Wednesday 20 April 2022 12:21 PM IST

‘വയ്യാണ്ടായാൽ എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കാൻ പോകില്ല, അവർ എന്നെയും കൂടി നോക്കും’: അടുക്കള പെർഫെക്ട് ഓകെ

Tency Jacob

Sub Editor

kitchen-and-family

കേരളത്തിൽ നിന്നു പുട്ടുകുടോം അപ്പച്ചെമ്പും മീൻ വയ്ക്കാനുള്ള മൺച്ചട്ടിയും കുടംപുളിയുമൊക്കെയായി വിദേശത്തേക്കു കുടിയേറിയ മലയാളികളാണ് ഇവരെല്ലാം.

ആദ്യമൊക്കെ ‘പെർഫെക്ട് ഓക്കെ’ ആയിരുന്നു കാര്യങ്ങൾ. കാലത്തു പുട്ട്–കടലക്കറി, ഇടിയപ്പം–കുറുമ, ഇഡ്ഡലി–സാമ്പാർ എന്നിങ്ങനെ. ഉച്ചയ്ക്ക് കുത്തരിച്ചോറ്, ഓംലെറ്റ്, ഉപ്പേരി, ഒഴിച്ചുകറി.

നാലു മണിക്ക് ചായ, വട, അട, പഴംപൊരി എന്നിങ്ങനെ. രാത്രി ബീഫ് ഫ്രൈയും ചപ്പാത്തിയും. ഞായറാഴ്ചകളിൽ ബിരിയാണി. ‘മച്ചാനേ, ഇതു മതി അളിയാ!’ എന്നു ആരും പറഞ്ഞു പോകും.

കാലം കുറച്ചങ്ങു പോയിക്കഴിഞ്ഞപ്പോൾ ‘മ ച്ചാനേ, ഇതിങ്ങനെ പോയാൽ പറ്റില്ലല്ലോ. നമുക്കു ജീവിക്കേണ്ടേ’ എന്നു തിരിച്ചു ചോദിക്കേണ്ടി വന്നു ഇവർക്ക്. നാടോടുമ്പോൾ നടുവേയല്ല, അതിലും മുന്നിൽ ഓടിയവരാണ് വിദേശ മലയാളി സ്ത്രീകൾ.

‘അടുക്കള, സ്ത്രീകളുടെ മാത്രം ഇടങ്ങളല്ല, വീട്ടിലുള്ളവർ ഒരുമിച്ചു നിൽക്കേണ്ട ഇടം’ എന്നു ഉറപ്പിച്ചു പറയുന്നു ഈ വനിതകൾ...

‘കുച്ചീന മിയ’ എന്തെന്നാൽ-മിൽഫി ഷാജു

ഓഫിസിൽ പോയി വീട്ടിൽ തിരിച്ചെത്തുന്ന ഭാര്യയും ഭർത്താവും. ഭാര്യ നേരെ ലിവിങ് റൂമിലേക്കു നടന്നു. സ്വസ്ഥമായിരുന്നു ടിവി കാണാൻ തുടങ്ങി. ഭർത്താവ് കിച്ചനിൽ പോയി ജ്യൂസ് റെഡിയാക്കി ടേബിൾ സെറ്റ് ചെയ്ത ശേഷം ഭാര്യയെ വിളിച്ചു. രണ്ടുപേരുമിരുന്നു കൊച്ചുവർത്തമാനം പറഞ്ഞ് ആസ്വദിച്ചു ജ്യൂസ് കുടിച്ചു.

‘‘നമ്മുടെ നാട്ടിൽ ഇത് അപൂർവ കാഴ്ചയായിരിക്കും. ഇതു ഇറ്റലിയിൽ നടക്കുന്ന കാര്യമാണ്. ഒട്ടേറേ വീടുകളിൽ പല തവണ ഈ കാഴ്ച ഞാൻ കണ്ടിട്ടുണ്ട്.’’ മിൽഫി ഇറ്റലിയിലെ അടുക്കളവിശേഷം പറയാൻ തുടങ്ങി. ‘‘കുച്ചീന മിയ എന്നു പറഞ്ഞാൽ ‘എന്റെ അടുക്കള’ എന്നാണർഥം. ഇവിടുത്തെ ഏറ്റവും വലിയ ഗുണമായി തോന്നിയത് പാചകം പെണ്ണിന്റെ മാത്രം ജോലിയായി ഒരാളും കരുതുന്നില്ല എന്നതാണ്. താൽപര്യമുള്ളയാൾ കുക്ക് ചെയ്യും. കൂടുതലും ആണുങ്ങളാണ് പാചകം ചെയ്തു കണ്ടിട്ടുള്ളത്.

ഞാൻ ഇറ്റലിയിൽ എത്തിയിട്ട് 25 വർഷമായി. കുറച്ചു വർഷം ലേബർ കൺസൽറ്റൻസി ഓഫിസിൽ ആർക്കൈവിസ്റ്റായി ജോലി ചെയ്തിരുന്നു. ഭർത്താവ് ഷാജു റിസപ്ഷനിസ്റ്റ് ആണ്. ഞായറാഴ്ച ഉച്ചയ്ക്ക് മാത്രമാണ് ഇന്ത്യൻ വിഭവങ്ങൾ പാചകം ചെയ്യുന്നത്. ഇറ്റാലിയൻ മെനു ആണ് കൂടുതലും പിന്തുടരുന്നത്.

