Thursday 30 July 2020 11:34 AM IST : By സ്വന്തം ലേഖകൻ

മരണത്തിന് മണിക്കൂറുകൾക്കു മുമ്പും അവൾ വിളിച്ചു, വിശേഷങ്ങൾ പറഞ്ഞു; നെഞ്ചുപൊട്ടി മെറിന്റെ കുടുംബം

merin-family

യുഎസിൽ മലയാളി നഴ്സ് മെറിൻ ജോയി കൊല്ലപ്പെട്ടത് ആശുപത്രിയിലെ കോവിഡ് വാർഡിലെ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ. ആശുപത്രിയുടെ നാലാം നിലയിലായിരുന്നു കോവിഡ് വാർഡ്. ആ ആശുപത്രിയിലെ അവസാന ജോലി ദിവസം കഴിഞ്ഞ്, കൂട്ടുകാരോടു യാത്ര പറഞ്ഞാണ് മെറിൻ ഇറങ്ങിയത്. സഹപ്രവർത്തകർ നോക്കി നിൽക്കുമ്പോഴാണ് ഭർത്താവ് ഫിലിപ് മാത്യു മെറിനെ കുത്തി വീഴ്ത്തിയതും കാർ ഓടിച്ചു കയറ്റിയതും.

പാർക്കിങ് സ്ഥലത്തു രക്തത്തിൽ കുളിച്ചു കിടക്കുമ്പോഴും ‘എനിക്കൊരു കുഞ്ഞുണ്ട്’ എന്നു മെറിൻ അലറിക്കരഞ്ഞുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. മെറിന്റെ അപ്രതീക്ഷിത വേർപാടിൽ തരിച്ചു നിൽക്കുകയാണു മോനിപ്പള്ളിയിലെ ഊരാളിൽ വീടും നാടും. 2016ലാണു വെളിയനാട് സ്വദേശി ഫിലിപ് മാത്യുവുമായുള്ള വിവാഹം. തുടർന്നു യുഎസിലേക്കു പോയി. കഴിഞ്ഞ ഡിസംബറിൽ മെറിനും ഫിലിപ്പും മകൾ നോറയ്ക്കൊപ്പം നാട്ടിലെത്തി.

ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നു മെറിന്റെ പിതാവ് ജോയി പറയുന്നു. എന്നാലും ഫിലിപ്പിനെതിരെ പരാതിയൊന്നും നൽകിയില്ല. നാട്ടിലെത്തി 10 ദിവസം കഴിഞ്ഞപ്പോൾ ഫിലിപ് തിരികെ പോയി. ജനുവരി 12നാണു ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിലും നേരത്തേ മടങ്ങുകയായിരുന്നു. തുടർന്ന് നോറയെ സ്വന്തം വീട്ടിൽ ഏൽപിച്ച് ജനുവരി 29ന് മെറിനും മടങ്ങിപ്പോയി.

മിക്ക ദിവസവും വിളിക്കും. വിശേഷങ്ങൾ പറയും. കഴിഞ്ഞ ദിവസവും വിളിച്ചിരുന്നു.യുഎസിലുള്ള ബന്ധുവാണ് ഹോട്ടൽ മാനേജ്മെന്റ് പഠിച്ച ഫിലിപ്പിനെ അവിടേക്കു കൊണ്ടുപോയത്. മാതാപിതാക്കൾക്കൊപ്പമായിരുന്നു യുഎസിലേക്കു തിരിച്ചത്. ഡിസംബറിൽ നാട്ടിലെത്തിയപ്പോൾ വെളിയനാട്ടുള്ള സ്ഥലം വിൽക്കാൻ ശ്രമം നടത്തിയിരുന്നു.

More