Tuesday 08 October 2019 05:42 PM IST : By സ്വന്തം ലേഖകൻ

കലാപം ഉടലെടുത്താൽ അവർ ആദ്യം തിരയുന്നത് ‘ഇന്ത്യക്കാരെ’; പട്ടാളക്കാരുടെ കാവലിലെ കാശ്മീർ രാത്രി; അനുഭവം

kashmir

നിരോധനാജ്ഞയുടെ നടുവിലാണ് കാശ്മീർ. പ്രകൃതി സൗന്ദര്യത്തിന് കേളികേട്ട മണ്ണ് കനത്ത കാവലിനു നടുവിലാണ്. എങ്ങും കാണാനാകുന്നത് കനത്ത സുരക്ഷയും അശാന്തിയുടെ നിഴലുകളും. ഈ സാഹചര്യത്തിൽ കാശ്മീർ കാണാനിറങ്ങിയപ്പോഴുണ്ടായ ദുരനുഭവങ്ങൾ സരസമായി കുറിക്കുകയാണ് മിഥുൻ ബേബി സഞ്ജയ് എന്ന യുവാവ്. ഫെയ്സ്ബുക്കിലൂടെയാണ് മിഥുൻ കാശ്മീരിന്റെ സ്ഥിതിഗതികളെ കുറിച്ച് എഴുതുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ശ്രീനഗറിനെ പറ്റി തൊട്ട് മുന്‍പ് ഇട്ട ട്രോള്, തമാശയായി കാണണ്ടാ ട്ടോ... ഉള്ള കാര്യമാണത്.

"അവിടെ ടൂറിസ്റ്റുകള്‍ക്ക് ഒരു കുഴപ്പവുമില്ല... ധൈര്യമായി പൊക്കോ..." എന്ന മോഡിയുടെ വാക്കും കേട്ടു പോയതാണു. ജമ്മു കാശ്മീര്‍ അതിര്‍ത്തി കടന്നപ്പോള്‍ തന്നെ സിം എല്ലാം കട്ടായി. അത് നേരത്തെ അറിയാരുന്നു. ഒരു JK സിമ്മെടുത്തു. പക്ഷേ വിളിക്കാനെ പറ്റൂ. നെറ്റ് നിരോധിച്ചിരിക്കുകയാണ്. പക്ഷേ ശ്രീനഗര്‍ അടുത്തതോടെ jk സിമ്മും കട്ടായി !

ശ്രീനഗര്‍ എത്തിയപ്പോള്‍, മണി രാത്രി 11 ആയി. എല്ലാ മുക്കിലും മൂലയിലും പട്ടാളവും പോലീസ്സും. പലയിടത്തും ബാരിക്കേടുകള്‍, മുള്ളുവേലികള്‍... പകല് ഒരു കലാപം നടന്ന ലക്ഷണമുണ്ട്, തെരുവുകള്‍ക്ക്. നെറ്റില്ലാത്തതുകൊണ്ടു ഹോട്ടലുകള്‍ ഒന്നും ബുക്ക് ചെയ്യാന്‍ പറ്റിയില്ല. ഹോട്ടലുകള്‍ തേടി കുറേ കറങ്ങി.... എല്ലാം 'ക്ലോസ്സ്ഡ്' എന്നു ബോര്‍ഡ് എഴുതി വെച്ചിരിക്കുന്നു. ഞങ്ങള് കിടന്നു കറങ്ങുന്നത് കണ്ടപ്പോള്‍ പട്ടാളം ചോദ്യം ചെയ്തു. കാര്യം പറഞ്ഞു. "കേരളത്തില്‍ നിന്നാണ്. ഹോട്ടല് കിട്ടുന്നില്ല." അപ്പോഴേക്കും അവര്‍ക്ക് വേവലാതി. 😯 അവര് മറ്റ് പട്ടാളക്കാരെ ഒക്കെ വിളിച്ച് വരുത്തി ഹോട്ടലിനെ പറ്റി തിരക്കുന്നു.... അവരുടെ വേവലാതി കണ്ടപ്പോൾ ഞങ്ങൾക്കും വേവലാതി. 😧

"ആ ഏരിയയില്‍ ഹോട്ടലുകള്‍ തുറന്നിട്ടുണ്ടാവുമോ...? "

"ഈ ഏരിയയിലെ ഹോട്ടലുകള്‍ എല്ലാം അടച്ചിട്ടു കുറേ കാലമായില്ലെ.... "

