Monday 26 September 2022 04:44 PM IST : By സ്വന്തം ലേഖകൻ

80 കിലോ ഭാരം, 32 കിലോ കൊഴുപ്പ്! ഭർത്താവ് കട്ടയ്ക്ക് കൂടെ നിന്നു: 7 മാസം കൊണ്ട് 68ലെത്തി നിരൂപയുടെ ആത്മവിശ്വാസത്തിന്റെ കഥ

niroopa-weight-loss

പൊണ്ണത്തടി നിത്യജീവിതത്തിലെ മാത്രമല്ല സ്വപ്നങ്ങൾക്കും വിലങ്ങു തടിയാണെന്ന ബോധോദയം ഉണ്ടായപ്പോഴാണ് നിരൂപ വിനോദ് ആ തീരുമാനത്തിലെത്തിയത്. ‘തടിയെ പടിയടച്ചു പറഞ്ഞു വിട്ടിട്ടേ മറ്റെന്തുമുള്ളൂ.’

അഞ്ചു വർഷങ്ങൾ പിന്നിലേക്കു പോകുമ്പോൾ നിരൂപ വിനോദ് എന്ന 44കാരി ഇങ്ങനെയൊന്നമായിരുന്നില്ല. 80 കിലോ ഭാരത്തിന്റെ വീർപ്പുമുട്ടലും പേറി ജീവിതം ഒരേ ദിശയിൽ പൊയ്ക്കൊണ്ടിരിക്കുന്നു. രണ്ടടി എടുത്തു വച്ചാൽ തുടങ്ങും കിതപ്പ്, ആരോഗ്യ പ്രശ്നങ്ങൾ വേറെയും. ആത്മവിശ്വാസം തകർക്കുന്ന കുത്തുവാക്കുകളും നെറ്റിചുളിക്കലുകളും വേറെയും. ഇനിയും ഇങ്ങനെ പോയാൽ ശരീരം പിണങ്ങും, ആരോഗ്യം തന്നെ തകിടം മറിയും എന്ന അലാറം അടിച്ചു തുടങ്ങിയ സമയം. അവിടെ നിന്നാണ് നിരൂപ ആത്മവിശ്വാസത്തിലേക്ക് തിരികെ നടന്നത്.

‘മുപ്പതു കഴിഞ്ഞാൽ പെണ്ണുങ്ങളുടെ ശരീരം ഇങ്ങനെയൊക്കെ തന്നെയാ’ എന്ന മുൻവിധികളെ കാറ്റിൽ പറത്തി ഫിറ്റ്നസിലേക്ക് തിരികെയെത്തിയ ഒരു വീട്ടമ്മയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥകൂടിയാണിത്. വെറും ഏഴുമാസം കൊണ്ട് 80ൽ നിന്ന് 68ലേക്ക് എത്തിയ ആത്മവിശ്വാസത്തിന്റെ കഥ. ദുബായിലെ സ്വകാര്യ എയർലൈൻ കമ്പനിയിൽ കസ്റ്റമർ സൂപ്പർവൈസറായി സേവനം അനുഷ്ഠിക്കുന്ന പാലാ സ്വദേശിയായ നിരൂപ വനിത ഓൺലൈനോട് തന്റെ ഫിറ്റ്നസ് വിശേഷം പങ്കുവയ്ക്കുന്നു.

പൊണ്ണത്തടിയോട് പോരാട്ടം

‘2019ലെ ഒരു പ്രഭാതം. മെട്രോയിൽ നിന്നും ഓടിക്കിതച്ചു ഓഫി സിലെത്തി. കിതപ്പ് നില്ക്കാൻ ഒരഞ്ചു മിനിറ്റെങ്കിലും വേണം. കാലാണെങ്കിൽ കുഴഞ്ഞു. കുറച്ചു വെള്ളം കുടിച്ചു. വിയർപ്പു തുടച്ചിട്ട് സീറ്റിൽ ഇരുന്നു. കഴുത്തുവേദനക്കു ഡോക്ടർ നിർദേശിച്ച ബെൽറ്റിട്ടു പതിയെ ജോലി ചെയ്യാൻ തുടങ്ങി. ആരോഗ്യമുണ്ടായിരുന്ന കൗമാരം ഓർമയിലെത്തി എൺപതു കിലോയിലെത്തിനിൽക്കുന്ന യൗവനാന്ത്യത്തെ നോക്കി പല്ലിളിച്ചു കാണിക്കുന്നുണ്ടോ?– നിരൂപ പറഞ്ഞു തുടങ്ങുകയാണ്.

