Tuesday 17 May 2022 04:56 PM IST

‘ഒരു കുഞ്ഞിനെ കിട്ടാതിരിക്കാൻ മാത്രം ഭാഗ്യമില്ലാത്തവരാണോ നമ്മൾ’: 6 കൊല്ലത്തെ കാത്തിരിപ്പ്, ഒടുവിൽ മൂന്നായി തളിരിട്ടു സ്വപ്നം

Binsha Muhammed

leena-siva-triplets

‘എനിക്കൊരു പെൺകുഞ്ഞ് വേണം...’

ചങ്കിൽ കൊണ്ടു നടന്ന സ്വപ്നം പ്രിയപ്പെട്ടവനോട് ഹൃദയം തുറന്നു പറഞ്ഞ നിമിഷം ഇന്നും ലീനയ്ക്ക് ഓർമയുണ്ട്. പക്ഷേ ആ ചോദ്യത്തിനപ്പുറം വിധി അതിന്റെ കൗണ്ട് ഡൗൺ തുടങ്ങിവച്ചത് ആറു കൊല്ലത്തേക്കാണ്. ഒരു കുഞ്ഞിക്കാൽ കാണാൻ കൊതിച്ചവളെ കാലം ആറു കൊല്ലം കാത്തിരുത്തി. എത്രയെത്ര ചികിത്സകൾ, ടെസ്റ്റുകൾ പോരാത്തതിന് ചങ്കുപിടഞ്ഞ് പ്രാർഥനകള്‍ വഴിപാടുകൾ... എന്നിട്ടും ഉള്ളിലൊരു ജീവൻ മൊട്ടിടാൻ മാത്രം പിന്നെയും വൈകി.

ഉള്ളിലെരിയുന്ന ആധിയും ചങ്കുപിടയുന്ന വേദനയും അതിന്റെ മൂർധന്യാവസ്ഥയിലെത്തുമ്പോൾ ലീനയുടെ അമ്മ മനസ് കുവൈത്തിലെ താമസ സ്ഥലത്തെ അയൽ ഫ്ലാറ്റുകളിലേക്ക് ഓടും. ആ വീട്ടിലെ കുഞ്ഞാവമാരെ കൊതിതീരുവോളം കൊഞ്ചിക്കും. ഒടുവിൽ അവരെ തിരികെ നൽകി മടങ്ങുമ്പോൾ ആ നെഞ്ചിൽ മുറിവിൽ മുളകുപുരട്ടും പോലെ വേദന പടരും. വഴിയരികിലെങ്ങാനം ഒരു കുഞ്ഞിനെ കണ്ടാൽ കണ്ണെടുക്കാതെ നോക്കി നിൽക്കും.

‘ഞാനെന്ത് തെറ്റു ചെയ്തു ചേട്ടായി... എന്നെ മാത്രം ദൈവം ഇങ്ങനെ പരീക്ഷിക്കാനെന്ന്’ നല്ലപാതി ശിവകുമാറിനോട് പരിഭവം പറയും. പക്ഷേ കണ്ണിൽച്ചോരയില്ലാത്ത വിധി അവരെ പിന്നെയും പിന്നെയും കാത്തിരുത്തി...

കാലം കടന്നു പോകേ വേദനകളുടെ തുഞ്ചത്ത് ഇത്തിരിമധുരം നൽകി വിധി പ്രായശ്ചിത്തം ചെയ്തു. ഒരു സുന്ദരിപ്പൈതലിനു വേണ്ടി കൊതിച്ച അവരുടെ വേദനകൾക്കിടയിൽ സന്തോഷം മൂന്നായി തളിരിട്ടു. ഒരു പെൺകുഞ്ഞും രണ്ട് ആൺകുട്ടികളും. റിഥാൻ ശിവ, ഇസാൻ ശിവ, ബ്രിസ ശിവ... ഒറ്റ പ്രസവത്തിൽ മൂന്ന് നിധികളെ നൽകി കാലത്തിന്റെ കടംവീട്ടൽ. ആറു വർഷത്തെ കാത്തിരിപ്പിനെ ഒരായുസിൽ നൽകാൻ കഴിയുന്ന വലിയ സമ്മാനം കൊണ്ട് നികത്തിയ കഥ... ലീനയുടേയും ശിവകുമാറിന്റെയും അവരുടെ മൂന്ന് നിധികളുടേയും കഥ ‘വനിത ഓൺലൈനിനോടു’ പറയുന്നു.

കാത്തിരുന്ന് കാത്തിരുന്ന് ആറുകൊല്ലം...

