Thursday 28 May 2020 04:44 PM IST

‘ആ പൊന്നെനിക്ക് വേണ്ട, അത് ഓളുടെ വിദ്യാഭ്യാസ ലോണിനിരിക്കട്ടെ’; നബീൽ പറയുന്നു ഇവളാണെന്റെ ധനം

Binsha Muhammed

nabeel

പൊന്നിൽ കുളിപ്പിച്ച് കതിർമണ്ഡപത്തിലേക്ക് നടന്നു കയറിയ ഉത്രയെന്ന പാവം പെണ്ണ് പണത്തിന്റെ പേരിൽ വിഷം തീണ്ടി മരണപ്പെട്ടപ്പോൾ നാട്ടുനടപ്പുകൾ ചോദ്യചിഹ്നമാകുകയാണ്. നാട് മാറിയാലും പണവും പണ്ടവും പറഞ്ഞുറപ്പിക്കുന്ന കല്യാണ കമ്പോളത്തിലെ നാട്ടു നടപ്പ് മാറില്ലെന്ന് പ്രഖ്യാപിക്കുന്ന ഒരു കൂട്ടം പ്രമാണിമാരുടെ ഇടയിലേക്കാണ് വനിത ഓൺലൈൻ പെണ്ണാണ് പൊന്ന് എന്ന പേരില്‍ വേറിട്ടൊരു ഹാഷ്ടാഗ് ക്യാമ്പയിൻ (#pennanu_ponnu) പങ്കുവച്ചത്.

സ്ത്രീധനം നയാപ്പൈസ വാങ്ങാതെ അന്തസായി ഭാര്യയെ നോക്കുന്ന ഭർത്താക്കൻമാരുടേയും... പെണ്ണിന്റെ ബാങ്ക് ബാലൻസിലും ഭൂസ്വത്തുക്കളിലും കണ്ണുവയ്ക്കാത്ത ഭർത്താക്കൻമാരുടെ സ്നേഹമുള്ള ഭാര്യമാരുടേയും കഥ വനിത ഓൺലൈൻ തേടിയപ്പോൾ അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്. ഭാര്യവീട്ടുകാർ നൽകിയ പൊന്നും പണവും സ്നേഹപൂർവം നിരസിച്ച നബീല്‍ എന്ന ഭർത്താവും നബീലിന്റെ നല്ലപാതി ഷാനി ഹനീഫുമാണ് ‘പെണ്ണാണ് പൊന്ന്’ ക്യാമ്പനിയിനിൽ പുതുതായി അനുഭവകഥ പറയാനെത്തുന്നത്. വച്ചു നീട്ടിയ സ്നേഹ സമ്മാനങ്ങളെയെല്ലാം സ്നേഹത്തോടെ നിരസിക്കുമ്പോഴും അതിന്റെ പേരിൽ രണ്ടാമതൊരു ചർച്ചയ്ക്കോ തർക്കത്തിനോ ഇടനൽകിയിട്ടില്ലെന്ന് നബീൽ‌ പറയുന്നു. പ്രിയപ്പെട്ടവളെ പൊന്നായി നോക്കുന്ന കഥ തിരൂർ സ്വദേശിയും ദുബായിലെ സ്വകാര്യ കമ്പനിയില്‍ പിആർഒയുമായ നബീൽ വനിത ഓൺലൈനോടു പറയുമ്പോൾ അത് പുതുതലമുറയ്ക്ക് ഉദാത്ത മാതൃക കൂടിയാകുന്നു...

nabeel1

ആ പൊന്ന് അവളുടെ പഠിത്തത്തിന്

സ്നേഹപൂർവം ഒരുമിക്കുന്ന രണ്ട് ഹൃദയങ്ങൾക്ക് കളങ്കം ചാർത്തി അതിനിടയിലേക്ക് ഇടിച്ചു കയറുന്ന നാട്ടിലെ അലിഖിത നിയമമാണ് സ്ത്രീധനം! സ്ത്രീധനം എന്ന കൺസപ്റ്റിൽ നിന്നും മാറി നിന്നാൽ അത് ഒരാണിന്റെ അന്തസാണ് ചൂണ്ടിക്കാണിക്കുന്നത്. ജീവിതത്തിൽ കൂട്ടായി വരുന്നവളെ പൊന്നും പണവും സ്വീകരിക്കാതെ നോക്കാൻ കഴിയും എന്നെനിക്ക് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു. ഉത്രയെന്ന പെൺകുട്ടി വേദനയായി അവശേഷിക്കുന്ന ഈ നിമിഷത്തിലും എനിക്ക് അഭിമാനത്തോടെ പറയാനാകും. ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല, ഇനിയങ്ങോട്ടും ഇത്തരം മാമൂലുകളെ പ്രോത്സാഹിപ്പിക്കുകയുമില്ല– നബീൽ‌ പറഞ്ഞു തുടങ്ങുകയാണ്.

