Friday 30 September 2022 04:49 PM IST : By സ്വന്തം ലേഖകൻ

‘വേണ്ടാത്തവന്റെ ഗർഭം പെണ്ണ് എന്തിന് താങ്ങണം’, ‘ഒരു കുഞ്ഞുജീവനെ നശിപ്പിക്കണോ’: ഗർഭഛിദ്രത്തിൽ ഭിന്നാഭിപ്രായങ്ങള്‍

safe-abortion

അമ്മയായാലേ പെണ്ണാകൂ എന്ന വാഴ്ത്തുപാട്ടു കേട്ടു വളർന്നതാണ് നമ്മുടെ സമൂഹം. പ്രസവിക്കാത്തവളെയും സ്വജീവൻ പോലും ഭയന്ന് ഗർഭഛിദ്രം നടത്തുന്നവളേയും മഹാപാപികളെന്ന് വിശേഷിപ്പിക്കുന്ന ആ പഴകിയ ചിന്തകളെല്ലാം കാലഹരണപ്പെടുകയാണ്. പെണ്ണിന്റെ ശരീരത്തിനെ പെണ്ണ് മാത്രമാണ് അവകാശിയെന്ന് വിപ്ലവകരമായൊരു വിധിന്യായത്തിലൂടെ ഊന്നിപ്പറയുകയാണ് നമ്മുടെ നീതിപീഠം. വിവാഹിതയായ സ്ത്രീക്ക് ഗർഭഛിദ്രം(abortion) നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ടെന്ന ഹൈക്കോടതി വിധി മാറ്റങ്ങളുടെ പാതയിൽ വഴിവിളക്കാകുമെന്നുറപ്പ്.

അവിവാഹിതരായ സ്ത്രീകൾക്കും ഗർഭഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയും നിശബ്ദരാക്കപ്പെട്ട ഒത്തിരിപ്പേരുടെ ശബ്ദമായി. നിയമപരമായ ഗർഭഛിദ്രത്തിനുള്ള അവകാശം എല്ലാ സ്ത്രീകള്‍ക്കുമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. 24 ആഴ്ചയ്ക്ക് താഴെയുള്ള ഗര്‍ഭം ഒഴിവാക്കുന്നതിന്, വിവാഹിതരായ സ്ത്രീകള്‍ക്കും അവിവാഹിത സ്ത്രീകള്‍ക്കും ഒരേ പോലെ അവകാശമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. മെഡിക്കൽ പ്രഗ്നൻസി ആക്റ്റ് അനുസരിച്ചു വിവാഹിതയായ സ്ത്രീകൾക്ക് മാത്രമാണ് ഗർഭഛിദ്രം അനുവദിക്കുന്നത്.

വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കുന്ന വിധി ഒരു വിഭാഗം ഏറ്റെടുക്കുമ്പോഴും പരിഹസിച്ചവരും മറുവശത്തുണ്ടായി എന്നതാണ് വിരോധാഭാസം. പെണ്ണിനെ ഭോഗ വസ്തുവായും പ്രസവിക്കാനുള്ള വെറും ശരീരമായും കാണുന്നവരോട് പെണ്‍മനസ് തിരികെ ചോദിച്ചതാകട്ടെ ഒരു ചോദ്യമാണ്. ഏത് സാഹചര്യത്തിൽ ആയിരിക്കും ഒരു സ്ത്രീ ഗർഭഛിദ്രത്തിനു തയാറാവുന്നത്? ഒന്നുകിൽ അവരുടെ ജീവന് അപകടം ഉണ്ടാവുന്ന അവസ്ഥയിൽ, അല്ലെങ്കിൽ ലൈംഗികാതിക്രമത്തിലൂടെയുണ്ടാവുന്ന ഗർഭധാരണം, അതുമല്ലെങ്കിൽ ഗർഭസ്ഥ ശിശുവിന്റെ ജീവന് പ്രശ്നമുണ്ടാവുമ്പോൾ.

