Thursday 15 December 2022 04:58 PM IST

‘മഹിഷി വധത്തിനൊരുങ്ങിയെത്തിയ അയ്യപ്പ സ്വാമി ഇവിടെ തങ്ങിയിരുന്നുവെന്നാണ് വിശ്വാസം’: മധു ബാലകൃഷ്ണന്റെ എരുമേലി യാത്ര

V R Jyothish

Chief Sub Editor

madhu-balakrishnan--14

നെറ്റിയിൽ കളഭം, മുഖത്ത് എപ്പോഴും തിളങ്ങുന്ന ചിരി. അങ്ങനെയല്ലാതെ മധുബാലകൃഷ്ണനെ കണ്ടിട്ടേയില്ല. പാട്ടുപോലെ മധുവിന്റെ കുടപ്പിറപ്പാണ് ഭക്തിയും. തൃപ്പൂണിത്തുറയിലെ ‘മാധവം’ വീട്ടിൽ നിന്ന് ഒരു നിമിഷം കണ്ണടച്ച് പ്രാർഥിച്ച് അദ്ദേഹം കാറിലേക്ക് കയറി. മനസ്സിലെ ശരണമന്ത്രത്തിന്റെ തുടർച്ചയെന്നോണം ചുണ്ടുകൾ മന്ത്രിച്ചു. ‘സ്വാമിയേ, ശരണമയ്യപ്പ’.

അഞ്ഞൂറിലേറെ സിനിമാഗാനങ്ങൾ, പല ഭാഷകളിലായി ഭക്തിഗാനങ്ങൾ ഉൾപ്പെടെ പാട്ടുകൾ പതിനായിരത്തിലധികം. കാൽനൂറ്റാണ്ടായി തുടരുന്ന സംഗീതയാത്ര. സംസ്ഥാന സർക്കാരിന്റേത് ഉൾപ്പെടെ മികച്ച ഗായകനുള്ള നിരവധി അവാർഡുകൾ.

ഭക്തി മാത്രമല്ല, മതസൗഹാർദവും സംഗീതം പോ ലെ നിലനിൽക്കുന്ന ഗ്രാമമാണ് എരുമേലി. കാർ പുറ പ്പെടും മുൻപ് അരികിലേക്കെത്തിയ ഭാര്യ ദിവ്യയോടും ഇളയമകൻ മഹാദേവിനോടും കുശലം പറഞ്ഞ ശേഷം യാത്ര തുടങ്ങി. ക്രിക്കറ്റ്താരം ശ്രീശാന്തിന്റെ സഹോദരിയാണു ദിവ്യ. മൂത്തമകൻ മാധവ് ലണ്ടനിൽ വിദ്യാർഥി. എരുമേലിയിലേക്കുള്ള യാത്രയ്ക്കിടയിൽ മധു സംസാരിച്ചത് തന്റെ സംഗീതയാത്രകളെക്കുറിച്ച്. ‘‘അച്ഛൻ ബാലകൃഷ്ണനും അമ്മ ലീലാവതിയും നന്നായി പാടുമായിരുന്നു. പക്ഷേ, അവർ സംഗീതം പ്രഫഷനാക്കിയില്ല. പാട്ടുകാരൻ ആകണമെന്ന മോഹം എനിക്ക് ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അക്കാദമിക് വിദ്യാഭ്യാസത്തിന് നൽകുന്ന അതേ പ്രാധാന്യം നൽകിയാണ് പാട്ടും പഠിച്ചത്.

അഡയാറിലെ അക്കാദമി ഓഫ് ഫിലിം ആൻഡ് ആർട്സിൽ ടി.വി. ഗോപാലകൃഷ്ണനായിരുന്നു ഗുരു. ഒരിക്ക ൽ ബാബു ഷങ്കർ എന്ന സംഗീതസംവിധായകൻ പുതിയൊരു ഗായകനെ അന്വേഷിച്ച് അക്കാദമിയിൽ വന്നു. ഗുരുവാണ് എന്റെ പേര് നിർദേശിച്ചത്. അങ്ങനെ തമിഴ്സിനിമയിലൂടെ പിന്നണി ഗായകനായി. വിജയ്കാന്ത് നായകനായ ‘ഉളവ് ത്തുറൈ’ സിനിമയിലെ ചിത്രയോടൊപ്പം പാടിയ ‘ഉള്ളത്തെ തിരണ്ടു’ എന്ന പാട്ട് ശ്രദ്ധിക്കപ്പെട്ടു. ’’

പിന്നെയുള്ളത് ചരിത്രം. സംഗീത സംവിധായകരായ ഇ ളയരാജയുടെയും വിദ്യാസാഗറിന്റെയും ഒക്കെ പ്രിയഗായകനായി മധു മാറി. വിവിധ ഭാഷകളിലെ മ്യൂസിക് ഹിറ്റ് ചാർട്ടുകളിൽ മധുബാലകൃഷ്ണൻ പാട്ടുകൊണ്ട് പേരെഴുതി.

