Saturday 09 April 2022 02:24 PM IST : By സ്വന്തം ലേഖകൻ

14 വയസ്സിൽ ഞാനറിഞ്ഞു, എന്റെ അമ്മ മരിച്ചിട്ടില്ല! പക്ഷേ... ആദ്യമായി ലക്ഷ്മിപ്രിയ പങ്കുവയ്ക്കുന്നു, അനാഥയായി ജീവിച്ച കഥ; ചിരിക്കു പിന്നിലെ പൊള്ളുന്ന ജീവിതം

l1

മലയാളത്തിന്റെ പ്രിയതാരമാണ് ലക്ഷ്മി പ്രിയ. നിലപാടുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ശ്രദ്ധേയമായ താരം. ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയായി ലക്ഷ്മി പ്രിയ എത്തിയപ്പോൾ വീണ്ടും പ്രേക്ഷകർക്കിടയിൽ താരം ചർച്ചയാകുകയാണ്. വനിത ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ജീവിതത്തിൽ ഇന്നോളം പറഞ്ഞിട്ടില്ലാത്ത അനുഭവങ്ങളെക്കുറിച്ച് താരം വാചാലയായിരുന്നു. താരം അന്നു പങ്കുവച്ച വാക്കുകൾ ഒരിക്കൽ കൂടി...

ചിരിക്കുന്ന മുഖത്തോടെ ആല്ലാതെ ലക്ഷ്മിപ്രിയയെ കാണാൻ കഴിയില്ല. സിനിമയിലായാലും സീരിയലുകളിലായാലും തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ തന്റെതായ ശൈലിയില്‍ വേറിട്ടതാക്കുന്ന അഭിനേത്രി. പൊതുചടങ്ങുകളിലും ടെലിവിഷൻ പരിപാടികളിലുമൊക്കെ നിറഞ്ഞ ചിരിയോടെ മാത്രമെ ലക്ഷ്മിയെ പ്രേക്ഷകർ കണ്ടിട്ടുള്ളു. എന്നാൽ ആ ചിരി തെളിയുന്നത് കണ്ണീരുറഞ്ഞു കൂടിയ ഒരു ഹൃദയത്തിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നുമാണെന്ന് ആർക്കും അറിയില്ല. ജനിച്ച നാൾ മുതൽ നീന്തിയ സങ്കടക്കടലുകളാകാം ലക്ഷ്മിയുടെ ചിരിമുത്തിന് തിളക്കമേറ്റുന്നത്.

ഇത്ര കാലത്തിനിടെ അവർ താണ്ടിയ ജീവിതാനുഭവങ്ങൾ ഏതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ്. ആ ജീവിതാനുഭവങ്ങൾ കോർത്തിണക്കി ലക്ഷ്മി എഴുതിയ പുസ്തകമാണ് ‘കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല’. നവംബർ ഏഴിന് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വച്ച് ലക്ഷ്മിയുടെ ആത്മകഥയെന്നു വിശേഷിപ്പിക്കാവുന്ന ‘കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല’ പ്രകാശിപ്പിക്കപ്പെടുമ്പോൾ അത് അവരുടെ ജീവിതത്തിലേക്കുള്ള ജനാലയാകും. അതിലുറഞ്ഞു കൂടിയ വേദനയുടെ മാറാലയാകും മറനീക്കി പുറത്തെത്തുക.

നടി എന്നതിലുപരി മികച്ച ഒരു വായനക്കാരിയും എഴുത്തുകാരിയുമാണ് ലക്ഷ്മി പ്രിയ. ഇപ്പോഴിതാ, ഇതാദ്യമായി, ഇത്ര കാലം ഒരു അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടില്ലാത്ത, വേദനാനിർഭരമായ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും ‘കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല’ എന്ന പുസ്തകത്തിന്റെ എഴുത്തുവഴികളെക്കുറിച്ചും ലക്ഷ്മി പ്രിയ ‘വനിത ഓൺലൈനി’ലൂടെ മനസ്സ് തുറക്കുന്നു.

‘‘എന്റെ ഓർമയിൽ രണ്ടര വയസ്സു മുതലുള്ള ഒരു ലക്ഷ്മി പ്രിയയുണ്ട്. അന്നു മുതൽ ഇപ്പോൾ വരെ, 34വയസ്സിന്റെ ജീവിതമാണ് പുസ്തകത്തിൽ ഉള്ളത്. അവിടം മുതൽ എന്റെ മനസ്സിനെ സ്പർശിച്ചിട്ടുള്ള കാര്യങ്ങളാണ് പുസ്തകത്തിൽ. എന്റെ ജീവിതത്തിന്റെ നേർചിത്രം എന്നും പറയാം. നിങ്ങൾ ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ഒരു ലക്ഷ്മി പ്രിയയാണ് ഈ പുസ്തകത്തിൽ ഉള്ളത്’’. – ലക്ഷ്മി പറഞ്ഞു തുടങ്ങി.

