Wednesday 18 January 2023 03:14 PM IST

പുറമേ നിന്നു എപ്പോഴും കഴിക്കില്ല, ഉറങ്ങാൻ ഒപ്പം ഫോൺ വേണ്ട... പുതിയ നമ്മളാകാൻ ഈ 10 ശീലങ്ങൾ

Shyama

Sub Editor

resolution

ഫോണിനു അപ്ഡേഷനുണ്ട്, വണ്ടിക്കു സർവീസിങ്, വീടിനു റെനവേഷൻ. ജീവനില്ലാത്ത പലതും പുതുക്കുന്ന നമ്മൾ സ്വന്തം ആരോഗ്യത്തിന്റെയും മനസ്സിന്റെയും കാര്യത്തിൽ അതേ കരുതൽ എടുക്കാറുണ്ടോ?

പുതിയ വസ്ത്രവും ബാഗും മാറ്റുന്നതിനൊപ്പം മ നസ്സും ശരീരവും കൂടി പുതുക്കിയാലോ? അകമൊക്കെയൊന്നു തൂത്തു വാരി, കെട്ടിക്കിടക്കുന്നതൊക്കെ വെട്ടി പുറത്തേക്കൊഴുക്കി, നമ്മുടെ അതിരുകൾ വേലി കെട്ടി ശക്തമാക്കി ‘ടോക്സിസിറ്റിക്ക് അകത്തേക്കു പ്രവേശനമില്ല’ എന്നൊരു ബോർഡും വച്ച്... നമുക്കു നമ്മെ തന്നെ അടിമുടിയങ്ങു മാറ്റാനൊരു ശ്രമം നടത്താം.

ഭക്ഷണകാര്യത്തിലെ ‘പുതുവർഷ നിശ്ചയങ്ങൾ’ പോ ലും ഒരു മാസത്തിനകം തന്നെ പാളുന്ന കാഴ്ചയാണു പൊതുവെ കാണാറുള്ളത്. ആദ്യം തന്നെ വലിയ ലക്ഷ്യങ്ങൾ വയ്ക്കാതെ ചെറിയ കാര്യങ്ങൾ കൃത്യമായി എങ്ങനെ നേടിയെടുക്കാം എന്നതിനാണ് ഊന്നൽ കൊടുക്കേണ്ടത്.

ഉദാഹരണത്തിനു പ്രമേഹമുള്ള വ്യക്തി പഞ്ചസാരയുടെ ഉപയോഗം തീർത്തും ഇല്ലാതാക്കും എന്ന് ആദ്യമേ ചിന്തിക്കേണ്ടതില്ല. അതു ഘട്ടം ഘട്ടമായി കുറയ്ക്കും എന്ന തീരുമാനമാകും ഉചിതം.

വെള്ളം കുടിക്കാൻ മടിയുള്ള വ്യക്തിക്ക് അതു ക്രമപ്പെടുത്താൻ നോക്കാം. 50 കിലോ ഭാരമുള്ളയാൾ രണ്ട്– രണ്ടര ലീറ്റർ വെള്ളമെങ്കിലും കുടിക്കണം. അളവ് അടയാളപ്പെടുത്തിയ കുപ്പി വാങ്ങി അതിൽ വെള്ളമെടുത്തു കുടിച്ചു ശീലിക്കാം.

ഒട്ടും വ്യായാമം ചെയ്യാത്തൊരാൾ എല്ലാ ദിവസവും ഒരു മണിക്കൂർ ഓടും എന്നൊന്നും ആദ്യമേ തീരുമാനിക്കേണ്ടതില്ല. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും 20–30 മിനിറ്റ് നേരമെങ്കിലും വ്യായാമം ചെയ്യും എന്ന് ഉറപ്പിക്കുക. ഇഷ്ടമുള്ള രണ്ടു ദിവസം ബ്രേക്കെടുക്കാം.

നമ്മളാരും സൂപ്പർഹീറോസ് അല്ല, അഞ്ചും പത്തും കാര്യങ്ങള്‍ ഒറ്റയടിക്കു ചെയ്യാൻ പറ്റിയെന്നും വരില്ല. എന്നാൽ രണ്ടിൽ തുടങ്ങി പത്തിലേക്കു സാവധാനം എത്തിക്കാം.

