Saturday 30 July 2022 02:17 PM IST : By സ്വന്തം ലേഖകൻ

‘ജോലിയും ജീവിതവുമായി തിരക്കിലാകുമ്പോഴും ഈ ഇഷ്ടത്തിനു വേണ്ടി സമയം മാറ്റിവയ്ക്കും’: പച്ചിലക്കാട്ടിലെ പെൺകൂട്ട്

nature-society ലക്ഷ്മി, ശ്രീദേവി,ഷിബി, ബിന്ദു, ലേഖ എന്നിവർ പക്ഷിനിരീക്ഷണ യാത്രയ്ക്കിടയിൽ

കാട്ടിലെ തുമ്പികളുടെയും ചിത്രശലഭങ്ങളുടെയും എണ്ണമെടുത്ത്, പാടവരമ്പത്തിരിക്കുന്ന കിളികൾക്കു പിന്നാലെ പറന്നു ചിത്രമെടുത്ത്, പുലരികളിൽ തീരങ്ങളിൽ കടൽപക്ഷികൾ വ രുന്നതും കാത്തിരുന്ന്... തിരക്കു പിടിച്ച ജീവിതത്തെ മെല്ലെപ്പോക്കിലേക്ക് പൊഴിച്ചിടുന്ന ഒരു കൂട്ടം സ്ത്രീകൾ. പക്ഷിനിരീക്ഷണത്തിനായി ചിറകു വിടർത്തുന്ന ‘ഒരേ തൂവൽപക്ഷികൾ.’

‘‘ഞങ്ങളെല്ലാവരും ചെറുപ്പം തൊട്ടേ പക്ഷിനിരീക്ഷണം ഇഷ്ടമുള്ളവരായിരുന്നു. ജോലിയും ജീവിതവുമായി പിന്നീട് തിരക്കിലായെങ്കിലും ഇത്തിരി സമയം ഇഷ്ടത്തിനു വേണ്ടി മാറ്റിവയ്ക്കണമെന്നു തീരുമാനമെടുത്തു. അങ്ങനെയാണ് കോട്ടയം നേച്ചർ സൊസൈറ്റിയുടെ ഭാഗമാകുന്നത്.

കേരളത്തിൽ പക്ഷിനിരീക്ഷണം നടത്തുന്ന ‘ഒരേ തൂവൽ പക്ഷികൾ’ എന്ന പെൺകൂട്ടായ്മയിലെ ഷിബി മോസസ് പറഞ്ഞു തുടങ്ങി.

ദേശാടനപക്ഷികളെ കാത്ത്

‘‘പക്ഷിനിരീക്ഷണത്തിനു പോകുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന കിളിക്കൂടുകൾ ശേഖരിക്കുന്ന ഹോബി എനിക്കുണ്ടായിരുന്നു. നേച്ചർ സൊസൈറ്റിയുടെ ക്യാംപിൽ വച്ചാണ് ഞങ്ങളെല്ലാവരും കണ്ടുമുട്ടുന്നത്. ഡോക്ടറും അധ്യാപികയും മാധ്യമ പ്രവർത്തകയും സർക്കാർ ഉദ്യോഗസ്ഥയും എല്ലാവരുമുണ്ട് കൂട്ടത്തിൽ.

ആദ്യമൊക്കെ ഞാനും ശ്രീദേവിയും കൂടിയായിരുന്നു യാത്രകൾ. 2008ല്‍ വള്ളക്കടവിലേക്ക് നടത്തിയതായിരുന്നു ഞങ്ങളുടെ ആദ്യ യാത്ര. പുലർച്ചെ രണ്ടുമണിക്ക് കോട്ടയത്തു നിന്നു കെഎസ്ആർടിസി ബസ്സിൽ കയറി അവിടെയെത്തി പക്ഷിനിരീക്ഷണം നടത്തി തിരിച്ചു വന്നു. അതു ഞങ്ങൾക്കു തന്ന ആത്മവിശ്വാസം ചെറുതല്ല. പിന്നീട് കൂടുതൽ പേർ കൂട്ടായ്മയിലേക്ക് എത്തിതുടങ്ങി. ഡോ.ലക്ഷ്മി ജയകുമാർ, ലേഖ സൂസൻ ജേക്കബ്, മായ, ബിന്ദു കൃഷ്ണൻ എന്നിവരാണ് സ്ഥിരം അംഗങ്ങൾ.

കാടിനെ അറിയുക എന്നതും ഞങ്ങളുടെ ലക്ഷ്യമാണ്. മരങ്ങളും ചെടികളും നിശാശലഭങ്ങളും എല്ലാം നിരീക്ഷണത്തിൽപ്പെടും. കാടിനുള്ളിൽ ഒരിലപോലും ഞങ്ങൾ നുള്ളാറില്ല.

യാത്രകളിലുടനീളം പാട്ടും തമാശകളും പൊട്ടിച്ചിരികളുമായിരിക്കും. പക്ഷേ, പക്ഷികളെ നോക്കാൻ തുടങ്ങിയാൽ പിന്നെ, ഓരോരുത്തരും അവരവരുടെ നിരീക്ഷണങ്ങളുമായി തിരക്കിലാകും. ‘പെക്ടറൽ സാൻഡ് പെപ്പർ’ എന്ന അപൂർവ ദേശാടന പക്ഷിയെ കേരളത്തി ൽ മൂന്നാമത് കണ്ടത് ഞങ്ങളാണ്. ഇന്ത്യയിൽ തന്നെ അ‍ഞ്ചാമതും. ‘ഇ – ബേർഡ്’ എന്ന ഇന്റർനാഷനൽ ബേർ‍ഡ് വാച്ചിങ് കമ്യൂണിറ്റിയിലേക്ക് വിവരങ്ങളും ഫോട്ടോകളും നൽകാറുണ്ട്.

കാട്ടിലേക്കു കയറുമ്പോൾ അതിനനുസരിച്ചുള്ള വസ്ത്രധാരണവും കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. ഒച്ച വയ്ക്കാതെ നടന്നു മണിക്കൂറുകളോളം ഒരേയിടത്തു ശ്രദ്ധ പതിപ്പിച്ചു ഇരിക്കണം. അത്ര എളുപ്പമല്ല അത്.

ബൈനോക്കുലറും ക്യാമറയുമായാണ് പ ക്ഷിനിരീക്ഷണത്തിനിറങ്ങുന്നത്. ഇക്കഴിഞ്ഞ മൂഴിയാർ യാത്രയിലാണ് എന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചത്. അതു മറക്കാനാകാത്ത ഓർമയാണ്.’’