ഇതെന്റെ ജീവിതം

വെറും ഓർമക്കുറിപ്പുകളല്ല, ഗൗരവമുള്ളതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇപ്പോഴത്തെ കുട്ടികളെ അപേക്ഷിച്ച് എന്റെ തലമുറയിലള്ളവർ കുറച്ചു കൂടി സ്വാതന്ത്ര്യം അനുഭവിച്ച് വളർന്നവരാകും. എങ്കിലും ആ ലോകത്തും ഒറ്റപ്പെടലിന്റെ ഭയങ്കരമായ വേദന അനുഭവിച്ചിട്ടുള്ള ബാല്യമാണ് എന്റെത്. അച്ഛനും അമ്മയുടെയും സ്നേഹം കിട്ടാതെ, അമ്മ ഒപ്പമില്ലാതെ വളർന്ന പെൺകുട്ടിയാണ് ഞാൻ. ആ കുട്ടി എന്തൊക്കെ സാഹചര്യങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടാകാം. അതാണ് ഈ പുസ്തകം.

ഇതെല്ലാം പറയുമ്പോഴും എല്ലാവരും കരുതുക ഞാൻ ഒരു സിനിമാക്കാരിയായതു കൊണ്ട് എഴുത്തിലും പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്തിട്ടുണ്ടെന്നാകും. അത്തരം ഒരു പുസ്തകമല്ല ഇത്. അച്ഛനും അമ്മയും കൂടെയില്ലാതെ വളരുമ്പോൾ ഒരു കുട്ടി കടന്നു പോകുന്ന വഴികൾ എങ്ങനെയൊക്കെ ളള്ളതായിരിക്കാം, എന്തൊക്കെ ആ കുട്ടി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകാം, അവളുടെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ എങ്ങനെയുള്ളതാകാം... ഇതൊക്കെയാണ് ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്.

l3

പൊള്ളുന്ന ഓർമകൾ

എന്റെ അച്ഛനും അമ്മയും വിവാഹമോചിതരാണ്. അവർ ഒരിക്കലും എന്റെ കൂടെ ഉണ്ടായിരുന്നില്ല. അമ്മ ജീവിച്ചിരിപ്പുണ്ട് എന്നു ഞാനറിയുന്നതു പോലും പതിനാലാമത്തെ വയസ്സിലാണ്. അത് എന്നെ സംബന്ധിച്ച് വലിയ ഷോക്ക് ആയിരുന്നു.

ചാരം മൂടിക്കിടന്ന കനലു പോലെയായിരുന്നു എന്റെ ആ അനുഭവങ്ങളൊക്കെയും. ഈ കാര്യങ്ങളൊന്നും ഇത്രകാലത്തിനിടെ ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല.

പ്രേരണയായി സത്യൻ സാർ

സത്യൻ (സത്യൻ അന്തിക്കാട്) അങ്കിളൊക്കെ പരിചയപ്പെട്ട കാലം മുതൽ ചോദിക്കുന്നതാണ്, ‘ഭാഷ നല്ലതാണല്ലോ, പിന്നെ എന്തുകൊണ്ടാണ് എഴുതാത്തത് എന്ന്’. ഞാൻ നന്നായി വായിക്കുന്ന ആളാണ്. ചെറുപ്പം മുതൽ പരന്ന വായനയുണ്ട്. കഴിഞ്ഞ രണ്ടു കാലത്തോളം എഴുതാനുള്ള തയാറെടുപ്പുകളിലായിരുന്നു. അടുത്ത കാലത്ത്, കുഞ്ഞുങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥകളുമായി ബന്ധപ്പെട്ട ചില വാർത്തകൾ അറിഞ്ഞപ്പോൾ എഴുതണം എന്നു തോന്നി.

അമ്മ മരിച്ചു പോയി എന്നു കരുതി

അമ്മ മരിച്ചു പോയി എന്നു കരുതി വളർന്ന കുട്ടിയാണ് ഞാൻ. 14–ാം വയസ്സിൽ ആ കുട്ടി ഒറ്റയ്ക്ക് അമ്മയെ കാണാൻ പോയി, ഒരു വൈകുന്നേരം. അങ്ങനെ പോകുമ്പോൾ പ്രതീക്ഷിക്കുന്നതെന്താണ്, ഇത്രയും വർഷത്തെ സ്നേഹവും ലാളനയും അമ്മ ഒരു നിമിഷം കൊണ്ടു തരും എന്നല്ലേ. യഥാർത്ഥത്തിൽ അതൊന്നുമല്ല സംഭവിച്ചത്. അതൊക്കെ സിനിമയിൽ മാത്രമേയുള്ളൂ എന്ന് ഞാൻ അന്നു തിരിച്ചറിഞ്ഞു. ജീവിതം അങ്ങനെയല്ല എന്നു ഞാൻ പഠിച്ചു.

