Monday 16 May 2022 12:50 PM IST : By ഈശ്വരൻ ശീരവള്ളി

8 വർഷമായി ഹിമാലയൻ പാതകളിലെ വഴികാട്ടി... കൊടുങ്ങല്ലൂർക്കാരി അനു പഹാഡി മല്ലുവായ കഥ

pahadi-mallu-sherin-anu

ഹരനിലേക്കും ഹരിയിലേക്കുമുളള വഴി തുടങ്ങുന്നത് ഹരിദ്വാറിൽ നിന്ന്. ശൈവ–വൈഷ്ണവ പാരമ്പര്യങ്ങളുടെ മഹാസന്നിധാനമായ ഹിമാലയത്തിലേക്കുള്ള യാത്രയുടെ തുടക്കവും ഹ രിദ്വാറാണ്. മഞ്ഞുറഞ്ഞ ഹിമാലയൻ സൗന്ദര്യത്തിലേക്ക് നയിക്കാൻ ഇതാ, ഒരു മലയാളി ഗൈഡ്. ഉത്തരാഖണ്ഡിലെ ഹിമപാതകൾ ഉള്ളംകൈവര പോലെ നിശ്ചയമുള്ള കൊടുങ്ങല്ലൂർകാരി അനു ഷെറിൻ.

എട്ടുവർഷമായി അനു ഹിമാലയൻ പാതകളിൽ ഗൈഡ് ആയി ജോലി ചെയ്യുന്നു. സഞ്ചാരികൾ പഹാഡി മല്ലുവെന്നും (പർവത വാസിയായ മലയാളി ) നാട്ടുകാർ അനു നൗട്ടിയാൽ എന്നും വിളിക്കുന്ന മുപ്പത്തിനാലുകാരി. ‘‘യാത്രയെ സ്നേഹിച്ച് ഹിമാലയത്തിൽ സ്ഥിരതാമസമാക്കിയ ആളല്ല ഞാൻ. ജോലിതേടി ഇവിടെയെത്തിയതാണ്. ഉത്തരാഖണ്ഡ് പ്രധാനമായും രണ്ടു പ്രവിശ്യകളാണ്. ഗഡ്‌വാളും കുമയൂണും. നമ്മൾ കൂടുതലായി കേട്ടുപരിചയിച്ച ബദ്‌രി, കേദാർനാഥ് ഒക്കെ ഗഡ്‌വാൾ മേഖലയിലാണ്.

പർവതഗ്രാമങ്ങളിലെ പുനരധിവാസത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡ് സർക്കാർ റിവേഴ്സ് മൈഗ്രേഷൻ പ്രോഗ്രാം നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഗഡ്‌വാളിൽ എത്തുന്നത്. അക്കാലയളവിൽ ഈ നാട് എന്നെ ഹൃദയം നൽകി സ്നേഹിച്ചു. ഞാൻ തിരിച്ചും.

അങ്ങനെ ഇവിടെ തന്നെ തുടരാൻ ഒരു ജോലി കണ്ടെത്താനുള്ള ശ്രമമായി. ഹിമാലയൻ വഴികളിലൂടെയുള്ള നിരന്തര സഞ്ചാരത്തിൽ ഞാനറിയാതെ മനസ്സ് ഈ മഞ്ഞിലുറച്ചു. മൗണ്ടനിയറിങ് ഗൈഡ് എന്ന പ്രഫഷൻ സ്വീകരിച്ചാലോ എന്നു തോന്നി. എന്നും ഹിമാലയത്തിൽ തന്നെ കഴിയാമല്ലോ. അങ്ങനെ സ്വകാര്യ ടൂർ ഓപ്പറേറ്റിങ് സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പിൽ കോഴ്സിന് ചേർന്നു. അതിനുശേഷം അവർക്കു വേണ്ടി ജോലി ചെയ്തു. ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്ങിൽ നിന്നുള്ള അഡ്വാൻസ്ഡ് കോഴ്സും പൂർത്തിയാക്കി. നേപ്പാളിൽ നിന്ന് മൗണ്ടൻ റെസ്ക്യു കോഴ്സും പഠിച്ചു.