∙ ഫലപ്രാപ്തിയുടെ സന്തോഷം മുന്നിൽ കാണാം

അമിതവണ്ണമുള്ള വ്യക്തി വണ്ണം കുറയ്ക്കാൻ ‘സ്വയം’ തീരുമാനിച്ചാൽ ഇഷ്ടമുള്ള എന്നാൽ നിലവിൽ ഇടാൻ സാധിക്കാത്ത ഉടുപ്പ് എടുത്ത് വച്ച്, വണ്ണം കുറച്ചാൽ അത് അണിയാൻ പറ്റുന്നതിന്റെ സന്തോഷത്തെ കുറിച്ച് ഓർക്കുക.

∙ പുറമേ നിന്നു എപ്പോഴും കഴിക്കില്ല... തീർച്ച

പുറമേ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ആദ്യം വെള്ളം കുടിക്കുക. ചെറിയൊരു പഴമോ മറ്റോ വീട്ടിൽ നിന്നു കഴിച്ചിട്ട് ഇറങ്ങാം. അമിതമായി കഴിക്കുന്നത് ഒഴിവാക്കാം. പുറത്തു നിന്നുള്ള ഭക്ഷണത്തിനു കാലറി കൂടുതലാണെന്ന് ഓർക്കാം. ഹോട്ടൽ ഭക്ഷണം കഴിക്കുകയേയില്ല എന്നു പറയുന്നതിനു പകരം പോകുന്ന തവണകൾ കുറയ്ക്കുക. അ മിത അളവിൽ കഴിക്കുന്നതും ഒഴിവാക്കാം.

∙ ഐഡിയൽ ഡയറ്റ് വ്യത്യസ്തം

എന്താണ് ഐഡിയൽ ഡയറ്റ് എന്നു ചോദിച്ചാൽ കുറച്ചു പേർക്ക് ഇണങ്ങുന്ന ഉടുപ്പു കാട്ടി എല്ലാവരോടും ‘ഇതാണ് ഉത്തമ വസ്ത്രം’ എന്നു പറയും പോലെ ഇരിക്കും. പല അളവുകളും ശാരീരിക പ്രത്യേകതയനുസരിച്ചു മാറി വരും.

പൊതുവായി ചെയ്യാവുന്ന കാര്യം പറയാം. ഒരു പാത്രം എടുത്താൽ അതിന്റെ കാൽ ഭാഗം ചോറ്. അരഭാഗം പച്ചക്കറി. ബാക്കി കാൽ ഭാഗം പയറോ ഇറച്ചിയോ മീനോ വരുന്ന തരത്തിൽ ക്രമപ്പെടുത്താം. ഒപ്പം പഴങ്ങളും തൈരും ഒക്കെ ചേർക്കാം. നമ്മുടെ ഭക്ഷണരീതിയിൽ അന്നജം കൂടുതലാണ്. ദിവസവും വേണ്ട ഊർജത്തിന്റെ 50 ശതമാനം മാത്രം മതി അന്നജം. 30 ശതമാനം കൊഴുപ്പ്. 10–20 ശതമാനം പ്രോട്ടീൻ ഇതാണു വേണ്ടത്.

അത്താഴത്തിനു പച്ചക്കറിയുടെ അളവു കൂട്ടി ചോറിന്റെയും ചപ്പാത്തിയുടെയും അളവു കുറയ്ക്കാം. ഇപ്പോൾ പലരും രാത്രിയാണു അമിതമായി കഴിക്കുന്നത്. ദഹനം ശരിയായി നടക്കാതെയുള്ള ബുദ്ധിമുട്ടും പല തരം ജീവിതശൈലീ രോഗങ്ങളും പുറകേ വരും എന്നു മറക്കാതിരിക്കുക.

ശരീരം കളിപ്പാട്ടമല്ല

∙ വെള്ളമാണ് ആ സൂപ്പർ ടോണിക്

രാവിലെ എഴുന്നേറ്റാൽ ഉടനെ ബെഡ് കോഫിയോ ചായയോ കുടിക്കുന്ന ശീലം ഉപേക്ഷിക്കുക. പകരം വെള്ളം കുടിച്ചു ദിവസം തുടങ്ങാം. വ്യായാമം ചെയ്യുന്നവർക്ക് ഊർജം കൂടുതൽ കിട്ടാന്‍ മധുരമിടാത്ത പഴച്ചാറുകൾ കുടിക്കാം.

