Monday 09 December 2019 11:17 AM IST : By സ്വന്തം ലേഖകൻ

ഷഹ്‍ല നോവായി പടരുമ്പോൾ അധ്യാപകരെ ആകെ വിചാരണ ചെയ്യുന്നവരോട്; ഹൃദയംതൊട്ട് ഓർമകൾ; കുറിപ്പ്

pk

ഷെഹ്‍ലയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ അധ്യാപക സമൂഹത്തെയൊട്ടാകെ വിമർശനത്തിന്റെ മുൾമുനയിൽ നിർത്തുകയാണ് പൊതുസമൂഹം. മികച്ച ലൈബ്രറികളും ലാബും ടൈലുപതിച്ചതും ശീതീകരിച്ചതുമായ ക്ലാസ്മുറിയും എല്ലാം ചേര്‍ന്ന് പഠനത്തിന് അനുകൂലമായ സാഹചര്യമൊക്കെ ഉണ്ടെങ്കിലും അധ്യാപകരുടെ മനസിൽ സ്നേഹവും വാത്സല്യവുമില്ലാതായാൽ എന്തു ചെയ്യുമെന്നു ചോദിക്കുകയാണ് പ്രേംകുമാർ.

അധ്യാപകര്‍ എക്കാലത്തും ആദരണീയരായിരുന്നു. സ്നേഹം,ആരാധന,ബഹുമാനം, എന്നിങ്ങനെ വാക്കുകള്‍കൊണ്ട് വിവരിക്കാനാകാത്ത വിവിധ വികാരങ്ങളാണ് അധ്യാപകരോട് എന്നും സമൂഹത്തിനുണ്ടായിരുന്നത്. എന്നാല്‍ അധ്യാപകര്‍ കുഞ്ഞുങ്ങളോട് കാട്ടുന്ന ക്രൂരതകളുംടെ കഥകളാണ് ഇന്ന് വാര്‍ത്തകളില്‍. മദ്രാസ് ഐഐടിയിലെ ഫാത്തിമ ലത്തീഫും ,ബത്തേരി സ്കൂളിലെ ഷഹലയും മനുഷ്യത്വമുള്ളവരുടെയെല്ലാം മനസില്‍ നോവായി പടരുകയാണ്.

തന്നെ ഒന്നാം ക്ലാസിൽ പഠിപ്പിച്ച വള്ളിയമ്മ ടീച്ചർ കുട്ടികള്‍ക്ക് സ്കൂളിലെ അമ്മയായിരുന്നു.പരീക്ഷയ്ക്ക് സ്ലേറ്റിലിട്ടു നല്കുന്ന മാര്‍ക്ക് കുറഞ്ഞുപോയതിന് കരയുമ്പോള്‍ വാത്സല്യത്തോടെ വാരിയെടുത്ത് ഉമ്മവച്ച് മക്കള്‍ക്ക് എത്ര മാര്‍ക്കുവേണംഎന്നുചോദിച്ച് നൂറിന് നൂറ് മാര്‍ക്കും നല്കി ആശ്വസിപ്പിച്ച വള്ളിയമ്മ ടീച്ചര്‍ മാര്‍ക്കിലൊന്നും കാര്യമില്ലെന്നും വിദ്യാഭ്യാസമെന്നത് വ്യക്തിത്വവികാസം സ്വഭാവ രൂപീകരണം ബുദ്ധി വികാസം,വിശാലമായ ജീവിത വീക്ഷണം എന്നിങ്ങനെ ഉന്നതമായ ലക്ഷ്യങ്ങളാണതിനുള്ളതെന്നും മനസിലാക്കിയിരുന്നുവോ.? അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ശബ്ദം തരക്കേടില്ലെന്ന് തിരിച്ചറിഞ്ഞ് സ്കൂള്‍ അസംബ്ലിയില്‍ 'ഇന്ത്യ എന്റെ രാജ്യമാണ്,എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് ' എന്ന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുവാന്‍ എന്നെ നിയോഗിച്ച ആജ്ഞാശക്തിയുള്ള സുഹറാബീവി ടിച്ചര്‍ എന്ന വലിയ ബീവി ടീച്ചര്‍.സ്കൂള്‍ വിടുന്നതിനു മുന്പ് ജനഗണമന പാടുന്ന കൂട്ടത്തില്‍ എന്നെയും കൂട്ടിയ അഫ്സാബീബിടീച്ചറെന്ന ലോലഹൃദയയായ ചെറിയബീവിടീച്ചര്‍. ഇവരെയെല്ലാം ഒാർത്തെടുക്കുകയാണ് പ്രേംകുമാർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

