Tuesday 18 August 2020 05:33 PM IST

സിനിമയില്‍ ഞാന്‍ മരിക്കുന്ന രംഗങ്ങള്‍ അമ്മയ്ക്ക് കണ്ടിരിക്കാനാവില്ല, അങ്ങനെ അഭിനയിക്കരുതെന്ന് പറയും; ഓര്‍മ്മകളുടെ കടവില്‍ നെടുമുടി

Vijeesh Gopinath

Senior Sub Editor

WhatsApp Image 2020-08-18 at 5.33.15 AM (1) ചിത്രങ്ങള്‍; ശ്രീകാന്ത് കളരിക്കല്‍

ഓര്‍മകളുടെ നുറുങ്ങുവെട്ടം

അപ്പോള്‍ ഓര്‍മവരമ്പിനു മടവീണു. കുട്ടനാടിന്റെ ഒരു കഷണവും മനസ്സിലെടുത്ത് തിരുവനന്തപുരത്തേയ്ക്കു വന്നതിനെക്കുറിച്ചു  പറഞ്ഞു തുടങ്ങിയതായിരുന്നു. അന്ന് 'നെടുമുടിക്കാരന്‍ വേണുവിന്' നാടകത്തിന്റെ അരങ്ങത്ത് ആടിത്തിമിര്‍ക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, കാലം സിനിമയുടെ കരയിലായിരുന്നല്ലോ 'നെടുമുടി വേണു' വിനെ അടുപ്പിച്ചത്...

നാലു പതിറ്റാണ്ടിലേറെയായെങ്കിലും ആ യാത്രയെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴൊക്കെയും നെടുമുടി കൊട്ടിക്കയറിക്കൊണ്ടിരുന്നു.  കായലിനു കാറ്റു പിടിച്ചതു പോലെ  അതില്‍ ഇളകിയാടി.  ചിലപ്പോള്‍ പാടവരമ്പത്തെ പുന്നെല്ലിന്‍ മണം ആസ്വദിച്ച്, മറ്റു ചിലപ്പോള്‍ ഓര്‍മക്കള്ളിന്റെ ലഹരിയില്‍ തലകുടഞ്ഞ്...  

നാല്‍പ്പത്തി രണ്ടു വര്‍ഷത്തെ സിനിമാ ജീവിതം പക്ഷേ പറഞ്ഞു തുടങ്ങിയത് നെടുമുടിയില്‍ നിന്നു തന്നെയായിരുന്നു. അമ്മയുടെ അരികില്‍ നിന്ന്... കുട്ടിക്കാലത്തിന്റെ വരമ്പിലൂടെ നെടുമുടി നടന്നു തുടങ്ങി. 

അമ്മയുടെ വിരല്‍ത്തുമ്പ്...

'' വാക്കും അര്‍ഥവും പോലെ അമ്മയും അച്ഛനും. രണ്ടുപേരും അദ്ധ്യാപകര്‍. എട്ടരയുടെ ലിറ്റില്‍ ഫ്‌ളവര്‍ ബോട്ടു പിടിക്കാനായി ഓടുന്ന അമ്മയുടെ രൂപമാണ് എന്റെ മനസ്സില്‍. ഒന്നരയും മുണ്ടും ആണ് വേഷം. 'ബോബ്കട്ട്' ചെയ്ത പോലെ മുടി. മാറാത്ത തലവേദനയുള്ളതു കൊണ്ടായിരുന്നു അമ്മ മുടി മുറിച്ചത്. 