ഇവിടെ തന്നെ തുടരണമെന്നും കൂടുതലാളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ ബജറ്റ് ട്രാവൽ പ്രോഗ്രാമിൽ ഹിമാലയൻ മലനിരകളിലേക്ക് എത്തിക്കണമെന്നും ആഗ്രഹം തോന്നി. അങ്ങനെയാണ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി കോഴ്സ് കൂടി പഠിച്ചത്.

സ്വന്തം സംരംഭം ഇപ്പോഴും സ്വപ്നത്തിൽ തുടരുന്നു. മുന്നോട്ടുള്ള യാത്രയിൽ അതും നടക്കുമെന്നാണ് പ്രതീക്ഷ’’ സൂര്യപ്രഭയിൽ സ്വർണനിറമാർന്ന ഹിമാലയം പോലെ അ നുവിന്റെ വാക്കുകളിൽ ഭാവി തിളങ്ങുന്നു.

ഉത്തരാഖണ്ഡ് സർക്കാരിനു കീഴിലുള്ള ഗഡ്‌വാൾ മ ണ്ഡൽ വികാസ് നിഗം ലിമിറ്റഡിൽ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുകയാണ് അനു ഇപ്പോൾ.

പോളിടെക്നിക്കുമായി മലകയറ്റം

കയ്യിലൊരു പോളിടെക്നിക് ഡിപ്ലോമയുമായാണ് അനു നേരെ ഹിമാലയം കയറിയത്. ‘‘കുന്നംകുളം ഗവ. പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ കോഴ്സ് പാസായി. അച്ഛൻ ഉണ്ണികൃഷ്ണന് ഗൾഫിലായിരുന്നു ജോലി. അമ്മ ജലജ. അനുജൻ ആൽവിൻ. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം എനിക്കായി. വായനയും യാത്രയും ഒരുപാട് ഇഷ്ടമുള്ള ആളായിരുന്നു അച്ഛൻ. നാട്ടിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിക്ക് കയറിയെങ്കിലും വീട്ടുകാര്യങ്ങൾ നടത്താനുള്ള ശമ്പളം ഉണ്ടായിരുന്നില്ല. ഗൾഫ് കാലത്തെ അച്ഛന്റെ സുഹൃത്താണ് ജയനാരായൺ നൗട്ടിയാൽ. നാട്ടിൽ തിരിച്ചെത്തിയിട്ടും കത്തുകളിലൂടെ അവർ സൗഹൃദം തുടർന്നു. അച്ഛൻ മരിച്ചപ്പോൾ അദ്ദേഹവും കുടുംബവും വന്നിരുന്നു.

ഞങ്ങളുടെ സ്ഥിതി മനസ്സിലാക്കി അദ്ദേഹമാണ് റിവേഴ്സ് മൈഗ്രേഷൻ പ്രോഗ്രാമിനെക്കുറിച്ച് പറഞ്ഞത്. ഇവിടെ എത്തിയതു മുതൽ ഇന്നോളം മകളെ പോലെ എന്നെ സംരക്ഷിക്കുന്നത് അദ്ദേഹവും കുടുംബവുമാണ്. അവർ ഗ ഡ്‌വാളി ബ്രാഹ്മണരാണ്. അദ്ദേഹത്തിന്റെയും ഭാര്യ വിമലയുടെയും വളർത്തുമകൾ എന്ന സ്നേഹത്തിലാണ് നാട്ടുകാർ എന്നെ അനു നോട്ടിയാൽ എന്നു വിളിക്കുന്നത്.

