Saturday 21 May 2022 12:53 PM IST : By സ്വന്തം ലേഖകൻ

സ്വപ്നങ്ങള്‍ എല്ലാം നഷ്ടമാക്കിയത് ആ നശിച്ച ദിനം... മൂന്ന് വർഷമായി ചലനശേഷി നഷ്ടപ്പെട്ട പ്രവിത: വേണം കനിവ്

pravitha-needs-help

സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പ്രവിത പ്രതീക്ഷയോടെ ചുവടുകൾ വെക്കുകയാണ്. ദുരിതക്കിടക്കയിൽ പിന്നിട്ട 3 വർഷങ്ങളുടെ യാതനകൾ മറന്നു തുടർ ചികിത്സയിലൂടെ മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ് ബളാൽ തലക്കുളത്തെ പ്രവിതയുടെ കുടുംബവും. വാഹനത്തിൽ നിന്നു പുറത്തേക്കു വീണുണ്ടായ അപകടത്തെ തുടർന്ന് 3 വർഷമായി ചലന ശേഷി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു പ്രവിത. മറ്റുള്ളവരുടെ സഹായത്തോടെ ഇപ്പോൾ നടക്കാറായി. എന്നാൽ പഠനത്തിനും തുടർ ചികിത്സകൾക്കുമുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന കാര്യം കുടുംബത്തിനു മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നു. 

ഭീമനടി ഐടിഐയിൽ വിദ്യാർഥിയായിരിക്കെ 2019 മേയ് 16നാണ് ബളാൽ തലക്കുളത്തെ പ്രവിത അപകടത്തിൽപെടുന്നത്. അന്നു പതിവുപോലെ പ്രവിത വീട്ടിൽ നിന്ന് ഐടിഐയിലേക്കു പുറപ്പെട്ടതായിരുന്നു. ഓട്ടോറിക്ഷയിലായിരുന്നു യാത്ര. വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് സ്കൂളിന് മുന്നിൽ എത്തിയപ്പോൾ പ്രവിതയ്ക്ക് തലകറക്കമുണ്ടായി. ഓട്ടോയുടെ പുറത്തേക്കുള്ള ഭാഗത്ത് ഇരുന്ന പ്രവിത റോഡിലേക്കു വീണു. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പ്രവിതയ്ക്ക് ബോധം തിരികെ ലഭിക്കുന്നത് ദിവസങ്ങൾ കഴിഞ്ഞാണ്. അപ്പോഴേയ്ക്കും സംസാരശേഷി നഷ്‍പ്പെട്ടിരുന്നു. 

ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം സംസാരിക്കാൻ തുടങ്ങിയെങ്കിലും ചലനശേഷി നഷ്ടപ്പെട്ടു. ഇതോടെ കൂലിപ്പണി എടുത്ത് കുടുംബം പോറ്റിയിരുന്ന അമ്മ പത്മിനിക്ക് ജോലിക്ക് പോകാൻ സാധിക്കാതെയായി. ചലനശേഷി വീണ്ടെടുക്കാൻ ഒരു വർഷമായി തുടരുന്ന ആയുർവേദ ചികിത്സയിലുടെ മകൾ പരസഹായത്താൽ നടന്നു തുടങ്ങിയതായിരുന്നു. പക്ഷെ തുടർ ചികിത്സയ്ക്കു പണമില്ലാത്തതിനാൽ നിർത്തി, ഇനി എന്ത് ചെയ്യുമെന്നറിയില്ല. അമ്മ പത്മിനിയുടെ വാക്കുകളിൽ നിസഹായത. അപകടത്തെ തുടർന്നുള്ള നഷ്ടപരിഹാരമോ, മറ്റു സഹായങ്ങളോ പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല. 

സഹപാഠികളും, നാട്ടുകാരും ബന്ധുക്കളും സഹായിച്ചിരുന്നു. ചികിത്സയ്ക്ക് കുടുംബശ്രീയിൽ നിന്ന് എടുത്ത ലോൺ കുടിശികയായി. ആയുർവേദ ചികിത്സയ്ക്ക് 2000 രൂപയോളമാണ് ഒരു ദിവസത്തെ ചെലവ്. ദിവസവും തിരുമ്മൽ വേണം. പഠനം വഴിമുട്ടിയപോലെ പ്രവിതയുടെ ചികിത്സയും വഴിമുട്ടിയിരിക്കുകയാണ്. പഠനത്തിൽ മിടുക്കിയായ മകളായിരുന്നു കുടുംബത്തിന്റെ ഏക പ്രതീക്ഷ. 

പ്രതീക്ഷകൾക്ക് മുന്നിൽ പണം തടസ്സമായി നിൽക്കുകയാണ്. ചികിത്സയ്ക്കുള്ള സൗകര്യാർഥം കള്ളാർ പെരിങ്കയയിലെ ബന്ധുവീട്ടിലാണ് പ്രവിതയും അമ്മയും താമസിക്കുന്നത്. ഉദാരമനസ്കർ സഹായിക്കുമെന്ന വിശ്വാസമാണു പ്രവിതയ്ക്കും കുടുംബത്തിനുമുള്ളത്. ഫോൺ: 9544103849. 

പ്രവിതയുടെ ബാങ്ക് അക്കൗണ്ട് നമ്പർ: 33524828297, IFSC: SBIN0016571. എസ്ബിഐ വെള്ളരിക്കുണ്ട് ശാഖ.

More