Wednesday 15 June 2022 04:19 PM IST : By സ്വന്തം ലേഖകൻ

നായ്ക്കളിൽ മലസീസിയ, പൂച്ചകളിൽ പാൻലൂക്കോപീനിയ... മഴയെത്തും മുൻപേ അരുമകൾക്കു നൽകാം ശ്രദ്ധ

rain-care-pet

മഴയും ജോൺസൺ മാഷും കട്ടൻ ചായയും ചേരുന്നൊരു മഴക്കാലം മലയാളിക്ക് എന്തൊരു പ്രിയമാണ്. പക്ഷേ, പറയുന്നത്ര റൊമാൻറിക് ആയി മഴക്കാലം കടന്നുകിട്ടുക പ്രയാസമാണ്. മഴക്കാലം വീടിനും വീട്ടുകാർക്കും തലവേദനയാകാതിരിക്കാൻ വഴിയൊന്നേയുള്ളൂ. കൃത്യമായ മുൻകരുതലെടുത്ത് മഴക്കാലത്തെ നേരിടാൻ ഒരുങ്ങുക.

മഴക്കാലം ശക്തി പ്രാപിക്കും മുൻപേ കാര്യങ്ങൾ ചിട്ടയോടെ നീക്കിയാൽ ജോൺസൺ മാഷിന്റെ പാട്ടും കേട്ട്, കട്ടൻ ചായയും കുടിച്ച് മഴ ആസ്വദിക്കാം.

വീടിന് നൽകാം കുട

വേനൽക്കാലമാണ് വീടിന് മഴക്കരുതൽ നൽകേണ്ട കാലം. മഴക്കാലത്തെ ഓർമിപ്പിച്ചെത്തുന്ന വേനൽമഴ തയാറെടുപ്പുകൾക്കുള്ള മുന്നറിയിപ്പാണ്. പുതിയതായി ചോർച്ചകൾ രൂപപ്പെട്ടിട്ടുണ്ടോ, മുൻപ് പരിഹരിച്ചവ വീണ്ടും വരുന്നുണ്ടോ എന്നെല്ലാം വേനൽ മഴയെത്തുമ്പോൾ മനസ്സിലാക്കാം. മേൽക്കൂരയിലെ വെള്ളപ്പാത്തികൾ ഇലയും പൂക്കളും മറ്റും വീണ് അടഞ്ഞു പോയിട്ടുണ്ടാകാം. അവ മഴയെത്തും മുൻപേ തന്നെ വൃത്തിയാക്കണം. ഇല്ലെങ്കിൽ വെള്ളം കെട്ടി നിൽക്കാനും അവ ചുവരിലൂടെ ഇറങ്ങാനും ഇടയാകും. മഴവെള്ളം പറമ്പിൽ തന്നെ താഴാനുള്ള ക്രമീകരണങ്ങളും ചെയ്യാം.

കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ ചെടികൾ വളർന്നു നിൽക്കുന്നത് പലപ്പോഴും വീട്ടുകാർ അറിയില്ല. മഴ വരും മുൻപ് വീടിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായി നിരീക്ഷിക്കണം. പുരപ്പുറത്ത് ചെടികൾ വളർന്നു നിൽക്കുന്നുവെങ്കിൽ അവ നീക്കം ചെയ്യണം. വിത്തും മറ്റും പാറി വീണു കിടക്കുന്നത് മഴക്കാലത്ത് തളിരിട്ട് വളരും എന്നതിനാൽ മേൽക്കൂര, സൺ ഷെയ്ഡ് എന്നിവ നേരത്തേ അടിച്ചുവാരണം. ഇപ്പോൾ മിക്ക വീടുകളിലും ഒരു മുറിയെങ്കിലും എസി ആയിരിക്കും. സ്പ്ലിറ്റ് യൂണിറ്റുകളാണ് ഇന്ന് എസി. അകത്തും പുറത്തും ഓരോ യൂണിറ്റ് ആണ് അവയ്ക്കുള്ളത്. ഇവ തമ്മിൽ ബന്ധിപ്പിക്കാനായി ചുവരിലൂടെ ദ്വാരം ഉണ്ടാക്കാറുണ്ട്. ഈ ദ്വാരം പല വീടുകളിലും വേണ്ടവിധം അടച്ചിട്ടുണ്ടാകില്ല. ഇതു ചെയ്തില്ലെങ്കിൽ നല്ല മഴയത്ത് വെള്ളവും ഈർപ്പവും മുറിക്കുള്ളിലേക്ക് എത്താൻ സാധ്യതയുണ്ട്.

കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ച മേൽക്കൂരകളിൽ വേനൽക്കാലത്ത് വിള്ളലുകൾ (പ്ലാസ്റ്ററിങ് ക്രാക്ക്സ്) വീണിട്ടുണ്ടാകും. മഴ തുടങ്ങും മുൻപേ മേൽക്കൂരകളിലും ചുവരുകളിലും ഉള്ള ഇത്തരം വിള്ളലുകൾ കണ്ടെത്തി അടയ്ക്കണം. ഇതിനായി ഇപ്പോൾ പലതരം ബ്രഷ് കോട്ട് ആപ്ലിക്കേഷനുകൾ ലഭ്യമാണ്. സിലിക്കൺ പെയിന്റും ഇത്തരം വിള്ളലുകൾക്ക് വളരെ ഫലപ്രദമാണ്.

മേൽക്കൂരകളിൽ പടർന്ന പായലുകൾ മഴക്കാലത്ത് അപകടകാരിയാകും. അതിനാൽ മഴയ്ക്കു മുൻപു തന്നെ അവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു കഴുകി വൃത്തിയാക്കിയ ശേഷം ഏതെങ്കിലും കെമിക്കൽ ആപ്ലിക്കന്റ് ബ്രഷ് കോട്ട് ചെയ്തിട്ടാൽ പായലും പൂപ്പലും പിടിക്കുന്നത് ഒരു പരിധി വരെ തടയാനാകും.

മറ്റൊരു പ്രധാന മഴക്കാല പ്രശ്നം വീടിന് ഉപയോഗിച്ചിരിക്കുന്ന മരം കൊണ്ടുള്ള വാതിലുകൾ, ജനൽ പാളികൾ എന്നിവ ചീർക്കുന്നതാണ്. അത് സ്വാഭാവികമായ കാര്യമാണ്. മഴയ്ക്ക് മുൻപ് ഏതെങ്കിലും വിധത്തിലുള്ള ഓയിൽ ട്രീറ്റ്മെന്റ് നൽകിയാൽ മതിയാകും. ഓയിൽ ട്രീറ്റ്മെന്റ് നൽകുന്ന വുഡ് കോട്ട്സ് വിപണിയിൽ ലഭ്യമാണ്.

ഇരുമ്പ് ജനാലകളുടെ ജോയിന്റുകളിലൂടെ വെള്ളം അ കത്തേക്ക് കടക്കാനിടയുണ്ട്. ഇത് തുരുമ്പ് പിടിക്കാൻ കാരണമാകും. ഇതു തടയാൻ മഴയ്ക്കു മുൻപ് അവയുടെ ജോയിന്റുകളും മറ്റും കൃത്യമാണോ എന്നു പരിശോധിക്കുക. പെയിന്റ് ചെയ്ത് സംരക്ഷിക്കുക. പുതിയ വീടു പണിയുന്നവരാണെങ്കിൽ യുപിവിസി ജനാലകൾ ഉപയോഗിച്ചാൽ ഇത്തരം പ്രശ്നങ്ങൾ വരാതെ തടയാനാകും.

വളർത്തു മൃഗങ്ങൾക്കും വേണം കരുതൽ

മഴക്കാലത്തെ തണുപ്പും ഈർപ്പവും വളർത്തു മൃഗങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതിനാൽ പ്രത്യേക ശ്രദ്ധ നൽകണം. പൂച്ചകളിൽ പാൻലൂക്കോപീനിയ, ടോക്സോ പ്ലാസ്മോസിസ്, ഹെർപിസ് എന്നീ രോഗങ്ങൾ മഴക്കാലത്ത് കൂടുതലായി കാണാറുണ്ട്

പ്രാവുകളിൽ പോക്സ്, പരാമിക്സോ, സാൽമൊണെല്ല തുടങ്ങിയ രോഗങ്ങൾ, പൂപ്പൽ ബാധകൾ മഴക്കാലത്ത് കൂടുതലായി കാണാം.