ഇവിടെ അമർ ഉജാല എന്ന പ്രസിദ്ധീകരണത്തിൽ എ ന്നെക്കുറിച്ച് വന്ന വാർത്തയുടെ തലക്കെട്ടാണ് ‘പഹാഡി മല്ലു’. പിന്നെ, പലരും വിളിച്ച് സഞ്ചാരികൾക്കിടയിൽ ആ പേരുറച്ചു. നാട്ടിൽ നിന്നു വന്നു പോകുന്നവർ പിന്നീട് പലഹാരങ്ങളൊക്കെ പാഴ്സലായി അയച്ചു തരാറുണ്ട്. ഇന്നലെ കോഴിക്കോട് നിന്നുള്ള സുഹൃത്ത് അയച്ചു തന്ന സമ്മാനം കിട്ടി. നല്ല കോഴിക്കോടൻ ഹൽവ. എത്ര ദൂരെ ആ യാലും നാടിന്റെ മധുരത്തോളം വരില്ല ഒന്നും.

തെക്ക് കേരളത്തിൽ നിന്നൊരു പെൺകുട്ടി ഹിമാലയ പർവതത്തിൽ വഴികാട്ടിയായി ജോലി ചെയ്യുന്നു എന്നറിഞ്ഞപ്പോൾ പലർക്കും അദ്ഭുതമായിരുന്നു. ആദി ശങ്കരന്റെ നാട്ടിൽ നിന്നു വന്നയാൾ എന്ന വിശേഷണത്തോടെ ചില ർ സ്നേഹം പ്രകടിപ്പിക്കും.

എന്റെ ഒന്നാമത്തെയും നൂറാമത്തെയും ആത്മവിശ്വാസം ഞാനൊരു മലയാളി ആണെന്നതാണ്. ഒരു പഹാഡി ആണെന്നതാണ് എന്റെ അഭിമാനം. ’’

കേദാർനാഥ് ക്ഷേത്രത്തിനു രണ്ടര കിലോമീറ്റർ അകലെയുള്ള രുദ്ര ഗുഹയിൽ അനു ഷെറിൻ. ഇവിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിലിരുന്നത്.

കേദാർഖണ്ഡയുടെ പാഠം

പരിശീലനകാലത്ത് ഉത്തരകാശിക്കു സമീപത്തെ മലകളി ൽ ചെറിയ ട്രെക്കിങ്ങിനു കൊണ്ടുപോയാണ് പ്രായോഗിക പരിചയം നൽകിയത്. പരിശീലനം പൂർത്തിയായപ്പോൾ ഏജൻസിയിൽനിന്ന് കേദാർഖണ്ഡയിലേക്കാണ് ആദ്യം വിടുന്നത്. മഞ്ഞുകാല ട്രെക്കിങ്ങ് ആണ് കേദാർഖണ്ഡയുടെ ആകർഷണം. ദേവദാരുവൃക്ഷങ്ങളും പൈൻമരങ്ങളും ഇടതൂർന്നു വളരുന്ന കാടിന്റെയും പരമ്പരാഗത ഹിമാലയ ഗ്രാമമായ സാൻക്രിയുടെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിൽ ഞാൻ മയങ്ങിപ്പോയി.

ഒരു മാസത്തിനുള്ളിൽ സഞ്ചാരികൾക്കൊപ്പം ഗൈഡ് ആയി വീണ്ടും എത്തിയപ്പോൾ കേദാർഖണ്ഡ താഴ്‌വരയും മലനിരകളും മഞ്ഞ് മൂടിയിരുന്നു. ആ വെൺമയുടെ ശോഭയിൽ കുറച്ചു ദിവസം മുൻപ് ഞാൻ കണ്ട താഴ്‌വര ഇതു തന്നെയാണോ എന്ന് സംശയമായി. ഡെറാഡൂണിൽനിന്ന് 250 കിലോമീറ്റർ ദൂരെയുള്ള സാൻക്രി ഗ്രാമമാണ് കേദാർഖണ്ഡ ട്രെക്കിങ്ങിന്റെ ബെയ്സ് ക്യാംപ്. ഏറെ പാരമ്പര്യത്തനിമകളുള്ള, ഇന്നും തികച്ചും യാഥാസ്ഥിതികമായ ഗ്രാമം. ഉത്തരാഖണ്ഡ് സർക്കാർ അംഗീകരിച്ച 14 ട്രെക്ക് റൂട്ടുകളുടെ ബേസ് ക്യാംപ് ആണ് ഈ ഗ്രാമം. ഇവിടെ നിന്നാണ് ഹിമപാതകളിലൂടെയുള്ള യാത്രകളുടെ തുടക്കം.

