Monday 01 August 2022 04:37 PM IST

‘കല്യാണം കഴിഞ്ഞില്ലേ, കുട്ടികളേയും നോക്കി വീട്ടിലിരുന്നൂടെ’: രണ്ടു കുട്ടികളുടെ അമ്മ, ഡോക്ടർ... സൗന്ദര്യ വേദിയിൽ അഭിമാനമായി മിഥുല

Binsha Muhammed

mithula-cover

‘ആഗ്രഹിച്ച പോലെ പഠിക്കാന്‍ പറ്റി, വല്യ ഡോക്ടറായി. നല്ല കുടുംബത്തീന്ന് മിടുക്കനായൊരു ഡോക്ടറെ തന്നെ ഭർത്താവായി കിട്ടി. എല്ലാ സന്തോഷങ്ങളുടേയും ആകെത്തുകയായി രണ്ടു കുട്ടികൾ... വേറെന്തു വേണം?.’

ജീവിതത്തിൽ എല്ലാം നേടിയില്ലേ എന്ന മട്ടിലുള്ള ആ ചോദ്യങ്ങൾക്കെല്ലാം ഫുൾസ്റ്റോപ്പിട്ട് മിഥുല ഇങ്ങനെ തിരിച്ചു പറഞ്ഞു.

‘എല്ലാം ആയിട്ടില്ല... ഒരു സ്വപ്നം കൂടി ബാക്കിയുണ്ട്. പണ്ടേക്കു പണ്ടേ ചങ്കിൽ കൊത്തിവച്ചൊരു സ്വപ്നം. അഴകിന്റെ വേദിക്കായി അണിഞ്ഞൊരുങ്ങുക, അവിടെ അഭിമാനത്തോടെ മാറ്റുരയ്ക്കുക...’

കുടുംബവും കുട്ടിയുമായി ജീവിക്കുന്നോർക്ക്, അതും ഒരു ഡോക്ടർക്ക് ഇതൊന്നും അത്ര നല്ലതല്ല എന്ന് പലരും നെറ്റിചുളിച്ച് മറുപടി പറഞ്ഞു. പക്ഷേ മിഥുല കുലുങ്ങിയില്ല. തന്റെ സ്വപ്നങ്ങൾക്കായി ഏതറ്റം വരെയും പോകുമെന്ന് ദൃഢനിശ്ചയം എടുത്തു. ആ ആത്മവിശ്വാസം തിരുവനന്തപുരത്തുകാരിയായ ഡോ. മിഥുലയെ കൊണ്ടെത്തിച്ചത് ഏതൊരു പെണ്ണും കൊതിക്കുന്ന അഴകിന്റെ വേദിയിൽ. തീർന്നില്ല കഥ, വി.ജി മിസിസ് ഇന്ത്യ 2022  ടൈറ്റിലിൽ വിജയിച്ച് കിരീടം ചൂടി നാടിന്റെ യശസ് വാനോളം ഉയർത്തുകയും ചെയ്തു ഈ മുപ്പത്തിമൂന്നുകാരി. വിവാഹത്തോടെ തീരുന്നതല്ല പെണ്ണിന്റെ സ്വപ്നങ്ങളെന്ന് ജീവിതം കൊണ്ടു തെളിയിച്ച മിഥുല വെറുമൊരു വിജയി മാത്രമല്ല. തങ്ങളുടെ സ്വപ്നങ്ങളുടെ എരിയുന്ന അടുപ്പിലും ഉത്തരവാദിത്തങ്ങളുടെ നാലു ചുമരുകൾക്കുള്ളിലും ഒതുക്കി വയ്ക്കേണ്ടി വരുന്ന എത്രയോ പെണ്ണുങ്ങൾക്ക് വഴി വിളക്ക് കൂടിയാണ്. മിഥുല എസ് നായർ പറയുന്നു ആ വലിയ സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥ...

