Friday 07 August 2020 11:28 AM IST : By സ്വന്തം ലേഖകൻ

ഓരോ കീമോ കഴിയുമ്പോഴും കൗമാരം വീണ്ടും തിരികെ വരുന്നു, പുരുഷനായി മാറുന്നു; വേദന മറച്ച് നന്ദുവിന്റെ കുറിപ്പ്

nandu-chemo

കാന്‍സര്‍ ചികിത്സകളും കീമോ തെറപ്പിയും തന്നില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് കാവ്യാത്മകമായി കുറിക്കുകയാണ് നന്ദു മഹാദേവ. കീമോ സത്യത്തില്‍ നമ്മളെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുവെന്ന് നന്ദു കുറിക്കുന്നു. താനും കൗമാരത്തിലേക്ക് ഒരിക്കല്‍ കൂടി പൂവിടുകയാണെന്നും നന്ദു ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

എനിക്കൊരു വരമുണ്ട്..

എന്നും കൗമാരക്കാരനായി തുടരുവാനുള്ള വരം...!!

സാധാരണയായി ഒരു മനുഷ്യന് തന്റെ ആകെയുള്ള ജീവിതത്തിൽ ഒരേ ഒരു വട്ടം മാത്രമാണ് കൗമാരകാലത്തിന്റെ അനുഭൂതി ആസ്വദിക്കാൻ കഴിയുക...

എന്നാൽ എന്നെപ്പോലെ കീമോ ചെയ്യുന്നവർക്ക് വീണ്ടും അതിലൂടെ കടന്നു പോകാം..

ഒരു മനുഷ്യന്റെ ഏറ്റവും നല്ല സമയമാണ് ആ കാലഘട്ടം...

കേവലമൊരു പുഴു ഭംഗിയുള്ള പൂമ്പാറ്റയായ് മാറുന്നത് പോലെയൊരു അത്ഭുതമാണ് കൗമാരം..!!

ആ സമയത്ത് മനസ്സിലെ നിറങ്ങൾക്കെല്ലാം നിറം കൂടും..

കേൾക്കുന്ന ശബ്ദങ്ങൾ എല്ലാം സംഗീതമാകും..

കാണുന്ന കാഴ്ചകളെല്ലാം സ്വപ്നം പോലെ സുന്ദരമാകും...

ഒരു റോസാപ്പൂവ് പുഷ്പിച്ച ശേഷം താനും ഇണ ചേരാൻ തയ്യാറാണെന്നും തന്നിലൂടെ സൃഷ്ടിയുടെ ആ മഹാത്ഭുതം സംഭവിപ്പിക്കാൻ തനിക്ക് കൊതിയാണെന്നും പല പല മാറ്റങ്ങളിലൂടെ അറിയിക്കുന്നത് പോലെയാണ് ഒരു മനുഷ്യന്റെ കൗമാരവും...

ശബ്ദം മാറുന്നതും ശരീരത്തിൽ നനുത്ത രോമങ്ങൾ വരുന്നതും തനിക്കെന്തൊക്കെയോ വളർച്ച സംഭവിക്കുന്നതും ഒക്കെ ശരിക്കും അത്ഭുതത്തോടെ നാം മനസ്സിലാക്കുന്ന പ്രായം....

കൗതുകങ്ങളുടെ ആ കാലഘട്ടത്തിലെ വികാരങ്ങൾക്ക് മിഴിവ്‌ കൂടുതലാണ്...

കീമോ സത്യത്തിൽ നമ്മളെ
ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു...
തികച്ചും കുട്ടികളെപ്പോലെ മാനസികമായും ശാരീരികമായും നമ്മൾ മാറുന്നു..
ആണായാലും പെണ്ണായാലും അങ്ങനെതന്നെ...

പിന്നെ കീമോ കഴിയുമ്പോൾ വീണ്ടും കൗമാരം നമ്മളിലേക്ക് തിരികെ വരുന്നു....

പതിയെ പൂക്കുവാൻ തുടങ്ങുന്നു...

ഞാനും ഒരിക്കൽ കൂടി പൂവിടുകയാണ്...!!

വീണ്ടുമൊരു തികഞ്ഞ പുരുഷനായി മാറുകയാണ്...

ഈ തിരിച്ചുവരവും രജകീയമായി തന്നെ ഞാൻ വരും പ്രിയരേ...

പ്രിയ സഹോദരങ്ങൾക്ക് സുഖമല്ലേ ?

Miss you all ❤️