ചെക്കന് എന്താ കൊടുക്കുക എന്നൊരു ചർച്ച വിവാഹാലോചനയുടെ സമയത്ത് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഞാൻ ഷാനിയെ കണ്ടു ഇഷ്ടപ്പെട്ടു, അതിനപ്പുറത്തേക്ക് മറ്റൊരു ചർച്ച ഇല്ലാ എന്നു പറഞ്ഞ് ആ ഭാഗം ക്ലിയറാക്കി. നാട്ടു നടപ്പു പോലെ ഷാനിയുടെ വീട്ടുകാർ കുറച്ച് പൊന്ന് നൽകിയിരുന്നു. ഞാൻ അത്  ഒരു തരി കുറയാതെ വീട്ടുകാര്‍ക്ക് തിരികെ നൽകി. ഷാനി ആയൂർവേദ മെഡിസിൻ കോഴ്സാണ് പഠിച്ചത്. ഇടത്തരം കുടുംബമാണ് അവരുടേത്. ഉപ്പ, ഗൾഫ് ജീവിതം മതിയാക്കി നാട്ടിലെത്തിയ സമയം. പഠിച്ചിറങ്ങിയപ്പോൾ സ്വാഭാവികമായി നല്ലൊരു തുക ലോൺ ഇനത്തിൽ കടം ഉണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞ ഞാൻ ആ സ്വർണമെടുത്ത് ലോൺ കടം വീട്ടാനാണ് പറഞ്ഞത്. അതെന്റെ മാത്രം തീരുമാനമായിരുന്നു. അതിന്റെ പേരിൽ രണ്ടാമതൊരു ചർച്ചയ്ക്കോ, തർക്കത്തിനോ ഞാൻ ഇടം കൊടുത്തിരുന്നില്ല. 2015ൽ വിവാഹം നടക്കുമ്പോൾ എന്റെ ഉപ്പയില്ല, മരിച്ചു പോയി. അനുവാദം ചോദിക്കാനും അനുഗ്രഹിക്കാനും എനിക്ക് ഉമ്മയും പെങ്ങൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ തീരുമാനം തന്നെയായിരുന്നു അവർക്കും. എന്തു പറയാൻ അവളെ പോറ്റാനുള്ള കഴിവ് എനിക്കുണ്ട് എന്ന ഉറപ്പായിരുന്നു ആ തീരുമാനത്തിനു പിന്നിൽ.– നബീലിന്റെ വാക്കുകളിൽ ചാരിതാർത്ഥ്യം.

മാതൃകയാകട്ടെ ഈ കഥ

ചെയ്തത് മഹാകാര്യമാണെന്നോ, കാശും സ്ത്രീധനവും വേണ്ടെന്നു വച്ചു എന്നുള്ള വലിയ അഭിമാന ബോധമല്ല, മറിച്ച്, വിവാഹത്തിനുള്ള മാനദണ്ഡമാണ് സ്ത്രീധനം എന്നുള്ള പഴകിയ ചിന്തകളോടുള്ള മറുപടി മാത്രമാണ് എന്റെ വാക്കുകൾ. നമ്മുടെ ഈ തീരുമാനം ആർക്കെങ്കിലും മാതൃകയാകുമെങ്കിൽ ഏറെ സന്തോഷം. എന്തിനേറെ പറയണം, സ്ത്രീധനം വേണമെന്ന് ഡിമാൻഡ് വച്ച ആർക്കും എന്റെ പെങ്ങൻമാരെ കഴിപ്പിച്ച് നൽകിയിട്ടില്ല. അത് ഉറച്ച തീരുമാനമായിരുന്നു. അതൊന്നും ഇല്ലാതെ തന്നെ അവർ സന്തോഷമായി ജീവിക്കുന്നു. അങ്ങനെയുള്ളപ്പോൾ ഞാൻ സ്ത്രീധനം കണ്ട് കൊതിക്കുമെന്ന് തോന്നുന്നുണ്ടോ? ആ കാശ് അവളുടെ വിദ്യാഭ്യാസ ലോണിനായി നീക്കി വച്ച് ബാധ്യതകൾ ഒഴിവാക്കി എന്ന് അറിഞ്ഞപ്പോൾ ഏറെ സന്തോഷം.

വീണ്ടും പറട്ടേ, സ്ത്രീധന സംബന്ധിയായ ചർച്ചകളൊന്നും എന്നെ സ്വാധീനിച്ചിട്ടില്ല. അതൊന്നും ഇല്ലാതെ തന്നെ ഞാനും അവളും ഹാപ്പിയാണ്.

എന്‍റേയും ഷാനിയുടേയും ഈ കുഞ്ഞു ജീവിതത്തിലേക്ക് രണ്ടാമതൊരു അതിഥി കൂടി എത്തിയതാണ് പുതിയ സന്തോഷം. ഞങ്ങളുടെ മാലാഖക്കുട്ടി വന്നിട്ട് 21 ദിവസമാകുന്നു.  ഒരമ്മയുടെ തിരക്കുകളൊക്കെ കഴിഞ്ഞിട്ടു വേണം എന്റെ ഡോക്ടർ കൊച്ചിന് വീണ്ടും ജോലിയിൽ സജീവമാകാന്‍.–നബീൽ പറഞ്ഞു നിർത്തി.