anu-sherin-main

യാത്രകൾ രണ്ടുതരം

രണ്ടുതരത്തിലുള്ള യാത്രകളാണ് ഉത്തരാഖണ്ഡിൽ ഉള്ളത്. ടെംപിൾ ടൂറിസത്തിന്റെ ഭാഗമായുള്ളവയും ഹിമാലയ ൻ ട്രെക്കിങ്ങിനായുള്ളവയും.

യാത്ര ആരംഭിക്കുന്ന ക്യാംപിൽ നിന്ന് 6000 രൂപ മുതൽ രണ്ടു ലക്ഷം വരെ നിരക്ക് ഉള്ള പാക്കേജുകളുണ്ട്. രണ്ടു ദിവസം മുതൽ ഒരു മാസം വരെ ഉള്ളവയിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

ഹിമാലയം സ്ത്രീകൾക്കും കുട്ടികൾക്കും പറ്റില്ല എന്ന ധാരണ പലർക്കുമുണ്ട്. ചില ദുർഘടപാതകൾ ഒഴിവാക്കിയാൽ സ്ത്രീകൾക്ക് സുരക്ഷിത യാത്രയ്ക്ക് ഇവിടെ ഒരു തടസ്സവുമില്ല. ജീവിതത്തിലൊരിക്കലെങ്കിലും ഭാരതത്തിലെ എല്ലാ വനിതകൾക്കും ഹിമാലയം കാണാൻ ഒരവസരം കിട്ടണമെന്നതാണ് എന്റെ സ്വപ്നം.

മനോഹരമായ ഹിമാലയം അതിരിടുന്ന രാജ്യത്ത് ജീവിച്ചിട്ട് അതു കാണാതെ കടന്നുപോകുന്നതെങ്ങനെ? ഹിമാലയത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം.’’

anu-sherin

ടെംപിൾ ടൂറിസം

മേയ് മുതൽ ഒക്ടോബർ വരെയാണ് ടെംപിൾ ടൂറി സം സീസൺ. ബദ്‌രി–കേദാർനാഥ് യാത്രയ്ക്ക് ഏ ഴുദിവസം കരുതണം. ഹരിദ്വാർ, ഹൃഷികേശ് മാത്രമെങ്കിൽ രണ്ടു ദിവസം മതി. മസൂറി, നൈനിറ്റാൾ തുടങ്ങിയവയും വേണമെങ്കിൽ ഈ യാത്രയ്ക്കൊപ്പം കൂട്ടാം.
യമുനോത്രി, തുംഗനാഥ്, ഗംഗോത്രി മഹേശ്വർ, പഞ്ചകൈലാസങ്ങളിലൊന്നായ ആദികൈലാസം. കുമയൂൺ പ്രവിശ്യയിലെ പാതാൾ ഭുവനേശ്വർ, ജാഗേശ്വർ, ബാഗേശ്വർ ഇവയൊക്കെയാണ് ടെംപിൾ ടൂറിസത്തിൽ വരുന്ന മറ്റു സ്ഥലങ്ങളിൽ ചിലത്.
എട്ടുവയസ്സിനു മേൽ പ്രായമുള്ള കുട്ടികളെ കൂ ടെ കൂട്ടാം. ട്രെക്കിങ് റൂട്ടുകളിൽ 14 നു താഴെ പ്രായമുള്ള കുട്ടികളെ ഉൾപ്പെടുത്തരുത്.
ഹിന്ദിയും ഗഡ്വാളിയും

‘‘ഞാൻ ഇവിടെ വന്നതിനുശേഷമാണ് ഹിന്ദി പോലും സംസാരിക്കാൻ പഠിച്ചത്. ഇവിടെ നാട്ടുകാരുടെ ഭാഷ ഗഡ്‌വാളിയാണ്. അത് പഠിക്കാൻ കുറച്ച് പാടുപെട്ടു. ഇപ്പോഴും ഗ്രാമീണരെ പോലെ ഒഴുക്കോടെ ഗഡ്‌വാളി സംസാരിക്കാൻ അറിയില്ല. ഭൂരിഭാഗം ആളുകൾക്കും ഹിന്ദി അറിയാം. അതുകൊണ്ട് ആശയവിനിമയം പ്രശ്നമാകാറില്ല.
ഭോജ്പൂരി പോലുള്ള ഭാഷകൾക്ക് ഉള്ളതു പോലെ ഹിന്ദിയുമായി സാമ്യം ഗഡ്‌വാളിക്കില്ല. കുറച്ചെങ്കിലും സാമ്യം ഉള്ളത് നേപ്പാളി ഭാഷയുമാണ്.’’ അനു പറയുന്നു.

ഉത്തരാഖണ്ഡിലെ ഹൈ ആൾറ്റിറ്റ്യൂഡ് ട്രെക്കിങ് ആണ് ബാലി പാസ് യാത്ര. ഹർ കി ദൂൻ താഴ്‌വരയെ യമുനോത്രിയുമായി ബന്ധിപ്പിക്കുന്ന പൗരാണിക പാത. ഇപ്പോൾ പൗരാണിക പാതയിലെ ഹർ കി ദൂൻ താഴ്‌വര കടക്കാതെ ഗംഗേഡ്, സീമ തുടങ്ങിയ ഗ്രാമങ്ങളിലൂടെ മറ്റൊരു പാത വികസിപ്പിച്ചിട്ടുണ്ട്.
ബാലി പാസിന്റെ ഉയരങ്ങളിലൂടെ

സീമ ഗ്രാമത്തിലൂടെ എട്ട് കിലോമീറ്റർ നടന്ന് റുപിൻസാര തടാകത്തിനു സമീപമെത്തും. അവിടെ ക്യാംപ് ചെയ്ത് അടുത്ത ദിവസം ബാലി പാസിന്റെ ബേസ് ക്യാംപായ ഓഡ്റി ക്യാംപിൽ എത്തുന്നു. ഈ ദിവസം അതിമനോഹരമായ ദേവ്താജ് പുൽമേടുകളിലൂടെയും ദേവദാരുക്കൂട്ടങ്ങൾക്ക് ഇടയിലൂടെയുമാണ് നടത്തം. പിന്നെ, ബാലിപാസ് കടന്ന് മറുവശത്ത് ദാമ്നി ക്യാംപിലാണ് എത്തേണ്ടത്.
 ദാമ്നി ക്യാംപിനു ശേഷം യമുനോത്രി ക്ഷേത്രത്തിനു സമീപത്തേക്കു സഞ്ചരിച്ച് അവിടെനിന്ന് ഏഴു കിലോമീറ്റർ താഴെ ജാനകി ചട്ടിയിൽ എത്തിയതോടെ ബാലി പാസ് യാത്ര പൂർത്തിയായി.

യാത്രാ വഴി...

 ഡൽഹിയിൽ നിന്ന്  ഹരിദ്വാറിലേക്ക് ദൂരം 240 കിലോമീറ്റർ.  ഡെറാഡൂണിൽ വിമാനത്താവളം ഉണ്ടെങ്കിലും സർവീസുകൾ കുറവാണ്.
 സർക്കാർ അംഗീകൃത ടൂർ ഓപ്പറേറ്റർ വഴി പാക്കേജ് ബുക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഗഡ്‌ വാൾ മണ്ഡൽ വികാസ് നിഗം ലിമിറ്റഡ് എന്ന വെബ് സൈറ്റ് സന്ദർശിക്കാം.
www.gmvnonline.com