Wednesday 18 March 2020 11:07 AM IST

ആറ് വയസ്സുകാരി ആണെന്നു പോലും കരുതിയില്ല, ആ വിഡിയോയുടെ പേരിൽ അവൾക്ക് സംഭവിച്ചത്! മിഥുനും ഇന്ദുവും വെളിപ്പെടുത്തുന്നുത്

Binsha Muhammed

midhun-indu-cover

കാക്കനാട് സാദ് എസ്റ്റേറ്റ് വില്ലയിൽ പ്രണയഗാനങ്ങൾ ഡ്യൂയറ്റായി ഇതളിടുന്ന ഒരുവീടുണ്ട്. പ്രണയത്തിന്റെ ‘സരിഗമപ’ ഇഴചേരുന്ന ആ വീട്ടിലെ പാട്ടുകാരനും പാട്ടുകാരിയും ഇന്ന് മലയാളി പ്രേക്ഷകർക്ക് വീട്ടിലെ കുട്ടികളാണ്. റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ചുവടുവച്ച മിഥുൻ ജയരാജും ഭാര്യ ഇന്ദുവും. സരിഗമപ എന്ന ജനപ്രിയ സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ സ്വീകരണ മുറികളിലേക്കും അവിടുന്ന് സംഗീതപ്രേമികളുടെ ഹൃദയത്തിലേക്കും ചേക്കേറിയ ഈ ഭാഗ്യ ജോഡികളോട് അത്രയ്ക്കുണ്ട് ഇഷ്ടം. സരിഗമപ നല്‍കിയ പുതിയ അനുഭവങ്ങളുടേയും പാട്ടവസരങ്ങളുടേയും നടുവിൽ നിന്ന് ‘വനിത ഓൺലൈനോട്’ സംസാരിക്കുമ്പോൾ മിഥുനും ഇന്ദുവും പറഞ്ഞതിലേറെയും പാട്ടുപെട്ടിയിൽ നിന്നുതിരുന്ന യുഗ്മഗാനം പോലെ സുന്ദരമായ ജീവിതത്തെക്കുറിച്ചായിരുന്നു.

മിഥുൻ ചേട്ടനും ഇന്ദുമ്മയും

കെട്ട്യോനും കെട്ട്യോളും പാട്ടുകാർ. സംഗീതത്തിന്റെ ‘എബിസിഡി’ ക്ലാസിൽ ഒരുമിച്ച് പഠിച്ചവർ. പ്രണയം പൂത്തുലഞ്ഞ് കുഞ്ഞുകുട്ടി പരാധീനവുമായി ജീവിക്കുന്നതിനിടയ്ക്ക് ഒരേ പ്രൊഫഷനിലുള്ളവരുടെ ഈഗോ തലപൊക്കില്ലേ എന്നാണ് പലരും ചോദിക്കുന്നത്. നാടോടിക്കാറ്റിൽ ലാലേട്ടന്റെയും ശ്രീനിയേട്ടന്റെയും സിഐഡി കഥാപാത്രങ്ങൾക്കിടയിലുള്ള ‘ബുദ്ധിപരമായ’ തർക്കങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഇല്ല. അതുകൊണ്ടുതന്നെ സമാധാനവുമുണ്ട്.– സംഗീതം പോലെ താളത്തിൽ മിഥുൻ പറഞ്ഞു തുടങ്ങുകയാണ്.

അതിന് ബുദ്ധിയുണ്ടായിട്ടു വേണ്ടേ തർക്കങ്ങളിലേർപ്പെടാൻ. മിഥുന് കാഞ്ഞ ബുദ്ധിയാന്നേ. ഞാൻ വെറും പാവം. പിന്നെ പ്രേമിച്ച് കെട്ടിയതിന്റെ അഡ്വാന്റേജാണ് ആകെ കൈമുതലായുള്ളത്. കോളജ് കാലത്തെ പ്രണയനായകൻ, ദേ ഇപ്പോ എന്റെ കൊച്ചിന്റെ അച്ഛനാണ്. അതിനിടയ്ക്ക് നോ ഈഗോ...നോ ഫൈറ്റ്. ഇനി അഥവാ ഫൈറ്റുണ്ടായാലും പാടി വീഴ്ത്താനൊന്നും നടക്കില്ല. പറഞ്ഞു തീർക്കലേ നിവൃത്തിയുള്ളൂ. – മിഥുന്റെ കമന്റിന് ഇന്ദുവിന്റെ കൗണ്ടർ.

