Monday 17 May 2021 02:24 PM IST : By സ്വന്തം ലേഖകൻ

എങ്ങനെ സഹിക്കും പൊന്നേ... ആ അമ്മ: അമ്മയ്‌ക്കൊപ്പം നന്ദുവിന്റെ അവസാന വിഡിയോ: 'കരളില്‍ പതിഞ്ഞ് കണികാണും നേരം'

nandu-mom

കരളുരുക്കിയ കാന്‍സറിനെ അതേ കരളുറപ്പു കൊണ്ടു നേരിട്ട നന്ദു മഹാദേവ പോരാട്ടം ബാക്കിയാക്കി പോയ്മറഞ്ഞിരിക്കുന്നു. ശരീരത്തിന്റെ മുക്കാല്‍ ഭാഗവും കാന്‍സറെന്ന വില്ലന്‍ കാര്‍ന്നു തിന്നിട്ടും പുഞ്ചിരിക്കുകയായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട നന്ദൂട്ടന്‍. മിഴിയടയ്ക്കും വരെയും ജ്വലിച്ചു കൊണ്ടിരുന്ന നന്ദുവിന്റെ ഓര്‍മ്മകള്‍ വേദനയാകുമ്പോള്‍  അവസാന വിഡിയോ കാഴ്ചക്കാരില്‍ വേദന പടര്‍ത്തുകയാണ്.

ഇക്കഴിഞ്ഞ വിഷു നാളില്‍ നന്ദുവും അമ്മയും കൂടെ ഗാനം ആലപിക്കുന്ന വിഡിയോയാണ് നല്ലോര്‍മ്മയായി കാലം ബാക്കിവച്ചിരിക്കുന്നത്.  അമ്മയ്‌ക്കൊപ്പമിരുന്ന് കൃഷ്ണരൂപം കയ്യില്‍ പിടിച്ചായിരുന്നു നന്ദുവിന്റെ പാട്ട്. 'കണി കാണും നേരം, കമല നേത്രന്റെ' എന്നു പാടുകയാണ് നന്ദു. നന്ദു മഹാദേവ അവസാനമായി പങ്കുവച്ച വിഡിയോ ആണിത്. എല്ലാവര്‍ക്കും ഹൃദ്യമായ വിഷു ആശംസകള്‍ നേര്‍ന്നു കൊണ്ട് നന്ദു പോസ്റ്റ് ചെയ്ത വിഡിയോ പത്ത് ലക്ഷത്തിലധികം പേരാണു കണ്ടത്.നന്ദുവിന്റെ അപ്രതീക്ഷിത വേര്‍പാടിനു ശേഷം നിരവധി പേരാണ് ഈ വിഡിയോയ്ക്കു താഴെ കമന്റുകളുമായി എത്തിയത്.

 'ഇനി ഈ ചിരി കാണാനാകില്ലല്ലോ' എന്ന് സ്‌നേഹിതര്‍ കുറിക്കുന്നു. നന്ദു അവസാനമായി പങ്കുവച്ച വിഡിയോ പ്രിയപ്പെട്ടവര്‍ക്കു കണ്ണീരോര്‍മയാവുകയാണിപ്പോള്‍. ഇതിനു മുന്‍പും പാട്ടു പാടുന്നതിന്റെ വിഡിയോ നന്ദു പോസ്റ്റ് ചെയ്തിട്ടുണ്ട്. നന്ദുവിന്റെ പാട്ടിന് ആരാധകരും ഏറെ. ഓരോ വിശേഷദിവസവും ആശംസയും സ്‌നേഹവും അറിയിച്ച് പതിവായി സമൂഹമാധ്യമങ്ങളില്‍ എത്തുന്ന നന്ദു ഇനി ഇല്ല എന്ന സത്യം തിരിച്ചറിയാന്‍ പ്രിയപ്പെട്ടവര്‍ക്കാകുന്നില്ല. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നന്ദു ഈ ലോകത്തോട് വിടപറഞ്ഞത്.