Friday 28 October 2022 05:09 PM IST : By സ്വന്തം ലേഖകൻ

ഛർദ്ദിച്ചപ്പോൾ പച്ചനിറം, അത് കഷായത്തിന്റെ നിറമെന്ന് പെൺകുട്ടി: അശ്വിന്റെ ജീവനെടുത്തത് കാമുകി കൊടുത്ത ജ്യൂസോ?

aswin

വനിതാ സുഹൃത്ത് നൽകിയ ജ്യൂസ് കഴിച്ച് അവശനിലയിലായ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടുന്ന വസ്തുതകൾ പുറത്തു വരികയാണ്. മുര്യങ്കര ജെ.പി ഹൗസിൽ ജയരാജിന്റെ മകൻ നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥി ജെ.പി ഷാരോൺരാജാണ് മരിച്ചത്. 14ന് രാവിലെ  ഷാരോൺരാജും സുഹൃത്ത് റെജിനും രാമവർമൻചിറയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. റെജിനെ പുറത്ത് നിർത്തി ഷാരോൺ ഒറ്റയ്ക്കാണ് വീട്ടിലേക്ക് പോയത്. അൽപസമയം കഴിഞ്ഞ് ഛർദിച്ച് അവശനിലയിൽ ഷാരോൺരാജ് പുറത്തേക്ക് എത്തി.

പെൺകുട്ടി നൽകിയ പാനീയം കഴിച്ച ഉടൻ ഛർദ്ദിൽ അനുഭവപ്പെട്ടതായി റെജിനോടു പറഞ്ഞ ശേഷം വീട്ടിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. അവശനായ ഷാരോൺരാജിനെ വാഹനത്തിൽ കയറ്റി റെജിൻ മുര്യങ്കരയിലെ വീട്ടിൽ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം മാതാവ് വീട്ടിൽ എത്തിയപ്പോൾ ഷാരോൺരാജ് ഛർദിച്ച് അവശനിലയിൽ ആയിരുന്നു. ഉടൻ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.  തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തി പരിശോധനകളിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ  രാത്രിയോടെ വീട്ടിലേക്ക് അയച്ചു.

അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാ‍ൻ കഴിയാത്ത സ്ഥിതിയിലേക്ക് മാറി. 17ന് വീണ്ടും മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി തെളിഞ്ഞു. അടുത്ത ദിവസങ്ങളിൽ പല ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമായി. ഒൻപത് ദിവസത്തിനുള്ളിൽ അഞ്ച് തവണ ഡയാലിസിസ് നടത്തി. വെന്റിലേറ്ററിലേക്കു മാറ്റി. തുടർന്നു മരിച്ചു പൊലീസ് അറിയിച്ചതിനെ തുടർന്ന് മജിസ്ട്രേട്ടും ആശുപത്രിയിൽ‌ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഒരു വർഷമായി പരിചയമുള്ള പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. വിഷാംശം അകത്ത് ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.  പെൺകുട്ടി വിളിച്ചതിനെ തുടർന്നാണ് ഷാരോൺരാജ് വീട്ടിലേക്കു പോയതെന്നും സൂചനകൾ ഉണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ്  പാറശാല പൊലീസിനു പരാതി നൽകി.

ബസ് യാത്രയിലെ പരിചയം, പിന്നാലെ പ്രണയം

നെയ്യൂരിലെ സ്വകാര്യ കോളജില്‍ ബിഎസ്‌സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്. ഒരിക്കൽ ബസ് യാത്രയ്ക്കിടൊണ് നാട്ടുകാരിയായ പെൺകുട്ടിയെ ഷാരോൺ പരിചയപ്പെടുന്നതും ആ പരിചയം പ്രണയത്തിനു വഴിമാറുന്നതും. ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്ന് ഷാരോണിന്റെ വീട്ടുകാർ പറയുന്നു. ബിരുദ പഠനവുമായി ബന്ധപ്പെട്ട റെക്കോർഡ് ബുക്കുകൾ എഴുതാൻ ഈ പെൺകുട്ടി ഷാരോണിനെ സഹായിച്ചിരുന്നു.

അതേസമയം, പെൺകുട്ടിയുടെ വീട്ടുകാർക്ക് ഷാരോണുമായുള്ള പ്രണയ ബന്ധത്തോട് എതിർപ്പായിരുന്നു. ഷാരോണിനെ വിവാഹം ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന് മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയതോടെയാണ് പെൺകുട്ടി ഷാരോണിൽനിന്ന് അകലാൻ തുടങ്ങിയത്. എന്നാൽ, പിന്നീട് ഇരുവരും വീണ്ടും അടുത്തു. വീട്ടുകാരറിയാതെ വാട്സാപ്പ് വഴി സന്ദേശങ്ങളും കൈമാറിയിരുന്നു.