മനസിൽ കൂടുകൂട്ടിയ സ്വപ്നം

ചില സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ, വലിയ ലക്ഷ്യങ്ങൾ... അത് നമ്മൾ മറന്നാലും കാലം നമുക്ക് തിരികെ തരും. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് മോഡലാകുക, നന്നായി അണിഞ്ഞൊരുങ്ങുക തുടങ്ങിയ ഇഷ്ടങ്ങൾ മനസിൽ കൂടുകൂട്ടുന്നത്. പക്ഷേ പഠനത്തിന്റെ തിരക്കുകളും ജീവിതം നൽകിയ ഉത്തരവാദിത്തങ്ങളും ആ ഇഷ്ടത്തെ ജീവിതത്തിൽ നിന്ന് പതിയെ അകറ്റി നിർത്തി. പക്ഷേ മറ്റൊരിക്കൽ പുലരാനായി മാത്രം വിധി ആ ഇഷ്ടം ഉള്ളിന്റെയുള്ളിൽ ചാരംമൂടി കിടന്നു.– മിഥുല പറഞ്ഞു തുടങ്ങുകയാണ്.

പിജി ഓറൽ ഫിസിഷ്യൻ റേഡിയോളജി അതായിരുന്നു സ്പെഷ്യലൈസേഷൻ. ആഗ്രഹിച്ച പഠനം കഴിഞ്ഞതോടെ കരിയറിലും ജീവിതത്തിലും ടേണിങ് പോയിന്റുകളുണ്ടായി. നല്ലപാതിയായി ഡോ. വിനോദ് മണികണ്ഠൻ ജീവിതത്തിലേക്ക്. ജീവിതത്തിൽ മാത്രമല്ല കരിയറിലും എല്ലാ പിന്തുണയും തന്ന് അദ്ദേഹം ഒപ്പം നിന്നു. ഓറൽ ഫിസിഷ്യൻ എന്ന മേൽവിലാസത്തില്‍ എന്റെ കരിയർ തുടങ്ങുമ്പോൾ അദ്ദേഹം ഒറ്റപ്പാലത്തുണ്ട്. പക്ഷേ നല്ല അവസരങ്ങൾ തേടുന്ന തിരക്കിലായിരുന്നു ഞാൻ. നല്ലൊരു അവസരം കിട്ടിയപ്പോൾ കാർഡിയോളജിസ്റ്റായ അദ്ദേഹം തിരുവനന്തപുരത്തേക്ക് വന്നു. ഞാനും ഒപ്പമെത്തിയെങ്കിലും ആരംഭത്തിലെ രണ്ടു വർഷം അവസരങ്ങളൊന്നും കിട്ടിയില്ല. രണ്ട് വർഷത്തിനു ശേഷമാണ് കൊല്ലത്തെ ഒരു പ്രമുഖ സ്വകാര്യ ഡെന്റൽ കോളജിൽ ഓറല്‍ ഫിസിഷ്യനായി ജോലിക്കു കയറുന്നത്.

mithula-1

ഇടയ്ക്കെപ്പോഴോ കണ്ണോടിച്ച ഒരു മാഗസിനിൽ മിസിസ് കേരള സൗന്ദര്യ മത്സരത്തിന് ക്ഷണിച്ചു കൊണ്ടുള്ള പരസ്യം കണ്ടു. ആ കാഴ്ചയാണ് എന്റെ ജീവിതത്തിലെ വേക്കപ്പ് കോൾ! എന്റെ ആ പഴയ ഇഷ്ടത്തെ തിരികെ തന്ന സെക്കന്റ് ഇന്നിംഗ്സ്. പ്രാഥമിക റൗണ്ടുകളിൽ മാത്രമേ അന്ന് മാറ്റുരയ്ക്കാനായുള്ളൂ എങ്കിലും ആ വേദി തന്ന ആത്മവിശ്വാസം വലുതായിരുന്നു. ഇഷ്ടവും ആഗ്രഹവും ഭർത്താവിനോടു പറഞ്ഞപ്പോൾ കട്ടയ്ക്കു കൂടെ നിന്നു.സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നു എന്നറിഞ്ഞപ്പോൾ കക്ഷി ന്യൂട്രലായി നിന്നുവെങ്കിലും എങ്കിലും എന്റെ മനസറിഞ്ഞ് ഒപ്പം നിന്നു.