പണ്ടു ഞങ്ങള്‍ക്ക് ഒരു വളവരമ്പന്‍ വള്ളമുണ്ടായിരുന്നു. അതിലായിരുന്നു അച്ഛനും അമ്മയും ഞങ്ങള്‍ അഞ്ചുമക്കളും ഒരുമിച്ച് സ്‌കൂളിലേയ്ക്ക് പോയിരുന്നത്. അച്ഛന്‍ പെന്‍ഷനായതോടെ സാമ്പത്തിക പ്രയാസത്തിലായി. വള്ളം വിറ്റു. അതോടെയാണ് അമ്മയുടെ യാത്ര ബോട്ടിലായത്. അച്ഛന്‍ തികഞ്ഞ കലാകാരനായിരുന്നു. സംഗീതനാടകങ്ങളും വാമനാവതാരം എന്ന ആട്ടക്കഥയും രചിച്ചിട്ടുണ്ട്. കലയുടെ വരം മക്കളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ അച്ഛന്‍ ആഗ്രഹിച്ചു. 

അന്ന് നെടുമുടിയിലെത്തിയാല്‍ പിന്നെ തിരിച്ചു പോക്ക്  പ്രയാസമായിരുന്നു. ബോട്ടിനെ തന്നെ ആശ്രയിക്കണം. അതു കൊണ്ട് ഗുരുക്കന്മാരെ വീട്ടില്‍ നിര്‍ത്തി പഠിപ്പിക്കുകയായിരുന്നു. രണ്ടും മൂന്നും പേര്‍ എപ്പോഴും വീട്ടിലുണ്ടാവും.  ക്ഷമയുടെ മുഖമായിരുന്നു അമ്മയ്ക്ക്. അഞ്ചുമക്കളെ വളര്‍ത്തണം. പിന്നെ സ്‌കൂളിലെ ജോലി. ഇതിനൊക്കെ പുറമേ ഗുരുക്കന്മാരുടെ കാര്യങ്ങളും നോക്കണം. എന്നിട്ടും ദുര്‍മുഖം കാണിച്ചില്ല. 

ഞാന്‍ കൊട്ടും പാട്ടും പഠിക്കാനുള്ള പ്രായമായപ്പോഴേയ്ക്ക്  ഗുരുക്കന്മാരെ വീട്ടില്‍ വരുത്തിയുള്ള പഠനം അവസാനിച്ചിരുന്നു. എന്റെ താളബോധം 'കേട്ടു പഠിച്ചതില്‍' നിന്നുണ്ടായതാണ്. ചേട്ടന്മാരെ പഠിപ്പിക്കുമ്പോള്‍ ഞാന്‍ അടുത്തിരിക്കും. ചിലപ്പോള്‍ ഗുരുക്കന്മാരുടെ മടിയിലാവും സ്ഥാനം. 

അന്നൊക്കെ വീട്ടില്‍ കച്ചേരിയുണ്ടാവും. ഞാനായിരുന്ന ഘടം വായിച്ചിരുന്നത് ഞാന്‍ കുട്ടിയായതു കൊണ്ട് ഘടത്തിനു പിന്നിലിരിക്കുന്ന എന്നെ കാണില്ല. രണ്ടു കൈ മാത്രമേ കാണാനാവൂ. പല നാടുകളില്‍ നിന്നുള്ള കലാകാരന്മാര്‍ വീട്ടിലെത്തും. കൊട്ടും പാട്ടും... ചേട്ടന്‍മാര്‍ക്കൊപ്പം പല സ്ഥലങ്ങളിലും കച്ചേരിയവതരിപ്പിക്കാനും പോയിട്ടുണ്ട്. ഗുരുക്കന്മാരില്‍ നിന്നു പഠിച്ചില്ലെങ്കിലും ഞാന്‍ കല കൊണ്ട് ജീവിച്ചു പോവുമെന്ന് അമ്മയും അച്ഛനും വിശ്വസിച്ചിരുന്നു. 

ഞാന്‍ സിനിമയിലെത്തും മുന്നേ അച്ഛന്‍ മരിച്ചു. പിന്നീട് അമ്മയെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നു. സിനിമയില്‍ ഞാന്‍ മരിക്കുന്ന രംഗങ്ങള്‍ അമ്മയ്ക്ക് കണ്ടിരിക്കാനാവില്ല, അങ്ങനെ അഭിനയിക്കരുതെന്ന് അമ്മ പറയാറുണ്ടായിരുന്നു. 

