Thursday 03 November 2022 03:20 PM IST

കണ്ണിലെ വെളിച്ചം കെടുത്തിയ അനാസ്ഥ! രമേശിനായി ശബ്ദിക്കാൻ മനുഷ്യാവകാശ കമ്മീഷനും ആരോഗ്യ വകുപ്പും: വനിത ഓൺലൈൻ ഇംപാക്റ്റ്

Binsha Muhammed

ramesh-vanitha-online

രമേശിന്റെ കണ്ണിലെ വെളിച്ചം കെടുത്തിയ അനാസ്ഥയ്ക്ക് ഒടുവിൽ കാലം കണക്കു ചോദിച്ചു തുടങ്ങുകയാണ്. കണ്ണിലുണ്ടായ നിസാരമൊരു പ്രശ്നത്തിന് ചികിത്സ തേടി തൃശൂര്‍ മെ‍ഡിക്കൽ കോളജിന്റെ പടികൾ കയറിയ തൃശൂർ പുതുക്കാട് സ്വദേശിയായ രമേശിന്റെ ജീവിതം തന്നെ ഇരുട്ടിലാക്കിയത് കാവൽ മാലാഖമാരെന്ന് നാം വിശ്വസിക്കുന്ന ഒരു കൂട്ടം പേർ. ഇടതു കണ്ണിനെ ചുവപ്പിച്ചു നിർത്തിയൊരു രക്തപ്പാട്. അതിന് ചികിത്സ തേടിയാണ് മൂന്ന് വർഷങ്ങൾക്ക് മുമ്പ് തൃശൂർ പുതുക്കാട് സ്വദേശിയായ രമേശ് എന്ന സ്വർണ്ണപ്പണിക്കാരൻ ആശുപത്രിയിലേക്ക് കയറിച്ചെന്നത്. അവിടുന്ന് കിട്ടിയ ചികിത്സയും പരിശോധനയും മരുന്നുകളും ആ പാവം കണ്ണുംപൂട്ടി വിശ്വസിച്ചു. ഒടുവിൽ എന്തു സംഭവിച്ചെന്നോ... ഓർക്കാപ്പുറത്ത് ആ മനുഷ്യന്റെ കണ്ണിലെ കാഴ്ച നഷ്ടമായി, രണ്ടു വൃക്കകളും തകരാറിലായി, ജീവൻ തന്നെ തുലാസിലാക്കും വിധം ഹൃദ്രോഗിയായി. എന്താണ് സംഭവിക്കുന്നതെന്ന് ഡോക്ടർമാരോട് പലവുരു ചോദിക്കുമ്പോഴും പരസ്പരം വിരൽ ചൂണ്ടുന്നതല്ലാതെ മറ്റൊന്നും പറയാനില്ല.

ആരോട് പരാതി പറയണമെന്നോ ആരെ കുറ്റപ്പെടുത്തണമെന്നോ അറിയാതെ വെളിച്ചം കെട്ടുപോയ കണ്ണും ജീവൻ തന്നെ തുലാസിലാക്കിയ വൃക്കരോഗവുമായി നിസഹായതയുടെ തുരുത്തിൽ നിന്ന ആ കുടുംബത്തെ വനിത ഓൺലൈനാണ് കേരളക്കരയ്ക്ക് പരിചയപ്പെടുത്തുന്നത്. രമേശിനെ ഇവ്വിധം ഇരുട്ടിലേക്ക് തള്ളിവിട്ട ചിലരുടെ നിസംഗതയ്ക്ക് നീതിയുക്തമായ നടപടിയും അർഹമായ തുടർ ചികിത്സയും വേണമെന്ന് ആ ജീവിതം മുൻനിർത്തി വനിത ഓൺലൈൻ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് വായനക്കാർ ഏറ്റടുത്ത രമേശിന്റെ ജീവിതത്തിനു മുന്നിലേക്ക് ഇതാ നീതിയുടെ വെളിച്ചം തെളിയുകയാണ്. നീതി തേടിയുള്ള യാത്രയിൽ മനുഷ്യാവകാശ കമ്മീഷന്‍ രമേശിനും ഭാര്യ ജയന്തിക്കും മക്കൾക്കും ഒപ്പം ചേരും. സംസ്ഥാന ആരോഗ്യ വകുപ്പും പരാതി ഗൗവരമായി പരിശോധിച്ചു വരികയാണ്. വനിത ഓൺലൈൻ വാർത്ത ശ്രദ്ധയിൽപ്പെട്ട സാമൂഹ്യ പ്രവർത്തകൻ മുജീബ് റഹ്മാനാണ് രമേശിനു വേണ്ടി രംഗത്തിറങ്ങിയത്.

