Wednesday 23 November 2022 01:19 PM IST

ഒരു കോടിയുടെ വിലമതിപ്പ്... 23 വർഷങ്ങൾ, 1300ൽ അധികം പാവകൾ: റിസ്വാനയുടെ ഈ ഹോബിക്കു പിന്നിൽ

Roopa Thayabji

Sub Editor

rizvana

ഏഴു വയസ്സുള്ള കുഞ്ഞു റിസ്വാനയ്ക്ക് ഉറങ്ങണമെങ്കിൽ സിൻഡ്രല്ല കഥ കേൾക്കണം. ആ കഥയോടുള്ള ഇഷ്ടം കൊണ്ട് അവളൊരു സ്വപ്നം കണ്ടു, ഒരു മുറി നിറച്ച് ഡിസ്നി പാവകൾ. അതിനിടയിൽ സിൻഡ്രല്ല രാജകുമാരിയെ പോലെ അവൾ. ഡിസ്നി കാർട്ടൂൺ പാവകളെ ജീവനായി സ്നേഹിച്ച റിസ്വാന ഗോറിയുടെ പേരിലാണ് ഇന്ന് ഏറ്റവുമധികം ഡിസ്നി പ്ലഷ് ടോയ്സ് കൈവശമുള്ള ഇന്ത്യാക്കാരി എന്ന റെക്കോർഡ്.

ഡിസ്നി പ്ലഷ് ടോയ് കളക്‌ഷൻ ഹോബിയാക്കിയിട്ട് 23 വർഷമെത്തുമ്പോൾ റിസ്വാനയുടെ മുറിയിലുള്ളത് 1300ലധികം ഒറിജിനൽ ഡിസ്നി പാവകളാണ്. അവയ്ക്ക് ഒരു കോടി രൂപ വിലമതിക്കും. ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമാക്കിയുള്ള റിസ്വാനയുടെ യാത്ര അറിയാം.

സിൻഡ്രല്ലയും കൂട്ടുകാരും

‘‘സിൻഡ്രല്ലയോടുള്ള എന്റെ ഇഷ്ടമറിഞ്ഞ് ആദ്യമായി പാ വ സമ്മാനിച്ചത് അബ്ബയാണ്. ദുഷ്ടയായ രണ്ടാനമ്മ, അവരുടെ മക്കൾ... അവയൊക്കെ ചേർത്തുവച്ച് സ്വയം കഥ മെനയും. അബ്ബ റസാഖ് ഖാൻ ഗോറി അന്ന് ഷാർജയിലെ ഓറിയന്റ് ടൂർസ് ആൻഡ് ട്രാവൽസ് സിഒഒ ആയി ജോലി ചെയ്യുകയാണ്. ജോലി ആവശ്യത്തിനായി അബ്ബയ്ക്കു പല രാജ്യങ്ങളിലും യാത്ര ചെയ്യണം. ‘വരുമ്പോൾ എന്താ വേണ്ടത്’ എന്ന് അബ്ബ ചോദിക്കും. ചോക്‌ലെറ്റും ഗെയിമുകളുമാകും അനിയന്റെ ലിസ്റ്റിൽ. ഞാൻ ഡിസ്നി ടോയ്സിന്റെ പേര് എഴുതി കൊടുത്തുവിടും. വരുമ്പോൾ അബ്ബയുടെ പെട്ടിയിൽ ആ ടോയ് ഉണ്ടാകും.

ഹോബിക്കായി ജോലി

2002 ലാണ് ഡിസ്നി ടോയ്സ് കളക്‌ഷൻ നടത്തുന്ന പലരും ലോകത്തിൽ ഉണ്ടെന്നറിഞ്ഞത്. അതോടെ മോഹമായി. ഡിസ്നി വേൾഡ്, ഡിസ്നി ലാൻഡ്, ഡിസ്നി സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഒറിജിനൽ ടോയ്സ് ശേഖരിക്കാൻ തുടങ്ങി. ഈ പാവകൾക്ക് നല്ല വിലയാണ്. പലതും യുഎഇയിൽ കിട്ടാനുമില്ല. അബ്ബയോട് പണം ചോദി ക്കാൻ മടി തോന്നി. സ്കൈലൈൻ യൂണിവേഴ്സിറ്റി കോളജിൽ ടൂറിസം ഡിഗ്രി കോഴ്സിനു പഠിക്കുകയാണ് ഞാനന്ന്. പോക്കറ്റ്മണിക്കു വേണ്ടി പാർട് ടൈം ടൂർ ഗൈഡായി ജോലി ചെയ്തു. അമേരിക്കൻ ഓൺലൈൻ സൈറ്റുകളിൽ പണം ഓൺലൈനായി അടയ്ക്കണം. എനിക്ക് ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഇല്ല. കയ്യിലുള്ള യുഎഇ ദിർഹം മണി എക്സ്ചേഞ്ച് സെന്ററിൽ നിന്നു യുഎസ് ഡോളറാക്കി മാറ്റും, അതു കവറിലിട്ട് ഒപ്പം ഒരു ലെറ്ററും വച്ച് അയക്കും. അവർ ടോയ് അയച്ചു തരും.

