Thursday 27 February 2020 11:03 AM IST : By സ്വന്തം ലേഖകൻ

എല്ലുകൾ‍ മുറിച്ചുമാറ്റിയത് 9 തവണ, ഹൃദയ വാൽവിനും തകരാർ; അപൂർവ രോഗത്തിൽ പിടഞ്ഞ് നജിമ; കുറിപ്പ്

najma

വേദനയുടെ കടൽ ഉള്ളിലൊളിപ്പിച്ച് ശാന്തമായി ചിരിക്കുകയാണ് നജിമ.  കാലങ്ങളായി അവൾ അനുഭവിക്കുന്ന വേദനയുടെ ആഴമളന്നാൽ കണ്ടു നിൽക്കുന്നവരുടെ ചങ്ക് പിടയും. ശരീരത്തിലെ എല്ലുകൾ അമിതമായി വളരുന്ന മാർ‍ഫൻ സിൻ‍ഡ്രോം ആണ് നജിമയ്ക്ക് ഒരായുഷ്ക്കാലത്തിനും അപ്പുറമുള്ള വേദന സമ്മാനിക്കുന്നത്. 33 വയസ്സിനിടെ നജീമയുടെ ശരീരത്തിൽ‍നിന്ന് എല്ലുകൾ‍ മുറിച്ചുമാറ്റിയത് ഒൻപത് തവണ. ഇടുപ്പെല്ലിന് താഴോട്ട് തളർ‍ച്ച ബാധിച്ചതിനാൽ ഇടുപ്പെല്ലും തുടയെല്ലുമൊക്കെ ശസ്ത്രക്രിയയിലൂടെ മാറ്റി.

കൃത്രിമ എല്ലുകൾ വെച്ചു പിടിപ്പിച്ചെങ്കിലും ഒന്നു നിവർന്ന് നിൽക്കാൻ അവൾക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 25 വർഷമായി തുടരുന്ന ചികിത്സയ്ക്ക് ആരുടെ മുന്നിലും കൈനീട്ടിയില്ല നജിമ. കവിതകളെഴുതി, ഗ്ലാസ് പെയിന്റിംഗും കരകൗശല വസ്തുക്കളും ഉണ്ടാക്കി വിധിയോട് പോരാടുകയായിരുന്നു അവൾ. എന്നാലിപ്പോൾ ഹൃദയവാൽവ് മാറ്റി വയ്ക്കാൻ വേണ്ടിവരുന്ന പണം എങ്ങനെയുണ്ടാക്കുമെന്ന ചോദ്യത്തിന് കണ്ണീരല്ലാതെ മറ്റൊരു മറുപടിയില്ല. ബ്ലോഗറും സാമൂഹ്യ പ്രവർത്തകയുമായ ജിൻഷ ബഷീറാണ് നജിമയുടെ ജീവിതം സുമനസുകൾക്കു മുന്നിലേക്ക് വച്ചിരിക്കുന്നത്. കരുണ വറ്റാത്ത ഹൃദയങ്ങൾ നജിമയുടെ ജീവിതം തിരികെ നൽകാൻ കൈകോർക്കുമെന്ന പ്രതീക്ഷയോടെയാണമ ജിൻഷ ബഷീർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

പുഞ്ചിരിക്കുന്ന ഈ മുഖത്തിന് പിന്നിൽ വേദനയുടെ വലിയൊരു ലോകം ഒളിപ്പിച്ച് വച്ചാണ് നജിമ എന്ന 33 വയസ്സുകാരി ഇന്ന് ജീവിക്കുന്നത്. ആറ്റിങ്ങൽ‍ തോട്ടക്കാട് ജന്നത്തുൽ ഫിർദൗസിൽ നിസാമുദീൻ, സുദീറാ ദമ്പതികളുടെ മൂന്ന് പെൺ മക്കളിൽ മൂത്ത മകളായ നജിമ എന്നും വിധിയുടെ കളിപ്പാട്ടമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മാർ‍ഫൻ സിൻ‍ഡ്രോം എന്ന അപൂർവരോഗം പിടികൂടി. ശരീരത്തിലെ എല്ലുകൾ അമിതമായി വളരുന്ന അപൂർ‍വ്വ രോഗം അവളെ വീൽചെയറിൽ കുരുക്കിയിട്ടു. 33 വയസ്സിനിടെ നജീമയുടെ ശരീരത്തിൽ‍നിന്ന് എല്ലുകൾ‍ മുറിച്ചുമാറ്റിയത് ഒൻപത് തവണ. ഇടുപ്പെല്ലിന് താഴോട്ട് തളർ‍ച്ച ബാധിച്ചതിനാൽ ഇടുപ്പെല്ലും തുടയെല്ലുമൊക്കെ ശസ്ത്രക്രിയയിലൂടെ മാറ്റി. അവിടെ കൃത്രിമ എല്ലുകൾ വെച്ചു പിടിപ്പിച്ചെങ്കിലും ഒന്നു നിവർന്ന് നിൽക്കാൻ അവൾക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 25 വർഷമായി തുടരുന്ന ചികിത്സയ്ക്ക് ആരുടെ മുന്നിലും കൈനീട്ടിയില്ല നജിമ. കവിതകളെഴുതി, ഗ്ലാസ് പെയിന്റിംഗും കരകൗശല വസ്തുക്കളും ഉണ്ടാക്കി വിധിയോട് പോരാടുകയായിരുന്നു അവൾ. എന്നാലിപ്പോൾ ഹൃദയവാൽവ് മാറ്റി വയ്ക്കാൻ വേണ്ടിവരുന്ന പണം എങ്ങനെയുണ്ടാക്കുമെന്ന് നിശ്ചയമില്ല അവൾക്ക്.

