Tuesday 10 December 2019 05:42 PM IST

എടിഎം എന്നാൽ എനി ടൈം മിൽക്! പാലുകാരനെ കാത്തിരിക്കേണ്ട, കാശിട്ടാൽ ശുദ്ധമായ പാല്‍ റെഡി

Binsha Muhammed

atm

നേരമിരുട്ടിയാൽ ഷട്ടറിടുന്ന പാൽ സൊസൈറ്റി... നാലും അഞ്ചും ദിവസം പഴക്കമുള്ള പിരിയാൻ പാകത്തിലുള്ള പാലുമായി മാടി വിളിക്കുന്ന പലവ്യഞ്ജന കടയിലെ ചേട്ടൻ. ഈ രണ്ട് സംഗതികളുടേയും നടുവിൽ നിന്ന് ശുദ്ധമായ പാലോ കടുപ്പത്തിലൊരു ചായയോ കുടിക്കാമെന്ന് വച്ചാലോ? നടന്നതു തന്നെ. പാലും പാൽക്കാരനും എത്തി നോക്കാത്ത പാതിരാത്രിയിലും ത്രിസന്ധ്യ നേരത്തും കട്ടൻ തന്നെ ശരണം. ചുരുക്കം പറഞ്ഞാൽ ശുദ്ധമായ പശുവിൻ പാല്‍ എപ്പോഴും കിട്ടില്ലെന്ന് സാരം. ഇനി കിട്ടിയാൽ തന്നെ അതിന്റെ ശുദ്ധതയ്ക്ക് എന്ത് ഗ്യാരണ്ടി.

പാലിനെ പാഷാണമാക്കാൻ മടിയില്ലാത്ത, വെള്ളത്തേയും പാലിനേയും കൺട്രോളില്ലാതെ പ്രണയിക്കാൻ വിടുന്ന നാട്ടിൽ ഇതാ ഒരു ‘ന്യൂജെൻ പാൽ കച്ചോടം.’ അവിടെ അളന്നു മുറിച്ച് പാലൊഴിക്കാൻ ആളില്ല. ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് വെള്ളം ചേർക്കാനും ആളില്ല. കാശെണ്ണി വാങ്ങാനും വിലപേശാനും മുതലാളിയും ഇല്ലേയില്ല. പിന്നെയോ?, സംഗതി പാലിന്റെ എടിഎമ്മാണ്. ഏതു പാതിരാത്രിയിലും കാശിട്ട് പാലും എടുത്ത് പോകാനാവുന്ന നല്ല എ ക്ലാസ് എടിഎം.

തിരുവനന്തപുരം ചിറയിൻകീഴ് മേൽകടയ്ക്കാവൂരിലേക്കുള്ള വണ്ടിപിടിച്ചാൽ കാണാം. ശുദ്ധതയുടെ പര്യായമായി, ഏതു പാതിരാത്രിയിലും പാലു തരുന്ന അക്ഷയ പാത്രമായി ‘മിൽക്കോ’ ഈ കിടിലൻ സംരംഭം അങ്ങനെ ഞെളിഞ്ഞ് നിൽപ്പുണ്ടാകും. ഒരു ക്ഷീര സഹകരണ സംഘത്തിന്റേയും തലയിലുദിക്കാത്ത ഈ അഡാർ ഐഡിയ എവിടുന്നു വന്നു? എങ്ങനെ സാധിച്ചെടുത്തു എന്നു ചോദിച്ചാൽ ആ ക്രെഡിറ്റിന്റെ പങ്കുപറ്റാൻ ആ നാടിന്റെ നല്ലവരായ ക്ഷീര കർഷകർ ഒന്നാകെ ഓടിയെത്തും. അവരുടെ കൂട്ടായ്മയാണ് കേരളത്തിന് മാതൃകയായ ഈ എക്സ്ക്ലൂസീവ് പാൽ എടിഎം. ഒരു നാടിനെ എടിഎമ്മിലൂടെ പാൽ കുടിപ്പിച്ച സാങ്കേതിക രഹസ്യം തേടി വനിത ‘ഓൺലൈൻ എത്തുമ്പോൾ’ അക്കഥ പറയാനെത്തിയത് പഞ്ചമം സുരേഷാണ്, മേൽകടയ്ക്കാവൂർ ക്ഷീര സഹകരണ സംഘത്തിന്റെ പ്രസിഡന്റും പ്രതിനിധിയും. സുരേഷ് പറയുന്നു  ‘മിൽക്കോ’ എന്ന പാൽ എടിഎം പിറന്ന കഥ.

atm-1 മില്‍ക്ക് എടിഎം പദ്ധതി ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിക്കുന്നു

