Saturday 21 May 2022 09:45 AM IST : By സ്വന്തം ലേഖകൻ

സ്വീകരിക്കാൻ കാത്തിരുന്നു, കിട്ടിയത് ജലീലിന്റെ മൃതദേഹം: രണ്ടു വർഷം മുമ്പ് സന്തോഷത്തോടെ യാത്രയായവൻ തീരാനോവ്

jaleel-body കൊല്ലപ്പെട്ട അബ്‌ദുൽ ജലീലിന്റെ മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

 രണ്ടു വർഷം മുൻപ് സന്തോഷത്തോടെ ജിദ്ദയിലേക്കു യാത്രയാക്കിയ ഭാര്യയും മക്കളും പ്രായമായ അമ്മയും കഴിഞ്ഞ 15 മുതൽ 5 ദിവസം വഴിക്കണ്ണുമായി ജലീലിനെ കാത്തിരിക്കുകയായിരുന്നു. 15നു രാവിലെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം ദുരൂഹ സംഭവങ്ങൾ ഏറെ ഉണ്ടായെങ്കിലും ഭർത്താവ് ഉടൻ എത്തുമെന്ന കണക്കുകൂട്ടലിലായിരുന്നു ഭാര്യ മുബഷിറ. 17 വരെ ഫോണിൽ ഇടയ്ക്ക് സംസാരിക്കുകയും ചെയ്തിരുന്നു.

18ന് വിവരം ഒന്നും ഇല്ലായിരുന്നു. 19നു രാവിലെ അജ്ഞാതൻ നെറ്റ്കോളിൽ വിളിച്ച് അറിയിച്ച പ്രകാരം 9.30ന് പെരിന്തയിൽമണ്ണയിലെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ജലീലിനെ കുടുംബം കാണുന്നത്. ശരീരമാസകലം മർദനമേറ്റ പരുക്കുണ്ടായിരുന്നു. ‘മീൻ വരഞ്ഞ പോലെ കത്തികൊണ്ട് വരഞ്ഞ ശരീരമാണു കണ്ടത്’– ജലീലിന്റെ ബന്ധുക്കളിലൊരാൾ സങ്കടത്തോടെ പറയുന്നു. രക്ഷപ്പെടാനുള്ള സാധ്യത 30 ശതമാനം മാത്രമേ ഉള്ളൂ എന്ന് ഡോക്ടർമാർ അപ്പോൾ തന്നെ അറിയിച്ചിരുന്നു. ശരീരമാസകലം മുറിവേറ്റതിന്റെ ആഘാതത്താൽ വൃക്കകൾ അടക്കം തകരാറിലായിരുന്നു.

ഇന്നലെ പുലർച്ചെ 12.15നായിരുന്നു കുടുംബത്തെയും നാടിനെയും തീരാ നൊമ്പരത്തിലാക്കിയ വിയോഗം. മലപ്പുറം ജില്ലയിലെ മേലാറ്റൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ആക്കപ്പറമ്പിൽ റോഡരികിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നു പറഞ്ഞാണ് ജലീലിനെ ഒരാൾ ആശുപത്രിയിൽ എത്തിച്ചത്. ഉമ്മയും ഭാര്യയും 3 മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ജലീലിന്റെ മരണത്തോടെ ഇല്ലാതായത്. 10 വർഷമായി ഗൾഫിലാണെങ്കിലും അഗളിയിൽ 3 സെന്റ് സ്ഥലവും പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച കൊച്ചു വീടുമല്ലാതെ കാര്യമായ സമ്പാദ്യമൊന്നുമില്ല.

