Friday 05 November 2021 05:28 PM IST

ഉരുൾവെള്ളം മാത്രമല്ല, ചില മനുഷ്യരും കവർന്നെടുത്തു ഇവരുടെ ജീവിതം: മുണ്ടക്കയം ടൗണിനടുത്ത് പുഴ കൊണ്ടുപോയ വീട്ടിലെ കുടുംബം നേരിട്ടത് ഇരട്ടദുരന്തം

Tency Jacob

Sub Editor

Flooded-house-cover ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വീടിനു പുറകിലൂടെ ഒഴുകുന്ന മണിമലയാറും ഇനിയും തിരിച്ചറിയാൻ കഴിയാത്ത ചില മനുഷ്യരും അപഹരിച്ചു കൊണ്ടുപോയത് കൊല്ലംപറമ്പിൽ കെ.പി. ജെബിയുടേയും കുടുംബത്തിന്റെയും ഒരായുസിലെ സമ്പാദ്യമാണ്. പിറന്ന നാൾ മുതലെ കണ്ടു പരിചിതമായ പുഴ ഒരിക്കലും തങ്ങളുടെ ജീവിതം കവർന്നു കൊണ്ട് പോകുമെന്ന് അവർ കരുതിയില്ല. വീടും സമ്പാദ്യവും ഉരുൾവെള്ളം കൊണ്ടുപോയി എന്നറിഞ്ഞപ്പോഴും ജിബി ഭാര്യയോടും മകളോടും പറഞ്ഞു, ‘പെര നമുക്ക് ഇനിയും ഉണ്ടാക്കാം’. എങ്കിലും ആ നെഞ്ചു കലങ്ങിയിരുന്നു.

‘‘17 വർഷമായി വീടു വച്ചിട്ട്. ആദ്യം ഒരു നിലയേ പണിതുള്ളൂ. പിന്നീടാണ് രണ്ടാമത്തെ നില പണിയുന്നത്. രണ്ടു വർഷം മുൻപ് മൂത്തമകൾ പാർവതിയുടെ കല്യാണത്തിനോടനുബന്ധിച്ചാണ് പണി മുഴുമിപ്പിച്ചത്. ഇപ്പോഴും ലോണും കടവും തീർക്കാനുണ്ട്. ഇനി ആരെങ്കിലും മനസ്സറിഞ്ഞു സഹായിക്കാതെ എനിക്ക് ഒന്നും ചെയ്യാനാകില്ല. പഴയ വീടിരുന്നിടത്ത് വീടു വയ്ക്കാൻ സർക്കാർ സമ്മതിക്കില്ല. ഭൂമി, വീട്, വീട്ടിലേക്കുള്ള ഉപകരണങ്ങൾ, വസ്ത്രങ്ങൾ എന്തെല്ലാമാണ്...’’ കലങ്ങിയൊഴുകുന്ന മണിമലയാറിന്റെ തീരത്തു വന്നടിഞ്ഞ അവശിഷ്ടങ്ങളിൽ നിന്നു ജെബി വാതിലിന്റെ കൊളുത്ത് കണ്ടെടുത്തു കൊണ്ടു പറഞ്ഞു. 27 വർഷമായി ബസ് ഡ്രൈവറാണ് ജെബി. ‘‘ലോക്ഡൗൺ സമയത്തു വീടിനോട് ചേർന്നു പലചരക്കു കട തുടങ്ങിയപ്പോഴായിരുന്നു ഞങ്ങളുടെ വീട് ഒന്നു നിവർന്നു നിന്നത്. കടയിൽ മൂന്നു ലക്ഷം വിലവരുന്ന സാധനങ്ങളുണ്ടായിരുന്നു. കടയും വീടിനൊപ്പം ഒലിച്ചു പോയി. അടുത്തുള്ള വീട്ടിലെ അമീർ ഇസ്മയിലാണ് വീടു വീഴുന്ന വിഡിയോ എടുത്തത്.’’ അവൻ ആ കാഴ്ച കണ്ടപ്പോൾ ഭയന്നു വേഗം മൊബൈൽ ഓഫ് ചെയ്തു വച്ചു. അക്കാര്യം ആരോടും പറഞ്ഞുമില്ല. പിറ്റേന്നു എന്നെ കണ്ടപ്പോഴാണ് വിവരം പറയുന്നത്.’’ ജെബി പറഞ്ഞു. മുണ്ടക്കയം ടൗണിനടുത്ത് കല്ലേപ്പാലം റോഡിലായിരുന്നു ജെബിയുടെ വീട്.

