Tuesday 16 November 2021 12:30 PM IST

കാഴ്ചയേയും കേൾവിയേയും തോൽപിച്ച് ഡോ. പ്രശാന്ത് ചന്ദ്രൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

V R Jyothish

Chief Sub Editor

Prasanth-chandran-cover

‘ഇന്നേക്ക് ആയിരം വർഷങ്ങൾക്കു ശേഷം 3021 ാം ആണ്ട് നവംബർ മാസം പതിനഞ്ചാം തീയതി ഏതു ദിവസമായിരിക്കും.’

‘അന്നൊരു വ്യാഴാഴ്ചയായിരിക്കും!’, ഒരു സെക്കൻഡ് ആലോചിച്ചശേഷം പ്രശാന്ത് പറഞ്ഞു.

‘ഇന്നേക്ക് അമ്പതിനായിരം വർഷം കൂടി കഴിഞ്ഞു 52022 –ാം ആണ്ടിലെ ഓണം ഏതു മാസമായിരിക്കും?’

‘സെപ്റ്റംബർ 8’

കലണ്ടർ സംബന്ധിച്ച് ഏതു ചോദ്യത്തിനും കൃത്യമായ മറുപടി. വരാനിരിക്കുന്ന എത്ര ലക്ഷം വർഷത്തെ കലണ്ടറിെല കാര്യം ചോദിച്ചാലും നിമിഷങ്ങൾ‍ക്കകം പ്രശാന്ത് ഉത്തരം പറയും. അതും കംപ്യൂട്ടറിനെ തോ ൽപിക്കുന്ന വേഗതയിൽ.

ഇത് ഡോ. പ്രശാന്ത് ചന്ദ്രൻ. തിരുവനന്തപുരം കരമനയിലെ പ്രശാന്തം എന്ന വീട്ടിൽ ചന്ദ്രന്റയും സുഹിതയുചേയും മകൻ.. ഒന്നോ രണ്ടോ വാക്കുകൾക്ക് അപ്പുറം പ്രശാന്തിന് സംസാരശേഷിയില്ല. കേൾവിയും കാഴ്ചയും കുറവാണ്. അതുകൊണ്ടൊക്കെയാണ് ഇരുപത്തിമൂന്നുകാരനായ പ്രശാന്ത് അദ്ഭുതമായി തോന്നുന്നത്.

സെറിബൽ പാഴ്സി, ഹൃദയത്തിൽ രണ്ടു സുഷിരങ്ങൾ. മറ്റു ന്യൂറോളജി പ്രശ്നങ്ങൾ, തലച്ചോറിന്റെ വളർച്ചയില്ലായ്മ, സംസാരവൈകല്യം, വലിയ ചെവി, ചെറിയ കണ്ണുകൾ... മൂന്നുമാസമാണ് ഡോക്ടർമാർ പ്രശാന്തിന് ആയുസ്സ് വിധിച്ചത്.

പക്ഷേ, ചന്ദ്രനും സുഹിതയും പ്രതീക്ഷ കൈവിട്ടില്ല. ആ കുഞ്ഞിനെ പൊന്നുപോലെ വളർത്തി. ഇപ്പോൾ 23 വയസ്സ്. ഗണിതത്തിലുള്ള മിടുക്ക് പ്രശാന്തിനെ ലോകമറിയുന്ന ഒരാളാക്കി മാറ്റി. വിദേശ യൂണിവേഴ്സിറ്റികളിൽ നിന്നു വരെ അന്വേഷണങ്ങൾ വരുന്നു.

മാതാപിതാക്കൾ സമ്മാനമായി നൽകിയ പ്ലാസ്റ്റിക് അക്ഷരങ്ങളും അക്കങ്ങളുമായിരുന്നു പ്രശാന്തിന്റെ കൂട്ടുകാർ. അവ്യക്തമായ കണ്ണുകൾ കൊണ്ട് അക്കങ്ങൾ ചേർത്തുവച്ച് പ്രശാന്ത് തന്റേതായൊരു ലോകമുണ്ടാക്കി. അതെന്തെന്ന് പ്രശാന്തിനല്ലാതെ മറ്റാർക്കും മനസ്സിലായില്ല. പിന്നെ, പ്രശാന്തിന്റെ ശ്രദ്ധ പതിഞ്ഞത് കലണ്ടറുകളിലായിരുന്നു. ഒരു മാസത്തെ കലണ്ടർ കാഴ്ചശേഷി കുറഞ്ഞ കണ്ണിനടുത്തേക്ക് അടുപ്പിച്ച് ഒന്നു ‘സ്കാൻ’ ചെയ്യും. പിന്നീട് അത് കീറിക്കളയും. എന്നാൽ ആ കലണ്ടറിലെ വിശേഷങ്ങൾ എന്തു ചോദിച്ചാലും വള്ളിപുള്ളി തെറ്റാതെ മറുപടി പറയും.