ഉത്തരം എന്തു തന്നെയായാലും ഉദരത്തിലേന്തുന്ന ജീവനെ ഏതവസ്ഥയിൽ കിട്ടിയാലും പ്രസവിച്ചേ തീരൂ എന്ന് ശഠിക്കുന്നവരുടെ നാട് കൂടിയാണിതെന്ന് ഓർക്കണം. എന്തിനേറെ പറയണം, അമ്മ മരിച്ചാലും വേണ്ടില്ല കുഞ്ഞിനെ കിട്ടണം, പ്രസവിക്കണം എന്ന് വാശിപിടിക്കുന്ന പഴയ നൂറ്റാണ്ടുകാർ നമുക്കിടയിലുണ്ട്.

അവിടേക്കാണ് ഈ ചരിത്രവിധിയുടെ കടന്നുവരവ്. ഗർഭം വേണോ, വേണ്ടയോ എന്ന് തീരുമാനം എടുക്കാൻ സ്ത്രീക്ക് മാത്രമാണ് അവകാശമെന്ന് ഊന്നിപ്പറയുന്നു പുതിയകാലത്തെ വിപ്ലവവിധി.

കോടതി വിധികളുടെ പശ്ചാത്തലത്തിൽ വനിത അഭിപ്രായം തേടിയപ്പോൾ ആവേശപൂർണമായ അഭിപ്രായങ്ങളാണ് ലഭിച്ചത്. അഭിപ്രായ പ്രകടനങ്ങളിൽ ചിലത് ചുവടെ:

സ്വന്തം ജീവൻ തന്നെ തുലാസിലാക്കി കൊണ്ട് മറ്റൊരു ജീവന് എന്തിനു ജന്മം നൽകണമെന്ന അഭിപ്രായമായിരുന്നു സർവേയിൽ ഭൂരിഭാഗവും. ഗർഭഛിദ്രത്തെ വൈകാരികമായല്ല പ്രായോഗികമായാണ് സമീപിക്കേണ്ടതെന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം

‘മിക്ക സ്ത്രീകളും മൂന്നും നാലും തവണ ഗർഭം ധരിക്കുന്നത് അവരുടെ താൽപ്പര്യ പ്രകാരം അല്ല. ഭർത്താവിന്റേയും വീട്ടുകാരുടേയും നിർബന്ധത്തിലാണ്. അതുകൊണ്ടു തന്നെ ഒരുപാട് ഡിപ്രഷൻ അവരിലേക്ക് വന്നു ചേരുന്നുണ്ട്. എത്ര കുഞ്ഞുങ്ങൾ വേണമെന്ന് ഭാര്യയും ഭർത്താവും ഒരുമിച്ചെടുക്കേണ്ട തീരുമാനമാണ്. ഒന്നും അടിച്ചേൽപ്പിക്കരുത്.’– മായ ശ്രേയസ്.‘ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ സഹിക്കേണ്ടത് സ്ത്രീ ആയത് കൊണ്ടും.. ഒരാൾക്ക് അയാളുടെ ശരീരത്തിന്മേൽ പൂർണ അവകാശം ഉള്ളത്കൊണ്ടും സ്ത്രീക്ക് തീരുമാനിക്കാം.. ഒരു സ്ത്രീ ഗർഭിണി ആവുകയും എന്നാൽ മാനസികമായോ ശാരീരികമായോ അത് ഉൾകൊള്ളാൻ പറ്റാതെ വരികയും എന്നാൽ ഭർത്താവ് അബോർഷൻ സമ്മതിക്കാതെ ഇരിക്കുകയുമാണെങ്കിൽ എന്താ ചെയ്യേണ്ടത്.. അബോർഷൻ ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത കാര്യമാണ് എങ്കിലും ഭാര്യയും ഭർത്താവും പരസ്പരം ബഹുമാനവും ധാരണയും സ്നേഹവും ഉള്ളവരാണെങ്കിൽ പ്രശ്നം ഉണ്ടാകുന്നില്ലല്ലോ.. ഗർഭം ധരിക്കാണും പ്രസവിക്കാനും സ്ത്രീ നിർബന്ധിക്കപ്പെടുന്ന സാഹചര്യത്തിൽ ആണ് നിയമത്തിന്റെ പ്രസക്തി.. ഒരു കുഞ്ഞിനെ പ്രസവിച്ചു വളർത്താൻ താല്പര്യമുള്ള സ്ത്രീകൾ പോയി അബോർഷൻ ചെയ്യില്ലല്ലോ.’–സന കാർത്തിക.

‘ഗർഭം വേണമോ, വേണ്ടയോ എന്ന് തീരുമാനിക്കാൻ സ്ത്രീകൾക്കും സ്വാതന്ത്യമുണ്ട്. ആരെയും അടിച്ചേൽപ്പിക്കാൻ കഴിയുന്ന വിഷയമല്ലിത്.’– മോഹൻലാൽ സി

‘ആണിന് വേണ്ടെങ്കിൽ പെണ്ണിന് എന്തിന്? വേണ്ടാത്തവന്റെ ഗർഭം താങ്ങുവാൻ പെണ്ണ് എന്തിന് ത്യാഗം സഹിക്കണം ? നല്ല തിരുമാനം തന്നെയാണ്.’– മായ മണി.

‘ഇതിന്റെ ബുദ്ധിമുട്ട്, കടുത്ത വേദന കംപ്ലീറ്റ് സ്ത്രീ അനുഭവിക്കണം. അതുകൊണ്ട് സ്ത്രീയുടെ comfort and സേഫ്റ്റി ആയിരിക്കണം മുൻഗണന. ഒരു വ്യക്തിക്ക് അവരുടെ ശരീരത്തിൽ പൂർണ അവകാശം ഈ രാജ്യത്ത് ഉണ്ട്. സ്ത്രീ ഓക്കെ അല്ലെങ്കിൽ ഫോഴ്സ് ചെയ്തു പ്രസവിപ്പിക്കാൻ ആർക്കും അവകാശം ഇല്ല. ആണുങ്ങൾ കൃത്രിമ യൂട്രസ് ഫിറ്റ്‌ ചെയ്തു അങ്ങ് ഗർഭം ചുമക്കുക. ഇപ്പോൾ അതിനൊക്കെ സൗകര്യം ഉണ്ടല്ലോ– സുനന്ദ ജയകുമാർ

കുടുംബമെന്ന വിശാല അർഥം പരിഗണിക്കുമ്പോൾ ഗർഭഛിദ്രത്തിന് ഭർത്താവിന്റെ അനുമതി വേണമെന്ന അഭിപ്രായം പങ്കുവച്ചവരും വനിത സർവേയിലെത്തി.

‘നിയമ പരമായി വിവാഹ ബന്ധത്തിലൂടെ ഭാര്യ ഗർഭം ധരിച്ചാൽ ഭർത്താവിന്റെ അനുമതി വേണം.. ഒരാൾ മാത്രം വിചാരിച്ചാൽ കുഞ്ഞുണ്ടാവില്ലാലോ...ഒരമ്മക്കും അവരുടെ കുഞ്ഞിനെ നശിപ്പിക്കാൻ തോന്നാതിരിക്കട്ടെ..’– നെജു മെഹ്റൂഫ്.

‘കല്യാണം കഴിഞ്ഞു ഭർത്താവിന്റെ സംരക്ഷണയിലുള്ള സ്ത്രീ ആണെങ്കിൽ തീർച്ചയായും ഭർത്താവിന്റെ സമ്മതം അവശ്യമാണ് എന്നാണ് അഭിപ്രായം. അല്ലാതെ പുരുഷനില്ലാതെ ദിവ്യഗർഭം ധരിക്കാനുള്ള കഴിവൊന്നും സ്ത്രീകൾക്ക് ഇല്ലല്ലോ.’– രഞ്ജു രാജീവ്.