രക്ഷിക്കേണ്ട കരങ്ങൾ ജീവൻകവരുമ്പോൾരക്ഷിക്കേണ്ട കരങ്ങൾ ജീവൻകവരുമ്പോൾ

വിദ്യാഭ്യാസരംഗത്ത് കേരളം ആവിഷ്ക്കരിച്ച 'പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം' ലോകശ്രദ്ധ ആകര്‍ഷിച്ച പദ്ധതിയാണ്. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയങ്ങള്‍ കേരളമോഡലിന്റെ മറ്റൊരു ഉദാഹരണംായി. 'ഹൈടെക് ' ക്ലാസ് മുറികളും ജൈവവൈവിധ്യ ഉദ്യാനവും പുതുമയുള്ള അനുഭവമായിരുന്നു. വിദ്യാലയത്തിന്റെ അക്കാദമിക ഭൗതികസൗകര്യങ്ങള്‍ മികവുറ്റതാക്കുന്നതില്‍ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. മികച്ച ലൈബ്രറികളും ലാബും ടൈലുപതിച്ചതും ശീതീകരിച്ചതുമായ ക്ലാസ്മുറിയും എല്ലാം ചേര്‍ന്ന് പഠനത്തിന് അനുകൂലമായ സാഹചര്യമൊരുക്കി. നിരന്തര വിലയിരുത്തലും ടേം പരീക്ഷയും ശാസ്ത്രീയമായി നടപ്പാക്കുക വഴി കുട്ടികളുടെ പഠനപുരോഗതി ഉറപ്പുവരുത്തുകയും ചെയ്തു.

 ടീച്ചര്‍ 'മെന്റര്‍' എന്ന സവിശേഷ പദവിയിലേയ്ക്ക് ഉയര്‍ന്നു. നിരന്തര പരിശീലത്തിലൂടെ അധ്യാപകരുടെ പ്രൊഫഷണലിസം വര്‍ധിച്ചു. കേന്ദ്രഗവണ്‍മെന്റ് രൂപീകരിച്ച നീതി ആയോഗിന്റെ വാര്‍ഷികറിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് 82.3 ശതമാനം സ്കോറോടെ കേരളം ഒന്നാമതെത്തി. അങ്ങനെ പ്രതീക്ഷയുടെയും അഭിമാനത്തിന്റെയും കൊടുമുടിയില്‍ പൊതുവിദ്യാലയങ്ങളെത്തിനില്ക്കുമ്പോഴാണ് വയനാടിലെ ബത്തേരിയില്‍ സര്‍വജനസ്കൂളിലെ ഷഹനാഷെറിനെന്ന അഞ്ചാം ക്ലാസുകാരി സ്വന്തം ക്ലാസ്മുറിയിലെ പൊത്തിലൊളിച്ച പാമ്പിന്റെ കടിയേറ്റ് മരണത്തിന് കീഴടങ്ങിയത്. രക്ഷിക്കേണ്ട കരങ്ങൾ..., കാവലും കരുതലും ആകേണ്ട കരങ്ങൾ തന്നെ ജീവൻ കവരുന്ന ഏറ്റവും നിർഭാഗ്യകരമായ അവസ്ഥയാണ് ഉണ്ടായത്..വിദ്യാഭ്യാസ വകുപ്പ് ,നഗരസഭ,സ്കൂള്‍ പ്രിന്‍സിപ്പല്‍,പി.ടി.എ,ചികില്സ നിഷേധിച്ച് ആശുപത്രി,ഡോക്ടര്‍മാര്‍ എല്ലാവരും ഇതിന് ഉത്തരവാദികളാണ്. എങ്കിലും വിഷമേറ്റ ഷഹലയെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതില്‍ അധ്യാപകര്‍ കാണിച്ച അനാസ്ഥയാണ് ആ പിഞ്ചുജീവന്‍ പൊലിയാനിടയാക്കിയതെന്നാണ് മുഖ്യമായും പരാതിയുയര്‍ന്നത്.അതോടെ അധ്യാപകസമൂഹമാകെ പ്രതിക്കൂട്ടിലാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