പതിനഞ്ചോളം സിനിമകളിൽ പാടിയെങ്കിലും കൂടുതൽ പേരും തിരിച്ചറിഞ്ഞത്. സരിഗമപ വേദിയിൽ ഞങ്ങള്‍ സകുടുംബം എത്തിയപ്പോഴാണ്. പിന്നണി ഗായകനായ എന്നെ ‘മുന്നണി’യിലേക്ക് കൊണ്ടു വന്ന വേദി. പരിപാടിയിലെ ഗ്രാൻഡ് ജ്യൂറികളിൽ രണ്ടു പേരായി ഞാനും ഇന്ദുവും ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേരാണ് സ്നേഹാന്വേഷണങ്ങളുമായെത്തുന്നത്. പക്ഷേ ജഡ്ജ്മെന്റിന്റെ പേരിൽ സരിഗമപയിലെ പിള്ളേരുടെ ഫാൻസ് വക പൊങ്കാലയും വരാറുണ്ട്. എന്തു ചെയ്യാനാണ്, എല്ലാ കുട്ടികളും നമുക്ക് പ്രിയപ്പെട്ടവരാണ്. അവരെ ഫൈൻ ട്യൂൺ ചെയ്തെടുക്കലാണ് ഞങ്ങളുടെ ജോലി. ജഡ്ജ്മെന്റിന്റെ പേരിൽ പോയിന്റ് ഫൈവ് മാർക്ക് കുറഞ്ഞാലും പഴി ഞങ്ങൾക്കാണ്. പക്ഷേ അതു മാറ്റി നിർത്തിയാൽ എല്ലാ കുട്ടികളും ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ്. ശരിക്കും പ്രതിഭകൾ. പിന്നെ ജഡ്ജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട്, ദേ മ്യൂസിക് ടീച്ചറിനോട് ചോദിച്ചു നോക്കൂ.– മിഥുൻ ബോൾ ഇന്ദുവിന്റെ കോർട്ടിലേക്ക് തട്ടിയിട്ടു.

midhun-indu

ചെറിയ മിസ്റ്റേക്കുകൾ പോലും ഒരു കുട്ടിയുടെ മുന്നോട്ടുള്ള യാത്ര നിർണയിക്കുകയാണ്. നമുക്ക് വേണ്ടത് ഒരു വിന്നറെയാണ്, അങ്ങനെയുള്ളപ്പോൾ കൃത്യമായി മാർക്കിടാതെ തരമില്ല. സരിഗമപയിലെ പിള്ളേരുടെ ജഡ്ജ് മാത്രമല്ല ‍ഞങ്ങൾ. അവരെ നല്ലൊരു പാട്ടിനായി ട്രെയിൻ ചെയ്ത് എടുക്കുന്ന മെന്റർമാർ കൂടിയാണ്. മാർക്കിടുന്ന ജഡ്ജ് എന്നതിനപ്പുറം നല്ലൊരു സൗഹൃദം കൂടി ഞങ്ങളും കുട്ടികളും തമ്മിലുണ്ട്. മകൾക്കൊപ്പം ചെലവഴിക്കുന്നതിനേക്കാളും കൂടുതൽ സമയം ട്രെയിനിങ്ങിനും മറ്റുമായി മത്സരാർത്ഥികളോടൊപ്പം ചെലവഴിക്കുന്നുണ്ട്. മാസത്തിലെ പതിനഞ്ച് ദിവസം ഞങ്ങൾ അവരോടൊപ്പം ഉണ്ട്, കഴിഞ്ഞ ഒരു വർഷമായി ഇങ്ങനെയാണ്. ഒരൊറ്റ വ്യത്യാസം മിഥുൻ ഇങ്ങനെ പാടി നടക്കുന്നു. ഞാൻ പാട്ട് പഠിപ്പിച്ചു കൊടുക്കുന്നു. പാവം ഞാൻ ടീച്ചറും, കക്ഷി ജഡ്ജും ആയതിന്റെ ഗുട്ടൻസ് ഇപ്പൊ പിടികിട്ടിയില്ലേ.