പിതാവ് മരിച്ചതോടെ വാടകവീട്ടിലാണ് താമസം. മാതാവ് സുധീന കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛ വരുമാനത്തിലാണ് ഇരുവരുടേയും ജീവിതം. വളർ‍ന്നുവരുന്ന കവിളെല്ലുകൾ‍ എടുത്തുമാറ്റി പകരം കൃത്രിമ എല്ലുകള്‍ വച്ച് പിടിപ്പിക്കണം. മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്യണം. നേരത്തെ മാറ്റിവെച്ച ഇടുപ്പെല്ല് ഒന്നുകൂടി മാറ്റിവെക്കണം. ഇതൊക്കെ സാവകാശം മതിയെങ്കിലും ഹൃദയവാൽവ് ഉടൻ മാറ്റിവച്ചില്ലെങ്കിൽ ജീവന് ഭീഷണിയാകുമെന്നു ഡോക്ടർമാർ പറയുന്നു. ഹൃദയവാൽവ് തകരാറിലായതിനാൽ ഇനി ചക്രക്കസേരയിൽ സഞ്ചരിക്കാനാവില്ല. പകരം ഇലക്ട്രോണിക് വീൽ ചെയർ വേണം.

ഇങ്ങനെ ആവശ്യങ്ങളുടെ വലിയ പട്ടികളുണ്ട് നജിമയുടെ കയ്യിൽ. സകല വൈകല്യങ്ങളെയും തരണം ചെയ്‌ത്‌ മുന്നോട്ട് നീങ്ങുന്ന നജിമക്ക് മുൻപിൽ പണമാണ് പ്രതിബന്ധം തീർക്കുന്നത്. ഓപ്പറേഷനും ഇലക്ട്രോണിക് വീൽ ചെയർ വാങ്ങുന്നതിനുമായി ഏകദേശം 5 ലക്ഷം രൂപ ആവശ്യമാണ്. ഈ നിർധന കുടുംബത്തെ സഹായിക്കാൻ നമുക്കൊന്ന് കൈ കോർക്കാം. നമ്മൾ എല്ലാവരും കൂടി ഒന്ന് പരിശ്രമിച്ചാൽ ഈ സഹോദരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചേക്കാം. നമ്മുടെ പേജ് ഫോളോവേഴ്സ് ഒരാൾ ഒരു 10 രൂപ വച്ച് അവരെ സഹായിച്ചാൽ നജിമയുടെ ഓപ്പറേഷന് ആവശ്യമായ തുക ലഭിക്കും. എന്റെ വകയായി ചെറിയൊരു സഹായം നൽകിയിട്ടുണ്ട്.

സാമ്പത്തികമായി സഹായിക്കുന്ന പോലെ തന്നെ ഉള്ള ഒരു പുണ്യ പ്രവർത്തിയാണ് ഈ പോസ്റ്റ് ഷെയർ ചെയ്യുക എന്നുള്ളത്. നിങ്ങളുടെ ഒരു ഷെയർ വഴി സഹായിക്കാൻ ആഗ്രഹമുള്ള മറ്റൊരു വ്യക്തിയിലേക്ക് ഇത് എത്തിച്ചേരും. അത്കൊണ്ട് ഈ പോസ്റ്റ് വായിക്കുന്ന എല്ലാ കൂട്ടുകാരും ഷെയർ ചെയ്യാനും മറക്കരുതേ. ഈ വേദനകൾക്കിടയിലും "നക്ഷത്രങ്ങളുടെ താഴ്‌വരയിൽ" എന്നൊരു കൊച്ചു കവിതാ സമാഹാരവും ഈ മിടുക്കി എഴുതിയിട്ടുണ്ട്. എല്ലാ രോഗങ്ങളും മാറി പൂർണ്ണ ആരോഗ്യത്തോടെ കഥകളുടെയും കവിതകളുടെയും ജീവിതത്തിലേക്ക് ഈ പെൺകുട്ടി തിരിച്ചു വരട്ടെ എന്ന് ആത്മാർത്ഥമായി നമുക്ക് ആഗ്രഹിക്കാം.

അഡ്രസ്സ്: നജിമ N , ജന്നത്തുൽ ഫിർദൗസ്, മാൻമിഴി റോഡ്, ആലംകോട്,തേൻചേരിക്കോണം, വർക്കല, തിരുവന്തപുരം

നജിമയുടെ ബാങ്ക് അക്കൗണ്ട്:
Account Name: Najima N
Acc No: 67173878333
Bank: SBI
Branch: Kllambalam
IFSC: SBIN 0070221

Contact Number: 96456 89710
WhatsApp: 96456 89710

പോസ്റ്റ് തീയതി: 26-02-2020