ഒരു വർഷത്തെ കലണ്ടർ ഇതുപോലെ സ്കാൻ ചെയ്യാൻ അരമണിക്കൂർ മതി. പിന്നെ കലണ്ടറുകൾ കിട്ടാതെ വന്നതോടെ പ്രശാന്ത് അസ്വസ്ഥനായി. അങ്ങനെയാണ് സഹോദരി പ്രിയങ്ക ഒരുപായം കണ്ടുപിടിച്ചത്. മൊബൈൽഫോണിൽ 150 വർഷത്തെ കലണ്ടർ ഡൗൺലോഡ് ചെയ്തു. രണ്ടു ദിവസം കൊണ്ട് അതു മുഴുവൻ മനഃപാഠമാക്കി. 150 വർഷത്തെ ഏതുദിവസം ചോദിച്ചാലും മണിമണി പോലെ മറുപടി വന്നു. പിന്നീടാണ് 10000 വർഷത്തെ കലണ്ടർ കിട്ടിയത്. ഒരാഴ്ച കൊണ്ട് അതും ഹൃദിസ്ഥമാക്കി. മൊബൈലിൽ പഠനം ഇപ്പോഴും തുടരുന്നു.

ഒന്ന് കണ്ടാൽ മതി എന്നുമോർക്കാൻ

ഒരു തവണ കാണുന്നത് അസാധാരണവൈഭവത്തോടെ ഓർമിക്കാൻ പ്രശാന്തിനു കഴിയും. കംപ്യൂട്ടർ ഗെയിമിങ്ങിലും വൈഭവമുണ്ട് പ്രശാന്തിന്. കീബോർഡ് പ്രവർത്തിപ്പിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ്. കാഴ്ച പരിമിതിയുള്ള കണ്ണുകൾ കൊണ്ടാണ് കംപ്യൂട്ടറും മൊൈബലുമെല്ലാം ഉപയോഗിക്കുന്നത്. വൈറ്റ് ബോർഡിലും എഴുതാറുണ്ട്. എന്നാൽ വീട്ടിൽ പ്രശാന്ത് സ്ഥിരമായി സഞ്ചരിക്കുന്ന വഴികളിൽ എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അതിൽ തട്ടിവീഴും. അതുപോലെ കൺമുമ്പിൽ ഉള്ള പലതും പ്രശാന്തിന് കാണാനും കഴിയില്ല.

ചന്ദ്രനും സുഹിതയ്ക്കും പ്രിയങ്കയ്ക്കും ഒന്നറിയാം പ്രശാന്തിന് അസാധാരണമായ എന്തൊക്കെയോ കഴിവുകളുണ്ട്. ഈ പ്രത്യേക കഴിവ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് പ്രശാന്തിനെ എത്തിച്ചു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് റെക്കോർഡ് യൂണിവേഴ്സിറ്റി പ്രശാന്തിന്റെ കഴിവുകളെ അംഗീകരിച്ചുകൊണ്ട് ഓണററി ഡോക്ടറേറ്റ് നൽകി. ഹരീദാബാദിൽ 2017 മാർച്ച് പത്തിനാണ് വേൾഡ് റെക്കോർഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ‍ഡോ. വില്യം തോമസ് ബ്രെയിൻസ് പ്രശാന്തിനു ഡോക്ടറേറ്റു നൽകിയത്. അന്ന് പ്രശാന്തിന് വയസ്സ് 19. സമൂഹത്തിന് മാതൃകയാക്കാവുന്ന ഭിന്നശേഷിക്കാർക്ക് നൽകുന്ന കേന്ദ്രസർക്കാർ അവാർ‍ഡ് 2019ൽ പ്രശാന്തിനു കിട്ടി.

Prasanth-chandran-Family

ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിന്റെ പ്രതിനിധി ഡോ. ഫ്രാങ്ക്ളിൻ ഹെർബർട്ട് പറഞ്ഞത് ‘ഇദ്ദേഹമൊരു ലോകാദ്ഭുതമാണ്’ എന്നാണ്. മറക്കാനാകാത്ത നിമിഷമായിരുന്നു അതെന്ന് ചന്ദ്രനും സുഹിതയും പറയുന്നു.

ഫീച്ചർ പൂർണരൂപം വനിത നവംബർ 13–26 ലക്കത്തിൽ