അധ്യാപകര്‍ എക്കാലത്തും ആദരണീയരായിരുന്നു. സ്നേഹം,ആരാധന,ബഹുമാനം, എന്നിങ്ങനെ വാക്കുകള്‍കൊണ്ട് വിവരിക്കാനാകാത്ത വിവിധ വികാരങ്ങളാണ് അധ്യാപകരോട് എന്നും സമൂഹത്തിനുണ്ടായിരുന്നത്. എന്നാല്‍ അധ്യാപകര്‍ കുഞ്ഞുങ്ങളോട് കാട്ടുന്ന ക്രൂരതകളുംടെ കഥകളാണ് ഇന്ന് വാര്‍ത്തകളില്‍. മദ്രാസ് ഐഐടിയിലെ ഫാത്തിമ ലത്തീഫും ,ബത്തേരി സ്കൂളിലെ ഷഹലയും മനുഷ്യത്വമുള്ളവരുടെയെല്ലാം മനസില്‍ നോവായി പടരുകയാണ്. കുട്ടികള്‍ക്ക് മാതൃകയാകേണ്ട,എല്ലാ അര്‍ഥത്തിലും കുട്ടികളുടെ സംരക്ഷകരാകേണ്ട അധ്യാപകരാണ് ഇവിടെയെല്ലാം പ്രതിസ്ഥാനത്ത് എന്നുള്ളത് ഏറെ ഉല്ക്കണ്ഠയുണ്ടാക്കുന്നതാണ്.

ഞാനെന്റെ സ്കൂള്‍ജീവിതം ഓര്‍ത്തുപോകുന്നു. ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റെ എല്ലാ പരിമിതികള്‍ക്കും പ്രാരാബ്ധങ്ങള്‍ക്കുമിടയിലും കുറഞ്ഞ വേതനത്തിന്റെയും ഉയര്‍ന്ന സേവനത്തിന്റെയും സാഹചര്യത്തില്‍ എന്തൊരു വാല്‍സല്യവും പ്രോല്‍സാഹനവും സ്നേഹവും കരുതലുമൊക്കെയാണ് അധ്യാപകര്‍ തന്നത്. കഴക്കൂട്ടം ഗവണ്‍മെന്റ് സ്കൂളില്‍ ഒന്നാം ക്ലാസില്‍ അക്ഷരത്തിന്റെ വെളിച്ചം ആദ്യം പകര്‍ന്നു നല്കിയ നിലാവിന്റെ സ്നേഹസാമീപ്യമുള്ള വള്ളിയമ്മ ടീച്ചര്‍ കുട്ടികള്‍ക്ക് സ്കൂളിലെ അമ്മയായിരുന്നു.പരീക്ഷയ്ക്ക് സ്ലേറ്റിലിട്ടു നല്കുന്ന മാര്‍ക്ക് കുറഞ്ഞുപോയതിന് കരയുമ്പോള്‍ വാല്സല്യത്തോടെ വാരിയെടുത്ത് ഉമ്മവച്ച് മക്കള്‍ക്ക് എത്ര മാര്‍ക്കുവേണംഎന്നുചോദിച്ച് നൂറിന് നൂറ് മാര്‍ക്കും നല്കി ആശ്വസിപ്പിച്ച വള്ളിയമ്മ ടീച്ചര്‍ മാര്‍ക്കിലൊന്നും കാര്യമില്ലെന്നും വിദ്യാഭ്യാസമെന്നത് വ്യക്തിത്വവികാസം സ്വഭാവ രൂപീകരണം ബുദ്ധി വികാസം,വിശാലമായ ജീവിത വീക്ഷണം എന്നിങ്ങനെ ഉന്നതമായ ലക്ഷ്യങ്ങളാണതിനുള്ളതെന്നും മനസിലാക്കിയിരുന്നുവോ.?പഠിപ്പിക്കലിനപ്പുറം ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് കുട്ടികളെ സ്നേഹിച്ച,ലാളിച്ച കുസൃതികള്‍ക്ക് ചെറുതായി ശിക്ഷിക്കുമ്പോഴും ശിക്ഷയാണെന്ന് തോന്നിപ്പിക്കാതെ വാല്സല്യത്തോടെ ഓമനിച്ച ,എത്രയോ അധ്യാപകര്‍.

