Tuesday 12 January 2021 04:30 PM IST

എൻട്രൻസിന് ഒരുങ്ങുമ്പോഴേക്കും ഉറപ്പിച്ചിരുന്നു, ഞാനിതാ മാറാൻ പോകുന്നു; എന്നിട്ടും... കേരളത്തിലെ ആദ്യ ട്രാൻസ് ഡോക്ടർ പറയുന്നു, സമൂഹം ഞങ്ങളെ അംഗീകരിക്കണം

Binsha Muhammed

priya-doctor

‘ദൈവമേ എന്നൊയൊരു പെണ്ണാക്കി തരണേ...’

ജിനു ശശിധരൻ എന്ന ‘പയ്യൻ’ പ്രാർത്ഥിച്ചതും നേർച്ച നേർന്നതും വഴിപാടു കഴിച്ചതുമെല്ലാം ആ ഒരൊറ്റ ആഗ്രഹത്തിനു വേണ്ടിയായിരുന്നു. ആ കാത്തിരിപ്പിന്റെ ദൂരം അവൾക്ക് ഇന്നും ഒരു യുഗം പോലെയാണ്. പൊടിമീശയും പൗരുഷം കലർന്ന ഭാവവും അവളുടെ വെറും പുറംപൂച്ചു മാത്രമായിരുന്നു. ഉടലാഴങ്ങൾക്കപ്പുറത്തെ സ്വത്വം അവനെ പണ്ടേക്കു പണ്ടേ പെണ്ണാക്കി മാറ്റി. ആ സത്യം വീട്ടുകാർ തിരിച്ചറിയുമ്പോൾ പതിവു പോലെ എതിർപ്പു സ്വരങ്ങളുയർന്നു. തലയിൽ വെളിച്ചം വീഴാൻ വൈകിയ സമൂഹം പതിവു പോലെ പരിഹാസത്തിന്റെ കൂരമ്പുകളുമായെത്തി. പക്ഷേ അപ്പോഴും ജിനു പ്രാർത്ഥന വ്രതമാക്കി. പെൺസ്വത്വം തന്നെ മൂടുന്ന നല്ല നാളിനായി കാത്തിരുന്നു. നമ്മുടെ പ്രാർത്ഥനകൾ നമ്മൾ മറന്നാലും ദൈവം മറക്കില്ലെന്ന വാക്കുകൾ ജിനുവിന്റെ കാര്യത്തിൽ സത്യമായി പുലരുകയായിരുന്നു. പെണ്ണായി പോയതിന്റെ പേരിലുള്ള ഭൂകമ്പങ്ങളെയെല്ലാം, അതിജീവിച്ച് ജിനു പ്രിയയായി. പക്ഷേ അവൾ അനുഭവിച്ച വേദനകൾക്ക് കാലം ഒരുപടി കൂടി കടന്നാണ് കടംവീട്ടിയത്. പെണ്ണാക്കി തരണേ എന്ന പ്രാർത്ഥന കേട്ട ദൈവം അവള്‍ക്ക് ഡോക്ടറെന്ന മേൽവിലാസം കൂടി നൽകി വരം പൂർത്തിയാക്കി.

കേരളത്തിലെ ആദ്യത്തെ ഡോക്ടറെന്ന ഖ്യാതിയോടെ തൃശൂർക്കാരി പ്രിയ വിഎസ് സോഷ്യൽ മീഡിയയുടെ ഹൃദയങ്ങളിൽ കുടിയേറുമ്പോൾ ആ ജീവിതം വനിതഓൺലൈൻ വായനക്കാർക്കു മുന്നിൽ ഇതാദ്യമായി അനാവരണം ചെയ്യുകയാണ്. പൂ ചോദിച്ചവൾക്ക് പൂക്കാലം കിട്ടിയ ആ കഥയറിയണമെങ്കിൽ കാലം കുറച്ചു പുറകോട്ടു പോകണം. അന്നവൾ ജിനുവായിരുന്നു. പെൺമ ഉള്ളിൽ തികട്ടിയിരുന്ന, സ്വത്വം ഒളിപ്പിച്ചു വച്ച് കാത്തിരുന്ന അയ്യന്തോൾക്കാരൻ പയ്യൻ...

