Friday 22 April 2022 11:51 AM IST

‘ആൺമക്കളെ ചെറുപ്പത്തിലേ കുക്കിങ് ക്ലാസിനു ചേർത്തിട്ടുണ്ട്, അവധിക്കാലത്ത് അവരാണ് ഭക്ഷണം പാകം ചെയ്യുന്നത്’

Tency Jacob

Sub Editor

priya-kiran

കേരളത്തിൽ നിന്നു പുട്ടുകുടോം അപ്പച്ചെമ്പും മീൻ വയ്ക്കാനുള്ള മൺച്ചട്ടിയും കുടംപുളിയുമൊക്കെയായി വിദേശത്തേക്കു കുടിയേറിയ മലയാളികളാണ് ഇവരെല്ലാം.

ആദ്യമൊക്കെ ‘പെർഫെക്ട് ഓക്കെ’ ആയിരുന്നു കാര്യങ്ങൾ. കാലത്തു പുട്ട്–കടലക്കറി, ഇടിയപ്പം–കുറുമ, ഇഡ്ഡലി–സാമ്പാർ എന്നിങ്ങനെ. ഉച്ചയ്ക്ക് കുത്തരിച്ചോറ്, ഓംലെറ്റ്, ഉപ്പേരി, ഒഴിച്ചുകറി.

നാലു മണിക്ക് ചായ, വട, അട, പഴംപൊരി എന്നിങ്ങനെ. രാത്രി ബീഫ് ഫ്രൈയും ചപ്പാത്തിയും. ഞായറാഴ്ചകളിൽ ബിരിയാണി. ‘മച്ചാനേ, ഇതു മതി അളിയാ!’ എന്നു ആരും പറഞ്ഞു പോകും.

കാലം കുറച്ചങ്ങു പോയിക്കഴിഞ്ഞപ്പോൾ ‘മ ച്ചാനേ, ഇതിങ്ങനെ പോയാൽ പറ്റില്ലല്ലോ. നമുക്കു ജീവിക്കേണ്ടേ’ എന്നു തിരിച്ചു ചോദിക്കേണ്ടി വന്നു ഇവർക്ക്. നാടോടുമ്പോൾ നടുവേയല്ല, അതിലും മുന്നിൽ ഓടിയവരാണ് വിദേശ മലയാളി സ്ത്രീകൾ.

‘അടുക്കള, സ്ത്രീകളുടെ മാത്രം ഇടങ്ങളല്ല, വീട്ടിലുള്ളവർ ഒരുമിച്ചു നിൽക്കേണ്ട ഇടം’ എന്നു ഉറപ്പിച്ചു പറയുന്നു ഈ വനിതകൾ

ഗ്രേറ്റ് ലണ്ടൻ അടുക്കള– പ്രിയാ കിരൺ

അടുക്കള ശീലങ്ങളിൽ നമ്മൾ മറുനാട്ടുകാരെ കണ്ടു പഠിക്കണമെന്നാണ് പ്രിയാ കിരൺ പ റയുന്നത്. നാട്ടിലത്തെ കാര്യമോർക്കുമ്പോൾ ലേശം ദേഷ്യം വരും ലണ്ടനിൽ നെറ്റ്‌വർക്ക് റെയിൽവേയിൽ പ്ലാനിങ് ആൻഡ് പെർഫോമൻസ് ഉദ്യോഗസ്ഥയായ പ്രിയയ്ക്ക്.

‘‘എന്റെ പത്തുവയസ്സുള്ള മകൻ മാധവന്റെ മൂന്നു സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം വീട്ടിൽ രാത്രി ഉറങ്ങാൻ വന്നിരുന്നു. ഇംഗ്ലണ്ടുകാരായ ആ കുട്ടികൾ എത്ര നന്നായാണ് കാര്യങ്ങൾ ചെയ്തത്. ഭക്ഷണം കഴിക്കാനുള്ള പാത്രമെടുക്കുന്നതും കഴുകി വയ്ക്കുന്നതും അവർ തന്നെ. എന്റെ മകനും ആ രീതികൾ തന്നെയാണ് പിന്തുടരുന്നത്.

നാട്ടിൽ പത്തു വയസ്സുള്ള ആൺകുട്ടികൾ തനിച്ച് അടുക്കളക്കാര്യങ്ങൾ ചെയ്യുന്നതു കണ്ടാൽ, ‘കഷ്ടം, ആ ഇത്തിരിപ്പോന്ന കൊച്ചിനേക്കൊണ്ടാണ് എല്ലാം ചെയ്യിക്കുന്നത്’ എന്ന കുറ്റപ്പെടുത്തൽ കേൾക്കാനായിരിക്കും വിധി.’’

െഎടി എൻജിനീയറായ ഭർത്താവ് കിരണിനൊപ്പം പതിനെട്ടു വർഷം മുൻപ് ലണ്ടനിൽ എത്തിയപ്പോഴാണ് പ്രിയ ആദ്യമായി ഒരു വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. അമ്മയെയും അമ്മായിയമ്മയെയും സഹായിച്ചു നിന്നിരുന്ന അപ്രന്റിഷിപ്പിൽ നിന്നു നേരെ പ്രഫഷനലിലേക്കുള്ള സ്ഥാനക്കയറ്റം.

