Tuesday 14 June 2022 05:08 PM IST

‘എനിക്കറിയില്ലായിരുന്നു, എന്നെ സെക്ഷ്വലി യൂസ് ചെയ്യുകയാണെന്ന്’: ഗേയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം: റിസ്‍വാൻ പറയുന്നു

Binsha Muhammed

rizvan-make-up-artist

ഒരു കയറ്റത്തിന് ഒരിറക്കം ഉണ്ടെന്ന് പറയുന്നത്, ഒരു സുഖത്തിന് ഒരു ദുഖമുണ്ടെന്ന് പറയുന്നത് വെറുതെയാണ്. ജീവിതത്തിൽ ഒരുനൂറ് വേദനകൾ നൽകിയ വിധി ഒടുവിൽ ആ മുഖത്ത് പുഞ്ചിരി വിരിയിക്കാന്‍ എന്തോ പിശുക്കു കാട്ടുംപോലെ. നഷ്ടപ്പെടലുകളും ത്യജിക്കലുകളും വേദനയുടെ കുത്തൊഴുക്കുകളും ആവോളമുണ്ടായി റിസ്‍വാന്റെ ജീവിതത്തിൽ. പക്ഷേ അതിനെ സന്തോഷം കൊണ്ട് തുലനം ചെയ്യാൻ കാലവും വിധിയും മടിച്ചു നിന്നു. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് പറിച്ചു നടപ്പെട്ട റിസ്‍വാന്റെ ജീവിതത്തുലാസിൽ വേദനകള്‍ക്ക് മാത്രമായിരുന്നു കനം.

ജനിച്ച് രണ്ട് മാസമായപ്പോൾ ഉപ്പ ഉപേക്ഷിച്ചു പോയി, ഉമ്മ ഒറ്റയ്ക്കായി, തന്റെ സ്വത്വം ഗേയുടേതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം കുടുംബത്തിൽ ഒറ്റപ്പെട്ടു. സമൂഹത്തിന്റെ പരിഹാസം, ജീവിതത്തിൽ അവനെ ആകെ തിരിച്ചറിഞ്ഞ തിരിച്ചറിഞ്ഞ പിടിവള്ളിയായ പ്രണയം നഷ്ടപ്പെട്ടു, കുത്തുവാക്കുകൾ, പരിഹാസങ്ങൾ... ഓർമകളിൽ നിന്നും എല്ലാം അടുക്കിപ്പെറുക്കിയെടുത്ത് ഒരു ചെറു പുഞ്ചിരിയോടെ റി‍സ്‍വാൻ ചോദിക്കുന്നു.

‘മതിയായില്ലേ വിധിയേ... നിനക്ക്...’

ഒടുവിൽ മടുത്തിട്ടാകണം അവനെ വേദനിപ്പിച്ച വിധി ഒന്നാന്തരമൊരു മേൽവിലാസം നൽകി. ഇൻസ്റ്റഗ്രാമിലെ അവന്റെ പേരിന്റെ വാലായ ‘ദി മേക്കപ്പ് ബോയ്.’ സെലിബ്രിറ്റികളുടെ ഇഷ്ട മേക്കപ്പ് ആർട്ടിസ്റ്റ് എന്ന് ചുരുങ്ങിയ കാലംകൊണ്ട് പേരെടുത്ത റിസ്‍വാന്റെ കഥയ്ക്ക് അവൻ കൂട്ടുന്ന ചമയങ്ങളുടെ തിളക്കമില്ല, ആഡംബരങ്ങളില്ല. കോഴിക്കോട്ടെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ച എല്ലാ ചങ്ങലകളും പൊട്ടിച്ചെറിഞ്ഞ് റിസ്‍വാൻ ഗേ എന്ന ഐഡന്റിറ്റിയിലേക്ക് മാറിയ വിപ്ലവകഥയാണിത്, ഒപ്പം അവന്റെ വിജയഗാഥയും. വനിത ഓൺലൈനോട് ‘ദി മേക്കപ്പ് ബോയ്’ മനസു തുറക്കുന്നു.

എല്ലാം എനിക്കുമ്മ...