priya-2

ഡ്യൂപ്ലിക്കേറ്റ് അല്ല ഒറിജിനൽ തനിതങ്കം

‘ഡ്യൂപ്ലിക്കേറ്റ് ലേഡി...പെണ്ണിഷ്...’ എന്തൊക്കെ പ്രയോഗങ്ങളായിരുന്നു. നെഞ്ചിലൊരു കൂരമ്പു തളഞ്ഞു കയറും പോലെയാണ്. കുഞ്ഞുനാളിലെ എന്റെ മാറ്റം പ്രകടമായിരുന്നു. പുറമേ കാണുന്നതിനുമപ്പുറം എന്റെ ശരീരം ഒരു കടൽ ഒളിപ്പിച്ചിരിക്കുന്നു എന്ന തോന്നൽ. ആണായ എനിക്ക് പെൺസുഹൃത്തുക്കളായിരുന്നു അധികവും. അത് കാലം നൽകിയ ആദ്യത്തെ മാറ്റം. കൂട്ടുകാരികളോടൊപ്പം ഇരിക്കുമ്പോൾ അന്നേരം കേൾക്കും ആ കളിയാക്കലുകൾ. ഡ്യൂപ്ലിക്കേറ്റ് ലേഡി ആയിരുന്നു കുപ്രസിദ്ധമായ ആ പ്രയോഗം. അന്ന് വിളിച്ചവർ എന്നെ കാണുന്നുണ്ടോ എന്നറിയില്ല. ദേ... ഇതാ ഞാൻ. ഒറിജിനൽ പ്രിയ വിഎസ്. ആയൂർവേദ ഡോക്ടർ.– പ്രിയ പറഞ്ഞു തുടങ്ങുകയാണ്.

എനിക്ക് സംഭവിക്കുന്നത് എന്താണെന്ന് അപ്പോഴും തിരിച്ചറിയാൻ വൈകി കൊണ്ടേയിരുന്നു. എന്തേ ഞാനിങ്ങനെ ആയിപ്പോകുന്നു. എന്റെ മനസിന് എന്ത് സംഭവിക്കുന്നു, മാനസിക രോഗമാണോ എന്നൊക്കെയുള്ള സംശയങ്ങൾ തികട്ടി വന്നു. ഒടുവിൽ ജീവിതത്തിന്റെ ഏതോ ക്രോസ് റോഡിൽ വച്ച് എന്റെ മനസാക്ഷി എന്നോട് പറഞ്ഞു. ജിനൂ... നീ മനസു കൊണ്ട് പെണ്ണാണ്. ആ സത്യം എന്റെ വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതായിരുന്നു ശ്രമകരം. സ്വാഭാവികമായി എതിർപ്പിന്റെ സ്വരമുയർന്നു. പക്ഷേ എന്റെ മനസ് അനുഭവിക്കുന്ന വീർപ്പുമുട്ടലുകളെ കുറിച്ച് കണ്ണീരോടെ അവരെ അറിയിച്ചു, ബോധ്യപ്പെടുത്തി. അങ്ങനെ എന്റെ പ്രാർത്ഥനയുടെ ആദ്യ ഘട്ടം വിജയിച്ചു.

സ്കൂളിങ് കഴിഞ്ഞ് എൻട്രൻസ് പരീക്ഷയ്ക്ക് ഒരുങ്ങുമ്പോഴേക്കും ഞാൻ‌ ഉറപ്പിച്ചിരുന്നു, ഞാനിതാ മാറാൻ പോവുകയാണ്. പക്ഷേ അന്നുവരെ സമൂഹത്തിനെ ബോധ്യപ്പെടുത്താൻ ഞാനായി തന്നെ രൂപപ്പെടുത്തി എടുത്ത ആണിന്റെ കൃത്രിമമായ മൂടുപടം, ആർട്ടിഫിഷ്യൽ ഈഗോ ഒക്കെ എന്നിലെ പെണ്ണിനെ ഡോമിനേറ്റ് ചെയ്യാൻ തുടങ്ങി. സർജറിക്ക് ഒരുങ്ങിയ ഞാൻ അങ്കലാപ്പിലായിപ്പോയ അവസ്ഥ. എന്നിലെ പെൺമനസിനെ ഞാനായിട്ട് കൃത്രിമമായ ഉണ്ടാക്കിയെടുത്ത ‘ആണത്തം’ കീഴ്പ്പെടുത്തകയാണോ എന്നു ഭയന്നു. ആ അങ്കലാപ്പുകൾക്കു നടുവിൽ‌ നിന്ന് വർഷം കുറേ മുന്നോട്ടു പോയി. തൃശൂർ വൈദ്യരത്നം ആയൂർവേദ കോളജിൽ ബി.എ.എം.എസ് ആയൂർവേദ ഡോക്ടർ പഠനത്തിന് ചേരുമ്പോഴൊക്കെ ഞാൻ ഗവേഷണത്തിലായിരുന്നു. ട്രാൻസ്ജെൻഡർ ആയിട്ടുള്ള മാറ്റത്തെക്കുറിച്ച് വിശദമായി പഠിച്ചു. വരും വരായ്കകൾ മുന്നിൽ കണ്ടു. മംഗലാപുരം സുള്ള്യയിലെ കെവിജി ആയൂർവേദ മെഡിക്കൽ കോളജിൽ പിജിക്ക് ചേരുമ്പോഴും പെണ്ണായുള്ള മാറ്റത്തിലേക്കുള്ള ചിന്തകൾ എന്നെ സ്വാധീനിച്ചു. ഒടുവിൽ ബാല്യകാലം മുതൽ യൗവനം വരെയുള്ള ആ വലിയ സമസ്യക്ക് 2016ൽ പൂർണ അർത്ഥത്തിൽ ഞാൻ ഉത്തരം നൽകി. ആദ്യം ഹോർമോൺ ചികിത്സ. 2020 ആയപ്പോഴേക്കും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സർജറി ചെയ്ത് പെണ്ണായി മാറി. വോയിസ് ചേഞ്ച്, കോസ്മറ്റിക് സർജറി എന്നീ ചെറിയ കടമ്പകൾ മാത്രമേ ബാക്കിയുള്ളൂ. ഇന്ന് എല്ലാ തുറിച്ചു നോട്ടങ്ങളേയും പരിഹാസങ്ങളേയും കടലില്‍ എറിഞ്ഞ് ‍ഞാൻ തൃശൂരിൽ തന്നെയുള്ള സീതാറാം ആയൂർവേദ ആശുപതിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു.