‘‘അന്നു ഞങ്ങൾ താമസിച്ചിരുന്ന അപാർട്മെന്റിൽ പ ഞ്ചാബികളും കന്നഡക്കാരും ആന്ധ്രക്കാരുമെല്ലാമുണ്ടാ യിരുന്നു. അവരിൽ നിന്നു പാചകക്കുറിപ്പുകൾ ശേഖരിച്ചുള്ള വിശാലമായ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ആയിരുന്നു ആദ്യകാലത്ത് ഞങ്ങളുടെ അടുക്കള.’’

പല രുചികളിൽ കറങ്ങി ഒടുവിൽ

‘‘ഹൃദയത്തിലേക്കുള്ള വഴി വയറിലൂടെയാണെന്നാണല്ലോ വയ്പ്. അങ്ങനെ ആ വഴി തേടി ഭാരതത്തിലെ പലതരം വിഭവങ്ങൾ അടുക്കളയിൽ പരീക്ഷിച്ചു. കാലത്തും ഉച്ചയ്ക്കും വൈകുന്നേരവും പുതിയ വിഭവങ്ങൾ.

ജോലി കിട്ടിക്കഴിഞ്ഞപ്പോഴാണ് പണി പാളിയെന്നു മനസ്സിലായത്. എത്ര സമയമാണ് അടുക്കളയിൽ ചെലവാക്കുന്നത്. അതോടെ സ്ട്രസ്സും ദേഷ്യവും തുടങ്ങി. അങ്ങനെ വീട്ടിലൊരു നിയമം നടപ്പിലാക്കി. പാത്രങ്ങൾ കഴുകുക, അ ടുക്കള തുടയ്ക്കുക ഇവയെല്ലാം കിരണിന്റെ ചുമതലയായി. ഒരു ദിവസത്തേക്കുള്ള ലളിതമായ കുക്കിങ് പരമാവധി ഒന്നര മണിക്കൂറിനുള്ളിൽ തീർത്ത് ഒരു പട ജയിച്ച യോദ്ധാവിനെപ്പോലെ തലയുയർത്തിപ്പിടിച്ചു ഞാൻ എന്റെ പാട്ടിനു പോകും. കാലത്തു വരുമ്പോൾ അടുക്കള ക്ലീൻ അല്ലെങ്കിൽ എനിക്കു ഫൂഡ് ഉണ്ടാക്കാനുള്ള മൂഡു പോകും. അതറിയാവുന്നതു കൊണ്ട് അച്ഛനും മക്കളും കൂടി വൃത്തിയാക്കി ഇടും. കോളജിൽ പഠിക്കുന്ന മൂത്തമകൻ പ്രണവിന്റെ ജോലിയാണ് ഡിഷ് വാഷറിൽ പാത്രം വയ്ക്കുന്നത്.

എന്റെ സ്വപ്നത്തിലെ ‘കിനാശ്ശേരി’

ദിവസം മൂന്നു നാലു മണിക്കൂർ അടുക്കളയിൽ ചെലവഴിക്കുക എന്നത് കുറച്ചു കടുപ്പമാണ്. അതായത് ഉണർന്നിരിക്കുന്ന സമയത്തിന്റെ കാൽ ഭാഗമാണത്. ആവശ്യത്തിനു കഴിക്കേണ്ട വസ്തു ആണ് ഭക്ഷണം. അതിന് അനാവശ്യമായി സമയം കളയേണ്ടതുണ്ടോ?

എന്റെ രണ്ട് ആൺമക്കളാണ് അവധിക്കാലത്തു ഭക്ഷണം പാകം ചെയ്യുന്നത്. ചെറുപ്പത്തിലേ രണ്ടുപേരേയും കുക്കിങ് ക്ലാസ്സിനു ചേർത്തിട്ടുണ്ട്. വെസ്േറ്റൺ ഫൂഡ് ഉണ്ടാക്കാൻ മിടുക്കൻമാരാണ്.ആൺകുട്ടികൾ, പെൺകുട്ടികൾ എന്നില്ലാതെ അവരവർക്ക് ആവശ്യമുള്ള ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കുന്ന ആളുകളുടെ കേരളം. എന്റെ സ്വപ്നത്തിലെ ‘കിനാശ്ശേരി’ ഇങ്ങനെയാണ്.

ഓഫിസിലെ നമ്മുടെ നാട്ടുകാരായ ആൺകുട്ടികൾ ‘ഇന്നെന്റെ ഊഴമായിരുന്നു, ഞാനാണ് കുക്ക് ചെയ്തത്’ എന്നെല്ലാം പറയുന്നതു കേൾക്കുമ്പോഴ്‍ സന്തോഷമുണ്ട്. ഭാര്യയും ഭർത്താവും അടുക്കള ജോലി ഷെയർ ചെയ്യുന്നതുപോലെ വീട്ടിലേക്കു വരുമാനം കൊണ്ടുവരേണ്ട ചുമതലയും ഇവിടത്തുകാർ ഷെയർചെയ്യുകയാണ്. പറയുമ്പോൾ എല്ലാം പറയേണ്ടേ...