സത്യമേ പറയാവൂ എന്നും ആ സത്യത്തില്‍ ഉറച്ചുനില്ക്കണമെന്നും എപ്പോഴും കുട്ടികളോട് പറയാറുള്ള ലക്ഷ്മിക്കുട്ടിയമ്മ ടീച്ചറും ജഗദമ്മടീച്ചറും രത്നമ്മടീച്ചറും അമ്മിണിയമ്മടീച്ചറും ഗോമതിടീച്ചറും സത്യത്തിന്റെ മഹത്വമുള്ള വിത്തുകള്‍ ഞങ്ങളുടെ മനസില്‍ മുളപ്പിക്കുകയായിരുന്നു. സ്വാതന്ത്ര്യദിനം,റിപ്പബ്ലിക്ദിനം തുടങ്ങിയ ദേശീയദിനങ്ങള്‍ സമുചിതമായി ആഘോഷിക്കുവാന്‍ നേതൃത്വം നല്‍കിയിരുന്ന നെഹ്റുവിനെ പോലെ തോന്നിപ്പിച്ച അശോകന്‍സാര്‍. ഗാന്ധിജിയും നെഹ്റുവും സുഭാഷ്ചന്ദ്രബോസും തുടങ്ങി ധീരദേശാഭിമാനികളായിരുന്ന സ്വാതന്ത്ര്യ സമരനായകരെക്കുറിച്ച് ആവര്‍ത്തിച്ചു പറയുകയും ആവേശത്തോടെ പ്രസംഗിക്കുകയും ചെയ്ത് വിദ്യാര്‍ഥികളില്‍ രാജ്യസ്നേഹവും ദേശാഭിമാനവും വളര്‍ത്താന്‍ പരമാവധി ശ്രമിച്ച മാതൃകാധ്യാപകനായിരുന്നു. ഒരു സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്കൂളിലെ ഉപ്പുമാവുണ്ടാക്കുന്ന ഓലഷെഡില്‍ ബഞ്ചുകള്‍ നിരത്തിയുണ്ടാക്കിയ കര്‍ട്ടനില്ലാത്ത സ്റ്റേജില്‍ അച്ഛന്‍ എഴുതിത്തന്ന വരികള്‍ കാണാതെ പഠിച്ച് തത്ത പറയുന്നതുപോലെ ഞാന്‍ പ്രസംഗിച്ചത് അശോകന്‍സാറിന്റെ നിര്‍ബന്ധത്തിലും അദ്ദേഹം പകര്‍ന്നുനല്കിയ ധൈര്യത്തിലുമായിരുന്നു. അതായിരുന്നല്ലോ എന്റെ ആദ്യത്തെ സ്റ്റേജ് അനുഭവം.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ശബ്ദം തരക്കേടില്ലെന്ന് തിരിച്ചറിഞ്ഞ് സ്കൂള്‍ അസംബ്ലിയില്‍ 'ഇന്ത്യ എന്റെ രാജ്യമാണ്,എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് ' എന്ന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുവാന്‍ എന്നെ നിയോഗിച്ച ആജ്ഞാശക്തിയുള്ള സുഹറാബീവി ടിച്ചര്‍ എന്ന വലിയ ബീവി ടീച്ചര്‍.സ്കൂള്‍ വിടുന്നതിനു മുന്പ് ജനഗണമന പാടുന്ന കൂട്ടത്തില്‍ എന്നെയും കൂട്ടിയ അഫ്സാബീബിടീച്ചറെന്ന ലോലഹൃദയയായ ചെറിയബീവിടീച്ചര്‍. പിന്നെ നോറടീച്ചറും ഷെറിന്‍ടീച്ചറും സരസ്വതി ടീച്ചറും സന്താനവല്ലി ടീച്ചറും ശിവശങ്കരന്‍സാറും ദാസ് സാറും ഒക്കെ ചേര്‍ന്ന് എന്നെ കലയിലേയ്ക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു. വിരസമായ സയന്‍സിനെ കഥകളിലൂടെ പറഞ്ഞും അഭിനയിച്ചു കാട്ടിയും ഏറ്റവും സരസമായി അവതരിപ്പിച്ച് പഠനത്തിന്റെ ഭാരമില്ലാതെ കുട്ടികള്‍ക്ക് പ്രിയങ്കരമാക്കി മാറ്റിയ രാമചന്ദ്രന്‍സാറും കൊമ്പന്‍മൂീശയും കൈയില്‍ കമ്പുമായി വരുന്ന ബാലകൃഷ്ണന്‍ സാറും ഉഗ്രപ്രതാപിയായ വേലായുധന്‍സാറും രാഘവന്‍സാറും ഗോപാലകൃഷ്ണന്‍സാറുമൊക്കെ ഉള്ളില്‍ നന്മയുള്ള - സ്നേഹമുള്ള സിംഹങ്ങളായിരുന്നു. കണിയാപുരം മുസ്ലിം ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ കടുകട്ടിയായ കണക്കിനൊപ്പം അല്പം നാടകം കൂടി നല്കിയ നാടകകാരനായിരുന്നൂ കണിയാപുരം ഉണ്ണികൃഷ്ണന്‍ നായര്‍ സാര്‍. സംസ്കൃത പണ്ഡിതനും ആട്ടക്കഥാരചയിതാവുമായ മലയാളം അധ്യാപകന്‍ നാരായണപിള്ള സാര്‍. വാല്‍സല്യത്തോടെ ബയോളജി പഠിപ്പിച്ച മേരി സി കുര്യന്‍ എന്ന ക്ലാസ് ടീച്ചര്‍. ഓര്‍മയില്‍ മഹാരഥന്മാരായ ഗുരുനാഥന്മാര്‍ ഇനിയുമെത്രയോ പേര്‍.