∙ ജിം മാത്രമല്ല വ്യായാമം

ജിമ്മിൽ പോയാലേ വ്യയാമമാകൂ എന്നില്ല. എയറോബിക് വ്യായാമങ്ങളായ നടപ്പ്, ജോഗിങ്, സൈക്ലിങ്, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യാം. അസുഖങ്ങൾ ഉള്ളവർ ഡോക്ടറോടു കൃത്യമായി ചോദിച്ചു മനസ്സിലാക്കിയ ശേ ഷം ഇണങ്ങുന്നവ തിരഞ്ഞെടുത്തു ചെയ്യുക.

∙ ലഹരിയോടു ‘നോ’ പറയാം

നമ്മളെ നശിപ്പിക്കുന്ന എന്തു തരം ലഹരിയും ജീവിതത്തിൽ നിന്നൊഴിവാക്കാനുള്ള ദൃഢനിശ്ചയം എടുക്കാം. അതിനുള്ള ഏറ്റവും നല്ല അവസരമായി ന്യൂ ഇയർ റെസല്യൂഷൻസിനെ കാണാം. ലഹരി ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളും ലഹരിയിൽ മാത്രമൂന്നിയ ബന്ധങ്ങളും വേണ്ടെന്ന് ഉറച്ച തീരുമാനമെടുക്കാം.

∙ പരിസര ശുചിത്വവും നമ്മുടെ ഉത്തരവാദിത്തം

ശാരീരികശുചിത്വം സൂക്ഷിക്കുമ്പോഴും മലയാളി സ്വന്തം പരിസരം ശുചിയായി വയ്ക്കാറില്ല. പല രോഗങ്ങൾക്കും കാരണം മോശം പരിസരം കൂടിയാണ്. അവനവന്റെ പറമ്പ് വൃത്തിയാക്കി മതിലിനപ്പുറത്തേക്കു തട്ടുന്നത് ഇനി വേണ്ട.

∙ മുറിഞ്ഞ കണ്ണികൾ വിളക്കാം

കോവിഡിനു ശേഷം പലരും ഒറ്റപ്പെട്ട ധ്രുവങ്ങളായി മാറുന്നുണ്ട്. പകരം നമ്മെ മനസ്സിലാക്കുന്ന ആളുകളെ ഒപ്പം ചേർക്കാം. കാര്യങ്ങൾ പഠിക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനും സംഭാഷണങ്ങൾ സഹായിക്കും.

∙ ആരോഗ്യപരിശോധനയ്ക്കു മുടക്കം വേണ്ട

വർഷം തോറും മെഡിക്കൽ പരിശോധന നടത്തുമെന്ന തീരുമാനം എടുക്കാം. രോഗങ്ങൾ പലപ്പോഴും നിശബ്ദരായി എത്താറുണ്ട്. അവ രൂക്ഷമാകും വരെ നോക്കിയിരിക്കേണ്ടതില്ല. യോഗ, മെഡിറ്റേഷൻ പോലുള്ളവ ശാരീരിക–മാനസികാരോഗ്യത്തിനായി ദിനചര്യയിൽ ഉൾപ്പെടുത്താം.

1408478558

∙ നിങ്ങൾ ലോകത്തോളം വളരട്ടേ

തന്നിലേക്കു മാത്രം ഉള്‍വലിയാതെ മറ്റുള്ളവർക്കു വേണ്ടി കൂടി പ്രവർത്തിക്കുക. പണം കൊടുത്തു സഹായിക്കൽ മാത്രമല്ല, അർഹിക്കുന്ന പരിഗണന നൽകി ഒരാളെ കേൾക്കുക എന്നതു പോലും ഇപ്പോൾ വലിയ കാര്യമാണ്.

