Saturday 30 July 2022 12:37 PM IST

‘പെണ്ണുങ്ങൾക്ക് ഡ്രൈവിങ്ങ് പറ്റില്ലെന്ന് പറയുന്നവർ ഇപ്പോഴുമുണ്ട്’: ക്രെയ്ൻ ഓടിക്കുന്ന 71കാരി: മാസാണ് മണിയമ്മ

Shyama

Sub Editor

radhamaniyamma-cover-2

അന്നത്തെക്കാലത്ത് പ്രായമൊന്നും ഒരു തടസ്സമല്ലെന്നേ. ചെയ്യണമെന്നുറച്ച് ഇറങ്ങിയാൽ എല്ലാം വിരൽതുമ്പിലെത്തുന്ന കാലമല്ലേ...’’ 11 ലൈസൻസ് സ്വന്തമായുള്ള, മണിയമ്മ എ ന്ന് ചുറ്റുമുള്ളവർ വിളിക്കുന്ന എറണാകുളം തോപ്പുംപടിക്കാരി രാധാമണിയമ്മ പറഞ്ഞു തുടങ്ങി.

‘‘1981ലാണ് ഫോർവീലർ ലൈസന്‍സ് എടുത്തത്. അന്നൊന്നും സ്ത്രീകൾ അധികം വണ്ടിയോടിക്കുന്ന കാലമല്ല. ഭർത്താവിന്റെ പ്രോത്സാഹനം കൊണ്ടാണ് ഡ്രൈ വിങ് പഠിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഹെവി ഡ്രൈവിങ് സ്കൂൾ കൊച്ചിയിൽ തുടങ്ങിയ ആളാണ് ഭർത്താവ് ലാലൻ. എ ടു സെഡ് ഡ്രൈവിങ് സ്കൂള്‍. ഞാനും ഡ്രൈവിങ് പഠിപ്പിക്കാൻ തുടങ്ങി. പെണ്ണ് വണ്ടി ഒാടിക്കുന്നല്ലോ എന്ന ആശ്ചര്യനോട്ടമുള്ള കാലമായിരുന്നു അന്ന്.

സന്തോഷത്തിന്റെ സ്റ്റിയറിങ്

‘‘എസ്എസ്എൽസി പരീക്ഷ എഴുതിക്കഴിഞ്ഞായിരുന്നു കല്യാണം. ഇത്രയും വണ്ടിയൊക്കെ കാണുന്നതും കയറുന്നതും കല്യാണശേഷമാണ്. ജെസിബി ഓടിച്ചിട്ടും സൈക്കിൾ ചവിട്ടാനറിയാത്തതിന്റെ കാരണവും അതാണ്. എ ന്റെ ആവശ്യത്തിന് ഇപ്പോഴും ടൂ വീലറിലാണ് യാത്ര. ഇഷ്ടമുള്ള വണ്ടിയും ടൂവീലറാണ്. ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ട്രെയിലർ ഒാടിക്കാനാണ്. വലത്തോട്ട് തിരിച്ചാൽ ഇടത്തോട്ടാണ് വണ്ടി പോവുക. ഒന്ന് തെറ്റിയാൽ നേരെയാക്കാൻ ഭയങ്കര പാടും.

ക്രെയ്ൻ, ഫോർക് ലിഫ്റ്റ്, ജെസിബി, റോഡ് റോളർ, ട്രാക്ടർ തുടങ്ങിയവയുടെ ലൈസൻസ് ഒരുമിച്ചാണ് എടുത്തത്. പിന്നെ, ഹസാഡസ് വണ്ടികളുടെ പരീക്ഷയെഴുതി പാസായി. ഓരോ ലൈസൻസ് എടുക്കുമ്പോഴും സന്തോഷം ഇരട്ടിക്കും. ഡ്രൈവിങ് സ്ഥാപനമുണ്ട്. നല്ല പ്രോത്സാഹനം തന്ന് മരിക്കും വരെ ഭർത്താവും ഇപ്പോൾ മക്കളും മരുമക്കളുമൊക്കെ ഒപ്പമുണ്ട്. എല്ലാ വണ്ടികളും ഓടിക്കാനുള്ള സാഹചര്യം ഒത്തുവന്നതും ഗുണം ചെയ്തിട്ടുണ്ട്.