ആദ്യത്തെ ടോയ് കൊറിയർ ആയി വീട്ടിൽ എത്തിയ ദിവസം ഇന്നും ഓർമയുണ്ട്. അബ്ബയ്ക്കും അമ്മയ്ക്കും അനിയനുമൊക്കെ വലിയ അദ്ഭുതം. ബോക്സ് പൊട്ടിച്ച് ഓരോന്നായി പുറത്തെടുത്തു, ‘ലിറ്റിൽ മെർമെയ്ഡ്സി’ലെ ഫ്ലൗണ്ടർ ദി ഫിഷ്, സെബാസ്റ്റ്യൻ ദി ഫ്രോഗ്, മാക്സ് ദി ഡോഗ്, ലിറ്റിൽ മെർമെയ്ഡ് അങ്ങനെ നാലു കഥാപാത്രങ്ങൾ. അന്നു ഞാൻ സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നു.

മൈ ലവ് സിംബ

ലോകത്ത് എവിടേക്കു ടൂർ പ്ലാൻ ചെയ്താലും ഞാൻ തിരയുന്നത് അവിടെ ഡിസ്നി സ്റ്റോറുണ്ടോ എന്നാണ്. ഒരിക്കൽ ബെൽജിയം ടൂറിനിടെ അവിടെയൊരു സ്റ്റോറിനകത്ത് ‘വുഡി’യെ കണ്ടു. അടുത്തുള്ള കടക്കാരനിൽ നിന്ന് നമ്പർ വാങ്ങി, ടാക്സിയെടുത്ത് കടയുടമയുടെ വീട്ടിലെത്തി കട തുറപ്പിച്ച് വുഡിയെ വാങ്ങി.

എന്റെ കളക്‌ഷനിലെ പ്രിയപ്പെട്ട ടോയ് ഏതാണെന്നോ, അഞ്ചടി മൂന്നിഞ്ച് പൊക്കവും 35 കിലോഗ്രാം ഭാരവുമുള്ള സിംബയുടെ ലൈഫ് സൈസ് പാവ. ഡഗ്ലസ് കമ്പനിയാണ് ആ ലിമിറ്റഡ് എഡിഷൻ ടോയ് വിപണിയിലെത്തിച്ചത്. ലോകത്താകെ 40 എണ്ണം. യുകെയിലെ ഒരു സ്ത്രീയുടെ കയ്യിൽ നിന്ന് മോഹവില കൊടുത്താണ് ‘സിംബ’യെ സ്വന്തമാക്കിയത്, 40,000 ദിർഹം (ഏകദേശം ഒന്‍പതു ല ക്ഷം ഇന്ത്യൻ രൂപ). എന്നേക്കാൾ രണ്ടിഞ്ച് ഉയരക്കുറവേ ‘സിംബ’യ്ക്കുള്ളൂ. ‘ജംഗിൾ ബുക്കി’ലെ ബല്ലുവാണ് കളക്‌ഷനിലുള്ള മറ്റൊരു ലിമിറ്റഡ് എഡിഷൻ താരം.

ഒരു കോടിയോളം രൂപ വില വരും എന്റെ ടോയ്സിന്. 23 വർഷം കൊണ്ട് ചെലവാക്കിയ തുകയാണത്. ഞാൻ ടോയ്സ് വാങ്ങാനായി പണം ചെലവാക്കുന്നതു ചിലർക്ക് അദ്ഭുതമാണ്. മറ്റു ചിലർക്ക് ‘ഇതെന്തു വട്ട്’ എന്ന മട്ട്. ഈ പറയുന്നവരൊക്കെ ഡ്രസ്സും മേക്കപ് സാധനങ്ങളും വാങ്ങാൻ പണം പൊടിപൊടിച്ചപ്പോൾ ഞാൻ വാങ്ങിയത് ഡിസ്നി ടോയ്സ് ആണ്. അത്രേയുള്ളൂ വ്യത്യാസം.