എനിക്ക് തൊട്ടു മുകളിലുള്ള ചേട്ടന്‍, രാമചന്ദന്‍നായര്‍. നന്നായി മ!ൃദംഗം വായിക്കും. എന്നിലേയ്ക്ക് വായനയുടെ വെളിച്ചം കൊണ്ടുവന്നത് ചേട്ടനായിരുന്നു. ഡിക്റ്ററ്റീവ് നോവലുകളില്‍ കറങ്ങി നടന്ന എന്റെ കൈയിലേക്ക്‌ േചട്ടനാണ് ആശാനെയും വള്ളത്തോളിനെയും വൈലോപ്പിള്ളിയേയുമൊക്കെ വച്ചു തന്നത്. 

WhatsApp Image 2020-08-18 at 5.33.15 AM

ചേട്ടന്റെ ജീവിതത്തിന്റെ ചിട്ട പലപ്പോഴും അദ്ഭുതപ്പെടുത്തിയിരുന്നു. അന്നത്തെ കാലത്തേ മാസികകളൊക്കെ വരുത്തും. അതിലെ പേജൊന്നു ചുളിയുന്നതു പോലും ഇഷ്ടമല്ല.  പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.  കുറച്ചു നാള്‍ക്കു ശേഷം അമ്മയും പോയി. 

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അവരൊക്കെ തന്നതിന്റെ നൂറിലൊരംശം പോലും തിരിച്ചു കൊടുക്കാനായില്ലെന്നു തോന്നാറുണ്ട്. എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നു. എന്നാലും പോരാ എന്ന തോന്നല്‍...

അമ്മയുടെയും ചേട്ടന്റെയും ചിതാഭസ്മവുമായി ഞാന്‍ കാശിക്കു പോയി. നിമഞ്ജനം ചെയ്യുന്നതിനു മുന്‍പ് പലതരം ധാന്യങ്ങള്‍ സമര്‍പ്പിക്കുന്ന ചടങ്ങുണ്ട്. കാര്‍മികന്‍ എന്റെ കൈയിലേക്ക് പഞ്ചസാര സമര്‍പ്പിക്കാനായി തന്നപ്പോള്‍ അമ്മയുടെ മധുരപ്രിയം പെട്ടെന്ന്  ഓര്‍മവന്നു. ഒരല്‍പ്പം കൂടി തരാന്‍ അദ്ദേഹത്തോടൂ പറഞ്ഞു. ഇനിയെനിക്ക് അമ്മയ്ക്കു വേണ്ടി മറ്റൊന്നും ചെയ്യാനാവില്ലല്ലോ... 

ജോണിന്റെ വാക്ക്, സുശീലയിലയ്ക്ക് അരികിലേക്ക്...

ഇനി സുശീലയെക്കുറിച്ചാണു പറയേണ്ടത്. എന്റെ ജീവിതം ഇത്രയും ശാന്തമായത് സുശീലയുടെ തണലുള്ളതു കൊണ്ടുകൂടിയാണ്... ഈ മുഖം എന്നാണ് ആദ്യമായി കണ്ടതെന്ന് പറയാനാവില്ല. കാരണം ഓര്‍മ വച്ചപ്പോള്‍ മുതല്‍ സുശീലയെ ഞാന്‍ കാണുന്നുണ്ട്. ഒരേ നാട്ടുകാര്‍. 

പക്ഷേ, അന്നൊന്നും സംസാരിച്ചിട്ടില്ല.  കാണുമ്പോള്‍ തന്നെ സുശീല ഒഴിഞ്ഞു മാറുകയാണ് പതിവ്. വീട്ടുകാര്‍ തമ്മില്‍ നല്ല പരിചയമാണ്.  അങ്ങനെ ഒരേ നാട്ടുകാരായിട്ടും അപരിചിതരെപ്പോലെ ഞങ്ങളങ്ങനെ മുന്നോട്ടു പോവുമ്പോഴാണ് ജോണ്‍ എബ്രഹാമിന്റെ രംഗ പ്രവേശനം. ഞാനന്ന് തമ്പിലും ആരവത്തിലും അഭിനയിച്ച സമയം. ജോണ്‍ സംവിധാനം ചെയ്യുന്ന ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ സിനിമയുടെ ചിത്രീകരണം കുട്ടനാട്ടിലും പരിസരത്തും നടക്കുന്നു. 