‘എന്റെ ഭർത്താവ് അനുഭവിക്കുന്ന വേദനകൾക്കും ഞങ്ങൾ നേരിടുന്ന ദുരവസ്ഥയ്ക്കും പരിഹാരമുണ്ടാകുമെന്ന് കരുതിയതല്ല. മനുഷ്യാവകാശ കമ്മീഷൻ അദ്ദേഹത്തിനായി ശബ്ദിക്കുമെന്ന് അറിയാൻ കഴിഞ്ഞു. അർഹമായ നീതി ലഭിക്കുമെന്ന് കരുതുന്നു. ഞങ്ങളുടെ കണ്ണീർ ലോകത്തെ അറിയിച്ച വനിത ഓൺലൈന് നന്ദി. നിയമം പോരാട്ടങ്ങളിൽ ഒപ്പം നിന്ന മുജീബ് റഹ്മാൻ സാറിനോടുള്ള കടപ്പാട് അറിയിക്കുന്നു. ഭാരിച്ച ചികിത്സ ചിലവും മോശം ആരോഗ്യവാസ്ഥയും ഉൾപ്പെടെ വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നു. അധികാര കേന്ദ്രങ്ങളുടെ ഈ ഇടപെടൽ എല്ലാ വെല്ലുവിളികളേയും അതിജീവിക്കാൻ ഞങ്ങളെ സഹായിക്കുമെന്ന് കരുതുന്നു’– രമേശിന്റെ ഭാര്യ ജയന്തി പറയുന്നു.

രമേശിനു വേണ്ടി നൽകിയ പരാതിയിൽ സംസ്ഥാന ആരോഗ്യവകുപ്പും ഇടപെട്ടിട്ടുണ്ട്. രമേശിന്റെ പരാതി ഫയലിൽ സ്വീകരിച്ചതായും വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ആരോഗ്യ പ്രർത്തകരുടെ ഭാഗത്തു നിന്നും സംഭവിച്ച അനാസ്ഥയും രമേശിനു സംഭവിച്ച ദുര്യോഗവും സംബന്ധിക്കുന്ന പരാതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. പരാതി പരിശോധിക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളാനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

വനിത ഓൺലൈനിൽ പ്രസിദ്ധീകരിച്ച രമേശിന്റെ ജീവികഥ ചുവടെ:



ആ കണ്ണിലെ വെളിച്ചം കെടുത്തിയത് വിധിയല്ല. നമ്മൾ വിശ്വസിക്കുന്ന വൈദ്യശാസ്ത്രത്തിലെ ചില പുഴുക്കുത്തുകളാണ്. മക്കളെ കൺനിറയെ കണ്ട്, കുടുംബത്തിനായി ഓടി നടന്നൊരു മനുഷ്യൻ. ഒരു സുപ്രഭാതത്തിൽ അയാളുടെ മുന്നിലെ വെളിച്ചം കൊട്ടിയടയ്ക്കപ്പെടുകയാണ്. നിസാരമായൊരു പ്രശ്നവുമായി തൃശൂർ മെഡിക്കൽ കോളജിന്റെ പടികള്‍ കയറിയ രമേശ് തിരികെ ഇറങ്ങിയത് പലവിധ അസുഖങ്ങളുടെ ദുരിതങ്ങളും പേറി. എല്ലാത്തിനും പിന്നിൽ ജീവനും ജീവിതവും നാം വിശ്വസിപ്പിച്ച് കയ്യിലേൽപ്പിക്കുന്ന ചില ഡോക്ടർമാരുടെ നിസംഗത.