ജീവിതത്തിൽ ഒന്നിക്കാന്‍ ഒത്തിരി സഹിക്കേണ്ടി വന്നവരാണ് ഞങ്ങൾ. ഒരു മതത്തിൽപ്പെട്ടവർ വിവാഹം കഴിക്കുമ്പോഴുണ്ടാകുന്ന പതിവു ഭൂകമ്പങ്ങൾ എന്റെയും ലീനയുടേയും കാര്യത്തിലുണ്ടായി. ഹിന്ദുവായ എന്റെയും ക്രിസ്ത്യാനിയായ ലീനയുടേയും വീട്ടുകാർ ബന്ധത്തെ എതിർത്തു. റജിസ്റ്റർ വിവാഹത്തോടെ കുടുംബങ്ങളിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ...അന്നുണ്ടായ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് ജീവിതം ജീവിച്ചു തുടങ്ങിയവരാണ്. ആരുടേയും പിന്തുണയില്ലാതെ ഞങ്ങളുടേതായ ലോകം കെട്ടിപ്പെടുക്കുമ്പോൾ ഒത്തിരിയൊന്നും ആഗ്രഹിച്ചിട്ടില്ല. ഈ കുഞ്ഞു ജീവിതത്തിൽ കൂട്ടായി ഒരു കൺമണി വേണമെന്ന് കൊതിച്ചു. പക്ഷേ ദൈവം എന്റെ ലീനയെ കാത്തിരുത്തി... കരയിച്ചു. ഏറെ നാൾ.– ഒരു നെടുവീർപ്പോടെ ശിവകുമാർ പറഞ്ഞു തുടങ്ങുകയാണ്.

വർഷം 2013... അന്ന് ഞാൻ മുംബൈയിൽ ഒരു ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുകയാണ്. ലീന ലീലാവതി ആശുപത്രിയിൽ നഴ്സ്. അവിടെ വച്ചുള്ള പരിചയമാണ്. സൗഹൃദം പ്രണയമായപ്പോൾ അത് വീട്ടിലറിഞ്ഞപ്പോള്‍ പ്രശ്നങ്ങളുണ്ടായി. 2016ൽ റജിസ്റ്റർ വിവാഹം ചെയ്തതോടെ അത് വീട്ടിൽ അറിഞ്ഞതോടെ രണ്ടു വീട്ടുകാരുടെ ഭാഗത്തു നിന്നും പ്രശ്നങ്ങളുണ്ടായി. ഞങ്ങൾ വീട്ടിൽ നിന്നും പുറത്തായി. വിവാഹം നടക്കുമ്പോൾ ഞാൻ ദുബായിൽ ജോലി ചെയ്യുകയാണ്. ലീന മുബൈയിലും ജോലിയിൽ തുടർന്നു. ലീനയെ ഒറ്റയ്ക്കാക്കാൻ മനസില്ലാത്തതു കൊണ്ടാണ് ദുബായിലെ ജോലി ഞാൻ വിട്ടു. ലീനയ്ക്കൊപ്പം നിൽക്കാനാണെങ്കിലും എനിക്ക് ജോലിയില്ലാത്ത സാഹചര്യത്തിൽ ഉടൻ ഒരു കുഞ്ഞു വേണ്ട എന്നു തീരുമാനിച്ചിരുന്നു. ജീവിതം കരയ്ക്കടുപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ, അതും കുടുംബത്തിന്റെ പോലും പിന്തുണ ഇല്ലാത്ത സമയത്ത് കുഞ്ഞ് വേണ്ട എന്നു തീരുമാനിച്ചത് സ്വാഭാവികമാണ്. ആയിടയ്ക്ക് എനിക്ക് കുവൈത്തിലെ ഒരു ഓയിൽ കമ്പനിയില്‍ ജോലി കിട്ടുന്നത്. മാസങ്ങൾക്കു ശേഷം കുവൈത്തിലെ ഒരു ആശുപത്രിയിലേക്കുള്ള നഴ്സിങ് ജോലിക്കുള്ള ഇന്റർവ്യൂ ചെന്നൈയിൽ വച്ചു നടന്നു. ലീന അതിൽ പാസായി, എനിക്കൊപ്പം കുവൈത്തിലേക്ക് വന്നു. ജോലിക്ക് ചേർന്ന് ആദ്യ വർഷം പ്രെഗ്നെന്റ് ആകാൻ പാടില്ലെന്ന് കുവൈത്തിലെ ആശുപത്രിയിൽ എഗ്രിമെന്റ് ഉണ്ടായിരുന്നു. അങ്ങനെ ഒരു കൊല്ലം കൂടി കു‍ഞ്ഞിനു വേണ്ടിയുള്ള തയ്യാറെടുപ്പ് നീട്ടി വയ്ക്കേണ്ടി വന്നു. മൂന്ന് കൊല്ലം അങ്ങനെ പോയി... പക്ഷേ ജീവിതം പച്ചതൊട്ടു തുടങ്ങിയ കാലത്ത് അവളെന്നോട് ഒരു പെൺകുഞ്ഞിനെ വേണം ചേട്ടായി... എന്ന് ആത്മാർത്ഥമായി പറഞ്ഞു. പക്ഷേ ആ കാത്തിരിപ്പ് നീണ്ടത് ആറുകൊല്ലം.

