Friday 07 August 2020 11:07 AM IST : By സ്വന്തം ലേഖകൻ

'അല്ലേലും മലയാളം കൊണ്ടൊരു കാര്യോമില്ല'; ഒടുവില്‍ അതേ മാതൃഭാഷയെ കൂട്ടുപിടിച്ച് ഐഎഎസ്; കുറിപ്പ്

malayalam

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാൡകള്‍ക്കൊപ്പം മലയാളവും തിളങ്ങിയ ഫലമാണ് പുറത്തു വന്നത്. ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ഏറ്റവും അധികം തിരഞ്ഞെടുത്ത ഐച്ഛിക വിഷയമായി മലയാളമായിരുന്നു. ഈ അവസരത്തില്‍ മലയാളത്തിന്റെ മേന്മയേയും മഹത്വത്തേയും കുറിച്ച് ഹൃദ്യമായി കുറിക്കുകയാണ് മുഹമ്മദ് സജാദ് ഐഎഎസ്. സജാദിന്റെ കുറിപ്പ് ഇങ്ങനെ:

ഒരു നീണ്ട മധുര പ്രതികാര കഥയാണ്, മഹേഷിൻ്റെ പ്രതികാരമല്ല, മലയാളത്തിൻ്റെ പ്രതികാരം!

പത്താം ക്ലാസ് പരീക്ഷ റിസൾട്ട് കഴിഞ്ഞു പ്ലസ് വണ്ണിനു അപേക്ഷിക്കുന്ന ടൈം. റിസൾട്ട് തേപ്പ് ആയിരുന്നെങ്കിലും പത്തിൽ പിഴച്ചാൽ പ്ലസ് ടു എന്ന ആവേശത്തിൽ നിരത്തി മാങ്ങക്കെറിയുന്ന പോലെ എവിടേലും ഒക്കെ കിട്ടും എന്ന ആവേശത്തിൽ അപേക്ഷകൾ ഫിൽ ചെയ്തു കൊണ്ടിരുന്നു. ഏതോ ഒരു അപേക്ഷ ഫോമിൽ ഒരു ചെറിയ മലയാള അക്ഷരത്തെറ്റ് വന്നു . ഇത് കണ്ടു കൊണ്ടിരുന്ന അറബി മാഷായ ഉപ്പാന്റെ ഭാഷാ സ്നേഹം ഉണർന്നു. ഇത്ര കാലമായിട്ടും മലയാളം മര്യാദക്ക് അറിയില്ലേ എന്ന് സ്നേഹത്തോടെ ശാസനം.

ഞാനും വിട്ടു കൊടുത്തില്ല , എപ്പോഴും രക്ഷിതാവാകും വരെ രക്ഷിതാക്കളെക്കാളും വിവരം മക്കൾക്കാണല്ലോ😉, എഴുതിയത് തെറ്റാണെന്നു മനസിലായപോ ഞാൻ അധികം ഉരുളാൻ നിന്നില്ല. ഞാൻ വേറെ ഒരു ഐറ്റം ഇറക്കി . ഉപദേശിക്കാൻ വരുന്നവരോട് തർക്കുത്തരം പറയുന്നത് പണ്ടേ ഒരു വീക്നെസ് ആയിരുന്നു (ഇന്നും മാറ്റമൊന്നുമില്ല, ഇടക്കൊക്കെ അത് നല്ലതും ആണ് ).

"അല്ലേലും ഈ മലയാളം കൊണ്ട് ഇനി ഒരു കാര്യോമില്ല , ആർക്കു വേണം ഇനി ഇതൊക്കെ?" (അല്ലേൽ ഞാൻ പൊളിച്ചേനെ ) പത്താം ക്ലാസ് കഴിഞ്ഞാൽ ദുനിയാവിൽ മലയാളത്തിന്റെ റോൾ അവസാനിച്ചു എന്ന പതിനഞ്ചുകാരന്റെ കോൺഫിഡൻസ്ൽ ഞാൻ തട്ടി വിട്ടു. എന്ത് വില കൊടുത്തും കണ്ടു നിക്കുന്ന അനിയന്മാരുടെ മുൻപിൽ സ്കോർ ചെയ്യണം, ഉപ്പാക്ക് ബുദ്ധി ഉള്ളോണ്ട് ആ ഏറ്റു മുട്ടൽ അവിടെ അവസാനിച്ചു. തടി കയിച്ചിലായ ആശ്വാസത്തിൽ പുറത്തു ഒരു വിജയീ ഭാവം ഒക്കെ വരുത്തി ന്യൂ ജെൻ ഡാ , എന്ന മട്ടിൽ ഞാനും സീൻ വിട്ടു .

പിന്നെ സീൻ 2015 , അഞ്ചു വര്ഷം പഠിച്ചു നെറ്റ് ഒക്കെ കിട്ടിയ അഹങ്കാരത്തിൽ സിവിൽ സർവീസിന് സോഷ്യോളജി എടുത്ത് പണി കിട്ടി ഇരിക്കുന്ന സമയം (നല്ലോണം പഠിച്ചാ സോഷ്യോളജി ക്കു മാർക്ക് കിട്ടും , എനിക്ക് കിട്ടാത്തത് നോക്കണ്ട ).