ഇടതു കണ്ണിനെ ചുവപ്പിച്ചു നിർത്തിയൊരു രക്തപ്പാട്. അതിന് ചികിത്സ തേടിയാണ് മൂന്ന് വർഷങ്ങൾക്ക് മുമ്പ് തൃശൂർ പുതുക്കാട് സ്വദേശിയായ രമേശ് എന്ന സ്വർണ്ണപ്പണിക്കാരൻ ആശുപത്രിയിലേക്ക് കയറിച്ചെന്നത്. അവിടുന്ന് കിട്ടിയ ചികിത്സയും പരിശോധനയും മരുന്നുകളും ആ പാവം കണ്ണുംപൂട്ടി വിശ്വസിച്ചു. ഒടുവിൽ എന്തു സംഭവിച്ചെന്നോ... ഓർക്കാപ്പുറത്ത് ആ മനുഷ്യന്റെ കണ്ണിലെ കാഴ്ച നഷ്ടമായി, രണ്ടു വൃക്കകളും തകരാറിലായി, ജീവൻ തന്നെ തുലാസിലാക്കും വിധം ഹൃദ്രോഗിയായി. എന്താണ് സംഭവിക്കുന്നതെന്ന് ഡോക്ടർമാരോട് പലവുരു ചോദിക്കുമ്പോഴും പരസ്പരം വിരൽ ചൂണ്ടുന്നതല്ലാതെ മറ്റൊന്നും പറയാനില്ല. പക്ഷേ നഷ്ടപ്പെട്ടതോ, രമേശിന് സ്വന്തം ജീവിതം. ‘ഇനിയൊരിക്കൽ കൂടി ഈ കണ്ണില്‍ വെളിച്ചമെത്തില്ലെന്ന’ ഡോക്ടർമാരുടെ അന്ത്യശാസനവും പേറിയുള്ള ആ യാത്രയിൽ രമേശിനും ഭാര്യ ജയന്തിക്കും നഷ്ടപ്പെട്ടത് ഏറെ. ആകെയുണ്ടായിരുന്ന വരുമാന മാർഗം അടഞ്ഞു, സ്വപ്നങ്ങൾ അടുക്കിപ്പെറുക്കിയുണ്ടാക്കിയ വീട് വിറ്റു, മക്കളുടെ പഠനം തുലാസിലായി. എല്ലാത്തിനും മേലെ ഒന്നെഴുന്നേറ്റു നടക്കാൻ പോലുമാകാത്ത വിധം നാലു ചുമരുകൾക്കുള്ളിലേക്ക് തള്ളിയ രോഗപീഡകൾ. നിർഭാഗ്യമെന്നോ, അലക്ഷ്യമെന്നോ, പിഴവെന്നോ വിശേപ്പിക്കാവുന്ന ആ ജീവിതം കേട്ടിരിക്കുമ്പോൾ ഏതൊരാളുടെയും ചങ്കുപിടയും. ഭാര്യ ജയന്തി ‘വനിത ഓൺലൈനുമായി’ പങ്കുവയ്ക്കുന്നു ആ സങ്കടകഥ...

കീഴ്മേൽ മറിഞ്ഞ ജീവിതം

മക്കളുടെ സ്കൂളിൽ വലിച്ചു കെട്ടിയ പരീക്ഷാ വിജയികളുടെ പടുകൂറ്റൻ ഫ്ലക്സ് കണ്ട് പണ്ടൊരിക്കൽ ചേട്ടൻ ചോദിച്ചു. ‘നിങ്ങളുടെ ഫോട്ടോയും ഇതു പോലെ വരില്ലേ ഒരിക്കൽ...’ പിന്നെ വരില്ലേ... എന്ന് മക്കളുടെ ഗ്യാരന്റി. കാലങ്ങൾ കടന്നു പോയി. മക്കൾ പറഞ്ഞ വാക്കുകൾ അച്ചട്ടായി. എസ്എസ്എൽസിയും പ്ലസ്ടുവും നല്ല രീതിയിൽ വിജയിച്ച മകൾ വിസ്മയയുടേയും മകൻ വിഷ്ണുവിന്റേയും ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡുകൾ സ്കൂളിൽ നിരന്നു. പക്ഷേ ആ കാഴ്ച കാണും മുമ്പ്, അദ്ദേഹത്തിന്റെ കണ്ണിലെ വെളിച്ചം കെട്ടു. ഇന്നലേയും അതു പറഞ്ഞ് ആ മനുഷ്യൻ ഏറെ നേരം കരഞ്ഞു.– പെയ്തു തോരാത്ത സങ്കടപ്പേമാരിക്ക് നടുവിലിരുന്ന് ജയന്തി പറഞ്ഞു തുടങ്ങുകയാണ്.

