Wednesday 23 September 2020 02:45 PM IST : By സ്വന്തം ലേഖകൻ

ഒളിവില്‍ പോയ നടിയെ കണ്ടെത്തണമെന്ന് ആവശ്യം; റംസിയുടെ മരണം അന്വേഷിക്കാന്‍ സംസ്ഥാന ക്രൈം ബ്രാഞ്ച്

ramsi-srime-b

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതില്‍ മനംനൊന്ത് കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന്.  എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. കെജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണം കൈമാറിയതായി അറിയിച്ചുള്ള ഉത്തരവ് ഡിജിപി പുറത്തിറക്കി. നേരത്തെ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കൊട്ടിയം പൊലീസില്‍ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ചിന് അന്വേഷണചുമതല നല്‍കിയിരുന്നത്. കേസില്‍ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് പ്രതിയാണ്. ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണം.

റംസിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹാരിസ് മാത്രമല്ല ആത്മഹത്യക്കു പിന്നില്ലെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണം സംസ്ഥാന െ്രെകംബ്രാഞ്ചിന് കൈമാറിയത്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി റംസിയുടെ പിതാവും ആക്ഷന്‍ കൗണ്‍സിലും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.ഹാരിസിന്റെ അച്ഛനെയും അമ്മയേയും ചോദ്യം ചെയ്യണമെന്നും ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ കണ്ടെത്തണമെന്നുമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. റംസിയുടെ മരണത്തില്‍ ഇവര്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം.

ആത്മഹത്യ ചെയ്യുന്ന ദിവസവും അതിന് മുമ്പുളള ദിവസങ്ങളിലും റംസിയുമായി വിവാഹത്തെപ്പറ്റി ഹാരിസും അമ്മയും ഫോണില്‍ സംസാരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹാരിസിന്റെ അമ്മയും ജ്യേഷ്ഠന്റെ ഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

നേരത്തെ ലക്ഷ്മിയെ രക്ഷപ്പെടുത്താനായി ഉന്നത ഇടപെടലുകള്‍ നടന്നെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഉള്‍പ്പെടെയുടെയുള്ളവര്‍ക്കായി ഉന്നത പൊലീസ് ഇടപെടല്‍ ഉണ്ടായെന്നും ആരോപണം ഉയര്‍ന്നിരുന്നു. സെപ്റ്റംബര്‍ 3നാണ് കൊട്ടിയം സ്വദേശിനിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ചത്. ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ ശേഷവും ഹാരിസ് തന്നെ ഒഴിവാക്കുകയാണെന്ന് തിരിച്ചറിഞ്ഞ റംസി കടുത്ത മനോവിഷമത്തിലായിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി ഉയര്‍ന്നത്.