Saturday 17 September 2022 12:42 PM IST : By സ്വന്തം ലേഖകൻ

ഈ പൗഡർ കുഞ്ഞുങ്ങളുടെ ത്വക്കിനെ ബാധിക്കും, നിർമാണ ലൈസൻസ് റദ്ദാക്കി സർക്കാർ

powder-

ബേബി പൗഡര്‍ രംഗത്തെ മുൻനിര ബ്രാന്‍ഡായ ജോണ്‍സണ്‍ ആന്‍ഡ് ബേബി പൗഡറിന്റെ ലൈസന്‍സ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) റദ്ദാക്കി. പൊതുജനാരോഗ്യ താൽപര്യാർഥമാണ് ജോൺസൺ ആൻഡ് ജോൺസൺ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബേബി പൗഡർ നിർമാണ ലൈസൻസ് റദ്ദാക്കിയതെന്ന് എഫ്.ഡി.എ അറിയിച്ചു.

ജോൺസൺസ് ബേബി പൗഡർ നവജാത ശിശുക്കളുടെ ചർമ്മത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സംസ്ഥാന സർക്കാർ ഏജൻസി അറിയിച്ചതായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലബോറട്ടറി പരിശോധനയിൽ പൗഡറിന്‍റെ സാമ്പിളുകൾ സ്റ്റാൻഡേർഡ് പിഎച്ച് മൂല്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് റെഗുലേറ്റർ പ്രസ്താവനയിൽ പറഞ്ഞതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.ലാബ് പരിശോധനയില്‍ പിഎച്ച് മൂല്യം സംബന്ധിച്ച മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി എഫ്ഡിഎ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പുണെ, നാസിക്ക് എന്നിവിടങ്ങളില്‍നിന്നാണ് പൗഡറിന്റെ സാംപിളുകള്‍ ശേഖരിച്ച് ലാബ് പരിശോധന നടത്തിയത്. കൊല്‍ക്കത്ത ആസ്ഥാനമായ സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയില്‍ നടത്തിയ പിഎച്ച് പരിശോധനയില്‍ ഐഎസ് 5339:2004 എന്ന മാനദണ്ഡം പൗഡര്‍ പാലിക്കുന്നില്ലെന്ന് വ്യക്തമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് 1940ലെ ഡ്രഗ്‌സ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം കമ്പനിക്ക് കാരണംകാണിക്കല്‍ നോട്ടിസ് അയച്ചു. വിപണിയില്‍നിന്ന് ഉല്‍പ്പന്നം പിന്‍വലിക്കണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്നാല്‍ സര്‍ക്കാര്‍ ലാബിലെ പരിശോധനാഫലം അംഗീകരിക്കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി തയാറായിട്ടില്ല. പരിശോധനാ റിപ്പോര്‍ട്ടിനെതിരെ കമ്പനി കോടതിയെ സമീപിച്ചു.