മനം, മാനം പോലെ. നമുക്ക് നിരീക്ഷിക്കാം

∙ സ്വയം കരുണ കാണിക്കുക

മിക്കവാറും അവസരങ്ങളിലും നമുക്കു മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാനും പൊറുക്കാനും സാധിക്കും. പക്ഷേ, സ്വന്തം ഭാഗത്തു നിന്ന് ഒരു ചെറിയ തെറ്റു വന്നാൽ പോലും നമ്മൾ നമ്മളോടു പൊറുക്കാൻ കൂട്ടാക്കാറില്ല. അത്രയും നാൾ ചെയ്ത നല്ല കാര്യങ്ങൾ മറന്നു ചിലർ ക്രൂരമായ ഭാ ഷ കൊണ്ട് ഒച്ച പുറത്തു കേൾപ്പിക്കാതെ സ്വയം മുറിവേ ൽപ്പിച്ചു കൊണ്ടിരിക്കും. മറ്റുള്ളവരോട് പൊറുക്കാനും മനസ്സിലാക്കാനും പറ്റുന്നതു പോലെ സ്വയം ക്ഷമിക്കാം. മനുഷ്യരാണു തെറ്റു വരാം. അതു തിരുത്തി മുന്നേറാം എന്ന ബോധ്യം സ്വന്തം കാര്യത്തിലും വേണം.

∙ എനിക്കായി സമയം മാറ്റി വയ്ക്കും

കുടുംബം, ജോലി തുടങ്ങി എല്ലാ കാര്യത്തിനും നമുക്കു സ മയമുണ്ട്. പക്ഷേ, സ്വന്തം കാര്യത്തിനോ? നിങ്ങൾക്കിഷ്ടമുള്ള ഹോബിക്കു വേണ്ടി, യാത്രയ്ക്ക്, അണിഞ്ഞൊരുങ്ങാൻ, വായിക്കാൻ ഒക്കെ 24 മണിക്കൂറിൽ നിന്ന് ഇരുപതോ മുപ്പതോ മിനിറ്റ് മാറ്റി വയ്ക്കാൻ സാധിക്കില്ലേ എന്നു സ്വയം ചോദിക്കുക. മാറ്റത്തിലേക്കു കരുത്തോടെ നടക്കുക.

∙ ജോലിക്കാര്യം വീട്ടിലേക്കു കയറ്റില്ല

ജോലിക്കാര്യങ്ങളും പ്രശ്നങ്ങളും പങ്കാളിയുമായി ചർച്ച ചെയ്യുന്നതിൽ തെറ്റില്ല. എന്നിരുന്നാലും കഴിവതും ജോലി സ്ഥലത്തു വർക്ക് ബെസ്റ്റിയെ കണ്ടെത്തുക. നമുക്കു വിശ്വസിക്കാൻ പറ്റുന്ന ആ ഒരാളുമായോ രണ്ടു പേരുമായോ സംസാരിച്ച് ഓഫിസ് കാര്യങ്ങൾ അവിടെ തന്നെ ഉപേക്ഷിച്ചു വീട്ടിൽ പോകുന്നതാകും ഏറ്റവും നല്ലത്.

∙ നെഗറ്റീവ് കേട്ടു ദിവസം തുടങ്ങില്ല

കണ്ണു തുറന്ന് എഴുന്നേൽക്കുമ്പോഴേ ഫോണിൽ നോട്ടിഫിക്കേഷൻ വരും. അതിക്രൂരമായ വാർത്തകൾ കണ്ടും കേട്ടും കൊണ്ടു ദിവസം തുടങ്ങിയാൽ അതു നിങ്ങളുടെ മൊത്തം മൂഡിനെ ബാധിക്കും എന്നോർക്കാം. അത്തരം കാര്യങ്ങൾ നോക്കി ദിവസം തുടങ്ങില്ല എന്ന് ഉറപ്പിക്കുക.