ഒരായുസ്സിന്റെ അധ്വാനം ഉരുളെടുത്ത ദിവസം

‘‘മണ്ണു കലങ്ങി മറിഞ്ഞു കുതിച്ചൊഴുകുന്ന വെള്ളത്തിലൂടെ വലിയ മരങ്ങൾ വരുന്നതു കണ്ടപ്പോൾ പന്തികേടു തോന്നി. വെള്ളം കാണാൻ വന്ന അയൽക്കാരെ വീടിനു പുറകിലെ വരാന്തയിൽ നിന്നു ഹാളിലേക്കു മാറ്റി. പതിനൊന്നേമുക്കാൽ കഴിഞ്ഞപ്പോഴും മനസ്സിൽ അസ്വസ്ഥത പെരുകി. ‘നമുക്കു പുറത്തു നിന്നു കാഴ്ചകൾ കാണാമെന്നു’ പറഞ്ഞ് എല്ലാവരേയും വീടിനു പുറത്തിറക്കി. ‘എന്താ ഞങ്ങൾ വീട്ടിലേക്കു വന്നത് ഇഷ്ടപ്പെട്ടില്ലേ.’ എന്നു അടുത്തുള്ള പെൺകുട്ടി ചോദിച്ചു. ‘അല്ല മോളെ, എനിക്കെന്തോ പന്തികേട് തോന്നുന്നു.’

‘ഈ വഴിയില് ഏറ്റവും നല്ല വീട് നിങ്ങളുടെയല്ലേ. ഇതിനൊന്നും പറ്റുകയില്ല.’ അവൾ ഉറപ്പിച്ചു പറഞ്ഞു. അതു ത ന്നെയായിരുന്നു ഞങ്ങളുടെയും വിശ്വാസം. ‘ചേച്ചി ആധാർ ഒക്കെ എടുത്തോണം’ എന്ന് ആരോ ഒാർമിപ്പിച്ചു. ഞാൻ തിരികേ വീട്ടിലേക്കു കയറി.

രണ്ടാമത്തെ മകൾ രേവതിയുടെ കല്യാണം ഉറപ്പിച്ചിരിക്കുകയാണ്. കുടുംബശ്രീയിൽ നിന്നു കിട്ടിയ ലോണും കുറച്ചു സ്വർണം പണയം വച്ച കാശുമെല്ലാം കൂട്ടി അവൾക്കിത്തിരി പൊന്നു വാങ്ങാൻ രണ്ടര ലക്ഷം രൂപ കരുതി വച്ചിരുന്നു. അതു സൂക്ഷിച്ചിരുന്ന ബാഗും ജെബിച്ചായന്റെ യൂണിഫോമും എടുത്ത് ധൃതിയിൽ പുറത്തേക്കിറങ്ങി. അപ്പോഴേക്കും വീടിനു പിന്നിലെ കൽക്കെട്ടിന്റെ മതിലും അതിനോടു ചേർന്നു നിന്നിരുന്ന തേക്കും മഹാഗണിയുമെല്ലാം പുഴ കൊണ്ടുപോയിരുന്നു.

‘പറ്റാവുന്ന സാധനങ്ങൾ ഞങ്ങൾ പുറത്തിറക്കാം’ എ ന്നു പറഞ്ഞ് അയൽപക്കത്തെ ചെറുപ്പക്കാർ വീടിന്റെ താക്കോൽ വാങ്ങി. അവർ രണ്ടടി നീങ്ങിയപ്പോൾ എനിക്കൊരു ഉൾവിളി തോന്നി. ‘വേണ്ട മക്കളേ, ഒന്നും എടുക്കേണ്ട. കിട്ടാനുള്ളതാണെങ്കിൽ കിട്ടും.’ എന്നുപറഞ്ഞ് താക്കോൽ തിരികെ വാങ്ങി. ഉച്ചയ്ക്ക് പന്ത്രണ്ടേകാലായിരുന്നു അപ്പോൾ സമയം.

