Thursday 31 October 2019 05:25 PM IST

അന്ന് പ്ലാസ്റ്ററിട്ട നവവരന്റെ കഴുത്തിൽ താലി ചാർത്തി, ഇന്ന് നുറുങ്ങുന്ന ഹൃദയങ്ങൾക്ക് ‘അമ്മ’; ‘വനിത’ വുമൺ ഓഫ് ദി ഇയർ ജേതാവ് ലതാ നായരുടെ കഥ

V R Jyothish

Chief Sub Editor

latha-n
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഒരു പൊതിച്ചോറിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്. ലതാ നായർ തിരുവനന്തപുരം ഒാൾ െസയിന്‍റ്സ് കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം ഉച്ചയൂണു സമയം ആഘോഷമാക്കുന്ന സഹപാഠികൾ. പൊതിച്ചോറുകൾ പങ്കുവച്ചു കഴിച്ച ആ നട്ടുച്ചയിൽ നിന്നാണ് ജീവിതത്തിന്റെ ചില യാഥാർഥ്യങ്ങൾ ലത ആദ്യം അറിയുന്നത്. നന്നായി പഠിക്കുന്ന സഹപാഠികളിൽ ഒരുവൾ ഉച്ചയൂണു സമയം പുറത്തുപോകുന്നു. ഏതെങ്കിലുമൊരു മരച്ചുവട്ടിൽ പുസ്തകം വായിച്ചിരിക്കുന്നു. എല്ലാവരും ഊണു കഴിച്ചശേഷം അവൾ തിരിച്ചു വരുന്നു.

ഈ പതിവ് ആവർത്തിച്ചപ്പോൾ മറ്റാരും അറിയാതെ ലത അവളോടു കാര്യം തിരക്കി. ‘നീയെന്താണ് ഞങ്ങളോടൊപ്പം ആഹാരം കഴിക്കാൻ കൂടാത്തത്..’

മടിച്ചു മടിച്ചാെണങ്കിലും ആ സഹപാഠി പറഞ്ഞത് ക ടുത്ത ദാരിദ്ര്യം നിറഞ്ഞ ജീവിതമായിരുന്നു.

തന്റെ ക്ലാസ്മുറിയിൽ ഇങ്ങനെയൊരാൾ വിശന്നിരിക്കുന്നു എന്ന യാഥാർഥ്യം ലതയുടെ ഉറക്കം കെടുത്തി. പിറ്റേന്ന് രണ്ടു പൊതിച്ചോറുമായാണ് ലത ക്ലാസിലെത്തിയത്. കുറച്ചുദിവസം ഇതു തുടർന്നു. പിന്നീട് സഹപാഠികൾ ഊഴം വച്ച് ഭക്ഷണം െകാണ്ടുവന്നു തുടങ്ങി. ലതയായിരുന്നു അതിന്റെ സംഘാടക.

ക്ലാസ്മുറിയിൽ തുടങ്ങിയ ആ മനോഭാവം ക്യാംപസിനു പുറത്തും കാണിച്ചു ലത. അതിനു കാരണം അധ്യാപികയായ സിസ്റ്റർ ലെത്തീഷയായിരുന്നു. ൈദവം പ്രത്യക്ഷപ്പെടുന്ന വിചിത്രമായ വഴികളെക്കുറിച്ച് സിസ്റ്റർ ലതയോടു സംസാരിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ഒരു പൊതിച്ചോറായി, ഒരു ജോടി വസ്ത്രമായി, കാരുണ്യത്തോടെയുള്ള ഒരു നോട്ടമായി ക്ലാസ്മുറിക്കു പുറത്തേക്ക് ലത സേവനത്തിന്റെ ജാലകങ്ങൾ തുറന്നിട്ടത്.