അനാവശ്യ ചിന്തകളും ആത്മവിശ്വാസക്കുറവും ശരീരഭാരത്തെപ്പോലെ മനസ്സിന്റെ ഭാരവും കൂട്ടിക്കൊണ്ടിരുന്നു. ആരോഗ്യപ്രശ്നങ്ങളിലേക്കു ശരീരം എത്തി നോക്കാൻ തുടങ്ങിയിരിക്കുന്നു. ശുദ്ധസസ്യാഹാരത്തിലേക്കു ഭക്ഷണക്രമം മാറിയിട്ട് ഇപ്പോൾ അഞ്ചാറ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നാൽ അതൊന്നും വകവെക്കാതെ ശരീരം ദിനംപ്രതി വലുതായിക്കൊണ്ടേയിരിക്കുന്നു. വിദേശവാസവും ജോലിത്തിരക്കുകളും ദൈനംദിനജീവിതക്രമങ്ങളും സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള സമയത്തെ തീരെ കുറച്ചുകൊണ്ടുവന്നിരിക്കുന്നു. ആകെ ഒരു മാറ്റമുള്ളത് എല്ലാ ആഴ്ചയിലും പുറത്തുപോയി അതാത് ആഴ്ചയിലേക്കുള്ള സാധനങ്ങൾ വാങ്ങാനുള്ള നടത്തമാണ് . അത് തന്നെ ഇപ്പോൾ മടിയായിത്തുടങ്ങിയിരിക്കുന്നു. പിന്നീട് കോവിഡ് എത്തി ജോലിയാകട്ടെ വീട്ടിലിരുന്നും. വീണ്ടും ശരീരം അനുസരിക്കാതെയായി.

അങ്ങനെയിരിക്കെ കോവിഡിന്റെ നിബന്ധനകൾക്കു അയവ് വന്ന സമയം, പതിവുപോലെ സുപ്പർമാർക്കറ്റിലേക്ക്, നല്ലപാതി വിനോദിന്റെ ഒപ്പമെത്താൻ പണിപ്പെട്ട്, എന്റെ സമ്പാദ്യമായ 80 കിലോയും വലിച്ചുകൊണ്ടു ഞാൻ നടക്കുകയാണ്. എന്നാൽ പതിവുതെറ്റിച്ചു സുപ്പർമാർക്കറ്റിൽ കയറാതെ ഒന്നാം നിലയിലേക്കുള്ള പടവുകൾ കയറുന്ന ഭർത്താവ് വിനോദിനൊപ്പം ഒട്ടൊരു സംശയത്തോടെ ഞാൻ വച്ചുപിടിച്ചു.

മുകളിലെ നിലയിൽ മുൻപ് പറഞ്ഞിട്ടെന്നപോലെ ഒരു ഫിലിപ്പീൻസ് പെൺകുട്ടി ഓട്ടോമാറ്റിക് വാതിൽ തുറന്നു. ചതി പറ്റിയോ എന്നൊരു തോന്നൽ , അതെ ഇത് ജിംനേഷ്യം തന്നെയാണ്. ഒരേ താളത്തിൽ റാപ്പ് സംഗീതം ചെറുതായി കേൾക്കുന്നുണ്ട്. ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഭീമാകാരന്മാരായ മെഷീനുകളും പല വലു പ്പത്തിലുള്ള ഭാരക്കട്ടികളും വലിയ വടവും പിന്നെ കണ്ടിട്ടിട്ടില്ലാത്ത മറ്റു ചില വസ്തുക്കളും എന്നെ നോക്കി കണ്ണിറുക്കി കാണിക്കുന്നുണ്ടോ ? എന്റെ തല കറങ്ങാൻ തുടങ്ങുന്നപോലെ. ആ നിമിഷത്തിൽ മറ്റൊരു സത്യം കൂടെ ഞാൻ തിരിച്ചറിഞ്ഞു , ആറുമാസത്തെ അംഗത്വം എടുത്തിട്ടാണ് എന്നെയിവിടെ എത്തിച്ചിരിക്കുന്നതെന്ന സത്യം. ഞെട്ടിത്തരിച്ചിരുന്ന എന്റെ ചെവിയിൽ ആ ശബ്ദം പ്രതിധ്വനിച്ചു."നാളെ മുതൽ നമ്മൾ രണ്ടാളും ജോലി കഴിഞ്ഞു ഒരു മണിക്കൂർ ഇവിടെ പരിശീലനം തുടങ്ങാൻ പോകുന്നു.” ദയനീയമായി പാതി നിറഞ്ഞ കണ്ണുകളോടെ ഭർത്താവിനെ നോക്കി ഞാൻ ചോദിച്ചു,"എന്നെക്കൊണ്ടിനി ഇതൊക്കെ പറ്റുമോ?".” നമുക്ക് ശ്രമിക്കാം,പറ്റില്ലെങ്കിൽ വിട്ടേക്കാം." പത്താം ക്ലാസുകാരിയായ നിരഞ്ജന വിനോദിന്റെ പിന്തുണയും ആത്മവിശ്വാസമേകി.