പ്ലാസ്റ്റിക്കിന് നോ എൻട്രി

എടിഎം വഴി പാൽ കൊടുക്കുന്ന ആദ്യത്തെ സംരംഭമാണ് ഞങ്ങളുടെ മിൽക്കോ എന്നൊന്നും ഞങ്ങൾ അവകാശപ്പെടുന്നില്ല. പക്ഷേ ഒന്ന് അഭിമാനത്തോടെ പറയും, പായ്ക്കറ്റ് പാലു കൊടുത്തു പറ്റിക്കുന്ന നാട്ടിൽ, പ്ലാസ്റ്റിക് മാലിന്യം കുന്നു കൂടുന്ന നാട്ടിൽ ശുദ്ധമായ പാൽ.  അതും പ്ലാസ്റ്റിക്കില്ലാതെ കുപ്പിയിലോ പാത്രത്തിലോ കൊടുക്കുന്ന ആദ്യത്തെ സംരംഭമാണ് മിൽക്കോ . വയനാട്ടിലൊക്കെ ഇത്തരത്തിൽ മിൽക് എടിഎമ്മുകൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ അവരൊക്കെ പ്ലാസ്റ്റിക്ക് കവറിലാക്കിയാണ് പാൽ വിതരണം ചെയ്യുന്നത്. ശുദ്ധമായ പാൽ അതും പ്രകൃതിയോടിണങ്ങി വിതരണം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഏകദേശം 8 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ എടിഎം സജ്ജീകരിച്ചിരിക്കുന്നത്. ഹരിയാനയിൽ നിന്നാണ് ഇതിനു വേണ്ട മെഷീൻ എത്തിച്ചിട്ടുള്ളത്. ഒരു മാസത്തോളമായി മിൽക്കോ പ്രവർത്തനം തുടങ്ങിയിട്ട്.

atm-3

മിൽക്കോ സിമ്പിളാണ് പവർഫുളും

നാട്ടിലെ സാധാരണക്കാരായ ആൾക്കാർ എടിഎം, പാൽ എന്നൊക്കെ കേൾക്കുമ്പോൾ പേടിച്ചു പോകില്ലേ എന്ന കൺഫ്യൂഷനൊന്നും വേണ്ട. എടിഎമ്മിന്റെ പ്രവർത്തന രീതി തന്നെ സിമ്പിളാണ്. 500 ലിറ്റർ പാൽ വരെ സംഭരണ ശേഷിയുണ്ടാകും. എത്ര രൂപയ്ക്കാണോ പാല് വേണ്ടത് അത്രയും രൂപ എടി എമ്മിൽ നിക്ഷേപിക്കുക. 10 രൂപയ്ക്കാണ് പാൽ വേണ്ടതെങ്കിൽ അത്രയും പൈസ എടിഎമ്മിൽ നിക്ഷപിക്കുക. നാണയത്തുട്ടുകളും നോട്ടുകളും വെവ്വേറെ നിക്ഷേപിക്കാൻ എടിഎമ്മിൽ സംവിധാനമുണ്ട്. കാശ് നിക്ഷേപിച്ചുകഴിഞ്ഞാൽ പാത്രത്തിലോ കുപ്പിയിലോ പാൽ ശേഖരിക്കാം. ശ്രദ്ധിക്കേണ്ട കാര്യം കാശിന്റെ മൂല്യത്തിനൊത്ത് പാൽ ശേഖരിക്കാൻ ശേഷിയുള്ള പാത്രം കയ്യിലുണ്ടായിരിക്കണം. പാത്രം മാറ്റുന്ന പക്ഷം പാൽ നിൽക്കും. എത്ര രൂപയാണോ നൽകുന്ന അത്രയും വിലയ്ക്കൊപ്പിച്ച് പാൽ ആവശ്യാനുസരണം എടുക്കാനാകും. ഇത്രയും ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ വിഷമിക്കേണ്ട. മിൽക്കോയുടെ പ്രവർത്തന രീതിയെക്കുറിച്ച് പഠിപ്പിക്കാനും അവബോധം നൽകാനും സമീപത്തു തന്നെ ഞങ്ങളുടെ ഒരു ഔട്ട്‍ലെറ്റ് ഉണ്ട്. ലളിതമായി മിൽക്കോ എടിഎമ്മിന്റെ പ്രവർത്തനം അവിടെ നിന്ന് പഠിച്ചെടുക്കാം.

ലാഭം കർഷകർക്ക്

കർഷകരില്‍ നിന്നും നേരിട്ടാണ് ഇവിടെ പാൽ സംഭരിക്കുന്നത്. അതിന്റെ ലാഭവും ഓരോ കർഷകന്റേയും കൈകളിലേക്കെത്തണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. കർഷകരുടെ മാന്യമായ ലാഭം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലിറ്ററിന് നിലവിലുള്ള വിലയേക്കാൾ അഞ്ചു രൂപ അധികം ഞങ്ങൾ ഈടാക്കാറുണ്ട്. എങ്കിലും പാലിന്റെ ഗുണമേന്മ പരിഗണിക്കുമ്പോൾ നിലവില്‍ വിപണിയിലുള്ള പാൽ കമ്പനികളേക്കാളും എന്തു കൊണ്ടും ലാഭമാണ് മിൽക്കോയിൽ നിന്നും ലഭിക്കുന്ന പാൽ. അതിന്റെ തെളിവാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഞങ്ങളുടെ ഈ സംരംഭത്തിന് കിട്ടുന്ന സ്വീകാര്യത. ദൂരെ ദിക്കുകളിൽ നിന്നു പോലും ഈ സംരംഭത്തെക്കുറിച്ച് പഠിക്കാനും അറിയാനും ആൾക്കാർ എത്തുന്നുണ്ട്.– സുരേഷ് പറയുന്നു.