ആഡംബരങ്ങളില്ലെന്നേയുള്ളൂ, നല്ല രീതിയിലാണ് ചേട്ടൻ കുടുംബം നോക്കിയിരുന്നത്. ഈ വേദനകളൊക്കെ തിന്നു തുടങ്ങും മുമ്പ് ഒരു ചെറിയ ആരോഗ്യ പ്രശ്നം പോലുമില്ലാതെ രമേശേട്ടൻ എനിക്കും മക്കൾക്കും കുടുംബത്തിനുമായി ഓടി നടന്നു. ജോലി ആവശ്യാർത്ഥം കോയമ്പത്തൂർ, ബംഗളൂരു, തിരുവനന്തപുരം എന്നു വേണ്ട പല സ്ഥലങ്ങളിലേക്കും ക്ഷീണമില്ലാതെ ഓടി നടന്നൊരു മനുഷ്യൻ. ഇടതു കണ്ണിനെ ചുവപ്പിച്ച ആ മാറ്റത്തിൽ നിന്നുമായിരുന്നു തുടക്കം. സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ണിന്റെ ഒരു കോണിൽ രക്തം തളംകെട്ടി കിടക്കുന്നു.

കാഴ്ചയിൽ വല്യ പ്രശ്നങ്ങളില്ലെങ്കിലും ഞങ്ങൾ അതുമായി തൃശൂർ മെഡിക്കൽ കോളജിലേക്ക് പോയി. പേടിക്കേണ്ടതായി ഒന്നുമില്ലെന്നും പ്രശ്നം നിസാരമാണെന്നും ഡോക്ടർമാർ പറഞ്ഞത് ആശ്വാസമായി. പക്ഷേ നാലു ദിവസം അവിടെ അഡ്മിറ്റാകണം എന്ന് ഡോക്ടർമാർ ഓർമ്മിപ്പിച്ചു. ചികിത്സയുടെ ഭാഗമായി ഒരു സ്റ്റിറോയ്ഡ് എടുക്കേണ്ടതുണ്ടതുണ്ടെന്നും. ശരീരത്തിലേക്ക് അത് ട്രിപ്പ് ചെയ്യുമ്പോൾ ഷുഗർ വേരിയേഷൻ‌ ഉണ്ടാകുമെന്നും പറഞ്ഞു. അങ്ങനെ വേരിയേഷൻ സംഭവിക്കുന്നതു കൊണ്ട് ഇൻസുലിൻ എടുക്കേണ്ടി വരുമെന്നും അതിനു വേണ്ടിയാണ് നാല് ദിവസം അഡ്മിറ്റാകേണ്ടി വരുന്നതെന്നും അവർ ധരിപ്പിച്ചു.