"മറ്റെ ഏരിയ ഇപ്പോ വലിയ വിഷയമില്ലല്ലോ... ഇവരെ അങ്ങോട്ട് വിട്ടാലോ" ഇങ്ങനേ ഓരോ കാര്യങ്ങളാണ് അവര് പരസ്പരം സംസാരികുന്നത്. ഞങ്ങല്‍ക്ക് ഹിന്ദി അറിയില്ല എന്നത്കൊണ്ടാണ് അവര്‍ അധികം രഹസ്യമായി സംസാരിക്കാഞ്ഞതു. ( പക്ഷേ, "ബംഗാളി പൂമ്പൊടി ഏറ്റുകിടക്കും, കോണ്ട്രാക്ടര്‍ക്ക് ഉണ്ടാവും ഹിന്ദി സൗരഭ്യം" എന്നു അവര്‍ക്ക് അറിയില്ലല്ലോ ). കാര്യങ്ങളുടെ കിടപ്പ് വശം കുറേയൊക്കെ എനിക്കു മനസിലായി.

അവസാനം, ഞങ്ങളെ ഒറ്റയ്ക്ക് വിടുന്നില്ല എന്നു അവർ തീരുമാനിച്ചു, ഒരു ലോക്കല്‍ JK പോലീസുകാരനെ വിളിച്ച് വരുത്തി ഞങ്ങളുടെ കൂടെ വിട്ടു, ഹോട്ടല് കണ്ടു പിടിക്കാന്‍. പുള്ളിയുമായി കുറേ കറങ്ങിയെങ്കിലും എല്ലാ ഹോട്ടലുകളും അടവായിരുന്നു.

പുറം രജിസ്ട്രേഷന്‍ വണ്ടികള്‍ കണ്ടാല്‍ ചിലര്‍ അടിച്ചു തകര്‍ക്കുമെന്നും ഒരു ഡെല്‍ഹി വണ്ടി വൈക്കുന്നേരം തകര്‍ത്തു എന്നും അയാളില് നിന്നറിഞ്ഞു. ഇവിടെ നിക്കുന്നത് പന്തിയല്ലെന്ന് മനസ്സിലായി. "എന്നാല്‍ ഞങ്ങള്‍ ഇപ്പോള്‍ തന്നെ പോകട്ടെ ? " എന്നു ചോദിച്ചപ്പോള്‍ അതും ശെരിയാവില്ല എന്നു പുള്ളി പറഞ്ഞു.

എല്ലാ കറക്കവും കഴിഞ്ഞു തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തി. അപ്പോഴേക്കും മണി 2:30 am. പട്ടാളക്കാരും ഞങ്ങളെ പോവാന്‍ അനുവദിച്ചില്ല.

" ഈ സമയത്തു പോകണ്ട. നിങ്ങള്‍ നേരം വെളുത്തിട്ട് പോയാല്‍ മതി. അത് വരെ നിങ്ങള്‍ ഇവിടെ ഞങ്ങളോടൊപ്പം കിടക്കൂ. ഞങ്ങള്‍ കാവല്‍ ഉണ്ടല്ലോ... വേണമെങ്കില്‍ ഞങ്ങളുടെ കൂടാരത്തില്‍ വിശ്രമിക്കാം "

അവരുടെ കൂടെ നിക്കുന്നതാണ് സുരക്ഷിതം എന്നു എനിക്കും തോന്നി. റോഡ് സൈഡിലുള്ള അവരുടെ കൂടാരത്തിനോടു ചേര്‍ത്ത് കാറിട്ടു, ഞങ്ങള്‍ കാറില്‍ തന്നെ കിടന്നു.

"പട്ടാളക്കാരുടെ കാവലില്‍ ഒരു രാത്രി.... ! ആരോടെലും പറഞ്ഞാ വിശ്വസിക്കുമോ ? എന്തെല്ലാം അനുഭവങ്ങളാ ഒരു യാത്രയില്‍ ? അല്ലേ"

"ഹും"

ഞങ്ങൾ പരസ്പ്പരം സംസാരിക്കുന്നതിനിടയിൽ, ഡോറില്‍ ഒരു മുട്ട്.

"സാര്‍.... ചായ കുടിക്കൂ...."