അടുത്ത വിളി വന്നതാകട്ടെ കേരള ഫാഷൻ ഫെസ്റ്റിവലെന്ന കെഎഫ്എഫിൽ നിന്ന്. 2019ൽ ഒരു വലിയ ഇവന്റിൽ അതിനേക്കാളേറെ ഒരു വലിയ മത്സര വേദിയില്‍ പങ്കെടുക്കുന്നതിന്റെ അല്ലറ ചില്ലറ ടെൻഷനൊക്കെ ഉണ്ടായിരുന്നു. പക്ഷേ മുന്നോട്ടു പോകെ ആ ടെൻഷനൊക്കെ അലിഞ്ഞില്ലാതായി. പക്ഷേ അസ്വസ്ഥരായ ചിലരുണ്ടായിരുന്നു, കുടുംബത്തിൽ. ‘കല്യാണമൊക്കെ കഴിഞ്ഞില്ലേ... നാട്ടുകാരെ കാണിക്കാൻ ഇങ്ങനെ അണിഞ്ഞൊരുങ്ങണോ, പിള്ളാരേയും നോക്കി വീട്ടിലിരുന്നാൽ പോരേ... എന്തിനാണ് ഇങ്ങനെയുള്ള വേഷം കെട്ടലുകൾ’ തുടങ്ങി നാനാ ദിക്കിൽ നിന്നും കൂരമ്പു പോലെ ചോദ്യങ്ങൾ.’

mithula-4

അഴകിന്റെ വേദിയിലേക്ക്

ഞങ്ങൾക്ക് രണ്ട് കുട്ടികളാണ്, വിയാൻ തമ്പിയും, മിഹിക തമ്പിയും. മൂത്തയാൾ ഇപ്പോൾ രണ്ടാം ക്ലാസിലാണ്. ഇളയവൾ എൽകെജിയിലും. ഡോക്ടർ പണിയുടെ തിരക്കിൽ പോലും അവരുടെ ഒരു കാര്യത്തിനും ഞാന്‍ കുറവു വരുത്തിയിട്ടില്ല. അവർക്ക് എന്നെ വേണ്ടപ്പോഴൊക്കെ ഞാൻ കൂടെ നിന്നിട്ടുണ്ട്. കുത്തുവാക്കു പറഞ്ഞവരോട് എനിക്കു പറയാനുള്ള മറുപടിയും അതായിരുന്നു. പിന്നെ ഞാനൊരിക്കലും മറ്റുള്ളവരുടെ സ്പേസിലോ അവരുടെ സ്വാതന്ത്ര്യത്തിലോ അനാവശ്യമായി ഇടപെട്ടിട്ടില്ല. ആ പരസ്പര ബഹുമാനം എന്നോടും ഉണ്ടാകണമെന്ന് പറഞ്ഞു. അതിൽ പിന്നെ വലിയ ഒച്ചപ്പാടുകൾ ഉണ്ടായിട്ടില്ല.

2019ൽ നടന്ന കേരള ഫാഷൻ ഫെസ്റ്റിവലാണ് വിഷനാര ഗ്ലോബൽ എന്ന വി.ജി ഫാഷൻ മിസിസ് ഇന്ത്യ എന്ന അഴകിന്റെ മഹാവേദിയിലേക്കുള്ള ടിക്കറ്റ് തന്നത്. ശരിക്കും പറഞ്ഞാൽ വല്ലാത്തൊരു ത്രില്ലിലായിരുന്നു ഞാൻ. 2019ന്റെ തുടർച്ചയായി നടക്കേണ്ട മത്സരം കോവിഡ് കുറേനാളത്തേക്കു കൂടി നീട്ടിക്കൊണ്ടു പോയി. 2022ലാണ് വിജി മിസിസ് ഇന്ത്യ 2022നുള്ള ഓഡിഷൻ അതിന്റെ സംഘാടകർ തുടങ്ങിവച്ചത്. ഓഡിഷൻ റൗണ്ടൊക്കെ ഓൺലൈൻ വഴിയായിരുന്നു. ആ കടമ്പ കടന്നതോടെ ഗൗൺ റൗണ്ട്, ടാലന്റ് റൗണ്ട്, ഇന്റർവ്യൂ റൗണ്ട് എന്നിങ്ങനെ കടുപ്പമേറിയ ഘട്ടങ്ങൾ. എല്ലാത്തിനുമൊടുവിൽ ഫൈനൽ റൗണ്ടിലേക്ക്, ആരും കൊതിക്കുന്ന ആ വലിയ വേദിയുടെ ഫിനാലെ റൗണ്ടിലേക്ക് അഭിമാനത്തോടെ നടന്നു കയറി. ഫൈനൽ ഇന്റർവ്യൂ റൗണ്ടിൽ എന്നെ തേടിയെത്തിയ ചോദ്യം ‘ഞാനാണ് വി.ജി മിസിസ് ഇന്ത്യയുടെ ജഡ്ജസ് എങ്കിൽ ഫൈനലിസ്റ്റായ മത്സരാർത്ഥിയോട് എന്തു ചോദ്യം ചോദിക്കും എന്നായിരുന്നു.’