2 വർഷം മുൻപാണ് ഇപ്പോഴത്തെ ജോലിക്കായി പോയത്. ഹൗസ് ഡ്രൈവറായിരുന്നു. തുച്ഛമായ വരുമാനം നാട്ടിലേക്ക് കൃത്യമായി അയച്ചുകൊടുത്തിരുന്നു. മൂത്ത മകന് 20 വയസ്സുണ്ട്. രണ്ടാമത്തെയാൾ പത്താം ക്ലാസിലും ചെറിയ കുട്ടി ഏഴാം ക്ലാസിലും പഠിക്കുന്നു.പരിചിതർക്കെല്ലാം പ്രിയങ്കരനായിരുന്നു ജലീൽ. എപ്പോഴും ചിരിയോടെ മാത്രമേ ജലീലിനെ കാണാറുള്ളൂ എന്ന് സുഹൃത്തുക്കൾ ഓർക്കുന്നു. അടുത്തവർക്കെല്ലാം സന്തോഷം പകരുന്ന സ്വഭാവമായിരുന്നു. രണ്ടു വർഷത്തോളം പത്രവിതരണക്കാരനായിരുന്നു.ഡ്രൈവറായും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരനായും ജോലി ചെയ്തിട്ടുണ്ട്. 15നു ജലീൽ വീട്ടിലെത്തുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ.

നെടുമ്പാശേരിയിൽനിന്ന് സുഹൃത്തിനോടൊപ്പം പെരിന്തൽമണ്ണയിൽ എത്തുമെന്ന് പറഞ്ഞ ജലീലിനെ കൂട്ടിക്കൊണ്ടുവരാൻ 15ന് വാഹനവുമായി പോയ ഭാര്യയും മകനും ജലീൽ പറഞ്ഞതനുസരിച്ച് മണ്ണാർക്കാട്ടുനിന്നു വീട്ടിലേക്കു മടങ്ങിയിരുന്നു.പിന്നീടുള്ള ദുരൂഹത നിറഞ്ഞ മണിക്കൂറുകൾ നാടിനും വീടിനും ആശങ്കകളുടേതായിരുന്നു. സ്വർണക്കടത്തു സംഘത്തിന്റെ ഇരയായത് ആകാമെന്നാണ് ബന്ധുക്കളുടെ സംശയം. ഒടുവിൽ മരണ വിവരമറിഞ്ഞതോടെ കുടുംബം തളർന്നുപോയി. ഇന്നലെ വൈകിട്ട് ആറരയോടെ എത്തിച്ച മൃതദേഹം രാത്രിയാണ് അഗളി ഖബർസ്ഥാനിൽ മറവുചെയ്തത്.

മാതാവ് ആസിയ അടക്കമുള്ളവരെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും തളർന്നു. ഭാര്യ മുബഷിറ നാലു ദിവസമായി ഭക്ഷണം പോലും കഴിക്കാതെ ഭർത്താവിന്റെ വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു. 19ന് ആശുപത്രിയിൽ എത്തിയപ്പോൾ അബോധാവസ്ഥയിലാണു കണ്ടതെങ്കിലും ചികിത്സ കഴിഞ്ഞ് ഭർത്താവിനെയും കൂട്ടി ഉടൻ വീട്ടിലേക്കു മടങ്ങാമെന്നായിരുന്നു പ്രതീക്ഷ. ജീവനെങ്കിലും തിരിച്ചുകിട്ടിയിരുന്നെങ്കിലെന്ന് മനമുരുകി പ്രാർഥിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു.

jaleel-body

കാത്തിരിപ്പിനൊടുവിൽകണ്ടു; മൃതപ്രായനായ ജലീലിനെ

പാലക്കാട് ∙ വർഷങ്ങൾക്കു ശേഷം ഗൃഹനാഥൻ വരുന്നതിന്റെ സന്തോഷത്തിലായിരുന്ന അഗളിയിലെ വീട്ടിലേക്ക് ഇടിത്തീ പോലെയാണു ജലീൽ ആശുപത്രിയിലാണെന്ന വാർത്തയെത്തിയത്. 15നു രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയെന്നുപറഞ്ഞ് വിളിച്ചയാളെയാണു പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ക്രൂരമായി മർദനമേറ്റ നിലയിൽ കുടുംബം കാണുന്നത്. 15 മുതൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കുടുംബം പറയുന്നത് ഇങ്ങനെ:

മേയ് 15, രാവിലെ 9:45

ഭാര്യ മുബഷിറയെ ജലീൽ വിളിച്ചു. വിമാനത്താവളത്തിൽ ഇറങ്ങിയെന്നും സുഹൃത്തിന്റെ വാഹനത്തിൽ പെരിന്തൽമണ്ണയിലെത്താമെന്നും പറഞ്ഞു. കൂട്ടിക്കൊണ്ടുപോകാൻ അങ്ങോട്ടു വന്നാൽ മതിയെന്നു പറഞ്ഞു. 

