Tuesday 27 September 2022 04:09 PM IST

നമ്മളൊക്കെ പെണ്ണുങ്ങളല്ലേ മിസ്സേ... നോട്ടം തട്ടാതിരിക്കാൻ ഓവർകോട്ട്, ആണിനും പെണ്ണിനും വെവ്വേറെ വഴി: സഹികെട്ട് രാജി: റാണി ടീച്ചര്‍ പറയുന്നു

Binsha Muhammed

rani-miss

വേർതിരിവുകളുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ജെൻഡർ ന്യൂടാലിറ്റി യൂണിഫോം ഇപ്പോഴും നമുക്ക് ചൂടുള്ള ചർച്ചയാണ്. ആണ് കയ്യടക്കി വച്ചിരിക്കുന്ന സ്വാതന്ത്ര്യവും സ്വപ്നങ്ങളും പെണ്ണിനും കൂടിയുള്ളതാണെന്ന് പറയാതെ പറയുന്നതായിരുന്നു സ്കൂൾ യൂണിഫോമിലുണ്ടായ ആ ഐക്യം. പാവാട മാറ്റി പാന്റും ഷർട്ടും അണിഞ്ഞ് നമ്മുടെ പെൺകുട്ടികളെത്തിയപ്പോൾ മാറ്റം ആഗ്രഹിക്കുന്ന നാട് അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ഇങ്ങനെയൊക്കെ ആണെങ്കിലും ആൺ–പെൺ വേർതിരിവുകളെ അലങ്കാരമാക്കുന്ന ‘പ്രാകൃതഡിസിപ്ലീന്റെ പ്രതിനിധികൾ’ ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ട് എന്നതാണ് സങ്കടകരം. ഒരു സ്കൂളിൽ ആണിനും പെണ്ണിനും സഞ്ചരിക്കാൻ വെവ്വേറെ കോറിഡോറുകൾ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?, നോട്ടങ്ങളെ ഭയന്ന് കോട്ടു തുന്നി നടക്കാൻ കൽപ്പന പുറപ്പെടുവിച്ച സ്കൂൾ അധികാരികൾ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സംഭവം നടന്നത് ജെൻഡർ ന്യൂട്രൽ യൂണിഫോം വിപ്ലവം തീർത്ത അതേ കേരളത്തിലാണ്.

പത്തനംതിട്ട കൊല്ലമുളയിലെ ലിറ്റിൽ ഫ്ളവർ പബ്ലിക് സ്കൂളിലെ അധ്യാപികയായിരുന്ന റാണി ജോസഫ് എന്ന അധ്യാപികയിലൂടെയാണ് മേൽപ്പറഞ്ഞ പ്രാകൃത രീതികൾ കേരളീയ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് എത്തുന്നത്. സ്കൂളിൽ ആണും പെണ്ണും പരസ്പരം മിണ്ടിയാൽ വാണിങ്, ഒരേ വഴിയിൽ സഞ്ചരിച്ചാൽ ഷൗട്ടിങ്! അങ്ങനെ പോകുന്നു സ്കൂളിലെ റൂൾസ് ആന്‍ഡ് റെഗുലേഷൻസ്. ടീച്ചർമാരെല്ലാം ഓവർ കോട്ട് ധരിക്കണമെന്ന സ്കൂൾ മാനേജ്മെന്റിന്റെ അടിച്ചേൽപ്പിക്കലിലായിരുന്നു സമാനമായ മറ്റൊരു പ്രാകൃത നടപടി. അതിന്റെ പേരിൽ നേരിടേണ്ടി വന്ന അപമാനവും കുത്തുവാക്കുകളും ആ സ്കൂളിൽ നിന്നും രാജിവയ്ക്കുന്നതിലേക്ക് വരെയെത്തി. തന്റെ പ്രതിഷേധം നാടറിയണമെന്ന് പറയുന്ന റാണി ജോസഫ് എന്ന അധ്യാപിക താൻ ആ സ്കൂളിൽ അനുഭവിച്ച വേദനകളേയും തന്റെ പ്രതിഷേധത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ചും വനിത ഓൺലൈനോട് സംസാരിക്കുന്നു.