അവിടുന്ന് ചികിത്സയും കഴിഞ്ഞ് ഡിസ്ചാർജും വാങ്ങിപ്പോകുമ്പോൾ എല്ലാം സാധാരണ നിലയിലാകുമെന്ന് തന്നെയാണ് കരുതിയത്. പക്ഷേ കാര്യങ്ങൾ കീഴ്മേൽ മറിയുകയായിരുന്നു. ഏട്ടന്റെ മുഖം അസാധാരണമായി വീർക്കാന്‍ തുടങ്ങി. ഉറക്കം ശരിയാകാത്തതു കൊണ്ടും മരുന്നിന്റെ തുടക്കത്തിലെ സൈഡ് ഇഫക്ട് ആകുമെന്നും കരുതി. പക്ഷേ കാര്യങ്ങൾ കയ്യിൽ നിന്നില്ല. ഒരു മാർച്ച് മാസത്തിലാണ് കണ്ണിന്റെ പ്രശ്നത്തിനായി മെഡിക്കല്‍ കോളജിലേക്കു പോയത്. മേയ് മാസം ആയപ്പോഴേക്കും ശരീരം വല്ലാത്ത രീതിയിൽ പ്രതികരിച്ചു തുടങ്ങുകയായിരുന്നു. മുഖത്തിനു പിന്നാലെ ശരീരവും വീർത്തു തുടങ്ങി. ഓരോ ദിവസം കഴിയുന്തോറും ശരീരത്തിന്റെ ഭാരമേറി വന്നു. 72 കിലോയുണ്ടായിരുന്ന മനുഷ്യൻ ആഴ്ചകളുടെ വ്യത്യാസത്തിൽ 108 കിലോയിലെത്തി നിന്നു.

രംഗം വഷളായി ആശുപത്രിയിലേക്ക് പോകുമ്പോഴും അവർക്കത് വലിയ കാര്യമായിരുന്നില്ല. ആ സ്റ്റിറോയ്ഡ് 60 എംജി വച്ച് ഒരാഴ്ച കഴിക്കുന്നതിന്റെ ആണെന്നും അത് നിർത്തുമ്പോൾ എല്ലാം പഴയ പടിയാകുമെന്നും അവർ പറഞ്ഞു. പക്ഷേ ചേട്ടന്റെ ആരോഗ്യനില നാൾക്കു നാൾ വഷളായിക്കൊണ്ടേയിരുന്നൂ. ശരീരഭാരത്തിനൊപ്പം ഇടതുകാലും നീരുവച്ചു വീർത്തു. അസഹനീയമായ വേദനയും നീരും പഴുപ്പും വേറെ. റൂമിൽ നിന്ന് ബാത്ത്റൂമിലേക്ക് രണ്ട് സ്റ്റെപ്പ് എടുത്തു വയ്ക്കുമ്പോഴേ തളർന്നു കുഴഞ്ഞു പോകുന്ന അവസ്ഥ. കാര്യങ്ങൾ പന്തിയല്ലെന്നു കണ്ടപ്പോൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോയി. അവിടെ ഏഴു ദിവസമാണ് കിടന്നത്. കാലിന് സർജറി ചെയ്തെങ്കിലും നീരോ പഴുപ്പോ കുറഞ്ഞില്ല. നിവൃത്തിയില്ലാതെ വീണ്ടും എല്ലാത്തിനും കാരണക്കാരായ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്.

അസ്തമിച്ചു ജീവിതത്തിലെ വെളിച്ചം...

തിരികെ വീണ്ടും മെഡിക്കൽ കോളജിലെത്തി കാര്യം പറഞ്ഞു. ‘കണ്ണിന് പ്രശ്നവുമായി ഇവിടേക്ക് നടന്ന് വന്ന മനുഷ്യനാണ് ദേ കണ്ടില്ലേ... ഇപ്പോൾ വീൽചെയറിലാണ്.’ അപ്പോൾ അവരാകട്ടെ കാലിന് സർജറി ചെയ്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ ആയതെന്ന വിചിത്രവാദമാണ് പറഞ്ഞത്. അവിടെ അന്ന് നടന്ന പരിശോധന ചേട്ടന്റെ ഹാർട്ടിലും എന്തോ പ്രശ്നമുണ്ടെന്ന് വിളിച്ചു പറഞ്ഞു. കാർഡിയോളജിസ്റ്റിനെ കണ്ട് നടന്നതെല്ലാം പറഞ്ഞു. വേദനകളുടെ ആഘാതം ഇരട്ടിയാക്കി കാർഡിയോളജിസ്റ്റ് പറഞ്ഞത്, ചേട്ടന്റെ ഹാർട്ടിൽ ബ്ലോക്ക് ഉണ്ടെന്നാണ്. ഉടനടി ആൻജിയോഗ്രാം ചെയ്തില്ലെങ്കിൽ അരുരാത്തത് സംഭവിക്കുമെന്നും ഓർമിപ്പിച്ചു. പക്ഷേ ഇക്കുറി അവർക്ക് പഠിക്കാൻ ചേട്ടന്റെ ശരീരം വിട്ടുകൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. അവർ പറയുന്ന ഏതെങ്കിലും ആശുപത്രിയിൽ പോയി ചെയ്താലും മതിയെന്ന ‘സൗജന്യം’ കൂടി അവർ മുന്നോട്ടുവച്ചു. പക്ഷേ ഞങ്ങൾ അതിന് ഒരുങ്ങിയില്ല. ഈ നിമിഷം വരെയും ചെയിതിട്ടുമില്ല.

