Thursday 31 March 2022 05:01 PM IST

ഈ പ്രഫഷൻ പറഞ്ഞു കളിയാക്കിയാൽ ‘സുട്ടിടുവേൻ’: സ്വപ്നം കണ്ട ജോലി വിദേശത്ത്: സരിഷ്മയുടെ വിജയഗാഥ

Tency Jacob

Sub Editor

sarishma-cook

‘എന്തായി തീരണം’ എന്ന ചോദ്യം നേരിടേണ്ടി വന്നപ്പോഴെല്ലാം ‘ഷെഫ്’ എന്ന് ഉറച്ചു പറഞ്ഞ നാലു വ്യക്തികൾ. ആ സ്വപ്നത്തിലേക്ക് എത്തിച്ചേരൽ എളുപ്പമായിരുന്നില്ല. റസ്റ്ററന്റുകൾ ഭരിച്ചിരുന്ന പുരുഷ ഷെഫുമാരെ പിന്നിലാക്കി സ്വന്തം ഇടം കണ്ടെത്താൻ നിശ്ചയദാർഢ്യമാണ് കൂട്ടായത്. വിദേശത്ത് മികച്ച പദവികൾ കരസ്ഥമാക്കിയ നാലു വനിതാ ഷെഫുമാരുടെ വ്യത്യസ്ത ജീവിതം.

സങ്കടം പൊതിയുമ്പോഴും പാചകം ചെയ്തു ഞാൻ അതിനെ മറികടക്കും. ഞാൻ എന്നെതന്നെ കണ്ടെത്തുന്നത് അത്തരം നിമിഷങ്ങളിലാണ്.’’ ഡബിൾ ട്രീ ഹിൽട്ടൺ റാസൽഖൈമ മാർജാ ൻ ഐലൻഡിലെ കോമി വൺ ഷെഫ് സരിഷ്മയ്ക്ക് പാചകമാണ് എല്ലാം.

‘‘ ഞാനുണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി വർഷങ്ങൾക്കു ശേഷവും കൂട്ടുകാർ ഓർത്തിരിക്കുന്നുവെന്നു ഈയടുത്തു കണ്ടപ്പോഴും പറഞ്ഞു. ഭക്ഷണത്തിലൂടെ മറ്റുള്ളവരുടെ മുഖത്ത് ചിരി വിരിയിക്കുന്നത് അഭിമാനമല്ലേ. പക്ഷേ, അച്ഛൻ സുരേഷിനും അമ്മ സോനയ്ക്കും ഇപ്പോഴും ഞാൻ ഈ ജോലി ചെയ്യുന്നതിനോടു താൽപര്യമില്ല. കൂടുതൽ സപ്പോർട്ട് ചെയ്തിരുന്നത് ഏട്ടന്‍ സ്വാതിഷ് ആയിരുന്നു.‘നിനക്കിഷ്ടമുള്ളതൊക്കെ പഠിച്ചോ’ എന്നു പറഞ്ഞ് ഒപ്പം നിന്നു. പ്ലസ് ടു കംപ്യൂട്ടർ സയൻസായിരുന്നു. അതുകഴിഞ്ഞു ബെംഗളൂരൂവിൽ ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ പോയി.

ആ ബാച്ചിൽ 50 പേരിൽ മൂന്നു പെൺകുട്ടികളാണ് ഉ ണ്ടായിരുന്നത്. അതിൽ ഞാൻ മാത്രമാണ് കിച്ചൻ സ്പെഷലൈസ് ചെയ്തത്. പെൺകുട്ടികൾ കിച്ചനിൽ വർക്കു ചെയ്യുന്നത് വളരെ കുറവാണ്. ചെയ്യുന്നവർ തന്നെ രണ്ടുമൂന്നു വർഷം കഴിയുമ്പോൾ നിർത്തും.

നാട്ടിൽ വന്നു തൃശൂരുള്ള സൽമാ കേക്ക്സിലായിരുന്നു ആദ്യം ജോലി ചെയ്തത്. ആ സമയത്താണ് ഒരു അ പകടത്തിൽപെട്ട് ഏട്ടൻ മരിക്കുന്നത്. നന്നായി പാചകം ചെയ്യുമായിരുന്ന ഏട്ടന്റെ സ്പെഷൽ ബിരിയാണി രുചി, അതു മാത്രം വീണ്ടെടുക്കാനാകില്ല. അത്യാവശ്യം എക്സ്പീരിയൻസ് ആയപ്പോൾ മസ്ക്കത്തിൽ പോയി. പേസ്ട്രി ഷെഫായിരുന്നെങ്കിലും സമയം കിട്ടുമ്പോൾ ബാക്കി കിച്ചനുകളിലും സഹായിക്കാൻ പോ കും. പഠിക്കാൻ കിട്ടുന്ന അവസരങ്ങളല്ലേ. അതു ഇപ്പോഴത്തെ ജോലിക്ക് സഹായമായി.

നെവർ ഗിവ് അപ്

ഇപ്പോൾ ഇറ്റാലിയൻ ക്യുസീൻ ആണ് ചെയ്യുന്നത്. ഫിഷ് കഴിക്കാൻ ഇഷ്ടമല്ലെങ്കിൽ കൂടി അത്തരം വിഭവങ്ങളും ഉണ്ടാക്കാൻ മടി കാണിക്കാറില്ല. പഠിക്കുന്ന സമയത്തു ന മ്മുടെ ഭക്ഷണ സംസ്കാരത്തെ കുറിച്ചു മനസ്സിലാക്കാനായി ഇറ്റലിയിൽ നിന്നു ആളുകൾ വന്നിരുന്നു. അവരോടൊപ്പം ഭക്ഷണം പാകം ചെയ്തു ഇറ്റാലിയൻ ഫൂഡിനോടു കുറച്ചു ഇഷ്ടക്കൂടുതൽ ഉണ്ട്.

Different, Amazing, Wow ഈ മൂന്നു വാക്കുകൾ കൊണ്ടു വിദേശത്തെ എക്സ്പീരിയൻസിനെ വിശേഷിപ്പിക്കാം. ആ രെങ്കിലും എന്നെ ഈ പ്രഫഷൻ പറഞ്ഞു കളിയാക്കിയാ ൽ ‘സുട്ടിടുവേൻ’ എന്നാണ് എന്റെ നിലപാട്.

ടെൻസി ജെയ്ക്കബ്