∙ ഉറക്കം പിന്നത്തേക്കില്ല

ഉറക്കം നല്ല മരുന്നു കൂടിയാണ്. ഉറക്കത്തിനു ക്ഷീണം മാറ്റുക എന്ന ഗുണം മാത്രമല്ല ഉള്ളത്. നമ്മുടെ ശരീരത്തിലെയും മനസ്സിലെയും മാലിന്യങ്ങൾ അരിച്ചു മാറ്റി നമുക്കു ശാരീരിക– മാനസിക ആരോഗ്യം തരുന്ന ഒന്നാണ് ഉറക്കം. പല സമയത്തു ജോലി ചെയ്യുന്ന ആളുകൾ ഉണ്ടാകാം. എ ല്ലാവർക്കും ഒരേ സമയത്തു തന്നെ ഉറങ്ങാൻ സാധിക്കണമെന്നുമില്ല. എന്നാലും ശരീരത്തെ പരീക്ഷിക്കാതെ കഴിവതും ആറ്–എട്ടു മണിക്കൂറെങ്കിലും ഉറങ്ങും എന്ന തീരുമാനം എടുക്കാം.

∙ ഉറങ്ങാൻ ഒപ്പം ഫോൺ വേണ്ട

സോഷ്യൽ മീഡിയ അഡിക്‌ഷൻ/ ഫോൺ അഡിക്‌ഷൻ വർധിച്ച സാഹചര്യമാണിന്നുള്ളത്. പ്രായഭേദമന്യേ പലരും ഈ അദൃശ്യ ‘വെബ്ബിൽ’ പെട്ട് ഉഴലുന്നു. തട്ടിപ്പുകളിൽ പെടുന്നതും പണം പോകുന്നതും മാത്രമല്ല, സോഷ്യൽ മീഡിയ കൊണ്ടുള്ള പൊല്ലാപ്പുകൾ. വ്യക്തിയുടെ മാനസികാരോഗ്യത്തെ, അവരുടെ ചിന്തകളെ, അവരുടെ ഏകാഗ്രതയെ ഒക്കെ ഇതു സാരമായി ബാധിക്കുന്നു. കൃത്യമായ ഇ ടവേളകളിൽ മാത്രമേ ഫോൺ ഉപയോഗിക്കൂ എന്നു തീരുമാനിക്കുക. ഉറക്കത്തിന് ഒരു മണിക്കൂർ മുൻപേ ഫോൺ നോക്കില്ല എന്നും ഉറപ്പാക്കാം.

1740506234

∙ പുതിയതു പഠിക്കാം

ചെറുതാണെങ്കിലും പുതിയൊരു കാര്യം പഠിച്ചു ചെയ്യണമെന്ന് തീരുമാനിക്കാം. അതു നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഇന്റർനെറ്റിലൂടെ പുതിയ കാര്യങ്ങള്‍ പണം മുടക്കില്ലാതെ പോലും പഠിക്കാം. ആപ്പ് വഴിയും യുട്യൂബ് വഴിയും ഒക്കെ ഇതു സാധിക്കും. ഉദാ: പുതിയ ഭാഷ പ ഠിക്കാൻ സഹായിക്കുന്ന ആപ്പുകൾ, സൗജന്യമായി കോഴ്സുകൾ പഠിപ്പിക്കുന്ന സൈറ്റുകൾ.

∙ പ്രയാസത്തിൽ മുങ്ങാതെ സഹായം ചോദിക്കാം.

ദുഃഖത്തിൽ മുങ്ങിത്താഴാതിരിക്കാനുള്ള സഹായം ചോദിക്കാൻ പലർക്കും കഴിയാറില്ല. സഹായം ചോദിക്കുന്നതു മോശം കാര്യമല്ല, നിങ്ങൾ നിങ്ങളെ ഉപേക്ഷിക്കാൻ തയാറല്ല എന്നാണ് അതിനർഥം. ആത്മാർഥ സുഹൃത്തുക്കളോടു സഹായം ചോദിക്കാൻ ശ്രമിക്കാം. അതുമല്ലെങ്കിൽ മാനസിക വിദഗ്ധരോടു മനസ്സു തുറക്കാം.

എന്നാൽ ഇന്റർനെറ്റിലും അല്ലാതെയും കാണുന്ന അപരിചിതരോടു സങ്കടം പറയേണ്ടതില്ല. അത്തരം ‘സഹായങ്ങൾ’ അപകടം ക്ഷണിച്ചു വരുത്താം.

