Tuesday 13 December 2022 04:51 PM IST

‘ഗർഭിണിയായ മകൾക്കു വേണ്ടി മാസപ്പം ഒരുക്കി തന്ന ലക്ഷദ്വീപുകാർ, ടെന്റിലെ പേടിപ്പിക്കുന്ന അനുഭവം’: നിഷ ജോസിന്റെ നദിയാത്ര

Binsha Muhammed

nisha-jose

കാടും മേടും സമതലങ്ങളും താണ്ടിയൊഴുകുന്ന നദിയ്ക്ക് ലക്ഷ്യസ്ഥാനം കടലാണ്. ആരു തടഞ്ഞു നിർത്തിയാലും തടയിണ കെട്ടിയാലും നദി ഒഴുകിക്കൊണ്ടേയിരിക്കും... ലക്ഷ്യം പൂർത്തീകരിക്കുകയും ചെയ്യും. നദികളുടെ ഹൃദയമറിയാൻ ഇറങ്ങിരിക്കുമ്പോൾ സാമൂഹ്യ പ്രവർത്തകയും ജോസ് കെ മാണി എംപിയുടെ ഭാര്യയുമായ നിഷ ജോസിനും ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ തുള്ളിയിലും ഓളങ്ങളിലും വൈവിധ്യങ്ങളുടെ കടലാഴം ഒളിപ്പിച്ച ഇന്ത്യയിലെ ഓരോ നദികളെയും തടാകങ്ങളെയും അടുത്തറിയുക. അവയുടെ പ്രധാന്യം ജനങ്ങളിലേക്കെത്തിക്കുക.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള നദികളെ അടുത്തറിയാൻ ഒരു യാത്ര. ‘വൺ ഇന്ത്യ, വൺ റിവർ’ എന്ന് പേരിട്ട നിഷ ജോസിന്റെ മഹായഞ്ജവും നദി പോലെ അനുസ്യൂതം ഇന്ത്യയിലൊട്ടുക്കും ഒഴുകിക്കൊണ്ടിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 34 നദികളിലെയും ഒരു തടാകത്തിലെയും ഒരു കുളത്തിലെയും വെള്ളം നിഷ നിധിപോലെ ശേഖരിച്ചു. നദികളുടെ മടിത്തട്ടുകളിലൂടെയുള്ള ആ യാത്ര വെറുമൊരു നേരമ്പോക്കായിരുന്നില്ല. നദികളുടെയും പരിസ്ഥിതിയുടെയും പ്രാധാന്യം പുതുതലമുറയ്ക്ക് നൽകുക എന്ന വലിയ ലക്ഷ്യം ആ യാത്രയ്ക്കുണ്ടായിരുന്നു. വെള്ളത്തിലൂടെ രാജ്യത്തെ അറിയാൻ വൈവിധ്യങ്ങളുടെ കളിത്തൊട്ടിലായ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലൂടെ ആരും കൊതിക്കുന്നൊരു യാത്ര...

‘വൺ ഇന്ത്യ, വൺ റിവർ’ യജ്ഞം സഞ്ചാരികളുടെ ഹൃദയം തൊടുമ്പോൾ, നിഷ ജോസ് വനിത ഓൺലൈനുമായി സംസാരിക്കുകയാണ്. ഫെബ്രുവരി 2022ന് ആരംഭിച്ച് നീണ്ട ഒമ്പത് മാസക്കാലത്തോളം നീണ്ടു നിന്ന ഈ യാത്ര പങ്കുവയ്ക്കുന്ന മഹത് സന്ദേശത്തിന്റെ കഥ, ഓർമകളുടെ ഡയറിയിൽ എന്നും സൂക്ഷിച്ചു വയ്ക്കാവുന്ന ആരും കൊതിക്കുന്ന ആ യാത്രയുടെ കഥ.

nisha-jose-2

നദി പോലെ നാടു ചുറ്റി...