ഒരു ദിവസം ജോണ്‍ എബ്രഹാം വീട്ടിലേക്കു വന്നു. ജോണിനൊരു പ്രത്യേകതയുണ്ട്. വന്നാല്‍ നേരെ അടുക്കളിയിലേക്കാണ് കയറുക. തിളക്കമുള്ള കണ്ണില്‍ സൂത്രമോ അനാവശ്യമോ ഒന്നുമില്ലല്ലോ... അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും പെട്ടെന്ന് ഇഷ്ടമാവും. 

ജോണിന്റെ അച്ഛനെ അമ്മയ്ക്കറിയാമായിരുന്നു. ആ ഒരടുപ്പം കൂടി ജോണിനോടുണ്ടായിരുന്നു. വൈകുന്നേരമായപ്പോള്‍ ജോണ്‍ രഹസ്യമായി പറഞ്ഞു, 'എനിക്ക് കുറച്ച് ചാരായം വേണം.' ഞാന്‍ ഞെട്ടി. അമ്മ അറിഞ്ഞാല്‍ വലിയ കുഴപ്പമാകും. എങ്ങനെയെങ്കിലും സംഘടിപ്പിക്കണമെന്ന് ജോണ്‍ !നിര്‍ബന്ധിച്ചു തുടങ്ങി. അമ്മയോട് ഞാന്‍ കാര്യം പറഞ്ഞു, 'സാറിന്റെ മോനല്ലേ, അവനെ സങ്കടപ്പെടുത്തണ്ട. പക്ഷേ, അധികമാവണ്ട. 

അങ്ങനെ ചാരായം വന്നു. കുറേ നേരം സംസാരിച്ചു ഉറങ്ങി. പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍  അമ്മ ജോണിനോടു ഒരു കാര്യം പറഞ്ഞു–'' സിനിമാക്കാരെല്ലാം വഴിപിഴച്ചു പോവും എന്നൊക്കെ കേള്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീവിഷയത്തില്‍. എന്റെ മോനും...'' 

ആ വാചകം മുഴുമിപ്പിക്കാന്‍ ജോണ്‍ സമ്മതിച്ചില്ല. അമ്മയെ ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ കൈ വച്ചു കൊണ്ടു പറഞ്ഞു, ''അമ്മയുെട മോന്‍ ഒരിക്കലും വഴി തെറ്റില്ല. ആ ഭയം വേണ്ട, ഇതു പറയുന്നത് ജോണ്‍ ആണ്, ജോണ്‍ എബ്രഹാം...'' 

WhatsApp Image 2020-08-18 at 5.33.16 AM

നെറുകയില്‍ നിന്ന് കൈയെടുത്ത് തിരിഞ്ഞു നടന്ന ജോണിനൊരു സന്യാസിയുടെ ഭാവമായിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല, ഇതു പറഞ്ഞു കഴിഞ്ഞതും എന്റെ മനസ്സിലേക്ക് സുശീലയുടെ രൂപമാണ് കടന്നു വന്നത്. അതിന്റെ കാരണം ഇപ്പോഴും അറിയുകയുമില്ല. 

ജോണിനെ ബസ്സ് കയറ്റി വിട്ട് ഞാന്‍ നേരെ സുശീലയുടെ വീട്ടിലേക്കാണു പോയത്. അവിടെത്തുമ്പോള്‍ ആള്‍ പനിച്ചു വിറച്ചു കിടക്കുന്നു. ഭക്ഷണം കഴിച്ചിട്ട് കുറേ ദിവസമായെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൊടുത്തോളാമെന്നു പറഞ്ഞ് കട്ടിലിനരികില്‍ ഇരുന്നു. അന്നാണ് ആദ്യമായി മുഖത്തോടു മുഖം നോക്കി സംസാരിക്കുന്നത്. 