മേയ് 15, ഉച്ചയ്ക്ക് 12 

ജലീലിന്റെ നിർദേശപ്രകാരം മുബഷിറയും മകനും കാർ വിളിച്ചു പെരിന്തൽമണ്ണയിലേക്കു പുറപ്പെട്ടു. മണ്ണാർക്കാട്ട് എത്തിയപ്പോൾ ജലീലിന്റെ വിഡിയോ കോൾ. കസ്റ്റംസിന്റെ പിടിയിലാണെന്നും വരാൻ വൈകുമെന്നതിനാൽ മടങ്ങിപ്പൊയ്ക്കൊള്ളാനും നിർദേശം. എന്നാൽ, വിഡിയോ കോൾ ആയതിനാൽ കസ്റ്റംസിന്റെ പിടിയിലായിരിക്കാൻ സാധ്യതയില്ലെന്നാണു കുടുംബത്തിന്റെ സംശയം.

മേയ് 16

കുടുംബം അഗളി പൊലീസിൽ പരാതി നൽകി. വൈകുമെന്നു ജലീൽ പറഞ്ഞതായി അറിയിച്ചതിനാൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. ഇതിനിടെ, പൊലീസിൽ പരാതിപ്പെട്ട കാര്യം ശബ്ദ സന്ദേശത്തിലൂടെ ഭാര്യ ജലീലിനെ അറിയിച്ചു. ഇതിനു പിന്നാലെ ഭാര്യയെ വിളിച്ച ജലീൽ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. സെക്കൻഡുകൾ മാത്രമാണു സംസാരം നീണ്ടത്.

റിസോർട്ട് ഉടമയുടെ ഫോൺ

16നു രാവിലെ അട്ടപ്പാടിയിലെ ഒരു റിസോർട്ട് ഉടമ ജലീലിന്റെ ബന്ധുവിനെ വിളിച്ച് ജലീലിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടത്തി. അഗളിയിൽ മുൻപ് താമസിക്കാനെത്തിയ പരിചയത്തിൽ ചിലർ ജലീലിനെക്കുറിച്ച് അറിയാൻ റിസോർട്ട് ഉടമയെ വിളിച്ചതുപ്രകാരമാണ് ഇദ്ദേഹം ബന്ധുവിനോട് സംസാരിച്ചതെന്നാണു വിവരം. സ്പെഷൽ ബ്രാഞ്ച് സംഘം ഇന്നലെ ഈ ബന്ധുവിനെ അറിയിച്ചതായി പറയുന്നു.

മേയ് 17, വീണ്ടും ഫോൺ

∙ വീണ്ടും ജലീൽ ഭാര്യയെ വിളിച്ചു പരാതി പിൻവലിച്ചോയെന്ന് അന്വേഷിച്ചു. പിൻവലിച്ചെന്നു പറഞ്ഞപ്പോൾ അടുത്ത ദിവസം വീട്ടിലെത്തുമെന്നു പറഞ്ഞു.

മേയ് 18, രാവിലെ

∙ ഭർത്താവ് പെരിന്തൽമണ്ണ ആശുപത്രിയിലുണ്ടെന്ന് ഇന്റർനെറ്റ് കോൾ വഴി ഒരാൾ മുബഷിറയെ വിളിച്ചറിയിക്കുന്നു. ഉടൻ ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലെത്തിയപ്പോൾ കാണുന്നത് അബോധാവസ്ഥയിൽ കിടക്കുന്ന ജലീലിനെ. ദേഹമാസകലം കത്തികൊണ്ടു വരഞ്ഞതുപോലുള്ള പരുക്കുണ്ടായിരുന്നു. 20നു പുലർച്ചെ ജലീൽ മരിച്ചു.