അരങ്ങിലെ ആദ്യഗാനം

‘‘രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാടാനായി ആദ്യമായി സ്റ്റേജിൽ കയറുന്നത്. ‘ശരദിന്ദു മലർദീപനാളം മീട്ടി...’ എന്ന പാട്ട് പാടിയിറങ്ങിയതോടെ സ്കൂളിലുള്ളവരെല്ലാം എന്നെ ഗായകനായി അംഗീകരിച്ചു.

അന്നും ഇന്നും പാടാനുള്ള അവസരമാണ് പ്രഥമപരിഗണന. ഭക്തി ഗാനമെന്നോ സിനിമാഗാനമെന്നോ ഉള്ള വേർതിരിവൊന്നുമില്ല. വിവിധ ഭാഷകളിലായി ഞാൻ പാടിയ ഭക്തിഗാനങ്ങളിലധികവും അയ്യപ്പ ഭക്തിഗാനങ്ങളാണ്.’ മധു ചിരിക്കുന്നു.

‘ശിശിരം’ എന്ന ചിത്രത്തിൽ സംഗീത സംവിധായക രായ ബേണി–ഇഗ്‌നേഷ്യസ് ആണ് മധു ബാലകൃഷ്ണൻ എന്ന ഗായകനെ മലയാളത്തിൽ അവതരിപ്പിക്കുന്നത്. എ ങ്കിലും കൈതപ്രം ദാമോദരൻ നമ്പൂതിരി രചനയും സംഗീതസംവിധാനവും നിർവഹിച്ച ‘ഉദയപുരം സുൽത്താൻ’ എന്ന സിനിമയാണ് ആദ്യം റിലീസ് ചെയ്തത്. പിന്നീട് മലയാളത്തിൽ മധു ബാലകൃഷ്ണന്റെ ഇമ്പമാർന്ന സ്വരത്തിൽ എത്രയോ ഹിറ്റുകൾ. ‘ഓണവില്ലിൻ തംബുരു മീട്ടും’ (കാര്യസ്ഥൻ), ‘ചെന്താർമിഴി’ (പെരുമഴക്കാലം), ‘കുട്ടനാടൻ കായലിലേ’ (കാഴ്ച), ‘രാവേറെയായ് പൂവേ’ (റോക്ക് ആൻഡ് റോൾ), ‘മന്ദാരപ്പൂ മൂളി’ (രസതന്ത്രം) ‘എങ്ങുനിന്ന് വന്ന’ (കൽക്കത്ത ന്യൂസ്) അങ്ങനെ എത്രയോ ഹിറ്റുകൾ.

നിറങ്ങളിൽ ചുവടു വച്ച് എരുമേലി

പാട്ട് വിശേഷങ്ങൾ കേട്ടുള്ള യാത്രയിൽ സമയം പോയതറിഞ്ഞില്ല. ചുറ്റും ഉയരുന്ന ചെണ്ടമേളം വിളിച്ചു പറയുന്നു. ‘ഇതാ, എരുമേലിയെത്തി.’ നിറങ്ങൾ വാരിവിതറിയ പേട്ടതുള്ളൽ.

തുലാത്തിലെ മാസപൂജ കഴിഞ്ഞ് നട അടച്ചാൽ പി ന്നെ, ഒരു ദിവസം കൂടി നട തുറക്കും. ചിത്തിര ആട്ടത്തിന്, തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാളിന്റെ ജന്മദിനമാണന്ന്. തിരുവിതാംകൂർ മഹാരാജാവിനോടുള്ള ആദരവ് പന്തളം കൊട്ടാരം പ്രകടിപ്പിച്ചത് മഹാരാജാവിന്റെ പിറന്നാളിന് ശബരിമല നട തുറന്ന് പ്രത്യേക പൂജകൾ നടത്തിയാണ്.

അന്ന് തെക്കൻ േകരളത്തിൽ നിന്ന് പ്രത്യേകിച്ച് കന്യാകുമാരി ജില്ലയിൽ നിന്ന് ധാരാളം ഭക്തരെത്തും. മധുവിനെ തിരിച്ചറിഞ്ഞതോടെ അയ്യപ്പന്മാർ ചുറ്റുംകൂടി. സംഗീതപ്രേമികളായ അയ്യപ്പൻമാർ പാട്ടുവിശേഷങ്ങൾ ചോദിക്കുന്നു. ചിലർക്ക് സെൽഫി വേണം. എല്ലാത്തിനും ഒപ്പം കൂടി.

