Monday 10 August 2020 12:51 PM IST : By സ്വന്തം ലേഖകൻ

ക്യാമറയും തൂക്കി ടൂര്‍ പോയ അധികാരികള്‍ കണ്ടിട്ടുണ്ടാകില്ല ആ ലയങ്ങള്‍; കണ്ണീര്‍ കുറിപ്പ്

44

മൂന്നാര്‍ രാജമലയിലെ മണ്ണില്‍ പുതഞ്ഞുപോയ ജീവനുകളെ ഓര്‍ത്ത് തേങ്ങുകയാണ് നാട്. ലയത്തിനുള്ളില്‍ നരകജീവിതം നയിക്കുന്ന മനുഷ്യരെക്കുറച്ചുള്ള നമ്മുടെ ചിന്ത വൈകി വന്ന വിവേകം പോലെയാണെന്ന് കുറിക്കുകയാണ് നജീബ് മൂടാടി. ലയങ്ങളില്‍ ഇങ്ങനെ കുറെ മനുഷ്യര്‍ ജീവിക്കുന്നത് നമ്മള്‍ കാണാത്തതാണോ ഇത്രയും കാലമെന്ന് നജീബ് ചോദിക്കുന്നു. മൂന്നാറിന്റെ പ്രകൃതി ഭംഗി കാണാനും അവിടത്തെ കുളിരനുഭവിക്കാനും ആഘോഷിക്കാനും നമ്മള്‍ സാധാരണക്കാര്‍ മുതല്‍ ഇവിടത്തെ ഭരണാധികാരികളും രാഷ്ട്രീയക്കാരും കേന്ദ്രസംസ്ഥാന ഉദ്യോഗസ്ഥരുമൊക്കെ നിരന്തരം പോവുന്ന ഇടങ്ങളല്ലേ. എന്നിട്ടും എന്ത് കൊണ്ട് ആ ജീവിതങ്ങള്‍ നമ്മള്‍ കാണാതെ പോയെന്ന് നജീബ് കുറിക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

പതിവുപോലെ ഈ മഴക്കാലത്തും ഉരുള്‍പൊട്ടി എഴുപതിലേറെ മനുഷ്യരുടെ ജീവന്‍ മണ്ണിനടിയിലായിരിക്കുന്നു. മണ്ണില്‍ പുതഞ്ഞുപോയ ഉറ്റവരുടെ മൃതദേഹങ്ങള്‍ വാരിയെടുക്കുമ്പോഴുള്ള പ്രിയപ്പെട്ടവരുടെ നിലവിളികളും, ഇനിയും കണ്ടെത്താനാവാത്തവരെ ചൊല്ലിയുള്ള ഉള്ള പതം പറച്ചിലുകളും മാധ്യമങ്ങള്‍ ദൃശ്യവിരുന്നായി നമ്മുടെ മുന്നില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നു. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിക്കുന്നു.

എന്തൊരു പ്രഹസനമാണ് സാര്‍ ഇതൊക്കെ. ഇപ്പറഞ്ഞ രാജമലയിലടക്കം ഒലിച്ചുപോയ ലയങ്ങളില്‍ ഇങ്ങനെ കുറെ മനുഷ്യര്‍ ജീവിക്കുന്നത് നമ്മള്‍ കാണാത്തതാണോ ഇത്രയും കാലം. മൂന്നാറിന്റെ പ്രകൃതി ഭംഗി കാണാനും അവിടത്തെ കുളിരനുഭവിക്കാനും ആഘോഷിക്കാനും നമ്മള്‍ സാധാരണക്കാര്‍ മുതല്‍ ഇവിടത്തെ ഭരണാധികാരികളും രാഷ്ട്രീയക്കാരും കേന്ദ്രസംസ്ഥാന ഉദ്യോഗസ്ഥരുമൊക്കെ നിരന്തരം പോവുന്ന ഇടങ്ങളല്ലേ.