leena-siva-triplets-3

ഉള്ളിൽ തളിരിട്ടു മൂന്ന് നിധികൾ

കുഞ്ഞിനെ ആഗ്രഹിക്കുന്തോറും ആ സൗഭാഗ്യം ഞങ്ങളിൽ നിന്നും അകന്നു പൊയ്ക്കൊണ്ടേയിരുന്നു. വീട്ടുകാരുമായി രമ്യതയിൽ ആയതാണ് ആ കാലത്തെ ഏറ്റവും വലിയ അനുഗ്രഹം. സുഹൃത്തുക്കളുടെ കുഞ്ഞുങ്ങളുടെ പിറന്നാളിന് പോകുമ്പോൾ... 28 കെട്ട് ചടങ്ങിന് പോകുമ്പോഴൊക്കെ ലീനയുടെ ഹൃദയം കലങ്ങിമറിയും. ആ നെഞ്ചു പിടയുന്നത് ആരു കണ്ടില്ലെങ്കിലും ഞാൻ കാണുന്നുണ്ടായിരുന്നു. അയൽ ഫ്ലാറ്റുകളിലെ കുഞ്ഞുങ്ങളെ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് അവൾ കൊതിയോടെ എടുത്ത് കൊണ്ടു വരും. മതിയാവോളം കൊഞ്ചിക്കും. അത്രയ്ക്കുണ്ടായിരുന്നു... എന്റെ ലീനയ്ക്ക് കുഞ്ഞുങ്ങളോടുള്ള ഇഷ്ടം. ഒടുവിൽ അവർ കുഞ്ഞുങ്ങളെ തിരികെ ചോദിക്കുമ്പോൾ അവളുടെ കണ്ണുനിറയും. എന്തേ ചേട്ടായി... ദൈവം എന്നെ മാത്രം ഇങ്ങനെ ശിക്ഷിക്കുന്നു, ഞാനെന്ത് തെറ്റു ചെയ്തു എന്ന് ചോദിച്ച് കരയും. ആ നാളുകളിൽ നാല്‍പതോളം കിറ്റുകൾ വരെ വാങ്ങി പരിശോധന നടത്തിയിട്ടുണ്ട്. ഓരോ തവണയും നെഗറ്റീവെന്ന് കാണുമ്പോൾ... മനസു പിടയും. പിന്നെയും കാത്തിരിക്കും.

leena-siva-triplets-2

കാത്തിരിപ്പിന്റെ നാളുകളിൽ കുവൈത്ത് സലാമിയയിലെ ഒരു മെഡിക്കൽ സെന്ററിൽ ഡോ. സുഷമ്മ നാരായണന്റെ ട്രീറ്റ്മെന്റ് അവൾ എടുത്തിരുന്നു. ഡോക്ടർ പറഞ്ഞ നിർദ്ദേശങ്ങളൊക്കെ അനുസരിച്ച് മുന്നോട്ടു പോകുന്ന കാലം. ഒരു ദിവസം... അവളെന്നോട് ചേട്ടായി എനിക്ക് ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നു നമുക്കൊന്ന് ടെസ്റ്റ് ചെയ്താലോ എന്ന് ചോദിച്ചു. ഓരോ തവണയും ടെസ്റ്റ് ചെയ്ത് പരാജയപ്പെട്ട് അവളുടെ മനസ് വേദനിക്കുന്നത് എനിക്കറിയാം. ഞാനാദ്യം നിരുത്സാഹപ്പെടുത്തി. ഒന്നു രണ്ടു ദിവസം കഴിഞ്ഞു. ഞാൻ ജോലി കഴിഞ്ഞ് അടുക്കളയിൽ കുക്ക് ചെയ്തു കൊണ്ടു നിൽക്കുകയാണ്, മുറിയിൽ നിന്നും കരച്ചിൽ കേട്ട് ടെൻഷനടിച്ച് ഓടി ലീനയുടെ അടുത്തെത്തി. നോക്കുമ്പോള്‍ അവൾ ഒരു വാക്കു പോലും പറയാനാകാതെ വിങ്ങിപ്പൊട്ടുന്നു. കുറേ ചോദിച്ചിട്ടും കരച്ചിൽ നിൽക്കുന്നില്ല. ഒടുവിൽ എന്നെ കെട്ടിപ്പിടിച്ച് ആ സന്തോഷവാർത്ത അവളെന്നോട് പറഞ്ഞു. ‘ടെസ്റ്റ് കിറ്റിൽ ഡബിൾ പിങ്ക് ലൈൻ...’ സത്യം പറഞ്ഞാല്‍ ഞാനും കരഞ്ഞു ആ നിമിഷം. അവളെ കെട്ടിപ്പിടിച്ച് ഏറെ നേരം നിന്നു. ഞങ്ങൾ രണ്ടു പേരും സന്തോഷക്കണ്ണീർ അടക്കാൻ പെട്ടപാട്.