w5
അമൃത വർഷിണിയിലെ അംഗങ്ങൾക്കൊപ്പം വിരാട് കോഹ്‍ലി

അലിവിന്റെ സ്നേഹരാഗം

അന്നത്തെ െചറിയ ചുവടുകളാണ് പതിറ്റാണ്ടുകൾക്കിപ്പുറം അമൃതവർഷിണിയെന്ന രാഗമായി, സ്നേഹമായി ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നത്. ബ്രിട്ടില്‍ ബോണ്‍ എന്ന അപൂർവരോഗം ബാധിച്ചവര്‍ക്കു േവണ്ടി രണ്ടു പതിറ്റാണ്ടായി ജീവിതം ഉഴിഞ്ഞുവച്ചു പ്രവര്‍ത്തിക്കുന്ന ലതാ നായര്‍ക്കാണ് ഈ വര്‍ഷത്തെ ‘വനിത വുമണ്‍ ഒാഫ് ദി ഇയര്‍’ പുരസ്കാരം. സാമൂഹികസേവനം, വൈദ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ നിസ്തുലമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന മലയാളി വനിതകളെ ആദരിക്കാന്‍ വനിത ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് വനിത വുമണ്‍ ഒാഫ് ദി ഇയര്‍.

കവടിയാർ കല്യാണിവിലാസത്തിൽ അപ്പുക്കുട്ടൻനായരുടെയും സരളാദേവിയുടെയും മകളാണ് ലത. ഇംഗ്ലിഷ് സാഹിത്യത്തിൽ എം.എ. കഴിഞ്ഞു നിൽക്കുമ്പോഴാണ് ലതയുടെ വിവാഹം. വിവാഹത്തിനു ഏതാനും ദിവസം മുൻപ് ലതയുടെ ജീവിതത്തെ വിധി മാറ്റിയെഴുതി. ഇന്റലിജന്റ്സ് ബ്യൂറോയിൽ ഉദ്യോഗസ്ഥനായിരുന്ന പ്രതിശ്രുതവരൻ െക. ജി. ഗോപാലകൃഷ്ണന്‍ അപകടത്തിൽപ്പെട്ട് ശരീരം ഏറെക്കുറെ തളർന്ന അവസ്ഥയിലായി. കല്യാണം മാറ്റിവയ്ക്കണമെന്നും േവറെ കല്യാണം കഴിക്കണമെന്നുമായി ബന്ധുക്കൾ. എന്നാൽ തനിക്കു വേണ്ടി നിശ്ചയിച്ച പുരുഷനെ കൈവിടാൻ ലത ഒരുക്കമല്ലായിരുന്നു. ശരീരം മുഴുവൻ പ്ലാസ്റ്ററിട്ട നവവരന്റെ കഴുത്തിൽ ആശുപത്രിയിൽ വച്ച് ലത താലി ചാർത്തി. അങ്ങനെ തന്റെ ജീവിതപങ്കാളിയെ മാസങ്ങളോളം പരിചരിച്ചു കൊണ്ട് ലത മറ്റൊരു മാതൃകയായി. ഒരു ജന്മം നൽകിയാണ് ലത തന്റെ പ്രിയപ്പെട്ടവനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. എങ്കിലും അപകടത്തിന്റെ ശേഷിപ്പുമായിട്ടായിരുന്നു ഗോപാലകൃഷ്ണന്റെ പിന്നീടുള്ള ജീവിതം. ഇതിനിടയിൽ മത്സ്യഫെഡിൽ ലതയ്ക്കു ജോലികിട്ടി. വീട്ടിൽ അസുഖക്കാരനായ ഭർത്താവ്, മത്സ്യഫെഡിലെ ജോലി, മകളുടെ വിദ്യാഭ്യാസം ഇതിനിടയിലും ഒരു പൊതിച്ചോറിന്റെ നന്മ ലത കൈവിട്ടില്ല. തന്നെക്കരുതി വരുന്നവരെ നിരാശരാക്കി തിരിച്ചയച്ചില്ല.

w2
അമൃത വർഷിണിയിലെ അംഗങ്ങൾക്കൊപ്പം സുരേഷ്ഗോപി എംപി

അപകടവും തുടർന്നുണ്ടായ അസുഖങ്ങളും നിമിത്തം ഭർത്താവ് മരിക്കുമ്പോൾ ലത നാൽപതു വയസ്സ് കടന്നിരുന്നില്ല. മകൾ വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്കു പോയതോടെ ഏകാന്തതയുടെ ഭാരം കൂടിക്കൂടി വന്നു. ആരും പകച്ചുപോകുന്ന ആ രാപകലുകളിൽ ലത പഴയ ക്യാംപസ് കാലം ഓർത്തു. ദൈവം തനിക്കായി തുറന്ന വഴി ഒരുപക്ഷേ ഇതായിരിക്കാം എന്നു തീർച്ചപ്പെടുത്തി.