ഭൂമി കീഴ്മേൽ മറിഞ്ഞാലും ഭൂകമ്പമുണ്ടായാലും മാറാത്ത ചിലതുണ്ട്. ചിലരുടെ മനസ്, ചിന്തകൾ, തീർപ്പുകൾ, തീരുമാനങ്ങൾ... അതിന്റെ പേരിൽ നാടും വേരും ബന്ധങ്ങളും വരെ നഷ്ടപ്പെട്ടവനാണ് ഞാന്. എന്തിനേറെ എന്റെ ജീവിതത്തിൽ ആകെ പടച്ചോൻ തന്ന, ഉമ്മയേയും എന്നേയും രണ്ട് സ്ഥലത്തേക്ക് അകറ്റി നിർത്തുന്നതു പോലും മേൽപ്പറഞ്ഞ മുൻവിധികളാണ്. എന്തേ കാരണമെന്നല്ലേ... ഞാൻ ഞാനായി.– റിസ്‍വാൻ പറഞ്ഞു തുടങ്ങുകയാണ്.

വേദനകളുടെ അധ്യായം എന്റെ ഉമ്മയിൽ നിന്നു തന്നെ തുടങ്ങണം. രണ്ടാം കെട്ടുകാരനാണെങ്കിലും ഒരാൾ ജീവിതത്തിലേക്ക് കടന്നു വരുന്നത് ആശ്വാസമാകുമെന്ന് ആ പാവം കരുതി. പക്ഷേ അനുഭവിച്ചത് സമാനതകളില്ലാത്ത വേദനകൾ. എന്നും കള്ളും കുടിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്ന, ഉമ്മയെ ഉപദ്രവിക്കുന്ന ഉപ്പ എന്റെ ഓർമകളിൽ ഇല്ലെങ്കിലും ഇന്നും ഉമ്മയുടെ ജീവിതത്തിലെ ഇരുണ്ട അധ്യായമായുണ്ട്. തീർന്നില്ല, എന്നെ പ്രസവിച്ച് രണ്ടാം മാസമായപ്പോഴേക്കും ഉപ്പ ഞങ്ങളെ നിർദയം ഉപേക്ഷിച്ചു പോയി. അവിടുന്നങ്ങോട്ട് തുരുമ്പുപിടിച്ച ഒരു പഴയ തയ്യൽ മെഷീനിലാണ് എന്റെ ഉമ്മ ജീവിതം കണ്ടത്, എന്നെ വളർത്തിയത്. ഞാനായിരുന്നു ഉമ്മയ്ക്കെല്ലാം. എന്നെ പഠിപ്പിക്കാൻ വളർത്താന്‍ ആ പാവം ഒത്തിരി കഷ്ടപ്പെട്ടു. പ്രിയപ്പെട്ടവരും ബന്ധുക്കളും ഒക്കെയുണ്ടെങ്കിലും സ്വന്തമെന്ന് പറയാൻ ഉമ്മയ്ക്ക് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അത്രയും കെയർ തന്നാണ് എന്നെ വളർത്തിയത്. പുറത്ത് കളിക്കാന്‍ പോലും വിടില്ല.

ഉമ്മയ്ക്ക് മറ്റൊരു ജീവിതം നൽകാന്‍ ബന്ധുക്കളൊക്കെ മുൻകയ്യെടുത്തതാണ്. വിവാഹ ആലോചനകൾ കുടുംബത്തിൽ നിന്നുണ്ടായെങ്കിലും എന്നെ കുറിച്ചുള്ള ഉമ്മയുടെ ആധികൾ, വേവലാതികൾ അവയെല്ലാം അകറ്റി.

ഉപ്പ ഉപേക്ഷിച്ചിട്ടും ഉപ്പയുടെ ആൾക്കാരൊന്നും ഞങ്ങളെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. ഞങ്ങൾ എന്തോ തെറ്റ് ചെയ്തതു പോലെ അവർ എന്നും ഞങ്ങളിൽ നിന്നും അകന്നു നിന്നതേയുള്ളൂ. ഉപ്പ മരിച്ചതറിഞ്ഞ് ചെന്ന ഞങ്ങളെ ആ മയ്യിത്ത് പോലും കാണിച്ചു തന്നിട്ടില്ല.