എംബിഎയ്ക്കു ശേഷം ജോലി ചെയ്തു കിട്ടുന്ന പണത്തിൽ നിന്നു മിച്ചം പിടിച്ചാണ് ഓരോ പുതിയ ടോയ്സും വാങ്ങുന്നത്. ഇപ്പോഴും കുറച്ചു പൈസ മിച്ചം പിടിച്ചാൽ ആദ്യം ആലോചിക്കുന്നത് ടോയ് വാങ്ങിയാലോ എന്നാണ്. പണ്ടൊക്കെ ടോയ്സ് റൂമിൽ വച്ച് യാത്ര പോകുമ്പോ ൾ ‘ആരെങ്കിലും കട്ടെടുക്കുമോ’ എന്നു മുതൽ ‘കെട്ടിടം ഇ ടിഞ്ഞു വീണു ടോയ്സിനു കേടു വരുമോ’ എന്നു വരെ പേടിയായിരുന്നു.

അപ്പോൾ അബ്ബ മുറിയിൽ സിസി ക്യാമറ ഫിറ്റ് ചെയ്തു തന്നു. എവിടെയിരുന്നും മൊബൈലിലൂടെ ടോയ്സ് റൂം കാണാം. അബ്ബയാണ് ഈ ഹോബിയിൽ ഏറ്റവും സപ്പോർട് ചെയ്തത്, ‘നിനക്കു ശരിയെന്നു തോന്നുന്നത് ചെയ്യൂ. ലൈഫിൽ ഹാപ്പിയായിരിക്കുന്നതാണു പ്രധാനം’ എന്നാണ് അബ്ബ പറഞ്ഞത്.

ജർമനിയിൽ ഡെർമറ്റോളജിസ്റ്റായ അനിയൻ ഡോ. സഫർ ഗോറിയും ഇപ്പോൾ ലീവിനു വരും മുൻപ് വിളിച്ചു ചോദിക്കും, ‘നിനക്ക് ഏതു പാവയാണ് വേണ്ടത്?’

rizvana-1
doll-girl

ഞാനൊരു മലയാളി

അബ്ബ റസാഖ് ഖാൻ ഗോറിയുടെ വീട് തിരുവനന്തപുരത്താണ്. അമ്മ ഷാഹിദയുടെ വീട് തൃശൂരിലും. ഞാൻ ജനിച്ചതും അഞ്ചര വയസ്സുവരെ വളർന്നതും അബ്ബയുടെ നാട്ടിലാണ്. അതിനു ശേഷം അബ്ബ കുടുംബസമേതം യുഎഇയിലേക്ക് വന്നു. അഞ്ചു വർഷം മുൻപാണ് അവസാനം കേരളത്തിലേക്കു വന്നത്.

ഞാനൊരു സിംഗിൾ മദറാണ്, ദാനിയ ഗോറി എന്ന പതിനൊന്നുകാരിയാണ് എന്റെ റിയൽ ലൈഫിലെ രാജകുമാരി. കുട്ടിക്കാലം മുതലേ അവൾക്കറിയാം ഈ ടോയ്സ് എന്റെ ജീവനാണെന്ന്. അതുകൊണ്ടു തന്നെ ടോയ്സ് റൂമും റാക്കുമൊക്കെ വാക്വം ക്ലീൻ ചെയ്ത് അടുക്കി വയ്ക്കാൻ അവൾക്കിഷ്ടമാണ്. കഴിഞ്ഞ ബർത് ഡേയ്ക്ക് അവളൊരു ഗിഫ്റ്റ് തന്നു, ഒരു ഡിസ്നി പാവ.

38 വയസ്സിനിടെ ഇത്രയും ടോയ്സ് കളക്ട് ചെയ്തതിന്റെ സന്തോഷം എനിക്കേ അറിയൂ. പണം കൊണ്ട് അളക്കാവുന്നതല്ല അതിന്റെ മൂല്യം. ഗിന്നസ് റെക്കോർഡ് കിട്ടി കഴിഞ്ഞാൽ എന്നെങ്കിലും ഈ പാവകൾ ലേലം ചെയ്യണം. ആ പണം ചാരിറ്റിക്കായി വിനിയോഗിക്കണം. അതാണ് സ്വപ്നം.’’

രൂപാ ദയാബ്ജി