അശ്വിനെ മരണം കൊണ്ടുപോയതും അജ്ഞാത ജ്യൂസ്

അ‍ജ്ഞാതൻ നൽകിയ പാനീയം കുടിച്ച് കളിയിക്കാവിളയിൽ വിദ്യാർഥി മരിച്ച സംഭവവും ഷാരോൺ രാജിന്റെ മരണവും ഏറെക്കുറെ സമാനതകൾ ഉള്ളതാണ്. തീർത്തും വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് രണ്ടു സംഭവങ്ങളും നടന്നതെങ്കിലും, രണ്ടിടത്തും മരണം സംഭവിച്ചതിലെ ‘അസാധാരണമായ’ സമാനതകളാണ് ആശങ്ക സൃഷ്ടിക്കുന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കവേ യൂണിഫോം ധരിച്ചെത്തിയ വിദ്യാർഥി നൽകിയ ജ്യൂസ് കഴിച്ച് അവശ നിലയിൽ ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് കളിയിക്കാവിള മെതുകമ്മൽ സ്വദേശി അശ്വിൻ (11) ന്റെ മരണം.

രണ്ട് സംഭവങ്ങളും നടന്നത് വ്യത്യസ്ത സാഹചര്യങ്ങളിൽ ആണെങ്കിലും മരണത്തിലേക്ക് എത്തിയത് ഏറെക്കുറെ ഒരേ രീതിയിൽ ആണ്. പാനീയം കുടിച്ച ആദ്യദിവസം നേരിയ അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇരുവരുടെയും ആന്തരികാവയവങ്ങൾ ക്രമേണ തകരാറിലായി മരണം സംഭവിക്കുക ആയിരുന്നു. 

വൃക്കകളുടെ പ്രവർത്തനം ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ ഭാഗികമായി നിലച്ചു. ഇരു സംഭവങ്ങളിലും വായ്ക്കുള്ളിൽ വ്രണം ഉണ്ടായി ആഹാരം കഴിക്കാൻ പോലും ബുദ്ധിമുട്ട് നേരിട്ടു. ആസിഡിനു സമാനമായ ദ്രാവകം കുടിച്ചതാണ് മരണകാരണം എന്നാണ് അശ്വിനെ ചികിത്സിച്ച ഡോക്ടർമാരുടെ വിലയിരുത്തൽ.

ചാറ്റുകളിലും നിറയെ ‘കഷായം’

മരണത്തിനു മുൻപ് പെൺകുട്ടിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളിൽ ഈ കഷായത്തെക്കുറിച്ച് ഷാരോൺ ചോദിക്കുന്നതിന്റെ സ്ക്രീൻ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. ഛർദിക്കുമെന്ന് കരുതിയില്ലെന്നും ക്ഷമ ചോദിക്കുന്നതായും പെൺകുട്ടി പറയുന്നതും കേൾക്കാം. പച്ച നിറത്തിലാണ് ഛർദിച്ചതെന്നു ഷാരോൺ പറയുമ്പോൾ, അത് കഷായത്തിന്റെ നിറം അങ്ങനെയായതുകൊണ്ടാകാം എന്നാണ് പെൺകുട്ടിയുടെ മറുപടി. തനിക്ക് ഒട്ടും വയ്യെന്നു പറയുന്ന ഷാരോൺ കഷായത്തിന്റെ പേര് ചോദിക്കുന്നുണ്ട്. കഷായം ഉണ്ടാക്കിയതാണെന്നും ചോദിച്ചിട്ടു പറയാമെന്നുമാണ് പെൺകുട്ടിയുടെ മറുപടി.

മരുന്നു തന്ന സ്ഥലത്തേക്കു വിളിച്ചു ചോദിക്കാൻ ഷാരോണ്‍ ആവശ്യപ്പെടുന്നതും, ചോദിക്കാമെന്നു പെൺകുട്ടി മറുപടി നൽകുന്നതും ഓഡിയോ ഫയലുകളിലുണ്ട്. കഷായത്തിനുശേഷം കുടിച്ച ജൂസിന്റെ കുഴപ്പമാകുമെന്നും ചാറ്റിൽ പറയുന്നുണ്ട്. അമ്മയെ വീട്ടിൽ കൊണ്ടുവിട്ട ഓട്ടോറിക്ഷക്കാരനും ഈ ജൂസ് കുടിച്ച് പ്രശ്നമുണ്ടായതായി പെൺകുട്ടി പറയുന്നുണ്ട്. ഷാരോണുമായുള്ള ബന്ധം താൻ വിട്ടെന്നാണ് വീട്ടുകാർ കരുതുന്നതെന്നും അതിനാൽ അവർ ഒന്നും ചെയ്യില്ലെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിന് അയച്ച സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആസൂത്രിതമെന്ന് കുടുംബം

പെൺകുട്ടിയുടെ മാതാപിതാക്കൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കൊലപാതകമെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ഈ മരണത്തിൽ പങ്കുണ്ടെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് മനോരമ ഓൺലൈനോട് പറഞ്ഞു. ഒരു വർഷത്തിലേറെയായി പെൺ‌കുട്ടിയുമായി ഷാരോൺ അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് ഈ ബന്ധത്തിൽ താൽപര്യമില്ലായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പാറശാല പൊലീസിൽ പരാതി നൽകിയെങ്കിലും, ശരിയായ രീതിയിൽ അന്വേഷിക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് ജയരാജ് ആരോപിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ആലോചിക്കുന്നുണ്ട്. അതേസമയം, അന്വേഷണം നടക്കുകയാണെന്നും മരണത്തെക്കുറിച്ച് ചില സംശയങ്ങളുണ്ടെന്നുമാണ് റൂറൽ എസ്പിയുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പാറശാല സിഐ തയാറായില്ല.

കൂടുതൽ വാർത്തകൾ