priya-1

മനസിലെ ഡോക്ടർ സ്വപ്നം

അച്ഛൻ‌ ശശിധരൻ, അമ്മ വനജ. രണ്ടു പേരും നഴ്സുമാരായിരുന്നു. അവരുടെ ജോലിയും കർമ്മമേഖലയും ഡോക്ടറാകാനുള്ള എന്റെ സ്വപ്നത്തിന് വളമായി മാറി എന്നു വേണം കരുതാൻ. ചേട്ടൻ ജയ്സും ഡോക്ടറാണ്.

ടീച്ചറാകണം എന്നായിരുന്നു പണ്ടേക്കു പണ്ടേക്കു പണ്ടേയുള്ള സ്വപ്നം. പക്ഷേ പഠന വഴിയിലെപ്പോഴോ സയൻസുമായി പ്രണയത്തിലായി. ബയോളജി ഉൾപ്പെടെയുള്ള സബ്ജക്റ്റുകൾ താത്പര്യത്തോടെ പഠിച്ചു. ഒരു പക്ഷേ എന്റെ ജീവിതമാറ്റം ഈ പ്രഫഷനെ സ്വാധീനിച്ചിരിക്കാം. പക്ഷേ എത്രയൊക്കെ മാറുമ്പോഴും ട്രാൻസ് വിഭാഗമെന്നത് എന്തോ വലിയ തെറ്റാണെന്ന് ധരിച്ചിരിക്കുന്നവർ ആവോളമുണ്ട്. ഷോപ്പിംഗ് മാളുകളിലും പൊതുയിടങ്ങളിലും ഇറങ്ങി നടക്കുമ്പോൾ ആരൊക്കെയോ എന്തൊക്കെയോ പിറുപിറുക്കുന്നതും തുറിച്ചു നോക്കുന്നതും കാണും. ആദ്യമൊക്കെ ഞാൻ അതിനെ മൈൻഡ് ചെയ്തിരുന്നു. ഇപ്പോൾ ഹെഡ്സെറ്റിൽ പാട്ടുംവച്ച് അവർക്ക് ചെവികൊടുക്കാതെ കൂളായി ഞാൻ നടന്നു പോകും. എന്റെ ജന്മമല്ല, അവരുടെ ചിന്താഗതികളാണ് തെറ്റ് എന്ന് തിരിച്ചറിയാൻ എന്റെ ഈ നേട്ടം ഗുണകരമാകുമെന്ന് കരുതുന്നു. സോഷ്യൽ മീഡിയ എന്നെ ഡോക്ടറായി കാണുന്നു അംഗീകരിക്കുന്നു എന്നതിൽ സന്തോഷം. എന്നെ പെണ്ണായി കാണാൻ മനസു വരാത്ത സമൂഹത്തിന് നിങ്ങളുടെ മാറ്റം വെളിച്ചം പകരുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ വിവാഹം? ഇൻഫാക്ച്വേഷനും അപ്പുറം ജീവിതത്തെ ഞാൻ സീരിയസായി കാണുന്ന സ്റ്റേജിലാണ് ഞാൻ. പഴയ ആരാധനയും വൺ സൈഡ് പ്രണയവുമൊക്കെ ഇപ്പോഴില്ല. വിവാഹം സ്വപ്നമല്ല എന്നു പറയുന്നില്ല. ഏതൊരു പെണ്ണിനേയും പോലെ എനിക്കും ആഗ്രഹമുണ്ട്. പക്ഷേ എന്തു ചെയ്യാം ഞാൻ ജീവിക്കുന്നത് ഇപ്പോൾ സംഭവിക്കുന്ന റിയാലിറ്റിയിലാണ്. എല്ലാം നടക്കുമ്പോൾ നടക്കട്ടെ.– പ്രിയ പറഞ്ഞു നിർത്തി.  

Tags:
  • Social Media Viral