മല കയറാം.’’ ചുറ്റിക്കയറി കയറി ഈ വണ്ടി എവിടേക്കായിരിക്കും പോകുന്നത്? ആകാശം തൊടാനാണോ!

ചോലത്തണുപ്പിൽ ഉള്ളം കുളിർന്ന്...

കണ്ടക്ടർ ചേട്ടൻ കൊണ്ടുവന്ന സിഡി പാട്ടുകൾ ഇഷ്ടപ്പെടാത്തതു കൊണ്ടു പെൺസംഘം കയ്യിലുള്ള പെൻഡ്രൈവ് കൊടുത്തു പാട്ടു വച്ചു. പിന്നെ, തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴുക്കളായി എല്ലാവരും.

‘‘ദാ, ഇവിടെ ഒരു ചോലയുണ്ട്.’’ മാങ്കുളം പോകും വഴിയിൽ ഒരിടത്തു വണ്ടി നിന്നു. ‘‘ഓ, ഇവിടെ ഇറങ്ങേണ്ട, നമുക്ക് നേരെ മൂന്നാറിലേക്ക് പോകാം.’’ കുറച്ചുപേർ മടിച്ചു.

‘‘മടിപിടിക്കാതെ ഇറങ്ങി വന്ന് ആ വെള്ളത്തിൽ കാലൊന്നു വച്ചേ...’’ നിബു എല്ലാവരെയും ഇറക്കി. ചോലയിലെ വെള്ളത്തിൽ കാൽ വച്ചതും നെറുക വരെ തണുപ്പ് തൊട്ടു നോക്കി. ഇറങ്ങിയില്ലെങ്കിൽ നഷ്ടമായിരുന്നേനെ. ഇറങ്ങാൻ മടി കാണിച്ചവരെയെല്ലാം തിരിച്ചു കയറ്റാൻ പെട്ട പാട്. മൈക്ക് സെറ്റ് റെഡിയാക്കിയതും പാട്ടുകാർ റെഡിയായി. ഒന്നു മൂളാനറിയുന്നവരെല്ലാം മൈക്ക് കയ്യിലെടുത്തു. ‘നിത്യവിശുദ്ധയാം കന്യാമറിയമേ....’ ‘പാമ്പുകൾക്ക് മാളമുണ്ട്....’ പാട്ടുകളെല്ലാം പാടിപ്പാടി പോകുന്നു.

‘‘പച്ചരി ചോറുണ്ട്, പച്ചമുളക് ചാറുണ്ട്...’’

‘ങേ,പച്ചമുളക് ചാറോ’ എല്ലാവരും ഒരുമിച്ചു തിരിഞ്ഞു നോക്കിയതും പാടിയിരുന്ന ചേച്ചി മൈക്കിലൂടെ തന്നെ ഉറക്കെ പൊട്ടിച്ചിരിച്ചു. ‘ചാറിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്. ചോറ് കിട്ടാറായോ.’ ആരോ ഉറക്കെ വിശപ്പു പറ‍ഞ്ഞു. മാങ്കുളം റിവർലാൻഡ് റിസോർട്ടിൽ മീൻകറിയും തോരനും സാമ്പാറും എല്ലാം ചേർന്ന കുശാലായ ഊണ്. തൊട്ടു താഴെ നീർച്ചോലയുടെ പടിക്കെട്ടുകളിറങ്ങി തണുത്ത വെള്ളത്തിൽ കാലിട്ടിരുന്നു മെല്ലെ രുചി ആസ്വദിച്ചു.

ksrtc-midd ലക്ഷ്മി എസ്റ്റേറ്റിൽ

നമുക്ക് ധ്യാനിക്കാൻ മലമുകളിൽ പോകാം

തൊട്ടടുത്തിരുന്ന് ഊണു കഴിക്കുന്ന ഉഷ ചേച്ചി വിശേഷക്കെട്ടഴിച്ചു. ‘‘സുഹൃത്താണ് ഈ യാത്രയെ കുറിച്ചു പറയുന്നത്. ആദ്യം താൽപര്യമുണ്ടായിരുന്നില്ല. ട്രാൻസ്പോർട്ട് ബസിൽ ഉല്ലാസയാത്രയോ എന്നു കണ്ണുമിഴിച്ചു.’’