അവിടം കൊണ്ടും തീർന്നില്ല, ഊഴം കാത്തിരുന്ന അടുത്ത പരിശോധനയ്ക്കു ശേഷം അവർ അദ്ദേഹത്തിന് ന്യൂമോണിയയും ഉണ്ടെന്നു പ്രഖ്യാപിച്ചു. ഇത്രയും സംഭവിച്ചിട്ട് ഇനിയും ഞാനെന്റെ ഭർത്താവിനെ നിങ്ങൾക്ക് പഠിക്കാൻ തരണോ എന്നാണ് ഞാൻ തിരിച്ചു ചോദിച്ചത്. പക്ഷേ അപ്പോഴും എനിക്കു മുന്നിൽ വേറെ വഴിയില്ലായിരുന്നു. അന്ന് എന്തൊക്കെയോ ഇഞ്ചക്ഷനും മരുന്നുമൊക്കെ എടുത്ത് വീട്ടിലേക്ക് പോയി.

വലിയ അദ്ഭുതങ്ങളൊന്നും സംഭവിക്കുന്നുണ്ടായിരുന്നില്ല. ചേട്ടന്റെ ശ്വാസംമുട്ടും ശരീരം വേദനയും കൂടിക്കൂടി വന്നു. ശരീരത്തിന്റെ ഭാരവും കാലിലെ നീരും പഴയപടി തന്നെ. ഒരിക്കൽ അദ്ദേഹം നിന്ന നിൽപ്പിൽ കുഴഞ്ഞുവീണു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഉയിരും കയ്യിൽ പിടിച്ച് ഓടിയെത്തുമ്പോഴാണ് കഴിഞ്ഞ കുറേ നാളുകളായി ആ മനുഷ്യനെ പരീക്ഷണ വസ്തുവിനെ പോലെ ചികിത്സിക്കുകയായിരുന്നു എന്ന സത്യം അറിഞ്ഞത്. കണ്ണിനുണ്ടായ അസുഖത്തിന് വൈസൊലോൺ 60 എംജിയുടെ മരുന്നാണ് മാസങ്ങളോളം ചേട്ടന് കുറിച്ചു തന്നത് എന്ന് പറഞ്ഞപ്പോൾ ഡോക്ടർമാർ ഞെട്ടിപ്പോയി. കണ്ണിലെ അസുഖത്തിന് എന്തിന് കിഡ്നിയുടെ ഗുളിക തന്നതെന്നായി ഡോക്ടർമാരുടെ മറുചോദ്യം. അളവിൽ കവിഞ്ഞ മരുന്ന്, അതും അന്നേരമുണ്ടായിരുന്ന ആരോഗ്യ പ്രശ്നവുമായി യാതൊരു ബന്ധവുമില്ലാത്ത മരുന്ന്. ഇത്രയും നാൾ ഒരു പച്ചയായ ശരീരത്തിൽ കയറിയിറങ്ങി പോയതോർത്ത് ഡോക്ടർമാരും അമ്പരന്നു നിൽക്കുകയായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ഹാർട്ടിൽ ബ്ലോക്കൊന്നും ഇല്ലായിരുന്നു, പമ്പിങ് സ്ലോ ആയിരുന്നു അത്രമാത്രം. ഇതെല്ലാം കേൾക്കുമ്പോൾ എന്റെ കണ്ണുകളിൽ ഇരുട്ടു കയറുകയായിരുന്നു.