ഈ പേജന്റ് വിൻ ചെയ്ത് പത്തു വർഷം കഴിയുമ്പോഴേക്കും നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യമാണ്, അവർക്ക് ഉത്തരമായി ഞാൻ നൽകിയത്. പിന്നെ പെൺഭ്രൂണ ഹത്യയ്ക്കെതിരെയുള്ള എന്റെ ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും മുന്നോട്ടുള്ള യാത്രയിൽ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.

mithula-2

ഒടുവിൽ കാത്തിരുന്ന നിമിഷമെത്തി. മത്സര വേദിയിൽ മുഖ്യാതിഥിയായി ബോളിവുഡ് താരം കുനാൽ കപൂർ എത്തുന്നു എന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. പക്ഷേ അദ്ദേഹം ഫിനാലെയുടെ സമയമായപ്പോഴാണ് എത്തിയത്. അദ്ദേഹത്തിന്റെ ഒന്നു കാണുക എന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ എക്സൈറ്റ്മെന്റായിരുന്നു. ഒടുവിൽ ടൈറ്റിൽ വിന്നറെ പ്രഖ്യാപിക്കുന്ന ഘട്ടമെത്തി. ഞാനാണെങ്കിൽ തികഞ്ഞ പ്രതീക്ഷയിലും. ആൻഡ് ദി വിന്നർ ഈസ് എന്നു പറഞ്ഞപ്പോഴേ എന്റെ നമ്പരായ ‘വൺ’ സദസിൽ നിന്നും കാണികൾ ആർത്തുവിളിച്ചു. അതു തന്നെ വലിയൊരു സർപ്രൈസായിരുന്നു. ഒടുവിൽ വിജയിയായി എന്നെ കുനാൽ പ്രഖ്യാപിക്കുമ്പോൾ ശരിക്കും സന്തോഷം കൊണ്ടു തുള്ളിച്ചാടി. വിജയകിരീടം തലയിൽ ചൂടി അദ്ദേഹത്തോടൊപ്പം നടത്തിയ റാമ്പ് വോക്ക് ആണ് ജീവിതത്തിലെ എന്റെ ഏറ്റവും വലിയ നിമിഷങ്ങളിലൊന്ന്.

mithula-3

ഈ പിന്തുണയ്ക്ക്, ഈ വിജയത്തിന് ആരോടൊക്കെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. എന്നെ കരുത്തയാക്കിയ എന്റെ തന്നെ വാശികൾക്കാണ് ആദ്യത്തെ താങ്ക്സ്. പിന്നെ എല്ലാത്തിനും കട്ടയ്ക്ക് കൂടെ നിൽക്കുന്ന എന്റെ നല്ലപാതിക്ക്, മക്കൾക്ക്. കുഞ്ഞു നാളുതൊട്ടെ എന്റെ ഓരോ ഇഷ്ടത്തിനും കൂടെ നിൽക്കുന്ന അച്ഛൻ ജി സോമശേഖർ റിട്ടയേഡ് ഐപിഎസിനും അമ്മ ലക്ഷ്മിക്കും സഹോദരി മിഥുനയ്ക്കും ഹൃദയത്തിൽ നിന്നും നന്ദി. ട്രഡീഷണൽ റൗണ്ടില്‍ എന്നെ സുന്ദരിയാക്കിയ വസ്ത്രം ഡിസൈൻ ചെയ്തു അഖില വിനായകനിന് സ്പെഷൽ താങ്ക്സ്.  

ഈ വഴി പിന്തുടരുന്ന, സ്വപ്നങ്ങൾ അടക്കിവച്ച് ജീവിക്കുന്ന എല്ലാ സ്ത്രീകളോടും ഒന്നു മാത്രം പറയുന്നു. നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ നിങ്ങളുടെയുള്ളിലാണ്. അത് നിങ്ങൾ തന്നെയാണ് കണ്ടു പിടിക്കേണ്ടത്.– മിഥുല പറഞ്ഞു നിർത്തി.