2022 മേയ് മാസത്തിലാണ് പത്തനംതിട്ട കൊല്ലമുളയിലെ ലിറ്റിൽ ഫ്ളവർ പബ്ലിക് സ്കൂളിൽ അധ്യാപികയായി ജോലിക്കു കയറുന്നത്. പഠിച്ച സ്കൂളിൽ അധ്യാപികയായി വരുന്നതിലുള്ള സന്തോഷം ഒന്നു കൂടി ആ ജോലിക്കുണ്ടായിരുന്നു. പ്രധാനമായും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ഇംഗ്ലീഷ് വിഷയമാണ് കൈകാര്യം ചെയ്തിരുന്നത്. കുട്ടികളുമായും സഹപ്രവർത്തകരുമായും നല്ല സൗഹൃദത്തിലാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. പക്ഷേ ആ സൗഹൃദാന്തരീക്ഷം സ്കൂളിലെ നിയമങ്ങളിലില്ല എന്ന പോകെപ്പോകെ മനസിലായി– റാണി ടീച്ചർ പറഞ്ഞു തുടങ്ങുകയാണ്.

ആണും പെണ്ണും വെവ്വേറെ

സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് കോറിഡോറുകൾ കണ്ടപ്പോഴേ ഇവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അതിശയം തോന്നി. പക്ഷേ അതിനെക്കുറിച്ച് സംസാരിക്കുകയോ വിയോജിപ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ല. ആൺകുട്ടികളുടെ കോറി‍‍ഡോറിലൂടെ അറിഞ്ഞോ അറിയാതെയോ കാലെടുത്തു വച്ചാൽ എന്തോ വലിയ പാതകം ചെയ്തതു പോലെയാണ് സ്കൂളിലെ ടീച്ചേഴ്സും ഉന്നതാധികാരികളും കണക്കാക്കിയിരുന്നത്. ക്ലാസില്ലാത്ത സമയം, അതായത് ഇന്റർവെല്ലുകൾക്കും ലഞ്ച് ബ്രേക്കിനു മുന്നിലുള്ള സമയം ടീച്ചർമാർക്ക് കോറിഡോർ ഡ്യൂട്ടി എന്നൊരു ജോലി നിശ്ചയിച്ചിട്ടുണ്ട്. അണും പെണ്ണും പരസ്പരം മിണ്ടുന്നില്ലെന്നും ആ കോറിഡോറിലൂടെ സഞ്ചരിക്കുന്നില്ലെന്നും ഉറപ്പാക്കണം, ചുരുക്കി പറഞ്ഞാൽ കാവൽ നിൽക്കണം.

ഏത് കോറിഡോറിലൂടെ നടന്നാലും അൽപം വളഞ്ഞാണെങ്കിലും ഉദ്ദേശിച്ച സ്ഥലത്തെത്താം എന്ന മണ്ടൻ‌ ന്യായമാണ് അവർക്ക് പലർക്കും ഉണ്ടായിരുന്നത്. ഒരിക്കൽ ആൺകുട്ടിളെല്ലാം പോയിക്കഴിഞ്ഞ ശേഷം പെട്ടെന്ന് ഓഡിറ്റോറിയത്തിലെത്താൻ അവരുടെ കോറിഡോർ ഉപയോഗിക്കട്ടെ മിസ്സേ എന്ന് കുട്ടികൾ ചോദിച്ചു. അവിടെ മറ്റാരും ഇല്ലാത്തതു കൊണ്ടു തന്നെ ഞാൻ അനുവാദം കൊടുത്തു. എന്നാൽ ഇത് കണ്ട ഒരു ടീച്ചർ ‘നിങ്ങൾക്ക് നാണമില്ലേ, ആണുങ്ങളുടെ വഴിയിൽ കൂടെ നടക്കാൻ എന്നു പറഞ്ഞ് കുട്ടികളോട് മോശമായി സംസാരിച്ചു, ഷൗട്ട് ചെയ്തു. പലരും കരഞ്ഞു കൊണ്ട് തിരിച്ചു നടന്നു.