‘അടച്ചിട്ടൊരു മുറിയിലിരുന്ന് നദികളെ കുറിച്ച് പഠനം നടത്തുന്നവരുണ്ട്. സെമിനാർ സംഘടിപ്പിക്കുന്നവരുണ്ട്. എന്നാൽ അടുത്തറിയുമ്പോഴാണ് ഇന്ത്യയിലെ ജലസമ്പത്തിന്റെ ആഴവും പരപ്പും നമുക്ക് മുന്നിൽ തെളിയുക. നമ്മുടെ സംസ്കാരങ്ങളും പൂർവകാല ജീവിതങ്ങളും പിറവികൊണ്ടത് നദീതടങ്ങളിലായിരുന്നു എന്ന് നാം പഠിച്ചിട്ടുണ്ടല്ലോ. ഭാഷയും ദേശവും അതിരുകളും താണ്ടി പോകുമ്പോൾ ഓരോ നദികൾക്കും ഓരോ മുഖമാണ്. അതിനെ അടുത്തറിയാനായിരുന്നു എന്റെ യാത്ര.’– നിഷ ജോസ് പറഞ്ഞു തുടങ്ങുകയാണ്.

സ്കൂബ ഡൈവറെന്ന നിലയിലും സാമൂഹിക പ്രവർത്തകയെന്ന നിലയിലും ഒത്തിരി യാത്രകൾ ചെയ്തു. ഒരുപാട് സദ് ഉദ്യമങ്ങളിൽ പങ്കാളിയായി. പ്രളയം കുടഞ്ഞെറിഞ്ഞ നമ്മുടെ നദികളെയും അവയെ ചുറ്റിവരിഞ്ഞ മാലിന്യങ്ങളെയും മുക്തമാക്കാൻ പല ഘട്ടങ്ങളിൽ രംഗത്തിറങ്ങി. മാലിന്യം കൊണ്ടു മൂടിയ നാനാ ദേശങ്ങളിലെ കടലുകളെയും കടൽ‌ത്തീരങ്ങളെയും സംരക്ഷിക്കാൻ എന്നിലെ സ്കൂബ ഡൈവർ സേവന സന്നദ്ധയായി. ശ്രീലങ്കയിലെ പീജിയൺ‌ ഐലൻഡ്, മലേഷ്യയിലെ പെരിൻഷ്യൻ ഐലൻസ് തുടങ്ങിയ എത്രയോ തീരങ്ങളിൽ ക്ലീനിങ് ഡ്രൈവുമായി ഞാനുൾ‌പ്പെടുന്ന സംഘം എത്തി. പക്ഷേ അവിടം കൊണ്ടും അവസാനിക്കുന്നതായിരുന്നില്ല എന്റെ യാത്രകളും പ്രയാണങ്ങളും ലക്ഷ്യങ്ങളും. ഒരു ഘട്ടത്തിൽ കലശലായ ന്യൂമോണിയ പിടിപ്പെട്ട് എല്ലാ യാത്രകൾക്കും ഫുൾ സ്റ്റോപ്പ് വീണു. എന്റെ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ തന്നെ താളം തെറ്റുന്ന അവസ്ഥയെത്തി. എല്ലാ യാത്രകൾക്കും അവധി നൽകിയുള്ള ആ ജീവിതം ശരിക്കും ഡിപ്രഷനിലേക്കാണ് കൊണ്ടു ചെന്നെത്തിച്ചത്. പക്ഷേ ശക്തമായി തിരിച്ചുവന്നു. ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കും എന്നതിനാല്‍ സ്കൂബാ ഡൈവിങ്ങിനും ക്ലീനിങ് ഡ്രൈവുകൾക്കും തത്കാലം സ്റ്റോപ്പിട്ടു. കയാക്കിങ്ങിലാണ് പിന്നെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ അപ്പോഴും എന്നിലെ ‘റെസ്പോൻസിബിൾ ഡൈവർ’ അടങ്ങിയിരുന്നില്ല.