ഒരു ഫ്ലാസ്ക്കില്‍ ചായയും ഒരു കുപ്പുമായി ഒരു പട്ടാളക്കാരന്‍, വന്നിരിക്കുന്നു. പാവം... ഉറക്കം കളഞ്ഞു തെരുവിന് കാവല്‍ നിക്കുന്നതിന് അവര്‍ക്ക് കുടിക്കാന്‍ കൊണ്ട് വന്ന ചായയാണ് ഞങ്ങല്‍ക്ക് കൊണ്ടുവന്നിരിക്കുന്നന്ത്. ഉറങ്ങണമെന്നുള്ളതുകൊണ്ടു ചായ വേണ്ട എന്നു മനസ്സ് പറഞ്ഞെങ്കിലും, അവരുടെ പരിചരണത്തിന് മറുപടിയായി അത് പറയാന്‍ തോന്നിയില്ല. ഞങ്ങള്‍ വാങ്ങി കുടിച്ചു.

"ഞങ്ങള്‍ രാവിലെ 5 മണിക്ക് ഡ്യൂട്ടി കഴിഞ്ഞു ഞങ്ങളെല്ലാം ക്യാമ്പില്‍ പോകും... പകരം മറ്റ് പട്ടാളക്കാര്‍ വരും. നിങ്ങളുടെ കാര്യം അവരോടു പറഞ്ഞു ഏല്‍പ്പിച്ചേക്കാം. നിങ്ങള്‍ പേടികണ്ട. ഉറങ്ങികൊള്ളൂ..." ഒരു പട്ടാളക്കാരന്‍ പറഞ്ഞു.

"നിങ്ങള്‍ ഉറങ്ങികൊള്ളൂ... ഞങ്ങള്‍ കാവലുണ്ട് " എന്ന വാക്യം വെറുതെയല്ല എന്നു നേരിട്ടറിഞ്ഞ നിമിഷം.

ഞങ്ങള്‍ സ്വസ്ഥമായി ഉറങ്ങി. 6 മണിക്ക് എഴുന്നേറ്റു. അദ്ദേഹം പറഞ്ഞപോലെ ഇപ്പോള്‍ വേറെ പട്ടാളക്കാര്‍ ആണ് കാവല്‍. ഞങ്ങള്‍ അവരോടു യാത്ര പറഞ്ഞു എത്രയും പെട്ടന്നു അവിടെ നിന്നു നേരെ കാര്‍ഗില്‍ ലക്ഷ്യമാക്കി വണ്ടി വിട്ടു.

ഇത്രയും ഞ്ങ്ങളുടെ അനുഭവമാണ്. പക്ഷേ പിന്നീട് കണ്ടു മുട്ടിയ മറ്റ് മലയാളി യാത്രക്കാരുടെ അനുഭവം നേരെ തിരിച്ചായിരുന്നു. അവരെ സഹായിച്ചത് അവിടുത്തെ പ്രദേശവാസികള്‍ തന്നെയാണ്.

മലയാളികളോട് കശ്മീരികള്‍ക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നാണ് കേട്ടു കേള്‍വി. അവിടെ ചില മത വാദികള്‍ മാത്രമാണു പ്രശമനുണ്ടാക്കുന്നന്ത്. സ്ഥിസ്തി ഇപ്പോള്‍ ശാന്തമാണ്. പക്ഷേ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉടലെടുത്താല്‍, അവര്‍ ആദ്യം തിരിയുന്നത്, കാശ്മീരുകാര്‍ അല്ലാതെ ഇന്ത്യക്കാര്‍ക്കു നേരെയാവും. ഇന്ത്യക്കാരോടുള്ള രോഷം പല ചുവരുകളിലും കണ്ടിരുന്നു.

കാര്‍ഗിലിലേക്കുള്ള വഴിയില്‍ പലരും ലിഫ്റ്റ് ചോദിച്ചു കൈ കാണിച്ചിരുന്നു. പക്ഷേ, ഭയം കാരണം നിര്‍ത്തിയില്ല. അവിടെ പൊതു ഗതാഗതം, ഫോണ്‍ സേവനം ഇന്‍റര്‍നെറ്റ് തുടങ്ങി പുറം ലോകവുമായി ബന്ധമുള്ള എല്ലാ സംവിധാനങ്ങളും നിലച്ചിരിക്കുകയാണ്. അവിടുത്തെ ജനങ്ങളുടെ സ്ഥിസ്തി ശെരിക്കും കഷ്ട്ടത്തില്‍ തന്നെയാണ്.

അതുകൊണ്ട്‌, ശ്രീനഗറിൽ സ്റ്റേ ചെയ്യാനായി തൽകാലം ആരും അങ്ങോട്ട് പോകണ്ട. പാസ്സ് ചെയ്തു പോകാം...ചെറുതായി കറങ്ങി കാണാം. കുഴപ്പമില്ല.