ആണും പെണ്ണും സംസാരിച്ചാലുമുണ്ട് കുറ്റം. ഒന്നിലധികം തവണം സംസാരിച്ചാൽ അവർ തമ്മിൽ പ്രണയമാണെന്നാണ് അവരുടെ ധാരണ. പഠന സംബന്ധമായി എന്തെങ്കിലും സംസാരിച്ചാലു ഇതു തന്നെ അവസ്ഥ. വാണിങ് കൊടുത്തു കഴിഞ്ഞാൽ അടുത്ത നടപടി അവരുടെ വീട്ടിലറിയിക്കും. എല്ലാ അധ്യാപകരുടേയും രക്ഷിതാക്കളുടേയും മുന്നിൽ വച്ച് അവരെ ഹരാസ് ചെയ്യും. അങ്ങനെ പോകുന്നു ആ സ്കൂളിലെ ശിക്ഷാരീതികളും നിയമങ്ങളും.

നോട്ടം ചെറുക്കാൻ കോട്ട്

പഠിപ്പിക്കുന്ന കുട്ടികളുടെ നോട്ടം മോശമായി പതിയാതിരിക്കാനണത്രേ സ്കൂളിലെ ടീച്ചർമാർക്ക് കോട്ട് വേണമെന്ന് മാനേജ്മെന്റ് ശാഠ്യം പിടിച്ചത്. ഞാൻ അവിടെ ജോയിൻ ചെയ്യുമ്പോഴേ ആ നിയമമുണ്ട്. അതിനോട് വിയോജിപ്പ് തോന്നിയെങ്കിലും സ്കൂളിലെ നിയമം എന്ന പരിഗണന നൽകി അനുസരിക്കാൻ തീരുമാനിച്ചു. ഓരോ അധ്യായന വർഷത്തിലും ടീച്ചർമാർക്കും കുട്ടികൾക്കുമുള്ള കോട്ടും യൂണിഫോമും സ്കൂൾ മാനേജ്മെന്റിന്റെ കീഴിൽ തന്നെയാണ് തുന്നി നൽകുന്നത്. ഞാനവിടെ പുതിയതായത് കൊണ്ട് തന്നെ എനിക്കുള്ള കോട്ടിന്റെ അളവ് ടെയ്‌ലറെ ഏൽപ്പിച്ചു. പക്ഷേ തിരക്കുള്ളതു കൊണ്ട് എന്റേത് മാത്രം കൃത്യസമയത്ത് കിട്ടിയില്ല. കോട്ടിനായുള്ള കാത്തിരിപ്പ് ആഴ്ചകളും മാസങ്ങളും നീണ്ടു. പലതവണയും അന്വേഷിക്കുമ്പോഴും ഇന്നു തരാം നാളെ തരാം എന്നു പറഞ്ഞതല്ലാതെ കോട്ട് കിട്ടിയിട്ടില്ല. ഒരു തവണ അന്വേഷിച്ചപ്പോൾ മെറ്റീരിയൽ കിട്ടിയില്ലെന്നു പറഞ്ഞു, മറ്റൊരു ഘട്ടത്തിൽ തിരക്കാണെന്നും. കോട്ട് എവിടെ മിസ്സേ എന്ന പ്രിൻസിപ്പലച്ഛന്റെ ചോദ്യത്തിനൊടുവിൽ ടെയ്‍ലറോട് ചെന്ന് തിരക്കിയപ്പോൾ എനിക്ക് കിട്ടിയത് വേറെ ആർക്കോ തുന്നിയ അധികം വന്ന കോട്ട്. അത് എനിക്ക് ചേരുന്നില്ലെന്ന് മാത്രമല്ല ഇടുന്നതും ഇടാതിരിക്കുന്നതും കണക്കായിരുന്നു.

ഒരിക്കൽ സ്റ്റാഫ് റൂമിൽ ഇരിക്കേ സഹ അധ്യാപകർ എന്നോടു പറഞ്ഞു ടീച്ചറോട് അസൂയ തോന്നുന്നു, കോട്ടിൽ വീർപ്പു മുട്ടി ഇരിക്കാതെ ഫ്രീയായി നടക്കാല്ലോ... എന്ന്. അപ്പോൾ മാത്രം ആദ്യമായി ഞാന്‍ തിരിച്ചു ചോദിച്ചു. ‘എന്തിനാണ് ഈ നിയമം നിങ്ങൾക്ക് ഈ ഫ്രീഡം വേണ്ടേ എന്ന്.’ അതിന് ഒരു അധ്യാപിക തന്ന മറുപടി ‘നമ്മള്‍ പെണ്ണുങ്ങളാണ് മിസ്സേ...ആണുങ്ങൾ നമ്മളെ നോക്കുന്നത് അറിയില്ലേ എന്ന്.’ ഞാൻ വിട്ടു കൊടുത്തില്ല, നമ്മള്‍ കുട്ടികൾക്ക് മാതൃകയാകേണ്ടവരല്ലേ, പിന്നെയും എന്തിനാണ് പഴയ നൂറ്റാണ്ടിലേക്ക് പോകുന്നതെന്ന് ചോദിച്ചു.