േസവനത്തിന്‍റെ പുതിയ മുഖം

ജോലിയും സാമൂഹികസേവനവുമായി ഒരു പതിറ്റാണ്ട് കടന്നു പോയപ്പോഴാണ് പുതിയ നിയോഗങ്ങൾ ദൈവം ലതയെ ഏൽപിക്കുന്നത്. ഓസ്റ്റിയോജനസിസ് ഇംപെർഫെക്റ്റാ അഥവാ ബ്രിട്ടില്‍ ബോൺ എന്ന അപൂർവരോഗത്തെക്കുറിച്ച് അറിയുന്നതും ആ രോഗം ബാധിച്ചവർക്ക് ഒരു സംഘടന രൂപീകരിക്കുന്നതുമൊക്കെ വളരെ യാദൃച്ഛികമായി നടന്നതാണ്.

സൂരജ് എന്ന സുഹൃത്താണ് ബിനു ദേവസ്യ എന്ന ഒരാളെക്കുറിച്ച് ലതയോടു പറയുന്നത്. സുൽത്താൻബത്തേരിക്കാരനായ ബിനു ദേവസ്യ ഒരു അപൂർവരോഗത്തിന്റെ അടിമയായിരുന്നു. ചോക്കു പോലെ എല്ലുകൾ ഒടിഞ്ഞു പോകുന്ന ബ്രിട്ടിൽ ബോൺ എന്ന മാരകരോഗം. ബിനുവിനെ സഹായിക്കാൻ കഴിയുമോ എന്നായിരുന്നു സൂരജിന്റെ ചോദ്യം. സുൽത്താൻ ബത്തേരിയിൽ തന്നെയുള്ള ഡോക്ടര്‍ ഹരികുമാറായിരുന്നു ബിനുവിെന ചികിത്സിച്ചുകൊണ്ടിരുന്നത്. ഡോക്ടറില്‍ നിന്നും മറ്റു മാര്‍ഗങ്ങളിലൂടെയും ഈ രോഗത്തെക്കുറിച്ചു കൂടുതലറിഞ്ഞു. ബിനു ദേവസ്യയുടെ ജീവിതത്തിൽ നിന്നാണ് അമൃതവർഷിണി എന്ന സംഘടന പിറന്നതും ഇന്ന് ഈ രോഗമുള്ള നൂറുകണക്കിനുപേരുടെ അത്താണിയായതും.

w1
അമൃതവർഷിണിയിലെ അംഗങ്ങൾക്കൊപ്പം ഗായിക കെ.എസ് ചിത്ര,

പിന്നീട് കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്തു. ഡോക്ടർമാരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ രോഗമുള്ളവരെ കണ്ടെത്തി. ആദ്യം ഒരു കൂട്ടായ്മയായിരുന്നു ലക്ഷ്യം. പിന്നീടാണ് പ്രവർത്തനങ്ങൾ തുടങ്ങുന്നത്.

രണ്ടു വയസ്സ് മുതൽ അമ്പത് വയസ്സ് വരെ പ്രായമുള്ളവർ ബ്രിട്ടിൽ ബോൺ അസുഖബാധിതർക്കിടയിലുണ്ട്. കാഴ്ചയിൽ പക്ഷേ, എല്ലാവർക്കും അഞ്ചു വയസ്സിൽ കൂടുതൽ വളർച്ച തോന്നാറില്ല. നവജാതശിശുക്കളോടെന്ന വിധം േവണം ഇവരോട് ഇടപെടാന്‍. ആയുർകാലത്തിൽ ശരാശരി നാനൂറോളം തവണ ഇവരുെട അസ്ഥി ഒടിയാറുണ്ട്.

