Saturday 26 March 2022 02:24 PM IST : By സ്വന്തം ലേഖകൻ

‘എന്റെ മമ്മിയെ എനിക്കു രക്ഷിച്ചു തരണം’: കെഞ്ചി മകൾ...: മരണമുഖത്തു നിന്നും കത്ത് അയച്ച് നിമിഷയും

nimisha-priya-update

നിമിഷ പ്രിയക്കായി കാത്തിരുന്ന കണ്ണുകളിൽ പ്രതീക്ഷയുടെ പൊൻതിരിവെട്ടം. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നിമിഷയുടെ മോചനത്തിനായി ശ്രമങ്ങൾ ഊർജിതം. നിമിഷപ്രിയ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന യെമൻ പൗരന്റെ ബന്ധുക്കൾക്ക് രക്തധനം നൽകി ഒത്തു തീർപ്പിലെത്താമോ എന്ന പരിശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനായി നാലു കോടിയോളം രൂപ സമാഹരിക്കാനുള്ള പ്രചാരണ പരിപാടികളാണ് നടന്നു വരുന്നത്.

നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കുന്നതിനായി വലിയ ശ്രമങ്ങളാണ് സേവ് നിമിഷപ്രിയ എന്ന പേരിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ നടത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള അഭിഭാഷകന്റെയും എംബസിയുടെയും സഹായത്തിൽ വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയതോടെ മരണഭീതിയിലാണ് നിമിഷപ്രിയ. കേസ് സുപ്രീം കോടതിയിൽ പരിഗണനയ്ക്കു സമർപ്പിക്കാൻ അവസരമുണ്ടെങ്കിലും പുനഃപരിശോധിക്കുന്ന പതിവില്ലാത്തത് വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതിനിടെയാണ് സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ വലിയ പ്രചാരണ പരിപാടിയുമായി രംഗത്തെത്തിയത്.

തന്നെ രക്ഷിക്കുന്നതിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നവർക്കാണ് നിമിഷപ്രിയ നന്ദി അറിയിച്ച് നിമിഷ പ്രിയ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെ സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾക്കാണ് കത്ത് അയച്ചിരിക്കുന്നത്.

‘ഞാൻ നിമിഷപ്രിയ, ഈ യെമൻ ജയിലിൽനിന്ന് എന്റെ ജീവൻ രക്ഷിക്കാനായി സഹായിക്കുന്ന വിദേശത്തും സ്വദേശത്തും ഉള്ള ഓരോ ബഹുമാനപ്പെട്ടവർക്കും, പ്രത്യേകമായി സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിലിൽ ചേർന്നു പ്രവർത്തിക്കുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു’നിമിഷപ്രിയ എഴുതിയ കത്തിലെ വരികൾ ഇങ്ങനെ.

ഇതിനകം നിരവധിപ്പേർ ചെറിയ തുകകൾ നൽകാമെന്ന വാഗ്ദാനവുമായി മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും വലിയ തുക കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളെ ആക്‌ഷൻ കൗൺസിൽ പ്രവർത്തകർ സന്ദർശിച്ച് സഹായം അഭ്യർഥിച്ചിരുന്നു. പലരും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയുടെ അമ്മയും മകളും അഭ്യർഥനകളുമായി വിവിധ പ്രമുഖരെ സന്ദർശിച്ചിരുന്നു.കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ നൽകിയ സഹായ വാഗ്ദാന പ്രതീക്ഷയിലാണ് കുടുംബം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിവർക്കും സഹായം അഭ്യർഥിച്ച് കത്തയച്ചിട്ടുണ്ട്.

‘എന്റെ മമ്മിയെ എനിക്കു രക്ഷിച്ചു തരണം’ – നിമിഷപ്രിയയുടെ മകൾ ഇന്നലെ പാണക്കാട്ട് തറവാട്ടിലെത്തി സാദിഖ് അലി തങ്ങളെ കണ്ടു നടത്തിയ അഭ്യർഥനയാണിത്. അമ്മയ്ക്കും സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ അംഗങ്ങൾക്കും ഒപ്പമാണ് മകൾ പാണക്കാട്ട് എത്തിയത്. കഴിയുന്ന എല്ലാ സഹായവും നൽകാമെന്നും ഇടപെടൽ നടത്താമെന്നും അദ്ദേഹം വാഗ്ദാനം നൽകി. മറ്റു ഗൾഫ് രാജ്യങ്ങളെ പോലെ യെമനുമായി ബന്ധം കുറവാണ്. എങ്കിലും എംബസി, സർക്കാർ തലത്തിൽ ഇടപെടൽ നടത്തി നിമിഷപ്രിയയെ രക്ഷിക്കുന്നതിനുള്ള ശ്രമം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.