midhun-4

പാട്ടുകാരൻ VS ടീച്ചർ

പൊതുവായ പാട്ടിഷ്ടങ്ങൾ ഏതൊക്കെയെന്ന് ചോദിച്ചാൽ കൺഫ്യൂഷനാകും. മിഥുൻ പാടിയ പാട്ടുകളെല്ലാം എനിക്ക് ഇഷ്ടമാണെന്ന് പറ‍ഞ്ഞില്ലെങ്കിൽ ഈ മനുഷ്യൻ എന്നോട് പിണങ്ങിയാലോ? ഇനി ഉള്ളതു പറയാം മിഥുൻ പാടിയ കൃപാകരി, സൗഹൃദമിതെന്നുമൊരു സുന്ദര കിസ അതൊക്കെ എന്റെ ഫേവറെറ്റാണ്. –മിഥുനെ നോക്കി ഇന്ദുവിന്റെ കള്ളച്ചിരി.

ഇന്ദു പിന്നണി ഗാനരംഗത്ത് പിച്ചവച്ചു വരുന്നേയുള്ളൂ. ഉടലാഴം എന്ന ചിത്രത്തിനു വേണ്ടി പാടിയിട്ടുണ്ട്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ. എന്റെ ഭാര്യ ആയതു കൊണ്ട് പറയുവല്ല, ഇന്ദു പ്രതിഭയുള്ള പാട്ടുകാരിയാണ്. അവസരം വരട്ടെ നോക്കാം. പിന്നെ എന്റെ കാര്യം, ഗോപിച്ചേട്ടൻ (ഗോപി സുന്ദർ), ഷാനിക്ക (ഷാൻ റഹ്മാൻ), ആനന്ദ് മധുസൂദനൻ എന്നിവരുടെ പാട്ടുകൾ പാടിയിട്ടുണ്ട്. ബാക്കി വിശേഷങ്ങൾ വഴിയേ അറിയാം.

midhun-3

എല്ലാവരും പ്രിയപ്പെട്ടവർ

സരിഗമപയിലെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥി ആര് എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു. എല്ലാവരും ഞങ്ങളുടെ പ്രിയപ്പെട്ടവരാണ്. കാത്തിരുന്നു കാണാം ആര് വിജയിക്കുമെന്ന്– ആര് വിജയിച്ചാലും ഞങ്ങൾ ഹാപ്പിയായിരിക്കും– ഇന്ദുവിന് അക്കാര്യത്തിൽ ലവലേശം സംശയമില്ല.

പുതിയ തലമുറയിലെ സംഗീതത്തിന്റെ പ്രതിനിധികളാണ് ഷാനിക്കയും ഗോപി ചേട്ടനുമൊക്കെ. അവരോടൊപ്പം അടുത്ത് പ്രവർത്തിക്കാനായി എന്നതാണ് സരിഗമപ നൽകിയ ഏറ്റവും വലിയ ഭാഗ്യം. രണ്ട് പേരും എന്നെ സംബന്ധിച്ചടത്തോളം ഒരു ജാഡയുമില്ലാത്ത സ്വീറ്റ് മനുഷ്യൻമാരാണ്. പിന്നെ സുജാത ചേച്ചിയെ പോലൊരു ലെജൻഡിനോടൊപ്പമുള്ള അനുഭവം. അതൊരു മില്യൺ ഡോളർ മൊമന്റാണ്.