തിരുവനന്തപുരത്ത് പട്ടം മരപ്പാലത്തിനടുത്താണ് അമൃതവർഷിണിയുടെ ആസ്ഥാനം. രോഗബാധിതർക്ക് ചികിത്സയ്ക്കും ജീവിതോപാധിക്കും വേണ്ട സാഹചര്യം ഒരുക്കുകയാണ് അമൃതവർഷിണി ചെയ്യുന്നത്. വീട്ടിൽ ആരെങ്കിലും എടുത്ത് എവിടെയെങ്കിലും കൊണ്ടിരുത്തും. രാവിെല മുതൽ രാത്രി വരെ അവിടെയിരിക്കും. രാത്രി കിടത്തി ഉറക്കും. അസുഖബാധിതരുടെ ദിവസങ്ങൾ ഇങ്ങനെയായിരുന്നു. ഇതിനിടയിൽ നന്നായി ഒന്നു തുമ്മിയാൽ എവിടെങ്കിലും എല്ല് ഒടിയും. പിന്നെ, നീണ്ട ആശുപത്രി വാസം. അതുകഴിഞ്ഞ് വീട്ടിലെത്തിയാൽ ഒന്നോ രണ്ടോ മാസത്തിനകം വീണ്ടും ഇതുപോലെ. ഇങ്ങനെ രോഗമുള്ളവരുടെ മാത്രമല്ല മാതാപിതാക്കളുടെയും ജീവിതം ദുരിതം കൊണ്ടു നിറയ്ക്കുന്ന ബ്രിട്ടിൽ ബോൺ രോഗം മനുഷ്യന്റെ പാപങ്ങളിൽ അവസാനത്തേത് എന്നാണ് ൈവദ്യശാസ്ത്രം പോലും പറയുന്നത്. കാരണം ഈ രോഗവുമായി ജനിച്ചാലോ അങ്ങനെയുള്ള കുട്ടികൾക്ക് ജന്മം കൊടുത്താലോ പിന്നെ പുനർജന്മം ഇല്ലത്രേ! മോക്ഷമാണു ഫലം.

ബ്രിട്ടില്‍ േബാണ്‍ ഉള്ളവരുടെ ഇന്ത്യയിലെ തന്നെ ഏക ആശ്രയകേന്ദ്രമാണ് അമൃതവർഷിണി. ഈ കൂട്ടായ്മ ഇല്ലായിരുന്നുവെങ്കിൽ ഈ രോഗത്തെക്കുറിച്ചോ ഈ രോഗം ബാധിച്ചവർ അനുഭവിക്കുന്ന വേദനകളെക്കുറിച്ചോ അധികമാരും അറിയുമായിരുന്നില്ല.

w3
മരുമകൻ സുനിൽകുമാർ െചറുമകൾ നവ്യാനായർ മകൾ ദിവ്യ എന്നിവരോടൊപ്പം

അമൃതവർഷിണിയിലുള്ള ഓരോരുത്തരുടെയും ദൈനംദിന കാര്യങ്ങൾ പോലും ലതയ്ക്ക് അറിയാം. അവർ അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുന്നത് അവരുടെ പ്രിയപ്പെട്ട ഈ അമ്മയുമായാണ്. 35 വർഷത്തിനുശേഷം ആദ്യമായി എഴുന്നേറ്റിരുന്ന സജിതയെക്കുറിച്ചു പറയുമ്പോ ൾ, ഐഎഎസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന ലതീഷ അൻസാരിയെക്കുറിച്ചു പറയുമ്പോൾ കണ്ണുകളിൽ ഒരമ്മയുടെ ആ നന്ദം അറിയാം.

മഴ െപയ്യിക്കുന്ന രാഗമാണ് അമൃതവർഷിണി. ഇവിടെയൊരു അമ്മ അധികമാരുമറിയാതെ കഴിഞ്ഞ 20 വർഷമായി സ്നേഹത്തിന്റെ കുളിർമഴ പെയ്യിക്കുന്നു.