പിറ്റേന്ന് വൈകിട്ട് പരിശീലനത്തിനു മുന്നോടിയായി നടത്തിയ ശരീരവലോകന റിപ്പോർട്ടിൽ 80 കിലോയിൽ 32 കിലോയിലധികവും കൊഴുപ്പാണെന്നു കണ്ടു. മാത്രമല്ല , ശരീരപോഷണക്രമമാകെ താറുമാറായി കിടക്കുന്നു.

ജിംനേഷ്യം എന്ന് കേട്ടുകേൾവി മാത്രമുള്ള ഞാൻ എന്തുചെയ്യണമെന്ന് ആലോചിച്ചു കഷ്ടപ്പെട്ടു. തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി എന്റൊപ്പം ഭർത്താവും ചേർന്നു. പരിശീലനം ഞങ്ങൾ രണ്ടുപേരും ചേർന്നു ഒരേപോലെ ചെയ്യാൻ തുടങ്ങി . കൂടാതെ നിർദേശങ്ങളും പ്രോത്സാഹനവുമായി ഞങ്ങളുടെ പരിശീലകനും.

പതിയെപ്പതിയെ ഞാൻ ഈ സ്ഥലം ഇഷ്ടപ്പെട്ടു തുടങ്ങി. ശരീരഭാരം കുറക്കുക എന്നതിലുപരി ശരീരത്തിനനുയോജ്യമായി പാകപ്പെടുത്തിയെടുക്കുക എന്ന രീതിയാണവലംബിച്ചത്‌. 32 കിലോയിൽ നിന്നും കൊഴുപ്പ് 23 കിലോയിലെത്തി. ശരീരപോഷണനിലവാരവും മെച്ചപ്പെട്ടു. ശരീരം പതിയെപ്പതിയെ എന്റെ വരുതിലേക്കെത്തുന്നപോലെ. വണ്ണം കുറയ് ക്കുക എന്നതിലുപരി ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്തുക അതായിരുന്നു മുന്നിലുണ്ടായിരുന്ന ലക്‌ഷ്യം. ഇരുപത്തഞ്ചു വയസ്സിൽ ചെയ്യാൻ കഴിഞ്ഞത് നാല്പത്തഞ്ചിലും അമ്പത്തഞ്ചിലും ചെയ്യാൻ കഴിയണം. വർദ്ധക്യത്തിലേക്കുള്ള മുതല്കൂട്ടാവണം ആരോഗ്യമുള്ള ശരീരം.

അതെ പതിയെപ്പതിയെ ഞാൻ മാറുകയാണ്. മറന്നുവെച്ച സ്വപ്നങ്ങളെ ഞങ്ങൾ പതിയെ പൊടിതട്ടിയെടുക്കാൻ തുടങ്ങി. എട്ടുമാസങ്ങൾക്കിപ്പുറം ഹിമാലയത്തെ തൊട്ടു ,സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരെ നടന്നു കയറി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രങ്ങളിലൊന്നായ തുംഗനാഥ് സന്ദർശിച്ചു. മാത്രമല്ല ആരും അധികം പോകാനിടയില്ലാത്ത ചോപ്ടയിലും മറ്റു പലയിടങ്ങളിലും നടന്നും ഓടിയും കയറാൻ കഴിഞ്ഞു. ഇനിയും നടന്നു കയറാൻ ഉയരങ്ങളേറെ. ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല. പ്രായം വെറും സംഖ്യയാവുന്നതറിഞ്ഞു കൊണ്ട് , ആത്മ വിശ്വാസത്തെ തിരിച്ചുപിടിച്ചുകൊണ്ട് , ' ശരീരമസ്യ സംവിദാം തത്പദ്ഭ്യാം പ്രതി തിഷ്ഠതു ' എന്ന വേദമന്ത്രം പറയുന്നപോലെ എന്റെ ശരീരം എന്റെ ബുദ്ധിക്കനുസരിച്ച് എന്റെ പാദങ്ങളിൽ ഉറപ്പിച്ച്, ആരോഗ്യത്തോടെ കർമങ്ങൾ ചെയ്തുതീർക്കാൻ ഈ യാത്ര ഞങ്ങൾ തുടരട്ടെ.

മനസിൽ കുറിച്ചിട്ട ലക്ഷ്യങ്ങൾ പൂർത്തീകരിക്കുമ്പോൾ നന്ദിയോടെ ഓർക്കുന്ന ഒരാളുണ്ട്. ദുബായ് അൽ ഹമരിയ ഗോൾഡ് ജിമ്മിലെ പരിശീലകനായ പാലക്കാട്ടുകാരൻ തൗസിഫിന്റെ ടിപ്സുകൾ ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കുന്ന മുതൽക്കൂട്ടായിരിക്കും.