ഇത് സ്കൂളിൽ വലിയ സംസാര വിഷയമായി എന്ന് ഞാനറിഞ്ഞു. മറുവശത്ത് ഞാൻ എന്റെ കോട്ട് എന്നു കിട്ടും എന്ന് ടെയ്‍ലറോട് എന്ന് അന്വേഷിച്ചു കൊണ്ടേയിരുന്നു. രണ്ടാമത്തെ വട്ടവും മറ്റാർക്കോ കൊണ്ടു വന്ന അധികം വന്ന കോട്ട് എനിക്ക് തന്നു. അത് അണിഞ്ഞപ്പോഴും പഴയ കഥ തന്നെ. മോശം തുന്നലാണെന്ന് മാത്രമല്ല, അത് ധരിച്ചപ്പോഴും വൾഗറായിപ്പോയി എന്ന് ടീച്ചർമാർ പറഞ്ഞു.

പക്ഷേ എല്ലാത്തിന്റേയും ആഫ്റ്റർ എഫക്റ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം സ്കൂളിൽ കുട്ടികളൊക്കെ നിൽക്കുന്ന കോറിഡോറിൽ വച്ച് പ്രിൻസിപ്പലച്ചന്‍ എന്നോട് കോട്ട് എവിടെ എന്ന് ചോദിച്ചു. നടന്ന കാര്യങ്ങൾ പറഞ്ഞിട്ടും അദ്ദേഹം എന്നോട് വല്ലാതെ കയർത്തു സംസാരിച്ചു. ഞാൻ എക്സ്ക്യൂസ് പറയുകയാണെന്നും ഉത്തരവാദിത്തമില്ലാതെ പെരുമാറുകയാണെന്നും പറഞ്ഞു. എന്റെ കുട്ടികളുടെ മുന്നില്‍ വച്ചാണ് അങ്ങനെയൊരു സംസാരമെന്ന് ഓർക്കണം. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു എന്നു മാത്രമല്ല, ഞാൻ കരഞ്ഞില്ലെന്നേയുള്ളൂ. അന്ന് വൈകുന്നേരം വീട്ടിലെത്തി ഭർത്താവിനോടും മക്കളോടും കാര്യങ്ങൾ ധരിപ്പിച്ചു. ഇനി ആ സ്കൂളിലേക്ക് ഇല്ലെന്ന് ഉറപ്പിച്ചു. അങ്ങനെ ഇ മെയിലിലൂടെ എന്റെ രാജിക്കത്ത് സ്കൂൾ മാനേജ്മെന്റിന് അയച്ചു കൊടുത്തു. അതിന്റെ പേരിൽ എന്നെ ഫോൺ വിളിക്കരുതെന്നും പറഞ്ഞു. എന്താണ് കാരണം എന്ന് തിരക്കി മറ്റൊരു മെയിലാണ് സ്കൂളിൽ നിന്നും വന്നത്. ആ സ്കൂളിൽ നടക്കുന്ന വിവേചനങ്ങൾ എണ്ണിയെണ്ണി ഞാൻ പറഞ്ഞു.

സത്യം പറഞ്ഞാൽ ആ തീരുമാനം പെട്ടെന്നുണ്ടായ തീരുമാനത്തിൽ നിന്നല്ല. അത്രമാത്രം എനിക്ക് സങ്കടവും വന്നതു കൊണ്ട് മാത്രമായിരുന്നു അത്. മാത്രമല്ല, ഈ സംഭവത്തിലൂടെ ഒരു സന്ദേശം കൊടുക്കുക എന്ന നിർബന്ധവും എനിക്കുണ്ട്.– റാണി ടീച്ചർ പറഞ്ഞു നിർത്തി.