ഓപ്ഷൻ മാറ്റിയെ തീരൂ . സുഹൃത്തുക്കളായ ഗോകുലും Gokul Vk സദ്ധാമും Saddam Navas എല്ലാം മലയാളം എടുത്ത് ആസ്വദിച്ച് പഠിക്കുന്ന കണ്ടപ്പോഴേ അങ്ങോട്ടൊരു ചാഞ്ചാട്ടം ഉണ്ടായിരുന്നു. ജോലിക്കിടയിൽ പഠിച്ച് ഗോകുൽ മെയ്‌ൻസ്‌ കേറിയപ്പോഴേ ഉറപ്പിച്ചു ഇത് തന്നെ നമ്മൾ തേടി നടന്ന ഓപ്ഷൻ. (അവൻ്റെ കഴിവാണ്. മലയാളം കൊണ്ട് മാത്രം ആരും പാസ്സാവൂല)

അവസാനം കിളിച്ചുണ്ടൻ മാമ്പഴത്തിലേ ശ്രീനിവാസനെ പോലെ അനക്കെന്താ മുത്തേ ഒരു കൊയപ്പം എന്നും പറഞ്ഞ് മലയാളം തന്നെ ഉറപ്പിച്ചു. പക്ഷെ അപ്പോഴേക്ക് ഞാനീ കഥയൊക്കെ മറന്നിരുന്നു. പിന്നെ ഉത്തരമെഴുത്തു തുടങ്ങി ഇടക്ക് വന്നിരുന്ന അക്ഷരത്തെറ്റുകളാണ് ആ പഴയ അക്ഷരതെറ്റിനെ ഓർമിപ്പിച്ചത്.

അങ്ങനെയാണ് ഭാഷ ശെരിക്കും കൂടെ കൂടുന്നത്. കൈ പിടിച്ചു നടത്തുന്നത്.

പിന്നീട് മലയാളത്തിൽ കിട്ടിയ നല്ല മാർക്കിന്റെ ബലത്തിൽ സിവിൽ സർവീസും ഐ എ എസും കിട്ടി കൃതാർത്ഥനായി തിരിഞ്ഞു നോക്കിയപ്പോൾ ആ പതിനഞ്ചുകാരനെ നോക്കി എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല . ഭാഗ്യത്തിന് ഉപ്പ ഇതൊക്കെ മറന്നിരുന്നു. എന്നാൽ എന്നെ നോക്കി സ്റ്റുവാർട്ട് ബ്രോഡ് നെ ആറ്‌ സിക്സടിച് ഫ്ലിന്റോഓഫിനെ നോക്കി ചിരിച്ച യുവരാജിനെ പോലെ മാതൃഭാഷ ചരിച്ചിട്ടുണ്ടാവണം , (ഇപ്പൊ എങ്ങനുണ്ട് മോനെ എന്ന് ) . എന്ത് മനോഹരമായ പ്രതികാരം!.

പിന്നെ വിട്ടു കള ബ്രോ എന്ന് പറഞ്ഞു ഞാൻ അതങ്ങു കോമ്പ്രമൈസാക്കി . ഞങ്ങൾ കട്ട കമ്പനിയായി, പരീക്ഷ പാസാവാൻ വേണ്ടി കൂടെ കൂട്ടിയ മലയാളം ഇന്നെനിക്ക് വെറുമൊരു ഭാഷയല്ല , അതൊരു ജിന്നാണ്! , ലോകത്തിന്റെ ഏതു മൂലയിൽ പോയാലും നാടുമായി കെട്ടിയിടുന്ന പൊക്കിൾകൊടി. ഇടക്ക് അമ്മയും സുഹൃത്തും കാമുകിയുമെല്ലാമായി പല വേഷത്തിൽ വരുന്ന ജിന്ന് . അമ്മ മലയാളം എന്നൊക്കെ വെറുതെ വിളിക്കുന്നതായിരിക്കില്ല. അല്ലേ?

P:S അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം . കുഞ്ചുക്കുറുപ്പിന്റെ കാർട്ടൂൺ കണ്ടപ്പോൾ കുറെ കാലമായി മനസിൽ ഉള്ള കാര്യം പോസ്റ്റിയതാണ്. മലയാളം നമ്മൾ സംസാരിക്കുന്ന ഭാഷ ആയോണ്ട് വല്യ സംഭവം ആണ് എന്നും കരുതുന്നില്ല. അതിനെ അറിഞ്ഞു തുടങ്ങ്യപ്പോൾ ഉള്ള ഇഷ്ടം കൊണ്ട് ഇട്ട പോസ്റ്റാണ്. മാതൃഭാഷയല്ല ഏതൊരു ഭാഷയും അടിച്ചേല്പിക്കുന്നതിനോട് യോജിക്കുന്നില്ല.. ഭാഷ മരിച്ചു , ന്യൂ ജെൻ കൊന്നു തുടങ്ങിയ വിലാപങ്ങളോടും വിയോജിപ്പ്. ഭാഷ മുന്നോട്ടു തന്നെയാണ്. അതിന്റെ സൗന്ദര്യം അങ്ങനൊന്നും പൊയ്പ്പോവൂല മക്കളേ...