അയ്യപ്പൻമാരെ നോക്കി കൂപ്പുകൈകളോടെ മധു ശരണം വിളിച്ചു. ‘ സ്വാമിയേ...’ അയ്യപ്പൻമാർ ഏറ്റുവിളിച്ചു. ‘ശ രണമയ്യപ്പ’. പിന്നെ, ശബ്ദത്തിര പോലെ ശരണമന്ത്രം തുടർന്നു. ചെണ്ടമേളവും സ്വാമിമാരുടെ കണ്ഠനാദവും ചേരുന്ന ഭക്തിയുടെ ആനന്ദലഹരി. ആ നിമിഷങ്ങളിൽ നിന്ന് മധു എരുമേലി കൊച്ചമ്പലത്തിലേക്ക് നടന്നു.

madhubala

കൊച്ചമ്പലം വഴി വാവരുപള്ളിയിലേക്ക്

കൊച്ചമ്പലം പേരു പോലെ ചെറിയ അമ്പലമാണ്. പുത്തൻവീട്ടുകാരുടെ കുടുംബക്ഷേത്രമായിരുന്നു ഇത്. വാവരു പള്ളിയുടെ എതിർവശത്താണ് കൊച്ചമ്പലം. കൊച്ചമ്പലത്തിൽ നിന്ന് ആരംഭിക്കുന്ന പേട്ടതുള്ളൽ വാവരുപള്ളിയിൽ വലംവച്ചാണ് വലിയമ്പലത്തിൽ അവസാനിക്കുന്നത്. ശബരിമലയുടെ പ്രവേശനകവാടമായി എരുമേലിയെ കണക്കാക്കുന്നു. കന്നി അയ്യപ്പന്മാർ എരുമേലിയിലെത്തി ധർമ്മശാസ്താവിനെയും വാവരുസ്വാമിയെയും ദർശിക്കണമെന്നാണ് ആചാരം.

കൊച്ചമ്പലത്തിനു മുന്നിലാണ് തലപ്പാറമല. സന്നിധാനിലേക്കുള്ള കാനനപാതകളിലൊന്ന് ഇവിടെയാണു തുടങ്ങുന്നത്. പമ്പ, മണിമല, അഴുത ഈ മൂന്നു നദികളാൽ ചുറ്റപ്പെട്ട് എയ്ഞ്ചൽ വാലി മുതൽ പഴയിടം വരെ എരുമേലി നീണ്ടു നിവർന്നു കിടക്കുന്നു. കാടുകളാണു ചുറ്റും.

കൊച്ചമ്പലത്തിൽ നാളികേരമുടച്ച് സാഷ്ടാംഗം വീണു നമസ്കരിച്ച് മധു പുറത്തിറങ്ങി. തലപ്പാറമല തൊഴുത് നടന്നു. അപ്പോഴേക്കും ഒരു സംഘം പേട്ടതുള്ളൽ ആരംഭിച്ചിരുന്നു. അവർ വാവരുപള്ളി വലംവയ്ക്കാനായി കയറിപ്പോയി. വാവരുപള്ളിയിലെത്തിയതും പള്ളികമ്മിറ്റി പ്രസിഡന്റ് പി. എ. ഇർഷാദും സെക്രട്ടറി സി.എം. കരിം ചക്കാലക്കലും ചേർന്ന് മധുവിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. വാവരുപള്ളിയിൽ ഒരു നിമിഷം മധു ധ്യാനത്തിൽ മുഴുകി. പള്ളി ചുറ്റി വന്ന് കാണിക്കയിട്ടു യാത്ര പറഞ്ഞു.

പള്ളിയുടെ പടികളിറങ്ങിയപ്പോൾ അടുത്ത പേട്ടതുള്ളൽ സംഘം വാവരു പള്ളി വലംവയ്ക്കാനൊരുങ്ങുന്നു. മഹിഷീനിഗ്രഹത്തിന്റെ അടയാളം പതിഞ്ഞുകിടക്കുന്ന വ ഴികൾ ഇവിടെ ഇപ്പോഴുമുണ്ട്.