∙ സ്വന്തം മനോനില ട്രാക് ചെയ്യാം

ഡയറി എഴുതും പോലെ നമ്മുടെ ഒാരോ ദിവസത്തേയും മനോനിലകളെ കുറിച്ച് എഴുതാം. എവിടെയാണു നമുക്കു മെച്ചപ്പെടാനുള്ളതെന്നും എവിടെയാണു നമ്മുടെ കരുത്തെന്നും മനസ്സിലാക്കാൻ ഇതു സഹായിക്കും.

∙ ബ്രേക്ക് എടുക്കാം

അയലത്തൊരു കല്യാണം വന്നാൽ അവധിയെടുക്കാം, ലോകകപ്പ് വന്നാൽ അവധിയെടുക്കാം, കാർ നന്നാക്കാൻ അവധിയെടുക്കാം. പക്ഷേ, സ്വയം ‘നിറഞ്ഞു കവിയുന്നു’ എന്നു തോന്നിയോലോ? മാനസിക പിരിമുറുക്കം തോന്നുന്ന സാഹചര്യത്തിൽ അതു കണ്ടില്ലെന്നു നടിച്ചു തുടരുന്നതിനു പകരം ചെറിയ ബ്രേക്ക് എടുക്കാൻ കഴിഞ്ഞാൽ അതെടുക്കുക.

ഞാൻ തോറ്റോടാൻ പാടില്ലല്ലോ, കരുത്തോടെ നേരിടണമല്ലോ എന്നൊന്നും എപ്പോഴും വാശി വേണ്ട. നമുക്ക് ഉള്ളിൽ മുറിവുകളുണ്ടായിക്കൊണ്ടിരിക്കുമ്പോൾ പുറമേ നന്നായി പോകുന്നു എന്ന് ആരേയും ബോധ്യപ്പെടുത്തേണ്ടതില്ല. കരുത്തിന്റെ മുഖംമൂടി അഴിച്ചു നമ്മുടെ മുറിവുകൾക്ക് ഉണങ്ങാനുള്ള സാവകാശം നൽകാം. നമ്മളെ ഉപേക്ഷിക്കാതെ നമ്മിലേക്കു തിരിച്ചു വരാം.

തകർക്കാതിരിക്കാം തീരുമാനങ്ങൾ

∙ ‍‍ഡയറ്റേ ഉന്നെ നാൻ വിടമാട്ടേൻ...

ഒരു മാസം അഞ്ചു കിലോ കുറയ്ക്കാം എന്നു തീരുമാനിക്കാതെ മാസം രണ്ടു കിലോ കുറയ്ക്കും എന്ന തരത്തിൽ ചിട്ടപ്പെടുത്താം. ഒരു മാസം രണ്ട് – നാലു കിലോ വരെ ഭാരമേ ആരോഗ്യകരമായി കുറയ്ക്കാവൂ എന്നാണ് ശാസ്ത്രീയമായി പറയുന്നത്.

∙ ഫാഡ് ഡയറ്റ് (എളുപ്പത്തിൽ വന്നു മറയുന്ന ഡയറ്റ് ട്രെന്റുകൾ) നല്ല ശീലമേയല്ല. തീരെ ചെയ്യാൻ പറ്റാത്ത കാര്യത്തിനു വേണ്ടി ശരീരത്തെ ക്രൂശിക്കരുത്. പെട്ടെന്നു ശരീരഭാരം കുറച്ചിട്ടു പഴയപടിയാകുന്ന പലരുമുണ്ട്. ഒരിക്കലും സോഷ്യൽ മീഡിയിൽ മറ്റുള്ളവർ ചെയ്യുന്ന കാര്യം നമുക്കിണങ്ങും എന്നു കരുതി ചെയ്യരുത്. ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. ഡയറ്റിഷന്റെയോ ന്യൂട്രിഷന്റെയോ വിദഗ്ധ നിർദേശം അനുസരിച്ചു വേണം ഡയറ്റ് സ്വീകരിക്കാൻ.

∙ മൈൻഡ്ഫുൾ ആയി കഴിക്കുക. വാ കൊണ്ട് കൂടാതെ കണ്ണു കൊണ്ടും മൂക്കു കൊണ്ടും സ്പർശം കൊണ്ടും ഒക്കെയും ആസ്വദിച്ചു കഴിക്കുക. വാരിവലിച്ചു കഴിക്കുന്നത് ഒഴിവാക്കാം.