മുയലുകൾക്കു മഴക്കാലമായാൽ പാസ്റ്ററല്ല, കോക്സിഡിയ, വയറിളക്കം, ഫംഗസ് രോഗങ്ങൾ എന്നിവ ബാധിക്കാറുണ്ട്.

മഴക്കാലത്ത് നായ്ക്കളുടെ ചർമത്തിൽ നനവ് നിന്നാൽ മലസീസിയ എന്ന പൂപ്പൽ രോഗ ബാധ, ചെവിപഴുപ്പ്, ഫിയോഡെർമ എന്ന ത്വക്‌രോഗം, മഴവെള്ളത്തിൽ നടക്കുമ്പോൾ കാൽപാദത്തിൽ പോഡോ ഡെർമാറ്റൈറ്റിസ് (വളംകടിക്ക് സമാനമായ രോഗം), നഖങ്ങളിൽ യീസ്റ്റ് ഇൻഫെക്‌ഷൻ എന്നിവ വരാം.

വളർത്തുമൃഗങ്ങൾക്ക് മഴക്കാലത്തു പിടിപെടുന്ന രോഗങ്ങൾ തടയാൻ മഴവെള്ളം, കെട്ടിക്കിടക്കുന്ന വെള്ളം ഇവയുമായി സമ്പർക്കം ഉണ്ടാകാതെ ശ്രദ്ധിക്കുക. വളർത്തു മൃഗങ്ങളുടെ കൂടുകളിലെ ഭക്ഷണാവശിഷ്ടങ്ങൾ മഴക്കാലത്ത് എത്രയും പെട്ടെന്ന് മാറ്റണം. കൂട്ടിൽ എലി കയറാത്ത തരത്തിലുള്ള കരുതൽ വേണം. എലി മൂത്രത്തിലൂടെ വളർത്തുമൃഗങ്ങൾക്ക് എലിപ്പനി പിടിപെടാം.

വളർത്തുമൃഗങ്ങളുടെ ചർമം നനഞ്ഞിരിക്കാൻ അനുവദിക്കരുത്. ചൂടുകാറ്റ് ഉപയോഗിച്ച് അവയുടെ രോമങ്ങൾ ബ്ലോ ഡ്രൈ ചെയ്ത് ഉണക്കാം.

മഴക്കാലത്ത് വളർത്തു മൃഗങ്ങളെ കുളിപ്പിക്കുന്നത് രണ്ട് ആഴ്ചയിൽ ഒരിക്കൽ മതി. ഇടയ്ക്കിടയ്ക്കുള്ള കുളി അവയുടെ ആരോഗ്യം തകരാറിലാക്കും. പക്ഷികളെ മഴ, ഈർപം, കാറ്റ് എന്നിവയിൽ നിന്നു സംരക്ഷിക്കണം. പക്ഷിക്കൂട് മഴയേൽക്കാത്ത വിധം സ്ഥാപിക്കുകയോ മഴയേൽക്കാതെയും വായു സഞ്ചാരം നഷ്ടപ്പെടാതെയും പൊതിയുകയോ ചെയ്യുക.

വിരയിളക്കൽ മഴക്കാലത്ത് മുടങ്ങാതെ ചെയ്യണം. ആ വശ്യമായ വാക്സിനേഷൻ എല്ലാ മൃഗങ്ങൾക്കും നൽകുക. റോട്ട് വീലർ പോലുള്ള നായ്ക്കളുടെ ബ്രീഡിങ് മഴക്കാലം കണക്കാക്കി വേണം. ഇവയുടെ കുഞ്ഞുങ്ങൾക്ക് മഴക്കാ ലത്ത് പാർവോ വൈറൽ എന്ററൈറ്റിസ് എന്ന രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വിവരങ്ങൾക്ക് കടപ്പാട്

സൈറ മാത്യു

ആർക്കിടെക്റ്റ്,

മാത്യു & സൈറ ആർക്കിടെക്റ്റ്സ്, കൊച്ചി

ഫ്രാൻസിസ് സേവ്യർ

അസിസ്റ്റൻറ് എൻജിനീയർ, തൃശൂർ കോർപ്പറേഷൻ

ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റ്

ഡോ.അബ്ദുൾ ലത്തീഫ്,

വെറ്ററിനറി സർജൻ, കൊച്ചി

രമ്യ എസ്. ആനന്ദ്,

ഗാർഡൻ സ്റ്റൈലിസ്റ്റ്, കൊച്ചി