Tuesday 29 November 2022 04:30 PM IST : By സ്വന്തം ലേഖകൻ

11 വർഷം പഴക്കമുള്ള ആ ദുരൂഹത ചുരുളഴിയുന്നു: ദിവ്യയേയും മകളേയും കൊന്നതെന്ന് കണ്ടെത്തൽ: ട്വിസ്റ്റ്

poovachal-11

11 വര്‍ഷം മുന്‍പ് കാണാതായ അമ്മയും മകളും കൊല്ലപ്പെട്ടെന്ന് കണ്ടെത്തല്‍. തിരുവനന്തപുരം പൂവച്ചലിലെ ദിവ്യയും മകളുമാണ് കൊല്ലപ്പെട്ടത്. ദിവ്യയുടെ കാമുകന്‍ മാഹീന്‍ കണ്ണ് ഇരുവരെയും കൊന്ന് കടലില്‍ തള്ളുകയായിരുന്നു . മാഹീന്‍റെ ഭാര്യ റുഖിയയ്ക്കും പങ്കുണ്ടെന്നു സംശയിക്കുന്നു. പൊലീസ് ആദ്യം അവഗണിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചത് കഴിഞ്ഞമാസമാണ്.  പ്രത്യേകസംഘത്തിന്‍റെ അന്വേഷണത്തിലാണ് ഇരട്ടക്കൊല തെളിഞ്ഞത്.

2008 മുതൽ ദിവ്യക്ക് ഒപ്പം താമസിച്ചിരുന്ന പൂവാർ സ്വദേശി മാഹീനായിരുന്നു ഇവരെ കൂട്ടി കൊണ്ടു പോയത്. ഇരുവരും പ്രണയിച്ച് വിവാഹിതരായതാണ്. ദിവ്യ ഗർഭിണി ആയതോടെ മാഹീൻ വിദേശത്തേക്ക് കടന്നു. നേരത്തെ മാഹീൻ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ദിവ്യയുമായി അടുത്തത്. ദിവ്യ പ്രസവിച്ച് ഒന്നര വർഷത്തിനു ശേഷം മാഹീൻ തിരിച്ചെത്തി. നാട്ടിലെത്തിയ ശേഷം വീണ്ടും ദിവ്യയുമായി ബന്ധം സ്ഥാപിച്ചു. ഊരുട്ടമ്പലത്ത് താമസം തുടങ്ങി. ഇതിനു ശേഷം ഇയാൾ 2011 ഓഗസ്റ്റ് 11ന് വൈകിട്ട് ദിവ്യയേയും മകളെയും കൂട്ടികൊണ്ടു പോയത്. അതിനു ശേഷം ദിവ്യയെയും കുഞ്ഞിനേയും ആരും കണ്ടിട്ടില്ല.

മകളെയും കുഞ്ഞിനെയും കാണാതായി 2 ദിവസത്തിനുശേഷം മാതാവ് രാധ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം മാഹീന്റെ സ്വദേശമായ പൂവാർ സ്റ്റേഷനിലും പരാതി നൽകി. ഇവിടെ പരാതി നൽകി പുറത്തിറങ്ങിയ രാധ അപ്രതീക്ഷിതമായി മാഹീനെ കണ്ടു. കയ്യോടെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. പൊലീസ് കാര്യങ്ങൾ തിരക്കി. വിവാഹിതനും പിതാവുമായ മാഹീൻ അന്ന് പറഞ്ഞത് ദിവ്യയേയും മകളെയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുന്നു എന്നായിരുന്നു. വേളാങ്കണ്ണിയിൽ നിന്ന് ദിവ്യയെ കൂട്ടി കൊണ്ടുവരാമെന്നു സമ്മതിച്ച് പോയ മാഹീനെ പിന്നീട് ദിവ്യയുടെ വീട്ടുകാർ കണ്ടിട്ടില്ല.

2019ൽ മാറനല്ലൂർ പൊലീസ് വീണ്ടും ഈ കേസിന്റെ ഫയൽ ‍തുറന്നു. മാഹീനു നോട്ടിസ് നൽകി വിളിപ്പിച്ചു. അന്ന് സ്റ്റേഷനിലെത്തിയ മാഹീൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. ഒടുവിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. സ്റ്റേഷനിൽ വിളിപ്പിക്കുന്നത് കമ്മിഷൻ തടഞ്ഞതായാണ് പൊലീസ് പറയുന്നത്. തുടക്കം മുതൽ മാറനല്ലൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കേസിൽ കാര്യമായ അന്വേഷണം നടത്തിയില്ല. മാഹീനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 10 മാസത്തിനുള്ളിൽ അൺനോൺ എന്നെഴുതി ഫയൽ ക്ലോസ് ചെയ്തു.

കാണാതായ ദിവ്യയും മകളും ജീവനോടെ ഉണ്ടോ എന്നത് സംബന്ധിച്ച് ഒരറിവും വീട്ടുകാർക്ക് ഇല്ലായിരുന്നു. അടുത്തിടെ വീണ്ടും ദിവ്യയുടെ തിരോധാന കേസ് അന്വേഷണം ജില്ലാ സി ബ്രാഞ്ച് ആരംഭിച്ചു. മാഹീനെ വിളിപ്പിച്ചു. അപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വിവിധ തലങ്ങളിൽ പരാതിയുമായി പോകാനാണ് മാഹീൻ ശ്രമിച്ചതെന്നാണ് സേനയിൽ ‍നിന്നുള്ള വിവരം. എന്തായാലും പുതിയ അന്വേഷണ സംഘം ദിവ്യയുടെ തിരോധാനം സംബന്ധിച്ച ദുരൂഹത നീക്കിയിരിക്കുകയാണ്.