∙ ആരോഗ്യം മറക്കുന്ന പ്രശ്നമേയില്ലാാാ...

ഉറച്ച തീരുമാനം എടുത്ത് അതു ഡയറിയിലോ മറ്റോ എഴുതി വയ്ക്കുക. അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പറയുക. ഇതു തീരുമാനം നടപ്പിലാക്കാനുള്ള ഉ ത്തരവാദിത്തം കൂട്ടും.

∙ ലഹരി സ്വയം ഉപേക്ഷിക്കാൻ പറ്റാത്തവർ വിദഗ്ധ സ ഹായം തേടണം. ലഹരി നിർത്തിയവർ വീണ്ടും അതിലേക്കു പോകാതിരിക്കാൻ ‘ബാഡ് കമ്പനികൾ’ തീർത്തും ഒഴിവാക്കുക. നല്ല സുഹൃത്തുക്കൾ നമ്മുടെ ആഗ്രഹത്തെ ബഹുമാനിക്കുമെന്നും നാം ആരോഗ്യത്തോടെ ഇരിക്കാനാണ് ആഗ്രഹിക്കുക എന്നും ഓർക്കുക. ഫെയ്ക്കുകളെ തൃപ്തിപ്പെടുത്തേണ്ടതില്ല.

∙ നടക്കാനും മറ്റും പോകുമ്പോള്‍ പുതിയ വഴികൾ തിരഞ്ഞെടുക്കുക. തനിച്ചു പോകാൻ ബുദ്ധിമുട്ടുള്ളവർ പങ്കാളി/ സുഹൃത്തുക്കൾക്കൊപ്പം പോവുക.

∙ ആരോഗ്യ ഗ്രൂപ്പുകൾ (വാട്സാപ്പിലോ മറ്റോ) തുടങ്ങാം. ദിവസവും ചെയ്യുന്ന ആരോഗ്യ കാര്യങ്ങൾ പങ്കുവയ്ക്കാം. ചിത്രങ്ങൾ, വിഡിയോസ് ഇവ പോസ്റ്റ് ചെയ്യാം. ആരോഗ്യപരമായ പുതിയ പ്രഭാഷണത്തിന്റെ ലിങ്കുകൾ, മാരത്തോൺ/സൈക്ലത്തോൺ പോലുള്ള മത്സരവിശേഷങ്ങ ൾ പങ്കുവയ്ക്കാം.

∙ അയയണമെങ്കിൽ അയഞ്ഞോ...

മനസ്സിന്റെ കാര്യം വരുമ്പോൾ കരുണ കാണിക്കുക എന്നതാണ് ഏറ്റവും ആദ്യത്തെയും അവസാനത്തേയും നിയമം. ‘ഇന്നൊറ്റ ദിവസം കൊണ്ട്/ഒരാഴ്ച കൊണ്ട്/ ഒരു മാസം കൊണ്ട് ‘ദിപ്പോ ശരിയാക്കിത്തരാം’ എന്ന ലക്ഷ്യത്തോടെ

മുന്നോട്ടു പോകരുത്. എടുത്ത തീരുമാനങ്ങൾ പാളാം, ‘സാരമില്ല... നമുക്കു വീണ്ടും തുടങ്ങാം’ എന്നു മനസ്സിനോടു പറയാം.

∙ താരതമ്യം വേണ്ട. അവൾക്ക്/ അവന് എന്നെക്കാൾ പ്രശ്നം കുറവാണല്ലോ, എന്നിട്ടും ഇത്ര ദൂരം മുന്നോട്ടു പോയല്ലോ. ഞാൻ മോശമാണ് അതാണ് എനിക്കു പറ്റാത്തത് എന്നു ചിന്തിക്കാതിരിക്കുക. ഓരോരുത്തർക്കും അവരവരുടേതായ വേഗവും രീതിയും ഉണ്ട്. അതു മനസ്സിലാക്കി പ്രായോഗികമായ ലക്ഷ്യങ്ങൾ മാത്രം വയ്ക്കാം.