പക്ഷേ ആശുപത്രിയിലെത്തി ഒന്നുറപ്പിക്കും വരെ എനിക്ക് സമാധാനം ഇല്ലായിരുന്നു. അടുത്തുള്ള ക്ലിനിക്കിൽ പോയി ബ്ലഡ് ചെക്ക് ചെയ്തപ്പോൾ സംഗതി ഡബിൾ ഓകെ. വളരെ അധികം കെയർ ചെയ്യണമെന്നും ശ്രദ്ധിക്കേണ്ട സമയമാണെന്നും ഡോക്ടർ പറഞ്ഞു. രണ്ടാം മാസത്തിൽ അവളെയും കൊണ്ട് ഒരു ചെക്കപ്പിനു പോയി... അകത്ത് ഡോക്ടറുടെ മുറിയിൽ കയറി കുറേ നേരം കഴിഞ്ഞിട്ടും ലീന പുറത്തേക്ക് വരുന്നില്ല. ഇതെന്താ... സംഭവമെന്ന് ആലോചിച്ച് ഞാനും ടെൻഷനായി. നേരം കടന്നു പോകേ... അവൾ പുറത്തിറങ്ങി വന്നു. ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് ഉള്ളിൽ കിടക്കുമ്മ ട്രിപ്പിൾ സർപ്രൈസിന്റെ വിശേഷം പറഞ്ഞു. അന്നേരം ലോകം കീഴടക്കിയ സന്തോഷമായിരുന്നു ‍ഞങ്ങൾ‌ക്ക്. നോക്കണേ... ഒരു കുഞ്ഞിക്കാൽ കാണിക്കാതെ കാത്തിരുത്തിയ ദൈവത്തിന്റെ വികൃതി.

അന്നു തൊട്ടേ... ഒരാരു പെൺകുഞ്ഞ് രണ്ട് ആൺകുഞ്ഞുങ്ങൾ എന്ന ആഗ്രഹം ഞങ്ങൾ മനസിൽ ഉരുവിട്ടു കൊണ്ടേയിരുന്നു. എന്തിനേറെ പേരുവരെ കണ്ടുവച്ചു. സന്തോഷവാർത്തയറിഞ്ഞ വീട്ടുകാരും ഹാപ്പിയോടു ഹാപ്പി. ഒടുവിൽ കാത്തിരുന്ന ദിനം വന്നെത്തി. 2022 ജനുവരി 12ന് എട്ടാം മാസത്തിൽ ഞങ്ങളുടെ രാജകുമാരൻമാരും കുഞ്ഞു രാജകുമാരിയും ഇങ്ങുപോന്നു. പ്രീമെച്ച്വർ ബെർതിന്റെ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ദൈവം അധികം ടെൻഷനടിപ്പിക്കാതെ ദൈവം അവരെ ഞങ്ങളുടെ കൈകളിലേക്ക് വച്ചുതന്നു. റിഥാനും ഇസാനും ബ്രിസയ്ക്കും യഥാക്രമം 1.800, 1.600, 1.400 എന്നിങ്ങനെയായിരുന്നു ഭാരം. ഓരോരുത്തരേയും ദിവസങ്ങളോളം എൻഐസിയുവിൽ വച്ചിട്ടാണ് ഞങ്ങളുടെ ൈകകളിലേക്ക് ഡോക്ടർമാർ തന്നത്. ഇത്തിരി കാത്തിരുന്നെങ്കിലെന്താ... കാത്തുവച്ചിരുന്ന നിധികളെ ഒരു പോറൽ പോലുമേൽക്കാതെ ദൈവം തന്നില്ലേ... ഞങ്ങൾക്ക് അതുമതി.

leena-siva-triplets-1

അവർക്കായി കുന്നോളം സ്വരുക്കൂട്ടി വയ്ക്കുമെന്നോ അവരെ ഡോക്ടറും എഞ്ചിനീയറും ആക്കുമെന്നോ ഞങ്ങൾ പറയുന്നില്ല. അവരെ നല്ല മനുഷ്യരാക്കി വളർത്തും. അതിനുമപ്പുറം നമ്മുടെ മക്കൾക്കെന്ത് വേണം.– ശിവകുമാർ പറഞ്ഞു നിർത്തി.