ഒരു ബ്രേക്ഫാസ്റ്റ് ടേബിൾ സെറ്റ് ചെയ്ത് അതിൽ കോഫി മെഷീനും വച്ചിട്ടുണ്ട്. ബ്രേക്ഫാസ്റ്റിനുപയോഗിക്കുന്ന സിറിയൽസ്, ബിസ്ക്കറ്റ്സ് തുടങ്ങി എല്ലാം ടേബിളിൽ ഉണ്ടാകും. ഓരോരുത്തരും അവരവർക്കു ഇഷ്ടപ്പെട്ട കോഫിയുണ്ടാക്കി കുടിക്കുന്നതാണ് പതിവ്. ഉച്ചയ്ക്കു കാർബോഹൈഡ്രേറ്റ് അടങ്ങിയ ഫൂഡ് കഴിക്കും. ചോറും നാലുകൂട്ടം കറികളൊന്നുമല്ല, പാസ്തയോ, റിസോട്ടോ യോ അല്ലെങ്കിൽ ചീസ് വിത് വെജ് സലാഡ് ആയിരിക്കും.

നാട്ടിലെ പോലെ മസാലകളുടെ മണം പരത്തുന്ന ഭക്ഷണമില്ല. പകരം പലതരം ഇലകൾ ഉൾപ്പെടുത്തും. ഉച്ചയ്ക്ക് ഫൂഡ് ഉണ്ടാക്കാൻ കഷ്ടിച്ച് അരമണിക്കൂർ മതി. വൈകിട്ട് ഗ്രിൽ ചെയ്ത ഭക്ഷണമാണ് കൂടുതലും. കുക്കിങ് റേഞ്ച് ആണ് ഗ്രില്ലിങ് എളുപ്പമാക്കി തരുന്നത്.

വിഭവങ്ങൾ ചൂടാക്കാൻ മൈക്രോവേവ് അവ്ൻ ഉപയോഗിക്കും. കെമിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് ചെയ്യുന്ന രണ്ടാമത്തെ മകൻ ചാക്കോ ‘അതത്ര ഹെൽത്തിയല്ല’ എന്ന് എന്നെ ബോധവൽക്കരിക്കാറുണ്ട്. മൂത്ത മകൻ ജോൺ കംപ്യൂട്ടർ എൻജിനീയർ വിദ്യാർഥിയാണ്.

ഇവിടെ അടുപ്പ് പുകയാതിരിക്കില്ല

ഭക്ഷണം അൽപം കരിഞ്ഞാലോ രുചി കുറഞ്ഞാലോ പാചകം ചെയ്തവരെ കുറ്റപ്പെടുത്തുക, ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോകുക ഇതൊന്നും ഇവിടെയുള്ളവർ ചെയ്യില്ല. ഭക്ഷണം കഴിച്ചശേഷം നന്ദി പറയുക എന്നത് അവർ വ ളരെ സന്തോഷത്തോടെ ചെയ്യുന്നതാണ്.

നാട്ടിൽ അവധിക്കു വരുമ്പോഴാണ് കുഴയുന്നത്. ബ്രേക്ഫാസ്റ്റും ലഞ്ചും ഡിന്നറുമൊക്കെ തയാറാക്കാൻ ഫുൾ ടൈം അടുക്കളയിൽ നിൽക്കേണ്ട അവസ്ഥ.

‘എനിക്കു സ്റ്റൗ കത്തിക്കാൻ പോലും അറിയില്ല’ എന്ന് പറയുന്ന പുരുഷന്മാർ നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട്. എന്നാൽ ഇവിടെയുള്ളവർ 18 വയസ്സു കഴിയുമ്പോൾ സ്വന്തം വീട്ടിൽ നിന്നു മാറി ഒറ്റയ്ക്കു താമസിക്കുന്നവരാണ്. അതുകൊണ്ട് ഒരാളെ ആശ്രയിക്കാതെ എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന് അവർ പഠിച്ചിരിക്കും. അതായത്, സ്ത്രീയില്ലെന്നു കരുതി ഇവിടത്തെ അടുപ്പ് പുകയാതിരിക്കില്ല എന്നർഥം.

ആണുങ്ങളുടെ കൂടി ഇടം

കോവിഡ് കാലത്ത് ഏഴുമാസത്തോളം ഞാൻ നാട്ടിൽ കുടുങ്ങി. അവിടെ ഭർത്താവും രണ്ട് ആൺമക്കളും കൂടിയാണ് വീട്ടിലെ എല്ലാ ജോലികളും ചെയ്തത്. ഒരു പരാതിയോ ‘വേഗം വരൂ’ എന്ന വിളിയോ ഉണ്ടായില്ല. സുഖമില്ലാതായാലും ഞാൻ വിശ്രമിക്കാതെ എഴുന്നേറ്റു വന്നു എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി നൽകാറൊന്നുമില്ല. അവർ എന്നെയും കൂടി പ രിചരിക്കും. സ്ത്രീ എന്ന നിലയിൽ സ്വയം ബഹുമാനം തോന്നുന്ന സമയങ്ങളാണത്.