nisha-jose-4

ഒരു നാടിന്റെ എല്ലാ വൈവിധ്യങ്ങളെയും സംസ്കാരങ്ങളെയും ആവാഹിക്കുന്ന നദികളെക്കുറിച്ച് അറിയാൻ ഇറങ്ങിത്തിരിക്കണമെന്ന ഐഡിയ തലയിൽ മിന്നുന്നത് അങ്ങനെയാണ്. തുടക്കത്തിൽ കേരളത്തിലെ നദികളെ കുറിച്ച് അറിയാൻ ഒരു ഓൾ കേരള യാത്ര അത്രയേ കരുതിയുള്ളൂ. പക്ഷേ ആഗ്രഹത്തിന്റെ കടിഞ്ഞാൺ എന്നെയും കൊണ്ട് കേരളവും കടന്നു പോയി. നദിയും മനുഷ്യനും തമ്മിലുള്ള ‘കണക്ഷൻ.’ അത് വിളിച്ചു പറയുന്നതാകണം എന്റെ യാത്രയെന്നുറപ്പിച്ചു. ‘വൺ ഇന്ത്യ, വൺ റിവർ’ യാത്രയ്ക്ക് അങ്ങനെയാണ് തുടക്കമാകുന്നത്.

നദികളുടെ ഹൃദയമറിഞ്ഞ്

കഴിഞ്ഞ് ഫെബ്രുവരി 6ന് ഹിമാചലിൽ നിന്നാണ് ഞാൻ മനസിൽ കുറിച്ചിട്ട സ്വപ്നനയാത്രയുടെ ടേക്ക് ഓഫ് സംഭവിക്കുന്നത്. പുതിയ നാടുകൾ, പുതിയ കാലാവസ്ഥ, വ്യത്യസ്തമായ ജീവിത സാഹചര്യങ്ങൾ. മുന്നിലുള്ള യാത്രയിൽ വെല്ലുവിളികൾ ഒരുപാടുണ്ടായിരുന്നു. ജോസ് കെ മാണി എംപിയുടെ ഭാര്യയായല്ല, സാധാരണയിലും സാധാരണക്കാരിയായി യാത്ര ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചത്. നദികൾ കടന്നു പോകുന്ന ചെങ്കുത്തായ പ്രദേശങ്ങളിൽ ടെന്റുകളിൽ താമസിച്ചു. മഞ്ഞും, ചൂടും, കാറ്റും, മഴയും എല്ലാം അനുഭവിച്ചു. ദേശവും ഭാഷയും സംസ്കാരവും വീടുകളും ഭക്ഷണവുമൊക്കെ മാറിക്കൊണ്ടിരുന്നു. പക്ഷേ എന്നെ കണക്റ്റ് ചെയ്ത് നിർത്തിയത് നദികൾ മാത്രം.

nisha-jose1

ഓരോ നാടും ഓരോ അനുഭവങ്ങളാണ് എനിക്ക് സമ്മാനിച്ചത്. ലക്ഷദ്വീപുകാർ സ്നേഹവും കരുതലും കൊണ്ടാണ് എന്നെ വരവേറ്റത്. അവിടെ നദികളില്ല, പകരം തടാകങ്ങൾ മാത്രം. അവിടെ എന്നെ എത്തിക്കാനും കൂടെ വരാനും ആ നാട്ടുകാർ ആവേശത്തോടെ നിന്നു. മകൾ പ്രിയങ്കയുടെ പ്രസവവുമായി ബന്ധപ്പെട്ട ഏഴാം മാസത്തിലെ ചടങ്ങിലേക്ക് ലക്ഷദ്വീപുകാരുടെ സ്പെഷ്യല്‍ വിഭവമായ ‘മാസപ്പം’ വാങ്ങിക്കൊണ്ടു പോകാൻ തീരുമാനിച്ചു. പക്ഷേ അതിന്റെ കാശ് വാങ്ങാൻ അവർ കൂട്ടാക്കിയില്ല. ഞങ്ങളുെട മോളെപ്പോലെയാണ് അവൾ... പിന്നെങ്ങനെയാ കാശ് വാങ്ങുന്നത് എന്നായി അവർ. അതുമാത്രമല്ല, അവിടുന്നുള്ള ഒരുപാട് വിഭവങ്ങളും എനിക്കു വേണ്ടി വാങ്ങിത്തന്നു. അവിടെ എന്റെ സ്പോൺസറായിരുന്ന തണൽ ഓർഗനൈസേഷനിലെ മൗലാന എന്ന വ്യക്തിയും അദ്ദേഹത്തിന്റെ ഭാര്യ അയിഷാബിയും ഏറ്റവും രുചിയുള്ള വിഭവങ്ങൾ ഒരുക്കി. അവിടുത്തെ ലോക്കൽ ബോഡി മെമ്പറായ നൂർ ജഹാൻ, റസിയ ബീഗം, മുഹ്സിൻ, കുഞ്ഞുബീ എന്നിവരും എനിക്ക് വേണ്ടി നല്ല ആതിഥേയരായി.