വീട്ടിലെ അവസ്ഥ അറിയാവുന്നതു കൊണ്ടു തന്നെയാണ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ ചെറിയ ജോലികൾ ചെയ്തു തുടങ്ങി. എട്ടാം ക്ലാസിൽ ഒരു പച്ചക്കറി കടയിൽ സഹായിയായി നിന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കോഴിക്കോട്ടെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ സഹായിയായി. പഠിക്കുന്ന നാളുകളിൽ നാട്ടിലും സ്കൂളിലും എനിക്ക് അധികം സുഹൃത്തുക്കളൊന്നും ഉണ്ടായിട്ടില്ല. ആൺ സുഹൃത്തുക്കൾ കുറവായിരുന്നു എന്നു പറയുന്നതാകും കൂടുതൽ ശരി. സ്കൂളിൽ ചെന്നാൽ പെൺകുട്ടികളുമായിട്ടാണ് കൂട്ട്. കസിൻസിന്റെ എണ്ണമെടുത്താലും പെൺകുട്ടികളാണ് കൂടുതൽ അവർക്കൊപ്പമിരുന്ന് മുടികെട്ടിയും കണ്ണെഴുതിയും ബാല്യകാലം എനിക്കോർമയുണ്ട്. എന്നിലെ മേക്കപ്പ് ആർട്ടിസ്റ്റിന്റെ തുടക്കം ഒരുപക്ഷേ അവിടുന്നായിരിക്കും.

സ്കൂൾ കാലഘട്ടത്തിൽ എന്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഞാനെന്റെ ഉപ്പയെ പോലെ കണ്ട ഒരു അധ്യാപകൻ എന്നെ സെക്ഷ്വലി അബ്യൂസ് ചെയ്യുന്ന ഒരു സംഭവമുണ്ടായി. അന്നത്തെ ആ തൊടലും പിടിക്കലുമൊക്കെ ചൂഷണമായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഞാൻ മനസുകൊണ്ട് വേറൊരു ആളായി മാറുകയായിരുന്നു. അത് വഴിയേ പറയാം...

rizvan-1

സ്വത്വം തിരിച്ചറിഞ്ഞ നാളുകൾ...

പ്ലസ്ടു കഴിഞ്ഞ് മേക്കപ്പ്മാനാകണം എന്ന് പറഞ്ഞപ്പോൾ യാഥാസ്ഥിതിക കുടുംബമായ എന്റെ വീട്ടിൽ നിന്നും എതിർപ്പുകളുണ്ടായി. മേക്കപ്പൊന്നും നമ്മുടെ വിശ്വാസത്തിന് പറ്റിയതല്ലെന്ന് പലരും പറഞ്ഞു, എതിർത്തു. അങ്ങനെയെങ്കിൽ ഫാഷൻ ഡിസൈന്‍ പഠിക്കാനെങ്കിലും വിടണമെന്ന് കെഞ്ചിക്കേണ് പറ‍ഞ്ഞു. നടക്കാവുള്ള ഒരു കോളജില്‍ ഫാഷൻ ഡിസൈനിങ്ങ് കോളജിൽ അഡ്മിഷനെടുക്കാൻ നേരവുമുണ്ടായി പ്രതിസന്ധി. 175000 രൂപയോളം പഠിക്കാൻ ചെലവാകുന്ന സാഹചര്യം. അങ്ങനെയാണ് കുറേക്കാലം ദുബായിലെ ഒരു ബന്ധുവിന്റെ ബൊട്ടീക്കിൽ ജോലിനോക്കി. അങ്ങനെ കിട്ടിയ കാശു കൊണ്ടാണ് ഫാഷൻ ഡിസൈനിങ്ങിന് ചേരുന്നത്. എന്റെ തലവര മാറ്റിയെഴുതിയ സംഭവങ്ങളും എന്റെ വ്യക്തിത്വവും പ്രകടമാകുന്നത് ഇവിടെ വച്ചാണ്. ശരിക്കും പറഞ്ഞാൽ എന്റെ ജീവിതത്തിലെ ട്വിസ്റ്റുകളുടെ ഇടമായിരുന്നു ആ കോളജ്. ആൺസുഹൃത്തുക്കൾ പെൺകുട്ടികളെ പ്രപ്പോസ് ചെയ്യാനും പ്രണയിക്കാനും പിന്നാലെ നടന്നപ്പോൾ എന്റെ ചിന്തകൾ മാത്രം ഓപ്പോസിറ്റായി. എനിക്കുള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന ആശയ സംഘർഷമുണ്ടായി അന്നേരങ്ങളിൽ. എല്ലാവരേയും പോലെ ഏതെങ്കിലും പെൺകുട്ടിയുമായി പ്രണയബന്ധത്തിലാകാന്‍ ശ്രമിച്ചു. അമ്പേ പരാജയപ്പെട്ടു.

