Saturday 09 January 2021 04:37 PM IST

'ഫൊട്ടോയൊക്കെ എടുത്തു തരാം, പക്ഷേ സഹകരിക്കണം': അഡ്ജസ്റ്റ്‌മെന്റിനു നിന്നു കൊടുത്തില്ല, മോഡലിംഗ് സ്വപ്‌നം സാക്ഷാത്കരിച്ച് സാറ ഷെയ്ഖ

Tency Jacob

Sub Editor

sara

'മുഖം കൊള്ളില്ല, ബോഡി ന്യൂഡാക്കി ഷൂട്ട് ചെയ്താലോ?': 

'അയ്യേ, ഇത്രയും പൊക്കം പെണ്‍കുട്ടികള്‍ക്ക് നല്ലതല്ല'

'' സാറാ, നിന്നെ കാമറയില്‍ കണ്ടാല്‍ അത്ര പോര, നിന്റെ ഫേസ് തീരെ ഫോട്ടോജനിക്ക് അല്ല''

'' ഫോട്ടോ ഞാന്‍ എടുത്തു തരാം.പക്ഷേ, സഹകരിക്കണം''

'' ഫോട്ടോ എടുത്തു.നന്നായിട്ടുണ്ട്.പക്ഷേ, ചുമ്മാ തരാന്‍ പറ്റുമോ? നീ വൈകീട്ട് ഫ്‌ലാറ്റിലേക്കു വാ... നമുക്കൊന്നു കൂടാം''

'' നിന്റെ മുഖം കൊള്ളില്ല.ബോഡി കൊള്ളാം. നമുക്ക് ബോഡി മാത്രം ന്യൂഡ് ആയി ഷൂട്ട് ചെയ്താലോ''

 മോഡലിങ് എന്നൊരു സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങിതിരിച്ച പെണ്‍കുട്ടിക്ക് കേള്‍ക്കേണ്ടി വന്ന കമന്റുകളാണ് ഇതെല്ലാം.

അറിയപ്പെടുന്ന ട്രാന്‍സ് വുമണും പൂനെയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ഡപ്യൂട്ടി മാനേജറുമായ സാറ ഷെയ്ക്ക തന്റെ മോഡലിങ് അനുഭവങ്ങള്‍ വനിതയോടു പങ്കു വയ്ക്കുന്നു.''ആദ്യം ഇത്തരത്തിലുള്ള ഒരു കമന്റ് കേട്ടപ്പോള്‍ മോഡലിങ് രംഗം തന്നെ ഇങ്ങനെയാണെന്നു കരുതി ഞാന്‍ മാറി നിന്നു. പക്ഷേ,ഞാന്‍ എന്നെത്തന്നെ നിരുത്സാഹപ്പെടുത്തിയിട്ടും ആഗ്രഹം കൂടി വന്നതേയുള്ളൂ.അടുത്ത സുഹൃത്തുക്കള്‍ വഴി കുറച്ചു വര്‍ക്കുകള്‍ ചെയ്‌തെങ്കിലും എടുത്ത ചിത്രങ്ങള്‍ തരാന്‍ ആരും തയാറായില്ല.അവര്‍ പറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും ഞാന്‍ തയാറായിരുന്നില്ല. പലപ്പോഴും ട്രാന്‍സ് വുമണെന്ന രീതിയിലും അപമാനം നേരിടേണ്ടി വന്നു.

sara-s-1
saras-3

 ഒരു ട്രാന്‍സ് വുമണെന്നു പറയുമ്പോള്‍ സമൂഹം കരുതുന്നത് എന്താണ്? എന്തിനും തയാറായി ഇരിക്കുന്ന ആളുകളാണെന്നോ. ഭിക്ഷ യാചിക്കുന്നവളോ, ലൈംഗിക തൊഴിലാളിയോ ആയിട്ടായിരിക്കും നിങ്ങള്‍  കൂടുതല്‍ ഹിജഡകളെയും കണ്ടുമുട്ടിയിരിക്കുന്നത്.പക്ഷേ, എനിക്കൊരിക്കലും അങ്ങനെയാകേണ്ടായിരുന്നു.അതിനുവേണ്ടിയാണ് ജോലി ചെയ്യുന്നതിനൊപ്പം പഠനം നടത്തി എം എസ് സി മൈക്രോ ബയോളജിയും എംബിഎയും ഞാന്‍ പൂര്‍ത്തിയാക്കിയത്.ജോലി ചെയ്ത ഇടങ്ങളിലെല്ലാം എന്റെ കഴിവുകള്‍ക്കു മാത്രമായിരുന്നു സ്ഥാനം.അതാണ് ഞാന്‍ ആഗ്രഹിക്കുന്നതും.

sara-s-2
sara-s-5

ഈയടുത്താണ് സോമു വേദ എന്ന ഫോട്ടോഗ്രാഫര്‍ ഒരു വര്‍ക്കിന്റെ കാര്യം സംസാരിക്കാന്‍ വന്നത്.അവര്‍ ചെയ്ത വര്‍ക്കുകളെല്ലാം വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി തോന്നി.സുഹൃത്തുക്കളും സോമുവിനെക്കുറിച്ചു നല്ല ഫീഡ്ബാക്ക് തന്നപ്പോഴാണ് !ഞാന്‍ 'യെസ്' പറഞ്ഞത്. ഓരോ ഫോട്ടോയെടുക്കുമ്പോഴും എനിക്ക് ആത്മവിശ്വാസം കൂടി വന്നു.മോഡലിങ് രംഗത്തെക്കുറിച്ചു എനിക്കുണ്ടായിരുന്ന ധാരണകള്‍ തിരുത്താനും കഴിഞ്ഞു.നോവിച്ചവരോടും അപമാനിച്ചവരോടും പറയാനുള്ളത് ഇതാണ്. ഇതൊരു ട്രെയിലര്‍ മാത്രം.ഇനിയും മോഡലിങ്ങുമായി ഞാന്‍ ഇവിടെത്തന്നെ ഉണ്ടാവും.

sara-s-7
saras-6