വലിയമ്പലത്തിലേക്കുള്ള വഴിയരികിലാണ് ചരിത്രപ്രസിദ്ധമായ പുത്തൻവീട്. മഹിഷാസുരന്റെ പത്നിയായ മഹിഷിയെ അയ്യപ്പൻ വധിച്ച സ്ഥലമാണ് എരുമേലി എന്നാണു സങ്കൽപം. എരുമകൊല്ലിയാണ് പിന്നീട് എരുമേലിയായത് എന്നും പറയപ്പെടുന്നു. അതിന്റെ സന്തോഷസൂചകമായാണത്രേ ആദ്യത്തെ പേട്ടതുള്ളൽ നടന്നത്. എരുമേലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ടതാണ് പുത്തൻവീട്. തടി കൊണ്ടാണു ചുമരുകൾ. ഉയർന്ന തിണ്ണയുമുണ്ട്. മഹിഷി വധത്തിനൊരുങ്ങിയെത്തിയ അയ്യപ്പ സ്വാമി ഇവിടെ തങ്ങിയിരുന്നുവെന്നാണ് വിശ്വാസം.

പുത്തൻവീട്ടിലെ കെടാവിളക്കു തൊഴുത്. പള്ളിവാൾ നമസ്കരിച്ച്, മധു പുറത്തിറങ്ങി. ചാണകം മെഴുകിയ തിണ്ണയിലിരുന്ന് വിശ്രമിച്ചു. തൊട്ടടുത്ത വീട്ടിൽ നിന്ന് ഇന്ദിരാ ഗോപാലപിള്ള മധുവിനെ കാണാനെത്തി. പുത്തൻവീട്ടിലെ ഇളമുറക്കാരി.‘‘എരുമേലിയുമായി ഏറെ ബന്ധമുള്ള വീടാണിത്. അയ്യപ്പസ്വാമി മഹിഷിയെ വധിച്ച പള്ളിവാളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത് എന്നാണ് സങ്കൽപം.’’ ഇന്ദിര പറഞ്ഞു.

madhubala-2

വലിയമ്പലത്തിലേക്ക്

‘ഒരുപാടു പ്രതിസന്ധികളിലൂടെയാണല്ലോ മനുഷ്യർ കടന്നുപോകുന്നത്. അതിൽ നിന്നെല്ലാം കരകയറാനുള്ള ആ ത്മബലം നൽകുന്നത് ഭക്തിയാണ്. ധ്യാനവും പ്രാർഥനയുമായി ദിവസവും ഒരു മണിക്കൂറെങ്കിലും ചെലവിടാറുണ്ട്. അത് മനസ്സിന് തെളിച്ചം തരുമെന്നാണ് എന്റെ അനുഭവം.’’

വലിയമ്പലത്തിലേക്കുള്ള യാത്രയ്ക്കിടയിൽ മധു പറഞ്ഞു. മേപ്പഴയൂർ മന വകയായിരുന്നു പണ്ട് ക്ഷേത്രം. പിന്നീടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തത്.

വലിയമ്പലത്തിനു മുന്നിൽ വച്ച് ‘ചെല്ലയ്യൻ’ മധുവിന് മുന്നിലെത്തി. വലിയമ്പലത്തിലെ നാദസ്വര വാദകൻ. ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും അയ്യപ്പനെ വിട്ടുപോകാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ട് ചെല്ലയ്യൻ വലിയമ്പലത്തിൽ തുടരുന്നു. 35 വർഷമായി സ്വാമിക്ക് മുന്നിൽ തുടരുന്ന സംഗീതപൂജ. നിലക്കണ്ണാടിക്ക് മുന്നിൽ നിന്ന മധുവിന്റെ നെറ്റിയിൽ ചെല്ലയ്യൻ സിന്ദൂരം തൊട്ടുനൽകി. തൊഴുകൈകളോടെ തലകുനിച്ച് മധു ചെല്ലയ്യന് ദക്ഷിണ നൽകി.

ഉച്ചപൂജയ്ക്കുള്ള സമയമായി. പേട്ടതുള്ളൽ സംഘങ്ങൾ പിന്നെയും വന്നുകൊണ്ടിരുന്നു. ഞങ്ങൾ വീണ്ടും ക്ഷേത്രകവാടത്തിനു പുറത്തിറങ്ങി. വീണ്ടും നടന്നു. തിരുവട്ടാറിൽ നിന്നു വന്ന അയ്യപ്പന്മാരുടെ സംഘത്തോടൊപ്പം ഞങ്ങളും അണിചേർന്നു.

ചെണ്ടക്കോൽ ഉയർന്നു താഴുന്നു. നാദലഹരിയിൽ നിറങ്ങൾ വാരിയണിഞ്ഞ അയ്യപ്പന്മാർ ചുവടുവച്ചു മുന്നേറി. അവർക്കൊപ്പം മധുബാലകൃഷ്ണന്റെ മധുര ശബ്ദം.

‘അയ്യപ്പതിന്തക തോം... തോം...

സ്വാമിതിന്തക തോം... തോം’

വി.ആർ. ജ്യോതിഷ്

ഫോട്ടോ: ഹരികൃഷ്ണൻ