ഈയടുത്ത് കിട്ടിയ യെല്ലോ ഡോട്ട് അവാർഡും ജെസിബി ഇന്ത്യയുടെ അംഗീകാരവും നിറഞ്ഞ സദസിൽ വല്യ ഉദ്യോഗസ്ഥരിൽ നിന്നാണ് സ്വീകരിച്ചത്. ഇത്രയും സാധിച്ചതിൽ സംതൃപ്തയാണ്.

ആൾക്കൂട്ടങ്ങൾ ഇഷ്ടപ്പെടാത്ത ആളായിരുന്നു ഞാൻ. മുൻപ് ആരെങ്കിലും അഭിമുഖത്തിന് വരുമ്പോൾ മകനോട് പരിഭവം പറയുമായിരുന്നു. ഇപ്പോൾ കൊച്ചു മകനാണ് ഇത്തരം കാര്യങ്ങൾ നോക്കുന്നത്. സ്നേഹക്കൂടുതൽ കാരണം പരാതി പറയാൻ പറ്റില്ല. 18 വർഷം മുൻപായിരുന്നു ഭർത്താവ് ലാലന്റെ വേർപാട്. മൂന്നു മക്കളാണ് ഞങ്ങൾക്ക്. മിലൻ, മിജു, മിനി. മരുമക്കൾ ദീപ, രാധിക, ശിവപ്രസാദ്. പുതിയ കാര്യങ്ങൾ പഠിക്കാനും പറഞ്ഞുതരാനുമൊക്കെ കൂടുതൽ ഉത്സാഹം പേരക്കുട്ടികൾക്കാണ്.

നിലയ്ക്കാത്ത പഠനം

ലോക്ഡൗൺ സമയത്താണ് പഠിക്കണം എന്ന മോഹം വ രുന്നത്. കളമശേരി പോളിടെക്നിക്കിൽ ഓട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ വിദ്യാർഥിയാണ്. മുൻപ് ഇത് മൂന്ന് വർഷത്തെ കോഴ്സായിരുന്നു. ഇപ്പോൾ ഒരു വർഷമാക്കി. അതോടെ മക്കളും മരുമക്കളും ഞാനും ഒക്കെ ചേർന്നു. മൂന്ന് തലമുറ ഒന്നിച്ചൊരു ക്ലാസിൽ. സൺഡേ ബാച്ച് ആണ്. 10 മുതൽ നാലു വരെ പഠനം. കഴിഞ്ഞ ഡിസംബറിലായിരുന്നു തുടങ്ങിയത്. കാലത്തിനനുസരിച്ച് നമ്മളെയും പുതുക്കിക്കൊണ്ടിരിക്കുന്നതാണ് എപ്പോഴും നല്ലത്. എന്തെങ്കിലും പുതുതായി പഠിച്ചുകൊണ്ടിരുന്നാൽ പ്രായമായി എന്ന തോന്നലും ഒരുപരിധി വരെ ഒഴിവാകും.

ഒരു കാര്യത്തിലും സ്ത്രീകൾ പുറകോട്ട് മാറി മടിച്ചു നിൽക്കേണ്ടതില്ല. കഴിവതും ഒരാളെയും ആശ്രയിക്കാതെ ജീവിക്കാനാണ് നോക്കേണ്ടത്. ഒറ്റയ്ക്ക് നിൽക്കാൻ എന്തൊക്കെയാണ് ആവശ്യം എന്ന് നോക്കുക.

ഇഷ്ടമേഖല കണ്ടെത്തിയാൽ അതിലേക്ക് ശ്രദ്ധ കൊടുക്കണം. മോശമെന്ന് പറയാൻ ഒരു ജോലിയുമില്ല. സ്ത്രീകൾക്കിതൊന്നും പറ്റില്ല എന്ന് പറയുന്നവർ ഇപ്പോഴുമുണ്ട്, അതൊക്കെ തീർത്തും അവഗണിച്ച് മുന്നേറണം.’’ പുതിയ കാലത്തെ പെൺമുന്നേറ്റങ്ങളുടെ ആവേശം ഉൾക്കൊണ്ട് മണിയമ്മ പറയുന്നു.