മാത്യുച്ചേട്ടനും ഉഷചേച്ചിയും മകൾ ബ്ലെസിയും ഗൾഫിലായിരുന്നു. കോവിഡ് കാലത്തു നാട്ടിലേക്ക് തിരിച്ചു വന്നു.‘‘കാറിൽ പോകുന്നതിനേക്കാൾ രസമാണ്. ഡ്രൈവ് ചെയ്യുന്നതിന്റെ ടെൻഷനില്ല. ശരിക്കും യാത്ര ആസ്വദിക്കാം.’’ അച്ഛന്റെയും അമ്മയുടെയും അടുത്തു പമ്മി നിന്നിരുന്ന ബ്ലെസി ഇപ്പോൾ പെൺസംഘത്തിനുള്ളിലാണ്.

പെൺകുട്ടികൾ പരസ്പരം നമ്പർ കൈമാറുന്നത് കണ്ട് ആരോ കമന്റു ചെയ്തു,‘‘ആനവണ്ടി സവാരിയെന്നോ, ഉ ല്ലാസയാത്രയെന്നോ പേരിൽ ഒരു വാട്സാപ് ഗ്രൂപ് തുടങ്ങാനുള്ള എല്ലാ സാധ്യതയും ഒരുങ്ങിയിട്ടുണ്ട്.’’

ചെറിയ ദൂരം പോയാൽ ആനക്കുളമായി. ആനക്കൂട്ടം വെള്ളം കുടിക്കാനെത്തുന്ന നീർത്താഴ്‌വര. വരുന്നുണ്ടോ ഗജവീര സംഘം? കാടിന്നുള്ളിലേക്ക് എത്തി നോക്കുന്നതു കണ്ടാകാം പിറകിൽ നിന്നാരോ പറഞ്ഞു.‘ഇന്നലെ മഴ പെയ്തതു കൊണ്ട് പാറകളിലെ കുഴികളിൽ വെള്ളമുണ്ടാകും. ആന വരാൻ സാധ്യത കുറവാണ്.’

ഇനി പെരുമ്പൻ കുത്തിലേക്കാണ്. ‘‘ദാ, എല്ലാവരും നോക്കിയിരുന്നോ. വണ്ടി വെള്ളത്തിലൂടെ പറക്കാൻ പോവാ.’’ ബിജു േചട്ടൻ വളയം തിരിച്ചു. കുലുങ്ങിക്കുലുങ്ങി ആനവണ്ടി പുഴ കുറുകെ കടന്നു.

കുറച്ചു ദൂരം നടന്നാൽ പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടം കാണാം. തട്ടിച്ചിതറുന്ന പനിനീർ നുര ആരെയും മോഹിപ്പിക്കും. താഴേക്കിറങ്ങാൻ പടവുകളുണ്ട്. പക്ഷേ, ഇറങ്ങാൻ കണ്ടക്ടറും ഡ്രൈവറും സമ്മതിച്ചില്ല.‘അപകടമാണ്.’

പോകെപ്പോകെ മാനം ഇരുണ്ടു വന്നു. ‘പെയ്യുമോ’ എ ന്നു ചിന്തിച്ചപ്പോഴേക്കും മഴ പെയ്തു കഴിഞ്ഞു. നനഞ്ഞു കുളിച്ചാണ് ബസിൽ കയറിയത്. ഇനി യാത്ര ലക്ഷ്മി എ സ്‌റ്റേറ്റിലൂടെ മൂന്നാറിലേക്കാണ്. കോടമഞ്ഞ് പാറി പോകുന്ന താഴ്‌വരകൾ. ഇരുവശത്തും തേയിലക്കാട്. പച്ചയിൽ തലയുയർത്തി നിൽക്കുന്ന ഓറഞ്ച് മരങ്ങൾ. ഇടയ്ക്ക് പൊട്ടു പോലെ നീല ചായമടിച്ച വീടുകൾ തെളിയും.

സ്വച്ഛമായൊരു യാത്ര. മനസ്സ് പതിയെ പതിയെ ശാന്തമായി. ഈ നിമിഷം, ഈ നിമിഷത്തിനാണ് കാത്തിരുന്നത്... ഓരോ യാത്രകളും ധ്യാനമായി തീരുന്ന അപൂർവനിമിഷങ്ങൾ...

ksrtc-22 ഡ്രൈവർമാരും കണ്ടക്ടർമാരും: ബിജു, സിബി, നിബു, ജെയ്സൺ

ടെൻസി ജെയ്ക്കബ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