Thursday 04 August 2022 04:50 PM IST : By സ്വന്തം ലേഖകൻ

ആയിരങ്ങളെ താണ്ടി റഫ്സാന അഴകിന്റെ റാണി... ‘കെ. പി. നമ്പൂതിരീസ് വനിത കവർ ഫെയ്സ് 2022’ വിജയി ഇതാ

rafsana-cover-face

ആകാംക്ഷകൾക്കും കാത്തിരിപ്പുകൾക്കും വിട. വനിത വായനക്കാരും ഫാഷൻ ലോകവും കാത്തിരുന്ന അഴകിന്റെ റാണി ഇതാ. ആയിരക്കണക്കിന് പേർ അണിനിരന്ന ‘കെ. പി. നമ്പൂതിരീസ് വനിത കവർ ഫെയ്സ് 2022’ വിജയിയായി റഫ്സാന ബീഗമെന്ന കൊച്ചിക്കാരി.

പ്രഖ്യാപിച്ച നാൾ മുതൽ സോഷ്യൽ മീഡിയയിലടക്കം ചർച്ചാ വിഷയമായ മത്സരത്തിൽ ആയിരത്തിലധികം സുന്ദരിമാരാണ് അണിനിരന്നത്. അതിൽ നിന്നു 100 പേരെ ജഡ്ജിങ് പാനൽ തിരഞ്ഞെടുത്തു. 100 പേരിൽ നിന്നുള്ള വനിത വായനക്കാരുടെ തിരഞ്ഞെടുപ്പ് തെറ്റിയില്ലെന്ന് ഉറപ്പിക്കുന്നതായിരുന്നു കവർ ഫെയ്സ് ഫൈനലിസ്റ്റുകളുടെ ഷൂട്ട്. 100ൽ നിന്ന് 25 പേർ. അതിൽ നിന്നു 10 പേരാണ് ഫൈനൽ ലിസ്റ്റിൽ എത്തിയത്. ആ പത്തിലൊരുവളായി വിജയകിരീടം ചൂടി വനിതയുടെ മുഖചിത്രമെന്ന അസുലഭ അവസരത്തിലേക്ക് റഫ്സാന നടന്നു കയറി. പേര് അന്വർഥമാക്കും പോലെ സൂര്യൻ ഉദിച്ചു നിന്നു റഫ്സാനയുടെ മുഖത്ത്. ഒപ്പമെത്തിയ വാപ്പയുടെ കൈ പിടിച്ച് റഫ്സാന പറഞ്ഞു, ‘‘വാപ്പയ്ക്കാണ് ഞാന്‍ മോഡലിങ്ങിൽ തിളങ്ങണമെന്ന് ഏറ്റവും ആഗ്രഹം.’’ ബാക്കി വിശേഷങ്ങള്‍ ചോദിക്കാതെ തന്നെയെത്തി.

rafsana-11

‘‘അന്നൊരു രാത്രിയിൽ ഇൻസ്റ്റാ പേജ് സ്ക്രോൾ ചെയ്യുന്നതിനിടയിലാണ് കവർ ഫെയ്സ് മത്സരത്തിന്റെ അറിയിപ്പ് കാണുന്നത്. അവസാന തീയതിയാണ്, ഇനി അയച്ചിട്ടു കാര്യമുണ്ടോ എന്നു സംശയിച്ചെങ്കിലും ഫോട്ടോസ് അയച്ചു. മിക്ക ദിവസങ്ങളിലും അപ്‌ഡേറ്റ് എന്തെങ്കിലുമുണ്ടോ എന്ന് വനിതയുടെ ഇൻസ്റ്റഗ്രാം പേജിൽ പരതിനോക്കും. ആയിരക്കണക്കിനു പെൺകുട്ടികൾ കൊതിക്കുന്ന ടൈറ്റിൽ ആണെന്നറിയാം, എങ്കിലും ആഗ്രഹത്തോടെ കാത്തിരുന്നു. അങ്ങനെ ആ ദിവസമെത്തി, ആദ്യ റൗണ്ടിലെ തിരഞ്ഞെടുക്കപ്പെട്ട 100 പേരിൽ എന്റെ മുഖവും.’– മനസുനിറഞ്ഞ് റഫ്സാനയുടെ വാക്കുകൾ.

ഒരു കാര്യം പറയാൻ മറന്നു, ആദ്യമായല്ല കേട്ടോ എന്റെ മുഖം ‘വനിത’യിൽ വരുന്നത്. ബികോമിനു പഠിക്കുന്ന സമയത്ത് വനിതയുടെ ക്യാംപസ് കോളം ടീം എന്റെ കോളജിലും വന്നിരുന്നു. ക്യാംപസ് ക്വീൻ അവസാന റൗണ്ടിലെത്തിയവരുടെ കൂട്ടത്തിൽ എന്റെ ഫോട്ടോയും പ്രസിദ്ധീകരിച്ചു.’’ അന്നു ക്യാംപസ് ക്വീനായില്ലെങ്കിലും രണ്ടു വർഷങ്ങൾക്കിപ്പുറം വനിതയുടെ മുഖചിത്രമായത് കാലം കാത്തുവച്ച സന്തോഷമാണെന്നു റഫ്സാന പറയുന്നു.