സിക്കിമിലെ നദീതീരത്തുള്ള ടെന്റിലെ താമസം ശരിക്കും സംഭവബഹുലമായിരുന്നു. നദീതീരങ്ങളിലെ കാറ്റും കുളിരുമേറ്റുള്ള രാത്രികാലം ഒരിക്കലും മറക്കില്ല. ഉറങ്ങിക്കിടക്കുമ്പോൾ എന്റെ ടെന്റിന് അടുത്തൂടെ കുറുക്കനെ പോലെ എന്തോ ഒരു ജീവി ചീറിപ്പാഞ്ഞു പോയി. അന്നേരം തെല്ലൊന്നു ഭയന്നെങ്കിലും ഇപ്പോൾ ഓർക്കുമ്പോൾ ആവേശം കൊള്ളാറുണ്ട്. സിക്കിമിലെ രൗദ്രഭാവം പൂണ്ടെത്തുന്ന രംഗീത് നദിയും ആ നദിയുമായി കൂടിച്ചേരുന്ന ശാന്തസ്വരൂപിയായ ടീസ്റ്റ നദിയും സുഖമുള്ള ഓർമയായി എന്റെ ഹൃദയത്തിലുണ്ട്. യാത്രയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നദീതീരങ്ങളിൽ കഴിയുന്ന 42 ആദിവാസി സമൂഹവുമായി സംവദിക്കാൻ കഴിഞ്ഞത് മറ്റൊരു സൗഭാഗ്യം.

കടന്നു പോയ ദിവസങ്ങൾ സമ്മാനിച്ച നദിയോർമകളെ ഞാനവിടെ കളഞ്ഞിട്ടില്ല വന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 34 നദികളിലെയും തടാകത്തിലെയും കുളത്തിലെയും വെള്ളം ബോട്ടിലുകളിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. ഓർമകളുടെ അടയാളപ്പെടുത്തലുകളായി.

nisha-jose-3

49 വയസ് പൂർത്തിയാകുന്നു എനിക്ക്. ജീവിതത്തിൽ എന്ത് ബാക്കിയാക്കുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ ആ യാത്ര സമ്മാനിച്ച സുന്ദരമായ ഓർമകളെ ‍ഞാൻ മുന്നിലേക്ക് വയ്ക്കും. യെസ് ഇറ്റ്സ് മൈ സിഗ്നേച്ചർ...

ഹിമാചലിൽ നിന്നും തുടങ്ങിയ എന്റെ യാത്ര ഈയടുത്ത ദിവസം. ദേശം പെരിയാർ ക്ലബ്ബിൽ നടന്ന ഗ്രാൻഡ് ഫിനാലെ ചടങ്ങോടെയാണ് സമാപിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച് പെരിയാറിൽ നിന്ന് വെള്ളം ശേഖരിച്ചതോടെയാണ് ആ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ശേഖരിച്ച വെള്ളം രാഷ്ട്രപതിക്ക് സമർപ്പിക്കാനാണ് പദ്ധതി. രാഷ്ട്രപതിപ്പ് ഔദ്യോഗികമായി മെയിൽ അയച്ചിട്ടുണ്ട്. ഇനി കാത്തിരിപ്പാണ്.– നിഷ ജോസ് പറഞ്ഞു നിർത്തി.