അച്ഛനെ കണ്ടത് അഞ്ചാം വയസ്സിൽ

ഞാൻ ജനിച്ചത് കായംകുളത്തും വളർന്നത് നൂറനാട്ടുമാണ്. അവിടം മുതലാണ് എന്റെ ഓർമകള്‍ ആരംഭിക്കുന്നത്. കുട്ടിക്കാലത്തെ ഓർമകളിലൊന്നും അച്ഛനില്ല. അച്ഛനെ ഞാൻ കാണുന്നത് എന്റെ അഞ്ചാമത്തെ വയസ്സിലാണ്. അതിനു ശേഷം പതിമൂന്നാമത്തെ വയസ്സിലാണ് വീണ്ടും കാണുന്നത്. അച്ഛന് മറ്റൊരു കുടുംബമായിരുന്നു അപ്പോഴേക്കും. അമ്മ വിവാഹം കഴിച്ചിരുന്നില്ല. അച്ഛൻ ഞങ്ങളിൽ നിന്നൊക്കെ എക്കാലവും അകൽച്ചയിലായിരുന്നു. ഞാന്‍ എന്റെ അച്ഛമ്മയുടെയും ചിറ്റപ്പന്റെയും അപ്പച്ചിയുടെയും ഒപ്പമാണ് വളർന്നത്. ‘ടാറ്റാ’ എന്നാണ് ചിറ്റപ്പനെ വിളിക്കുന്നത്. അവരുടെ ഒപ്പം വളർന്നതു കൊണ്ടാണ് ഞാൻ ഒരു കലാകാരിയായതും. അച്ഛന്റെ വീട്ടിൽ എല്ലാവരും വളരെ സ്നേഹം നൽകിയാണ് എന്നെ വളർത്തിയത്.

ടാറ്റ എന്ന സ്നേഹം

എന്നെ സംബന്ധിച്ച് എനിക്ക് ചുറ്റിനും ഒരു പാടു ബന്ധുക്കളുണ്ട്. 5 അമ്മാവൻമാരുണ്ട്, അച്ഛനുണ്ട്, അമ്മയുണ്ട്, രണ്ട് ചേച്ചിമാരുണ്ട്... ഇവരെല്ലാം ഉണ്ടായിട്ടും ആരുമില്ലാതെ, ഒറ്റയ്ക്ക് ഒരു അനാഥയെപ്പോലെ വളർന്ന ഒരു ലക്ഷ്മിപ്രിയയെയാണ് ഈ പുസ്തകം പരിചയപ്പെടുത്തുക. അച്ഛന്റെ പേര് കബീർ. അമ്മയുടെ പേര് എവിടെയും മെൻഷന് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഒരു കലാകാരിയാകണം എന്നു കൂടുതൽ ആഗ്രഹിച്ചതും എന്നെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ ചിറ്റപ്പനാണ്. അച്ഛന്റെ സ്ഥാനത്താണ് ചിറ്റപ്പന്‍. ഇപ്പോൾ ഇടയ്ക്കിടെ അച്ഛനും കാണാൻ വരും.

lakshmi3

വിവാദമില്ല, ജീവിതം മാത്രം

ഈ പുസ്തകം കുടുംബങ്ങൾ വായിക്കണം എന്നുണ്ട്. ഇതിൽ യാതോരു വിവാദവുമില്ല, ജീവിതമുണ്ട്... ഞാൻ ഇതിലൂടെ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം നിങ്ങൾക്ക് കുട്ടികള്‍ ഉണ്ടെങ്കിൽ നിങ്ങൾ പിരിയരുത് എന്നാണ്. നന്നായി ജീവിക്കുക. സൈകതം ബുക്സാണ് ‘കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സത്യൻ അങ്കിളാണ് അവതാരിക എഴുതിയത്.

കുടുംബം എന്റെ ശക്തി

ഇപ്പോൾ എന്റെ കുടുംബം ആണ് എന്റെ ശക്തി. ഭർത്താവ് പി.ജയേഷ്. മകൾ മാതംഗി ജയ്. ഞാനും ജയേഷും പ്രണയിച്ച് വിവാഹിതരായവരാണ്. നിങ്ങൾ ഇപ്പോൾ കാണുന്ന ലക്ഷ്മിപ്രിയ ഉണ്ടായത് അദ്ദേഹം വന്നതിനു ശേഷമാണ്. ആ കരുത്താണ് ഇപ്പോൾ എന്റെ ജീവിൻ, ജീവിതവും...