Friday 02 December 2022 02:29 PM IST : By സന്തു നിഴൽ

‘പരിചയം പോലും ഇല്ലാത്ത ആളോട് അവർ സെക്സ് ചോദിക്കും, ഏഷ്യൻ ആണുങ്ങൾ അങ്ങനെയാണ്’: ഖത്തർ നമ്മളെ പഠിപ്പിക്കുന്നത്

qatar-sandhu-cover സന്തു നിഴൽ (വലത്ത്)

ഹായ്,നമസ്കാരം.

ഞാൻ സന്തു നിഴൽ

ഫോട്ടോഗ്രാഫർ,ഖത്തർ

വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം ഖത്തറിൽ ഒരു വാർത്ത ആളി പടർന്നു.

നമ്മൾ ഉപരോധിക്കപെടുകയാണ്..അവശ്യ സാധനങ്ങൾക്ക് ക്ഷാമം വന്നേയ്ക്കും.

ആകുലമായ മനസോടെ

ഞങ്ങളും അടുത്തുള്ള സൂപ്പർ മാർക്കറ്റിലേയ്ക്ക് 

തിരക്കിട്ട് പോയി..

നിറച്ചും ജനം.

വെള്ളവും അരിയുമൊക്കെ കിട്ടാതായാലോ എന്നു ഭയന്ന്, മാസ ബഡ്ജറ്റ്ന്റെ താളം തെറ്റിക്കുമെങ്കിലും വാങ്ങി വയ്ക്കുന്നവർ.

അധിക ദിവസം വേണ്ടി വന്നില്ല. ഖത്തർ ആ പ്രതിസന്ധികളെ അതിജീവിച്ചു.

ഒരു തള്ള കോഴിയുടെ ചിറകിൻ കീഴിൽ എന്ന പോലെ നമ്മൾക്ക് സുരക്ഷിതത്വം തോന്നിയ നാളുകൾ.

അങ്ങനെ ഒരു പ്രതിസന്ധി കാലഘട്ടവും കടന്ന് എത്തുന്ന ലോക കപ്പ് നൽകുന്ന സന്ദേശം ഒന്ന് മാത്രമാണ്.

എന്നും ആരാണ് ലോകത്തിൽ അടിച്ചമർത്തപെടുന്നത്... അവിടെ നിന്നാണ് ഫീനിക്സ് പക്ഷികളെ പോലെ അവർ ഉയർത്തു എഴുന്നേറ്റു വരുന്നത്.

അല്ലെങ്കിൽ ഉള്ളിലെ കരുത്തു തിരിച്ചറിയാതെ, എന്നും കൂട്ടത്തിൽ ഒരാളോ, ഒരാൾ കൂട്ടമോ ആയി അവർ ഒഴുകി കൊണ്ടേയിരിക്കും.

ഖത്തർ കടന്നു വന്ന പ്രതിസന്ധികളും ,അതിജീവനവും അഭിമാനത്തോടെ കണ്ണു നിറച്ചു കാണുമ്പോഴും,

ലോക കപ്പ് സ്റ്റേയങ്ങളുടെ  മികവുകളോ , ഫാൻ ഫെസ്റ്റുകളോ ഒന്നുമല്ല എന്നെ ആഹ്ലാദിപ്പിക്കുന്നത്,

അതിൽ പങ്കെടുക്കാൻ വരുന്ന, വിവിധ രാജ്യങ്ങളിലെ ആൾക്കാരുടെ സന്തോഷങ്ങളാണ്.

വീൽ ചെയറിൽ ഇരുന്നു കൊണ്ട് പോലും കളികൾ കാണാൻ എത്തുന്നവർക്ക് 

അനായാസമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്ന 

വികസന രാജ്യങ്ങളുടെ മനസാക്ഷിത്വം നിറഞ്ഞ കരുതലുകളെയാണ്.

 നാളെ നമ്മുടെ നാട്ടിലും അതുപോലെ ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടാകണം എന്ന ആഗ്രഹമാണ്..

സ്ത്രീകളുടെ ഉടുപ്പിന്റെ ഇറക്കവും, ഗോസിപ്പുകളും,പോർവിളികളും ഉപേക്ഷിച്ചു അടിസ്ഥാന സൗകര്യങ്ങൾക്കായി

 പ്രബുദ്ധരാകുന്ന, അന്തി ചർച്ചകൾ നടത്തുന്ന ഒരു ജനത വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയാണ്.

ഞാൻ മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളെ നോക്കുകയായിരുന്നു.

ആഘോഷങ്ങളുടെ നിറ ചാർത്തുകൾ കൊണ്ട് അലങ്കരിച്ച മുഖങ്ങൾ.

qatar-6

ഓരോ രാജ്യത്തിന്റെ ,അവരുടെ കലാ സംസ്ക്കാരങ്ങളുടെ 

പൈതൃകങ്ങൾ  അടയാളം വയ്ക്കുന്ന വസ്ത്രങ്ങൾ.

വസ്ത്രം എന്നത് തന്റെ വ്യക്തിപരമായ ഇഷ്ടമാണ് 

എന്നു തീരുമാനീക്കാൻ സമൂഹത്തിന്റെ സമ്മർദങ്ങൾ ഇല്ലാത്ത കുറെയേറെ സ്ത്രീകൾ.

അവരുടെ ആത്മ വിശ്വാസം നിറഞ്ഞ മുഖങ്ങൾ.ചിരികൾ.

ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമോ എന്നു ചോദിക്കുമ്പോൾ പങ്കാളിയോട് ചോദിക്കണമല്ലോ എന്നു ആശങ്ക 

ഇല്ലാത്ത സ്ത്രീകൾ.

കാമറ അവർക്ക് നേരെ നീളുമ്പോൾ ചമ്മലോ, പരിഭ്രമമോ ഇല്ലാത്തവർ.

qatar-3

സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റിയാൽ ആകാശം ഇടിഞ്ഞു 

വീഴുമെന്ന്  പഠിച്ചു വളരാത്തവർ.

പലരും തനിച്ചാണ്  ലോക കപ്പ് കാണാനുള്ള

യാത്ര.

അല്ലെങ്കിൽ പങ്കാളികൾക്ക്

ഒപ്പം.

അല്ലെങ്കിൽ കുടുംബത്തിന് ഒപ്പം.

അപ്പോഴും അദൃശ്യമായ വിലക്കുകളുടെ, നാട്ടുകാർ വീട്ടുകാർ എന്തു പറയും എന്ന ചിന്തയിൽ പാതി അടർന്നു പോകുന്ന ആത്മ വിശ്വാസ പ്രശ്നങ്ങൾ ഇല്ലാത്തവർ.

ഇവരൊക്കെ ലോകത്തിന്റെ ഏതേലും പ്രത്യേക ജീനുകൾ കുത്തി വച്ചു വളർത്തപ്പെട്ടവരല്ല.

അന്യ ഗ്രഹത്തിൽ വളർത്തപ്പെട്ടു ലോക കപ്പ് സമയത്തു ഇങ്ങോട്ട് തുറന്നു വിട്ടവരുമല്ല. ഇങ്ങനെയുള്ള സമൂഹവും സാധ്യമാണ്.

ഇതു വരെ വായിക്കുമ്പോഴേയ്ക്കും ഞാൻ അങ്ങനെയല്ല, ഞാനും ആഘോഷിക്കുന്നു, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നുണ്ടല്ലോ എന്നു തോന്നുന്ന മലയാളി സ്ത്രീകൾ കാണുമായിരിക്കും.

കാലം അങ്ങനെയും മാറുന്നതിന്റെ സന്തോഷമുണ്ട്.

qatar-1

പക്ഷേ അവർ നേരിടുന്ന ചോദ്യങ്ങൾ , അവരെ ഒതുക്കാൻ നോക്കുന്ന മനസ്സുകൾ ... സോഷ്യൽ മീഡിയയിൽ അവരുടെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ.

സ്ത്രീകൾ ഒന്ന് ഉറക്കെ ചിരിച്ചാൽ, ചോദ്യം ചെയ്യാൻ അവകാശം ഉണ്ടെന്ന് തോന്നുന്ന  വിധം

നമ്മുടെ സമൂഹത്തെ ബ്രെയിൻ വാഷ് ചെയ്തത് ആരാണ്.

വസ്ത്രം നോക്കി, തനിച്ചാണോ എന്നത് നോക്കി അവൾ ഈസിലി അവയലബിൾ ആണെന്ന്, അവളെ പൊതു ഇടങ്ങളിൽ കണ്ടാൽ സ്പർശിച്ചോ, അശ്ളീലം പറഞ്ഞോ ഉപദ്രവിക്കാൻ തനിക്ക് അധികാരമുണ്ടന്ന തോന്നലിൽ എങ്ങനെയാണ് നമ്മുടെ ആണ്കുട്ടികള് വളർന്നു വരുന്നത്.

എന്തിനാടാ അവൾക്ക് ഇത്ര സ്വാതന്ത്ര്യം കൊടുക്കുന്നത്, അല്ലെങ്കിൽ എന്റെ ഭാര്യയ്‌ക്ക്/അമ്മയ്ക്ക്/പെങ്ങൾക്ക്/ കാമുകിയ്ക്ക് / കൂട്ടുകാരിയ്ക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന ആളാണ് താൻ എന്നു കേമത്തമായികരുതുന്നവർ ഉണ്ടാകുന്നത്...?

അങ്ങനെ കൊടുക്കേണ്ടതല്ല അവളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും എന്നു തിരിച്ചറിയുന്ന പുരുഷനെ എന്തിനാണ്  സമൂഹം നിരന്തരം പെണ് കോന്തൻ എന്നോ , ബി പി ഉള്ളവൻ എന്നോ കളിയാക്കുന്നത് .

വസ്ത്രം നോക്കിഅവരൊക്കെ വിൽക്കാൻ വരുന്നവരാണ് എന്നു അടക്കം പറയുന്ന മലയാളി ആണുങ്ങൾ ഉണ്ട്.

  ഫ്രാൻസിൽ നിന്ന് എത്തിയ ജെസിക്ക എന്ന മോഡലുമായി കഴിഞ്ഞ ദിവസം ഷൂട്ടിങ് പോയപ്പോൾ അവൾ പറഞ്ഞു.

കുറെ ഏഷ്യൻ ആണുങ്ങൾക്ക് ഇൻസ്റ്റാഗ്രാം ഡേറ്റിംഗ് ആപ് ആണെന്നാണ് വിചാരം അല്ലേ.

ഒന്ന് പരിചയം പോലും ഇല്ലാത്ത നമ്മളോട് സെക്സ് ചോദിക്കാം, നമ്മൾ ഈസിലി അവയിലൈബിൾ ആണെന്ന് വിചാരിക്കുന്നത് 

എന്താണോ ആവോ എന്നു.

  നേരിട്ട് എങ്ങാനും വന്നാൽ ഞങ്ങൾ നല്ല സ്‌ട്രോങ് പെണ്ണുങ്ങൾ ആണ്.

എങ്ങനെ കൈകാര്യം ചെയ്യും എന്നത് അറിയാൻ പറ്റും എന്ന്.

അതേ... വസ്ത്രത്തിന്റെ ഇറക്കമോ, ഇടുക്കമോ നോക്കി അവൾ പോക്ക് ആണ് ടാ എന്നു ഉറപ്പിക്കുന്ന ഈ ആണുങ്ങൾക്ക് അവരുടെ അരികിൽ പോയി തൊട്ടുരുമ്മി നിൽക്കാനോ, മോശമായി പെരുമാറാനോ ഭയമാണ്.

qatar-5

പക്ഷേ ആൾകൂട്ടത്തിലോ, കാമറയോ, ആൾ കൂട്ടമോ ഒന്നും ഇല്ലാത്ത ഇടങ്ങളിലോ തനി നിറം പുറത്തു വന്നേയ്ക്കാം.

എന്നാൽ ഫുട്‌ബോൾ കളി കഴിഞ്ഞുള്ള മടക്ക യാത്രയിൽ മെക്സിക്കോ ,പോളണ്ട്,  തുടങ്ങിയ രാജ്യക്കാർക്ക് ഒപ്പം തിരക്കുള്ള ക്യൂവിൽ മണിക്കൂറുകൾ നിൽക്കുമ്പോൾ ഒരിക്കൽ പോലും ഒരു സ്ത്രീ ശരീരം എന്നൊരു ഭയമുണ്ടായില്ല.

ഒരാൾ പോലും ഇല്ലാത്ത തിരക്ക് ഉണ്ടാക്കി തൊടാൻ വന്നില്ല.

ഒരാൾ പോലും ശല്യം ചെയ്‌തില്ല.

ഞാൻ മനുഷ്യനെ പോലെ യാത്ര ചെയ്തു.

മനുഷ്യനെ പോലെ പരിഗണിക്കപ്പെട്ടു.

ഇത്ര മാത്രമാണ് നമ്മളും ആവശ്യപെടുന്നത്....

ഒരേ ഒരു ജീവിതമാണ്.

അന്യ ഗ്രഹങ്ങളിൽ നിന്ന് സംസ്കാരവും ,ബഹുമാനവും പഠിച്ചല്ല ഇവരുണ്ടാകുന്നത്.

ഇത് എഴുതുമ്പോൾ ...ഇൻസ്റ്റ ഐ ഡി യിൽ ഒരു മോശം മെസേജ് വന്നു കിടപ്പുണ്ട്.

മകന്റെ പ്രായം ഉള്ള ഒരു കുട്ടി ഫോട്ടോ എടുത്തു കൊടുക്കുമോ എന്നു ചോദിച്ചിരുന്നു.

അത് ഷെയർ ചെയ്യാൻ കൊടുത്തതാണ്

ഇൻസ്റ്റാ ഐഡി. 

മലയാളിയല്ല. കുറച്ചു കൂടെ നോർത്തിലോട്ടു പോകാം.

പക്ഷെ  അവിടെയും അവൻ കേട്ട് വളർന്നത് ഇതാകും...

വീട്ടിൽ ഉള്ള സ്ത്രീകളോട് മാത്രമേ മാന്യത വേണ്ടൂ എന്ന പഠിപ്പിൽ ബിരുദം നേടി ഇറങ്ങിയവൻ ആണ്.

 ഈ ലോക കപ്പ് എന്നൊക്കെ പറയുന്നത് വെറും കളി കണ്ടു ഇറങ്ങാൻ ഉള്ള ഇടങ്ങൾ അല്ല.

മനുഷ്യർ മനുഷ്യരോട് എങ്ങനെ ഇടപഴകുന്നു എന്നതിന്റെ നല്ല വശങ്ങൾ കൂടെ കണ്ടറിയാൻ ഉള്ള വേദിയാണ്.

പലയിടങ്ങളിലും  നേരം വെളുത്തു എന്നു മനസിലാക്കാൻ കൂടെ ഉള്ള അവസരങ്ങളാണ്.

 ലോകം ആരോഗ്യം ഉള്ളവരുടെ, കരുത്തന്മാരുടെ മാത്രം അല്ലെന്ന് കൂടെ കാണിച്ചു തരുന്നു .

പണം ഉള്ളവർക്ക്, ആഡംബര കാറിൽ ചീറി പായാൻ  മാത്രം ഉള്ളതല്ല റോഡുകൾ... അവയ്ക്ക് അരികിലെ ഫുഡ് പാത്തിലൂടെ  ഓക്സിജൻ മാസ്കും വച്ചു, വീൽ ചെയർ ഓടിച്ചു,അത്രയ്ക്കും രോഗിയായ ഒരാൾക്ക് പോലും യാത്ര ചെയ്യാൻ കഴിയുമെന്ന കാഴ്ച കൂടെയാണ് .

പ്രൈവസിയെ മാനിച്ചു കാമറ അവർക്ക് നേരെ നീട്ടാത്തത് ആണ് .

ചില നേരങ്ങളിൽ ചില കാഴ്ചകളിലേയ്ക്ക് കാമറ നീട്ടാതെ, കണ്ണ് നിറയെ കാണുക എന്നതും കൂടെയാണ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ ജീവിതം.

qatar-2

വീണ്ടും പറയട്ടെ.... 

നിങ്ങൾ ആരുടെയും ചിരികളുടെ ഉടമകൾ ആകാതെ ഇരിക്കാൻ നോക്കൂ.

ചിരികളെ... കുപ്പിയിൽ നിന്ന് വരുന്ന ഭൂതത്തിനെ പോലെ എപ്പോ തുറന്നു വിടണം, എപ്പോ കുപ്പിയിൽ

മൂടി വയ്ക്കണമെന്നൊക്കെ ചിന്തിച്ചു ,സ്വന്തം ജീവിത നിറങ്ങൾ കൂടി അണച്ചു വയ്ക്കാതെ ഇരിക്കൂ.

ചിരികളെ ആകാശം നിറയെ പറക്കാൻ വിടൂ.

കൂടെ പറക്കാൻ ആത്മ വിശ്വാസം ഉള്ളവരാകൂ.

പറന്നു പോയ ചിരികൾ, ജീവന്റെ പച്ച തുടക്കുന്ന തളിരുകളും കൊത്തി നിങ്ങളിലേയ്ക്ക് തന്നെ തിരിച്ചു പറന്നു ഇറങ്ങുന്നതിന്റെ സന്തോഷങ്ങൾ അറിയൂ.

ആർത്തിരുമ്പുന്ന കളിക്കള ആവരങ്ങളോ, ഗോൾ എണ്ണങ്ങളോ, ഇഷ്ട താരങ്ങളുടെ സാന്നിധ്യമോ അല്ല.... എന്നെ ആവേശത്തിൽ ആഴ്ത്തുന്നത് ...കാണികൾക്ക് ഇടയിലെ സ്ത്രീ സാനിധ്യങ്ങളാണ്.അവരുടെ ആത്മ വിശ്വാസം തുളുമ്പുന്ന പ്രസന്നതകളാണ്.

qatar-4