പക്ഷേ എല്ലാം അറിയുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. ദിവസങ്ങൾ ഒന്നൊന്നായി കഴിയവേ അദ്ദേഹത്തിന്റെ കണ്ണിലെ വെളിച്ചം ക്രമേണ കെട്ടു തുടങ്ങി. ഇടതു കണ്ണിൽ തുടങ്ങി വലതു കണ്ണിലേക്ക് ഇരുട്ട് പടർന്നു കയറി. കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് തലയിലെ ഞരമ്പ് പൊട്ടി... ബ്ലഡ് തലച്ചോറിൽ സ്പ്രെഡ് ചെയ്യുകയാണ് എന്നാണ്. ഇനി സർജറി ചെയ്താലും കാര്യമുണ്ടാകില്ല എന്നും അദ്ദേഹം ഓർമിപ്പിച്ചു. എന്നിട്ടും വിധിക്ക് വേദനിപ്പിച്ച് മതിയായില്ല. പുതിയ പരിശോധനയിൽ വൃക്ക രണ്ടും ഡാമേജ് ആയത്രേ. കടന്നു പോയ പരിശോധനയുടെ നാളുകളിൽ പലവട്ടം ക്രിയാറ്റിൻ ചെക്ക് ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ നോർമലായിരുന്നു. ഇപ്പോഴിതാ വേദനകളുടെ കൊടുമുടി കയറുമ്പോൾ രണ്ട് വൃക്കകളും പ്രവർത്തന രഹിതമായിരിക്കുന്നു.

എനിക്ക് നൂറു ശതമാനം 100 ശതമാനം ഉറപ്പുണ്ട്. ആക്റ്റീവായി നടന്നൊരു മനുഷ്യനെ ഇങ്ങനെ ആക്കിയതാണ്. സ്റ്റിറോയ്ഡ് ഇഞ്ചക്ട് ചെയ്ത് പരീക്ഷണ വസ്തുവാക്കി അദ്ദേഹത്തെ തീരാദുരിതത്തിലേക്ക് തള്ളിവിട്ടതാണ്. ഇതിനെ വിധിയെന്ന് പറഞ്ഞ് എഴുതി തള്ളാൻ ഞങ്ങൾക്ക് മനസുവരുന്നില്ല. രണ്ട് കണ്ണിലെയും വെളിച്ചംകെട്ട് അദ്ദേഹം വീട്ടിലിരിക്കുന്ന കാഴ്ച ഞങ്ങൾക്ക് സഹിക്കാനാകുന്നില്ല. ആരോട് പരാതി പറയണം, ആരെ പഴിക്കണം...

എന്തു തന്നെയായാലും അദ്ദേഹത്തെ അങ്ങനെ അങ്ങ് മരണത്തിന് വിട്ടു കൊടുക്കാൻ ഞങ്ങൾക്ക് വയ്യ. വീടു വിറ്റും കടം മേടിച്ചും ഇന്നും അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ പോരാടുകയാണ് ഞാനും മക്കളും. ഡോക്ടർമാർ വിധിയെഴുതുമ്പോഴും അദ്ദേഹത്തിന്റെ കണ്ണിൽ വെളിച്ചം എത്തുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളുടെ ജീവിതം. മകൻ ഡിഗ്രി പഠനത്തിനൊപ്പം ഒരു പച്ചക്കറി കടയിൽ പാർട് ടൈമായി ജോലിനോക്കുന്നു. മകൾ പ്ലസ് വണ്ണിന് പഠിക്കുന്നു. സുമനസുകൾ കനിഞ്ഞും സന്നദ്ധ സംഘടനകൾ സഹായിച്ചും അദ്ദേഹത്തിന്റെ ചികിത്സയുമായി മുന്നോട്ടു പോകുന്നു. മറുവശത്ത് അദ്ദേഹത്തെ ഇങ്ങനെയാക്കിയവരോടുള്ള നിയമപോരാട്ടവും തുടരുന്നു. ഞങ്ങളെ ഇത്രയും വേദനിപ്പിച്ചില്ലേ... മുന്നിലൊരു വെട്ടം എന്നെങ്കിലും വീഴാതിരിക്കില്ല.– ജയന്തി പറഞ്ഞു നിർത്തി.