അച്ചടക്കം പഠിപ്പിക്കാന്‍ അനാവശ്യമായി വടി ഉയര്‍ത്താതെ ഒരു നോട്ടം കൊണ്ട്,മൂളല്‍ കൊണ്ട്,സ്നേഹപൂര്‍ണമായ ഒരു ശാസനകൊണ്ട് കുട്ടികളെ ലോകത്തിലെ ഏറ്റവും വലിയ മര്യാദക്കാരാക്കാന്‍ കഴിവുള്ളവരായിരുന്നൂ ആ അധ്യാപകര്‍. വടി പ്രയോഗിക്കേണ്ടി വരുന്നത് ഒരദ്ധ്യാപകന്റെ പരാജയമാണെന്ന് ഈ അധ്യാപകര്‍ തിരിച്ചറിഞ്ഞിരുന്നുവോ.?

കുട്ടികളെ മനസറിഞ്ഞ് സ്നേഹിച്ച എത്രയോ അധ്യാപകരുണ്ട്. ഓരോ വ്യക്തിക്കും അങ്ങനെ ഓര്‍ക്കാന്‍ എത്രയെത്ര അധ്യാപകമുഖങ്ങളുണ്ടാകും. പാഠഭാഗങ്ങള്‍ വ്യാഖ്യാനിച്ചു നല്കുന്ന വെറും യന്ത്രങ്ങള്‍ ആയിരുന്നില്ല അവര്‍. സിലബസിനൊപ്പം ജീവിതം കൂടിയാണ് അവര്‍ പഠിപ്പിച്ചത്. അവരുടെ അനുഗ്രഹമാണ് അവര്‍ തെളിച്ച വെളിച്ചമാണ് എന്നെപ്പോലുള്ളവരെ ഓരോ നിമിഷവും മുന്നോട്ടു നയിക്കുന്നത്. അധ്യാപനം അധ്വാനമായി കാണാതെ അതു നിയോഗം പോലെ കണ്ട് ശ്രേഷ്ഠമായ കര്‍മമായി നിര്‍വഹിക്കുന്ന നന്മയുടെ ആള്‍രൂപങ്ങളായ എത്രയോ അധ്യാപകരുണ്ട്. മാതൃസ്നേഹത്തിന്റെയും പിതൃവാല്സല്യത്തിന്റെയും മുഖമാണവര്‍ക്ക്. ഫീസ് അടയ്ക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് ഫീസ് നല്കി,വസ്ത്രം നല്കി,ആഹാരവും ആശ്വാസവും ആത്മവിശ്വാസവും നല്കി സ്നേഹത്തിന്റെ പര്യായമായി മാറിയ അധ്യാപകര്‍. തലമുറകളെ നന്മയിലേയ്ക്കും ശരിയിലേയ്ക്കും നയിച്ച കെടാവിളക്കുകള്‍.