‘സന്തോഷത്തോടും സ്നേഹത്തോടും ജീവിക്കുന്ന ഭാര്യയും ഭർത്താവും പരസ്പരം ആലോചിച്ചു മാത്രമേ എല്ലാ കാര്യങ്ങളും ചെയ്യൂ.’– രഞ്ജിനി ബിജു.

‘ഭാര്യയുടെ സമ്മതമില്ലാതെ ഭാര്യയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നത് ബലാത്സംഗം ആയി കാണും. അതിനോട് യോജിക്കാം. അവിവാഹിതരായിട്ടുള്ള സ്ത്രീകൾക്ക് ഗർഭഛിദ്രം നടത്താം. അതിനോടും യോജിക്കാം. എന്നാൽ ഭാര്യ - ഭർതൃ ഉഭയ കക്ഷി സമ്മത പ്രകാരം ലൈംഗികമായി ബന്ധപ്പെടുകയും ഗർഭം ധരിക്കുകയും ചെയ്തതിനു ശേഷം നിയമ പരമായി വിവാഹ ബന്ധം വേർപെടുത്താത്തോളം കാലം ഭർത്താവിന്റെ അനുമതിയില്ലാതെ ഭാര്യക്ക് സ്വന്തം ഇഷ്ടത്തിനു ഗര്‍ഭഛിദ്രം നടത്താം എന്നത് ശരിയല്ല. അതു സമൂഹത്തിൽ ദൂഷ്യഫലങ്ങൾ ഉളവാക്കും. ആ ഗർഭത്തിനു ഭർത്താവിനും കൂടി അവകാശമുള്ളതാണ്. അടുത്ത കാലത്തായി വരുന്ന ചില കോടതി വിധികളിൽ അതിശയോക്തി തോന്നുന്നു.’–ടോമി മുരിങ്ങത്തേരി

ഒരു കുഞ്ഞു ജീവനെ നശിപ്പിക്കുന്ന ഗർഭഛിദ്രത്തിനെതിരെ വൈകാരികമായി പ്രതികരിച്ചുള്ള അഭിപ്രായങ്ങളും കൂട്ടത്തിലുണ്ടായിരുന്നു.

‘ഗർഭം ധരിക്കാൻ ഭർത്താവ് വേണമെകിൽ തീർച്ചയായും ഭർത്താവിന്റെ അനുമതി വേണം. അതു അവരുടെയും അവകാശമാണ്.’– ലാലി ജോസ്.

‘യോജിപ്പില്ല ഇതിനോട് ഒരു കുഞ്ഞു ജീവൻ നശിപ്പിക്കാൻ എളുപ്പമാണ് പക്ഷേ കൊടുക്കാൻ സാധിക്കുകയും ഇല്ല.’– ജിജി മോൾ.

‘അബോർഷൻ ഒന്നിനും പരിഹാരമല്ല. അത് ചെയ്യരുത്. ഒരു ജീവൻ നശിപ്പിക്കാൻ നമുക്ക് അധികാരം ഇല്ല.’– സാലി ജോയ്.

‘എന്ത് നിയമമാണ് 18 കഴിഞ്ഞാൽ എന്തും ആവാം. 21 വയസ് കല്യാണപ്രായം .ഈ കണക്കിന് പോയ കുറേ ജീവനുകൾ ജനിക്കാതെ തന്നെ ഇല്ലായ്മ ചൈയ്യാം... കുറേ കുഞ്ഞങ്ങളെ അനാഥരാക്കുകയും ചെയ്യാം.. ഇതോടു കൂടി എല്ലാം പൂർത്തിയായി...’– ആതിര ദിലീപ്.

‘ഗർഭിണിയെ ആവണ്ടെന്നു തീരുമാനിച്ചാൽ പോരേ ഒരു ജീവൻ ഇല്ലാതാക്കണ്ടല്ലോ.’– രശ്മി തുളസി.