Flooded-house2

പെട്ടെന്ന് അവിടെ കൂടിയവരുടെ ആരവം കേട്ടു നോക്കുമ്പോൾ വീടു പുഴയിലേക്കു മറിഞ്ഞ് ഒഴുകിപോകുന്നതാണ് കണ്ടത്. 27 വർഷത്തെ അധ്വാനം ഒലിച്ചു പോകുകയാണ്. അത് കണ്ടു നിൽക്കാൻ പറ്റിയില്ല. മകൾ തലചുറ്റി വീണു. പിന്നാലെ എനിക്കും കാഴ്ചകൾ മറഞ്ഞു. ശൂന്യതയിലാണ് ഇപ്പോൾ ജീവിതം. ഉടുത്തു മാറാൻ വസ്ത്രങ്ങൾ പോലുമില്ലാതെ. കണ്ണടച്ചു ഉറങ്ങാൻ പോലുമാകുന്നില്ല.’’ പുഷ്പ ചേച്ചിയുടെ സ്വരം ഇടറി.

ഉരുൾവെള്ളത്തേക്കാൾ വേദനിപ്പിച്ചത് ചില മനുഷ്യർ

ഉരുൾവെള്ളം എല്ലാം കൊണ്ടുപോയപ്പോൾ കൂടെ നിന്ന നല്ല മനുഷ്യർക്കിടയിലും ഇനിയും തിരിച്ചറിയാൻ കഴിയാത്ത ചിലരുണ്ടെന്ന് ജെബിയും കുടുംബവും ഞെട്ടലോടെ അറിഞ്ഞത് പിറ്റേന്നാണ്.

‘‘വീടു പോയപ്പോഴുണ്ടായ തലകറക്കം മാറിയപ്പോൾ പണമടങ്ങിയ ബാഗ് അമ്മയുടെ അടുത്തു തന്നെ ഉണ്ടായിരുന്നു. ചുറ്റിലും നിറയെ ആൾക്കാരാണ്. പരിചയമുള്ളവരും ഇല്ലാത്തവരും. അപ്പോൾ ബാഗ് തുറന്നു നോക്കുന്നത് ശരിയല്ലല്ലോ. പിന്നീട് തറവാട്ടിലെ അലമാരയിൽ വച്ചു പൂട്ടി. പിറ്റേന്നു ബാഗു തുറന്നപ്പോഴാണ്, പണം മോഷ്ടിക്കപ്പെട്ടതറിയുന്നത്. ഈ അത്യാപത്തിനിടയ്ക്കും കളവു നടത്തുന്നവരുണ്ടല്ലോ ദൈവമേ...

Flooded-house1

വീടിനൊപ്പം പണവും പുഴ കൊണ്ടു പോയിരുന്നെങ്കിൽ ഇത്ര സങ്കടമില്ലായിരുന്നു. ഞാൻ പിജിക്കാണ് പഠിക്കുന്നത്. സർട്ടിഫിക്കറ്റുകളെല്ലാം വെള്ളം കൊണ്ടു പോയി. ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്ന സമയമായതുകൊണ്ടു പുറത്തിറങ്ങിയപ്പോൾ ലാപ്ടോപ് കയ്യിലെടുത്തിരുന്നു. വെള്ളം ഇതുവരെയും ‍ഞങ്ങളെ പേടിപ്പിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ വെള്ളം കാണുന്നതേ ഭയമാണ്.’’ ഇളയമകൾ രേവതി പറഞ്ഞു

കൂടുതൽ വായിക്കാൻ: വാങ്ങൂ വനിത ഒക്ടോബർ 30–നവംബർ 12