നമ്മള്‍ താമസിച്ച വിലപിടിച്ച റിസോര്‍ട്ടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും നോക്കുമ്പോള്‍ മലഞ്ചെരുവുകളില്‍ കണ്ട പല ചായങ്ങള്‍ അടിച്ച കോളനികള്‍ പോലുള്ള ലയങ്ങളും പാടികളും. ആ ഇടുങ്ങിയ മുറികളില്‍ ഒരുപാട് കുടുംബങ്ങള്‍ ജീവിക്കുന്നുണ്ടെന്നും. ആ മനുഷ്യരുടെ വിയര്‍പ്പാണ് നമ്മള്‍ ആസ്വദിക്കുന്ന ചായയുടെയും ഏലത്തിന്റെയും രുചിയെന്നും നമുക്ക് അറിയാത്തതായിരുന്നോ.

നമ്മള്‍ മൂന്നാറിലൊക്കെ പോയി കാശ് കൊടുത്ത് ഓഫ് റോഡ് യാത്രയുടെ ത്രില്ലനുഭവിക്കുമ്പോള്‍ ആ മനുഷ്യര്‍ക്കൊക്കെ നിത്യവും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട വഴികളായിരുന്നു അതെന്നും....

തോട്ടങ്ങളിലെ ജോലിയും ആ ഇടുങ്ങിയ ലയങ്ങളിലെ ജീവിതവുമല്ലാതെ വലിയ സ്വപ്നങ്ങളൊന്നുമില്ലാത്ത ആ മനുഷ്യരുടെ മുന്നിലൂടെ ഇക്കണ്ട ഭരണാധികാരികളും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമൊക്കെ പലവട്ടം കടന്നുപോയിട്ടുണ്ട്. അവിടത്തെ പ്രകൃതിഭംഗി പകര്‍ത്തിയ ക്യാമറകളൊന്നും ആ കൂരകളിലെ ഇടുങ്ങിയ ജീവിതങ്ങളോ ഒരു പെരുമഴയില്‍ കല്ലിനുമേല്‍ കല്ല് ശേഷിക്കാതെ കുത്തിയൊലിച്ചു തീരാന്‍ സാധ്യതയുള്ള ആ ലയങ്ങളോ കണ്ടിട്ടില്ല.

നിസ്സാരമായ കൂലിക്ക് തലമുറകളായി ജോലി ചെയ്യുന്ന ആ മനുഷ്യരുടെ കുട്ടികളുടെ വിദ്യാഭ്യാസമോ അവിടെ നിന്നും പഠിച്ചുയര്‍ന്നു വന്നവരെ കുറിച്ചോ നാം ഏറെ കേട്ടിട്ടില്ല. ആ ലയങ്ങളില്‍ നിന്ന് ഒരു കായികതാരമോ കലാപ്രതിഭയോ കലാതിലകമോ വന്നതായി വാര്‍ത്തകള്‍ വായിച്ചിട്ടില്ല.

വമ്പന്‍ കുത്തകകളുടെ തേയിലത്തോട്ടങ്ങളിലും ഏലത്തോട്ടങ്ങളിലുമൊക്കെ ജോലി ചെയ്യാനുള്ളതാണ് തങ്ങളുടെ ജന്മം എന്നു കരുതുന്ന, വലിയ സ്വപ്നങ്ങളോ മോഹങ്ങളോ ഇല്ലാത്ത നിസ്സാര ജീവിതങ്ങള്‍.

മൂന്നാറിലും വയനാട്ടിലും നെല്ലിയാമ്പതിയിലും ....

ഇവിടെയുള്ള എല്ലാ വമ്പന്മാരും ആഘോഷിച്ചു തിമര്‍ക്കാന്‍ പോകുന്ന ഇടങ്ങളിലൊക്കെ ഇങ്ങനെ കുറെ മനുഷ്യരുണ്ട്. ജീവിച്ചിരുന്നു എന്നതിന്റെ തെളിവ് പോലും അവശേഷിപ്പിക്കാതെ ഒരു കനത്ത മഴയില്‍ ഒലിച്ചു പോകാവുന്ന ജന്മങ്ങള്‍.