ദിവസങ്ങൾ കടന്നുപോകേ മറ്റൊന്നു കൂടി സംഭവിച്ചു. എന്റെ മനസറിയുന്ന ഒരാൾ എന്നെ തേടി വന്നു. ബെസ്റ്റ് ഫ്രണ്ടായ ഒരു പയ്യൻ എന്നോട് അടുപ്പം കാണിച്ചു. അത് എന്റെ മനസറിഞ്ഞു കൊണ്ടുള്ള ഇഷ്ടം ആണെന്ന് പോകെ പോകെ ഞാനറിഞ്ഞു. ഗേ എന്ന് കേട്ടാൽ ഹാലിളകുന്ന സമൂഹത്തിൽ അങ്ങനെയൊരാൾ വന്നത്, എനിക്കൊപ്പം ചേർന്നു നിന്നത് വലിയ കാര്യമായിരുന്നു.  അവനോട് എനിക്ക് തിരിച്ചും  അടുപ്പം തോന്നി തുടങ്ങി. എന്റെ മനസും അവന്റെ മനസും ഒരേ ദിശയിൽ സഞ്ചരിക്കുന്ന നദികളെപ്പോലെയാണെന്ന് തോന്നിയ നിമിഷം ഗേയെന്ന് ഒരു വിഭാഗം അഭിമാനത്തോടെയും ചിലർ പുച്ഛത്തോടെയും പറയുന്ന ആ വിശാലമായ അർഥത്തിലേക്ക് എന്റെ ജീവിതം മാറി. മനസു കൊണ്ടും ശരീരം കൊണ്ടും ഞാൻ ഗേയാണെന്ന ബോധ്യം അവിടെ ഉറയ്ക്കുകയായിരുന്നു.

rizvan-2

പക്ഷേ കഥയിൽ മറ്റു ചില അപ്രതീക്ഷിത ട്വിസ്റ്റുകൾ നടന്നു. ഞങ്ങളുടെ സുഹൃത്തുക്കളിലാരൊൾ അവന്റെ വീട്ടിൽ ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞു. ആകെ വിപ്ലവമായി, ഭൂകമ്പമായി. നാടിനും നാട്ടാർക്കും ഞാൻ പരിഹാസ കഥാപാത്രമായി. ഏറ്റവും വിഷമിച്ചത് എന്റെ ഉമ്മയാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആ പാവത്തിനെ പറഞ്ഞു മനസിലാക്കാൻ പോലുമാകാതെ ഞാൻ നിസഹായനായി. ഞാനൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് കുടുംബമായി കഴിയണമെന്ന് ആഗ്രഹിച്ച ഉമ്മയോട് ഇതൊക്കെ എങ്ങനെ പറയുമെന്ന ടെൻഷൻ അന്നേ ഉണ്ടായിരുന്നു. പക്ഷേ ഇക്കുറി ഞാൻ തീർത്തും നിസഹായനായി മാറുകയായിരുന്നു. ടെൻഷന്റെ നാളുകളിൽ ബിപി ഉയർന്ന് ഫിക്സ് വന്ന് ആശുപത്രിയിലായ അവസ്ഥ വരെയുണ്ടായി. എന്റെ ബോയ്ഫ്രണ്ടിന്റെ കാര്യത്തിൽ അവന്റെ കുടുംബത്തിന് മറ്റു ചില തീരുമാനങ്ങളുണ്ടായിരുന്നു. അവനെ കൗൺസലിംഗിന് വിധേയനാക്കി. എന്തൊക്കെയോ ചെയ്തു... അവനെ മറ്റൊരു വിവാഹബന്ധത്തിൽ കൊണ്ടെത്തിച്ചു എന്ന് പിന്നീട് അറിഞ്ഞു. അങ്ങനെ ചെയ്യുമ്പോൾ അവൻ വിവാഹം കഴിച്ച പെൺകുട്ടിയോട് ചെയ്യുന്ന ക്രൂരതയാണ് എന്ന് അവർ ഓർക്കുന്നുണ്ടോ?