midhun-2

ആ കമന്റുകൾ വേദനിപ്പിച്ചു

സത്യസന്ധമായി ജഡ്ജ്മെന്റ് നടത്തുമ്പോഴും കുട്ടികളുടെ മാർക്ക് കുറയ്ക്കേണ്ടി വരുമ്പോഴും സോഷ്യൽ മീഡിയ വഴി നെഗറ്റീവ് കമന്റ്സുകൾ വരാറുണ്ട്. അതൊക്കെ അതിന്റെ സ്പിരിറ്റിൽ എടുക്കാറാണ് പതിവ്. പക്ഷേ ഞങ്ങളുടെ കുഞ്ഞിന്റെ നിഷ്ക്കളങ്കമായ മറുപടിയുടെ പേരിൽ സോഷ്യല്‍ മീഡിയയും സുഹൃത്തുക്കളെന്നു വിശ്വസിച്ചിരുന്ന ചിലരും പരിഹസിച്ചപ്പോൾ നന്നായി വേദനിച്ചു. മകൾ ദക്ഷിണ കൂടി പങ്കെടുത്ത ഒരു എപ്പിസോ‍ഡിൽ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. ‘ഞാനുറങ്ങിക്കിടക്കുമ്പോൾ എന്തൊക്കെയോ സൗണ്ടൊക്കെ കേൾക്കാറുണ്ട്’ എന്ന് അവൾ പറ‍ഞ്ഞ ഭാഗം മാത്രം അടർത്തിയെടുത്ത് ആരൊക്കെയോ സോഷ്യല്‍ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ചാനലിൽ നിന്ന് എങ്ങനെയോ ലീക്ക് ആയ ഒരു വിഷ്വലാണത്. ചാനൽ ലോഗോ പോലും ഇല്ലാത്ത വാലും തലയും ഇല്ലാത്തൊരു വിഷ്വൽ. എന്റെ കുഞ്ഞിന്റെ പ്രായം പോലും പരിഗണിക്കാതെ, അവൾ എന്താണ് പറഞ്ഞതെന്ന് പൂർണമായി കേൾക്കാതെയാണ് പലരും അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തു വന്നത്. ആ എപ്പിസോഡ് പൂർണമായി കണ്ടിരുന്നെങ്കിൽ അവൾ എന്താണ് പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. പക്ഷേ, ആരും അതിനൊന്നും തയ്യാറല്ല.– മിഥുന്റെ വാക്കുകളിൽ രോഷം.

m6

ഒരിക്കലും പിരിയില്ലെന്ന് ഉറപ്പിച്ച് ഒടുവിൽ പലവഴിക്ക് പോയ എന്റെ സുഹൃത്തുക്കൾ പോലും ഈ ക്ലിപ് കണ്ട പാടെ കുശലാന്വേഷണം തിരക്കി വിളിച്ചിരുന്നു. അച്ഛനും അമ്മയും പറ‍ഞ്ഞ് പറയിപ്പിച്ചതാണോ എന്നു വരെ ചിലർ ചോദിച്ചു. മിഥുന്റെ അച്ഛൻ മരിച്ചപ്പോൾ പോലും വിളിക്കാത്ത പലരും ഇതും ചോദിച്ച് വിളിച്ചതാണ് വലിയ തമാശ. എല്ലാത്തിനും അപ്പുറം എന്റെ കുഞ്ഞ് അനുഭവിച്ചതാണ് വലിയ വേദന. എന്തോ വലിയ പാതകം ചെയ്തതു പോലെയാണ് പലരും അവളോടു പെരുമാറിയതും കുഞ്ഞിനോട് അനാവശ്യ ചോദ്യങ്ങൾ ചോദിച്ചതും. പരിഹാസങ്ങളും ചോദ്യങ്ങളും ഏറെയായപ്പോൾ എന്ത് പറയും എങ്ങനെ പറയും എന്ന ആധിയായിരുന്നു അവൾക്ക്. ഇനി വല്ലതും പറ‍ഞ്ഞു പോയാൽ‌ അതിന്റെ പേരിൽ കുറ്റക്കാരിയാകുമോ എന്ന തോന്നൽ. ആറു വയസുകാരിക്ക് മുതിർന്നവർ അനുഭവിക്കുന്ന മാതിരിയുള്ള ടെൻ‌ഷൻ താങ്ങാൻ പറ്റും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?– ഇന്ദുവിന്റെ വാക്കുകളിൽ വേദന.