ദുരന്ത വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മാത്രം അവരുടെ നിലവിളി പത്രങ്ങളിലും ചാനലുകളിലും നിറയുകയും പിന്നീട് നാം മറന്നു പോകുകയും ചെയ്യുന്നവര്‍. മഴക്കാലവും ഉരുള്‍പൊട്ടലും ഈ നാട്ടില്‍ പുതുമയല്ല എന്നറിഞ്ഞിട്ടും ഇക്കാണുന്ന ലയങ്ങളില്‍ താമസിക്കുന്ന മനുഷ്യര്‍ക്ക് സുരക്ഷിതത്വം വേണമെന്ന് തൊഴിലുടമകള്‍ക്കോ സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ ഇനിയും ബോധ്യമായിട്ടില്ലെങ്കില്‍ നമ്മള്‍ ഈ മനുഷ്യരെയൊക്കെ മനുഷ്യരായി തന്നെയാണോ കാണുന്നത് സര്‍. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും മനുഷ്യന്റെ പ്രാഥമിക അവകാശങ്ങളാണെന്നത് ഏട്ടില്‍ എഴുതിവെച്ചാല്‍ മാത്രം മതിയോ.

ദുരന്തം നടന്ന ശേഷമുള്ള നമ്മുടെ ഈ ബഹളങ്ങളൊക്കെയും കാപട്യങ്ങളാണ് സാര്‍. ഇങ്ങനെയുള്ള അരികു ജീവിതങ്ങളെ നമ്മളിപ്പോഴും മനുഷ്യരായി പോലും അംഗീകരിച്ചിട്ടില്ല. ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന, ഉരുള്‍പൊട്ടി മലവെള്ളം കുത്തിയൊലിച്ചു വരാവുന്ന ഇടങ്ങളില്‍ നിവൃത്തികേട് കൊണ്ട് ജീവിക്കുന്ന അവര്‍ പോലും അവരുടെ ജീവിതമെന്നത് അത്ര വിലയുള്ളതായി കാണുന്നുണ്ടാവില്ല. അവരുടെ കണ്മുന്നിലൂടെ നിത്യവും കടന്നുപോകുന്ന വമ്പന്‍ വാഹനങ്ങളില്‍ ഇരുന്ന് പുറം കാഴ്ചകള്‍ ആസ്വദിക്കുന്നവരുടെയും ദിവസത്തിന് പതിനായിരങ്ങള്‍ വിലയുള്ള റിസോര്‍ട്ടുകളും ഹോട്ടലുകളിലും ഒഴിവു ദിനങ്ങള്‍ ആഘോഷിക്കുന്നവരുടെയുമൊക്കെയല്ലേ സാര്‍ വിലപിടിച്ച ജീവിതങ്ങള്‍. ഭരണത്തിന്റെയും ജനസേവനത്തിന്റെയും തിരക്കു കൊണ്ടുള്ള മുഷിപ്പും മടുപ്പും മാറ്റാന്‍ വരുന്ന അവരുടെ കണ്ണുകളില്‍ ഈ ലയങ്ങളിലെ ജീവിതം പെടാതെ പോകുന്നതില്‍ അത്ഭുതമുണ്ടോ...

ഇതൊക്കെ ഒരു മഴവെള്ളാപ്പച്ചിലില്‍ തീരാവുന്ന നിസ്സാര ജീവിതങ്ങള്‍ മാത്രമല്ലേ. രണ്ടുനാള്‍ മാത്രം വാര്‍ത്തയായി നാം മറന്നുപോകുന്ന ജീവിതങ്ങള്‍

(?നജീബ് മൂടാടി)