പ്രശ്നങ്ങൾ മലപോലെ വന്നു. നാട്ടിലും വീട്ടിലും ഞാനും എന്റെ ഉമ്മയും പരിഹാസ പാത്രമായപ്പോൾ മനസില്ലാ മനസോടെ ഉമ്മയാണ് പറഞ്ഞത് കൊച്ചിയിലേക്ക് മാറിക്കൊള്ളാൻ. ഫാരിസ് എന്ന എന്റെ സുഹൃത്തിന്റെ അടുത്തേക്ക്, ഞാൻ കോഴിക്കോടു നിന്നും കൊച്ചിയിലേക്ക്. അത് ജീവിതത്തിന്റെ പുതിയ ഇന്നിംഗ്സ് ആയിരുന്നു.

ദി മേക്കപ്പ് ബോയ്

കോളജില്‍ പഠിക്കുന്ന കാലത്ത് ചെയ്ത ചെറിയ ഫാഷൻ ഷൂട്ടുകൾ. അതായിരുന്നു മേക്കപ്പ് മാൻ എന്ന നിലയിലുള്ള എന്റെ ഏക മേൽവിലാസം. പക്ഷേ ഫാഷന്റെ നഗരമായ കൊച്ചി എനിക്കായി ചില നല്ല അവസരങ്ങൾ കാത്തുവച്ചു. ടി ആൻഡ് എം എന്ന പ്രമുഖ ബൊട്ടീക്കാണ് എന്നെ നല്ല അവസരങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്നത്. അവർക്കു വേണ്ടി ചെയ്ത വർക്കുകൾ ക്ലിക്കായി. ഒട്ടും ഓവറാകാതെ ബോഡി ഫീച്ചറുകൾ ഹൈലൈറ്റ് ചെയ്യുന്ന ന്യൂഡ് മേക്കപ്പാണ് എന്റെ സ്റ്റൈൽ. അത് ശരിക്കും വർക് ഔട്ടായി. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും മോ‍ഡലുമായ അപർണ തോമസാണ് ഞാനാദ്യമായി മേക്കപ്പ് ചെയ്യുന്ന സെലിബ്രിറ്റി. ആ തുടക്കം വെറുതെയായില്ല. വനിതയുൾപ്പെടെയുള്ള പ്രമുഖ മാഗസിനുകളിലെ ഫാഷൻ ഫൊട്ടോഷൂട്ടിന് അവസരം ലഭിച്ചു. ആസിഫ് അലി, നമിത പ്രമോദ്, അഹാന, ശ്രുതി രാമചന്ദ്രൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവര്‍ക്ക് ചമയമൊരുക്കാനായത് അഭിമാനത്തോടെ ഓർക്കുന്നു.

കടന്നുപോയ നിമിഷങ്ങൾ, വേദനകൾ, ഒറ്റപ്പെടലുകൾ... ഒന്നിനോടും എനിക്ക് പരിഭവങ്ങളില്ല. ഒത്തിരി വേദനിച്ചെങ്കിലും ഇപ്പോള്‍ ഞാൻ ഹാപ്പിയാണ്. ഒന്നുമില്ലെങ്കിലും ആഗ്രഹിച്ചിടത്ത് ദൈവം എന്നെ എത്തിച്ചില്ലേ. ദീപിക പദുകോണിനെ പോലുള്ള സെലിബ്രിറ്റികൾക്ക് മേക്കപ്പ് ഇടുന്ന ആർട്ടിസ്റ്റ് എന്ന നിലയിലേക്ക് വളരണം. ഒപ്പം എന്റെ ഉമ്മാക്ക് ഒരു കൂട്ട് വേണം. എല്ലാം നടക്കും. ഇത്രയൊക്കെ സംഭവിച്ചില്ലേ...– റിസ്‍വാൻ പറഞ്ഞു നിർത്തി.