ഉത്തമരായ പൗരന്മാരെ സൃഷ്ടിക്കുന്ന പരീക്ഷണശാലകളാണ് വിദ്യാലയങ്ങള്‍. വിജ്ഞാന കേന്ദ്രങ്ങളാകേണ്ട, മികവിന്റെ കേന്ദ്രങ്ങളാകേണ്ട വിദ്യാലയങ്ങള്‍ കച്ചവടവല്ക്കരിക്കപ്പെടുന്നതിന്റെ അപചയങ്ങള്‍ നാം കാണുന്നു. നാളെ വാനോളം ഉയരേണ്ട അസാമാന്യപ്രതിഭകളാകാം ചിലരുടെയൊക്കെ നിസംഗതയില്‍ പൊലിഞ്ഞുപോകുന്നത്. ഒരു കുട്ടിയില്‍ അന്തര്‍ലീനമായ സര്‍ഗവാസനകളെ കണ്ടെത്തി അതിനെ പ്രോല്സാഹിപ്പിക്കുകയും പ്രോജ്ജ്വലിപ്പിക്കുകയും സ്നേഹവും കരുണയും മനുഷ്യത്വവുമുള്ള യഥാര്‍ഥ മനുഷ്യരാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന കര്‍മമാണ് അധ്യാപകര്‍ നടത്തേണ്ടത്. ഞാന്‍ കണ്ട അധ്യാപകരൊക്കെയും അങ്ങനെയായിരുന്നുവല്ലോ. എന്നാലിന്ന് 'ചില' അധ്യാപകര്‍ നമ്മുടെ സംസ്കാരത്തിനും ചിന്തയ്ക്കും മനുഷ്യത്വത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നറിയുമ്പോള്‍ …………... അധ്യാപകവര്‍ഗത്തെയാകെ അവര്‍ പ്രതിക്കൂട്ടിലാക്കിക്കളഞ്ഞു. 

ഒരു ചെറുവിഭാഗം ചെയ്യുന്ന തെറ്റിന് നാം എല്ലാവരെയും കുറ്റവിചാരണ ചെയ്തുകൂടാ. സ്നേഹസാന്ത്വനങ്ങള്‍ പകര്‍ന്നുനല്കി നാളത്തെ ലോകത്തെ രൂപപ്പെടുത്താന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന എത്രയോ ശ്രേഷ്ഠരായ അധ്യാപകര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്.അവരാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തി.അവരുടെ ആത്മവീര്യം നഷ്ടപ്പെടുത്തിക്കൂടാ. സാമൂഹ്യമാധ്യമങ്ങളിലൂടെ വസ്തുതകള്‍ തിരക്കാതെ വൈകാരികമായി പ്രതികരിക്കുന്ന ആള്‍ക്കൂട്ട വിചാരണകളുടെ കാലമാണിത്. ഇവിടെ പലപ്പോഴും പ്രതികരണം ഏകപക്ഷീയവും സത്യവിരുദ്ധവുമാകുന്നു. സത്യം ചേരിപ്പിടുമ്പോഴേയ്ക്കും നുണ ലോകം ചുറ്റിയിരിക്കുമെന്ന ചൊല്ല് വളരെ അര്‍ഥവത്താകുന്ന ഒരു കാലമാണിത്. ഏതായാലും ഷഹലയ്ക്കും ഫാത്തിമ ലത്തീഫിനും നീതി കിട്ടിയേ മതിയാകൂ. അവര്‍ക്കുകിട്ടുന്ന നീതി നമുക്കോരോരുത്തര്‍ക്കും കിട്ടുന്ന നീതിയാണ്.രണ്ടുപേരും നമ്മുടെ സ്വന്തം കുഞ്ഞുങ്ങളാണ്.കൃത്യമായ അന്വേഷണവും ശക്തമായ നടപടികളും ഉണ്ടാകണം. ആ കുഞ്ഞുങ്ങളുടെ ദാരുണാന്ത്യത്തിന് കാരണക്കാരായ മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇനി മറ്റൊരു കുട്ടിക്കും ഇത്തരം അനുഭവമുണ്ടാകരുത്. ഒരു ന്യൂനപക്ഷം ചെയ്യുന്ന തെറ്റുകള്‍ക്ക് ഭൂരിപക്ഷ വിചാരണ നടത്തുന്നത് ശരിയല്ലെന്ന ചിന്തയും ഇത്തരുണത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.