∙ചുറ്റുപാടുകളെ തിരിച്ചറിയുക. ടോക്സിക് ആയ അന്തരീക്ഷത്തിൽ ജീവിക്കേണ്ടി വരുമ്പോഴും ജോലി ചെയ്യേണ്ടി വരുമ്പോഴും അവനവനെ പഴിക്കാനുള്ള സാധ്യത കൂടുതലാകും. സ്വന്തം പിഴവു കൊണ്ടാണു മോശം സംഭവിക്കുന്നത് എന്നത് എല്ലായ്പ്പോഴും ശരിയല്ല. ടോക്സിക് ആയ സാഹചര്യങ്ങളിൽ നിന്നു കഴിവതും മാറി നിൽക്കുക. അതിൽ തുടരേണ്ടി വന്നാൽ അവ നിങ്ങളെ ബാധിക്കാതിരിക്കാനുള്ള മാർഗങ്ങൾ നോക്കാം. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം.

∙ സന്തോഷിക്കാനുള്ള ആരോഗ്യകരമായ വഴികൾ ക ണ്ടെത്തുക. മറ്റൊരാൾ നമ്മെ സന്തോഷിപ്പിക്കണമെന്നോ നമ്മുടെ സന്തോഷത്തിന്റെ കാരണക്കാരാകണമെന്നോ ചിന്തിക്കേണ്ടതില്ല.

കലുഷിതമായ ഒരു ദിവസത്തിനിടയ്ക്കു പോലും ഒരു കൊച്ച് റൈഡ് പോകാം. അൽപനേരം കാറ്റു കൊണ്ടു നടക്കാം, ജിമ്മിൽ പോകാം. മെഡിറ്റേഷൻ ചെയ്യാം, നൃത്തം/പാട്ട്/ സംഗീതോപകരണം ഇവയിലേക്ക‌ു ശ്രദ്ധിക്കാം.

ഒന്നും മിണ്ടാതിരിക്കാം. കരയാൻ തോന്നിയാൽ മടിക്കാതെ കരയാം, ഇഷ്ടമുള്ളൊരു വസ്ത്രം വാങ്ങാം, വളർത്തു മൃഗങ്ങളുമായി സമയം ചെലവഴിക്കാം, ഇഷ്ടമുള്ള ആളെ കണ്ടു സംസാരിക്കാം ഒന്നു കെട്ടിപ്പിടിക്കാം, മറ്റൊരാളെ സഹായിക്കാം, ഓൾഡ് എയ്ജ് ഹോമിലോ പാലിയേറ്റീവ് കെയറിലോ ഒക്കെ പോയി അവരെ കേൾക്കാം. എല്ലാ സന്തോഷങ്ങളും പടക്കം പൊട്ടിക്കലും പാർട്ടികളും ആഘോഷരാവുകളും ആകണമെന്ന് നിർബന്ധമില്ല...

∙ മാനസിക പ്രശ്നങ്ങൾക്കു പരിഹാരം തേടുന്നതു മോ ശം കാര്യമാണെന്ന് പഴകിയ ചിന്തയിൽ നിന്നു പുറത്തു ക ടക്കുക. ‘എന്നിലൂടെ ഈ ട്രോമ അവസാനിക്കണം... അതിനായി എന്നാൽ കഴിയുന്നതു ചെയ്യും’ എന്നു ചിന്തിക്കുന്നിടത്താണു നിങ്ങൾ നിങ്ങളുടെ ഉറ്റ സുഹൃത്താകുന്നത്. നമുക്കും ശാന്തമായ നാളെകളുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. എ. ബഷീർ കുട്ടി
മുൻ അസോഷ്യേറ്റ് പ്രഫസർ, ഡിപ്പാർട്മെന്റ് ഓഫ്
സൈക്യാട്രി, ഗവ.മെഡിക്കൽ കോളജ്, തിരുവനന്തപുരം.

മിനി മേരി പ്രകാശ്
ചീഫ് കണ്‍സൽറ്റന്റ്
ക്ലിനിക്കൽ ഡയറ്റിഷൻ,
പിആർഎസ്. ഹോസ്പിറ്റൽ, തിരുവനന്തപുരം.

ഡോ. ബി. പത്മകുമാർ
പ്രഫസർ
ഓഫ് മെഡിസിൻ,
മെഡിക്കൽ കോളജ്,
ആലപ്പുഴ.