കുറേ നാട്ടുകാര്യങ്ങള്‍ പറഞ്ഞു. അതിനിടയില്‍ സുശീല കഞ്ഞി കുടിച്ചു. എല്ലാം കഴിഞ്ഞ് ഇറങ്ങാന്‍ നേരം ഞാന്‍ ചോദിച്ചു, ''എന്റെ കൂടെ ജീവിക്കാന്‍ തയാറാണോ?''

എനിക്ക് എതിര്‍പ്പൊന്നുമില്ല എന്നായിരുന്നു സുശീല മറുപടി പറഞ്ഞത്. വീട്ടുകാരുമായി ആലോചിച്ചു. ആദ്യം കുഴപ്പമൊന്നുമില്ലായിരുന്നെങ്കിലും എന്റെ സിനിമാഭിനയം സുശീലയുടെ വീട്ടിലൊരു പ്രശ്‌നമായി. അവര്‍ വിവാഹത്തിന് എതിരായി.  അങ്ങനെ രജിസ്റ്റര്‍ വിവാഹം കഴിച്ചു. 

ജോണിന്റെ വാചകവും അപ്പോള്‍ സുശീലയുടെ മുഖം മനസ്സിലേക്കു വന്നതും വിവാഹവും എല്ലാം  നിമിത്തങ്ങള്‍ ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. തെറ്റായ പലരിലേക്കും വഴിമാറിയൊഴുകാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഇല്ലാതെ ദൈവം സുരക്ഷിതമായ കരങ്ങളാലാണ് എന്നെ ഏല്‍പ്പിച്ചതെന്ന് ഇപ്പോള്‍ തോന്നുന്നു. 

WhatsApp Image 2020-08-18 at 5.33.16 AM (1)

അതു വേണ്ട, പാടില്ല എന്നൊന്നും സുശീല ഇതു വരെ പറഞ്ഞിട്ടില്ല. പക്ഷേ അതു ഭംഗിയായി അവതരിപ്പിച്ച് ആ വഴിയിലേയ്ക്കു തന്നെ എന്നെ എത്തിക്കാനറിയാം. കേന്ദ്രസര്‍ക്കാര്‍ ജോലി  ഉപേക്ഷിച്ചത് എനിക്കും മക്കള്‍ക്കും വേണ്ടിയായിരുന്നു. കൂടെ ജോലി ചെയ്തവരൊക്കെ വലിയ സ്ഥാനത്തെത്തി പെന്‍ഷനായി. പക്ഷേ, ജോലി വേണ്ടെന്നു വച്ച തീരുമാനത്തില്‍ സുശീല ഇതു വരെ സങ്കടപ്പെട്ടിട്ടില്ല. 

മക്കളുടെ കുട്ടിക്കാലത്ത് ഞാന്‍ വീട്ടിലെത്തുന്നത് വല്ലപ്പോഴുമാണ്. ഒരു ലൊക്കേഷനില്‍ നിന്ന് അടുത്ത സ്ഥലത്തേക്കുള്ള ഓട്ടമായിരുന്നു. 

ഒരിക്കല്‍ അപൂര്‍വം എന്ന വാക്ക്, വാക്യത്തില്‍ പ്രയോഗിക്കാന്‍ മകന്‍ ഉണ്ണിയോടു ടീച്ചര്‍ പറഞ്ഞു. അവന്‍ എഴുതിയ ഉത്തരം ഇങ്ങനെയായിരുന്നു.'' അപൂര്‍വമായി മാത്രം വീട്ടിലെത്തുന്ന ജീവിയാണ് അച്ഛന്‍.'' 

ഫോട്ടോ; ശ്രീകാന്ത് കളരിക്കല്‍