Wednesday 29 September 2021 12:19 PM IST : By സ്വന്തം ലേഖകൻ

'അവന്‍ എങ്ങും പോയിട്ടില്ല': നേവിസിന്റെ ഓര്‍മ്മകള്‍ പകുത്തു നല്‍കി പ്രിയപ്പെട്ടവര്‍: ഇനി ദീപ്തമായ ഓര്‍മ

nevis

അവയവദാനത്തിലൂടെ 7 പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച കളത്തിപ്പടി ചിറത്തിലത്ത് ഏദന്‍സ് (പീടികയില്‍) നേവിസ് (25) ഇനി ദീപ്തമായ ഓര്‍മ. മന്ത്രിമാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ വീട്ടിലും പള്ളിയിലും എത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ രാവിലെ ഒന്‍പതോടെ മൃതദേഹം കളത്തിപ്പടിയിലെ വീട്ടില്‍ എത്തിച്ചു. മന്ത്രിമാരായ വി.എന്‍. വാസവന്‍, വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ വസതിയിലെത്തി.നേവിസിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള മാതാപിതാക്കളുടെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രിമാര്‍ പറഞ്ഞു. നേവിസിന്റെ പിതാവ് സാജന്‍ മാത്യു, അമ്മ ഷെറിന്‍ മാത്യു, സഹോദരന്‍ എല്‍വിസ്, സഹോദരി വിസ്മയ എന്നിവരെ മന്ത്രിമാര്‍ സര്‍ക്കാരിന്റെ ആദരം അറിയിച്ചു.

നേവിസിന്റെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും തീരുമാനത്തിനു നന്ദിയും ആദരവും അറിയിക്കുന്നുവെന്നും അനശ്വരമായ ഓര്‍മകള്‍ അവശേഷിപ്പിച്ചാണ് നേവിസ് കടന്നുപോയതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വസതിയിലും തുടര്‍ന്നു ശാസ്ത്രി റോഡിലെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിലും നടന്ന ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌കാരം നടത്തി. തിരുവല്ല അതിരൂപതാ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, പള്ളി വികാരി ഫാ. വര്‍ഗീസ് ചാമക്കാലായില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, എംസിവൈഎം ഡയറക്ടര്‍ ഫാ. ജോസ് തൈപ്പറമ്പില്‍, ഫാ. ബിജി പടിഞ്ഞാറേക്കുറ്റ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഫ്രാന്‍സില്‍ അക്കൗണ്ടിങ് മാസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു നേവിസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതിനെത്തുടര്‍ന്നു മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യാന്‍ നേവിസിന്റെ മാതാപിതാക്കള്‍ സര്‍ക്കാരിനെ സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം, കരള്‍, കൈകള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. നേവിസിന്റെ ഓര്‍മകള്‍ നിലനിര്‍ത്താനാണ് അവയവദാനത്തിന് തയാറായതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

നേവിസിന് ആദരാഞ്ജലി അരർപ്പിച്ച് മന്ത്രി വീണ ജോർജ് പങ്കുവച്ച കുറിപ്പ്:

ഏഴ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച കോട്ടയം വടവാതൂര്‍ സ്വദേശി നേവിസിന്റെ (25) വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തീവ്രവേദനയില്‍ നിന്ന ആ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേര്‍ന്നു. അച്ഛന്‍ സാജന്‍ മാത്യു, അമ്മ ഷെറിന്‍, സഹോദരന്‍ എല്‍വിസ്, സഹോദരി വിസ്മയ എന്നിവരെ കണ്ട് ആരോഗ്യ വകുപ്പിന്റെ ആദരവറിയിച്ചു.

തീരാ ദു:ഖത്തിലും നേവിസിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നതിന് വേണ്ടിയുള്ള മാതാപിതാക്കളുടേയും മറ്റ് കുടംബാംഗങ്ങളുടേയും തീരുമാനം മാതൃകാപരമാണ്. ആ തീരുമാനത്തോട് പ്രത്യേകമായ നന്ദിയും ആദരവും അറിയിക്കുന്നു. അനശ്വരമായ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് നേവിസ് കടന്ന് പോയത്. നേവിസിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍.