Monday 18 October 2021 05:12 PM IST

18 മാസങ്ങൾക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ, വേണം ഒരു പ്രീസ്കൂൾ സമീപനം: ഡോ. സി. ജെ. ജോൺ

Shyama

Sub Editor

School-reopen-cjjohn

സ്കൂളുകൾ തുറക്കുന്നു. ഓൺലൈൻ, ചാനൽ വിദ്യാഭ്യാസത്തിൽ നിന്ന് ക്ലാസ് മുറികളുടെ സജീവതയിലേക്ക് കുട്ടികൾ പോവുകയാണ്. പല തരത്തിലുള്ള വെല്ലുവിളികളാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നേരിടാൻ പോകുന്നത്. ക്ലാസും പരീക്ഷയും ഹോംവർക്കുമെല്ലാം ഉണ്ടായിരുന്നു എങ്കിലും 18 മാസം ക്ലാസ് റൂം വിദ്യാഭ്യാസം നഷ്ടപ്പെട്ട കുട്ടികളിൽ നിന്ന് 100 ശതമാനം സ്വാഭാവികമായ മാറ്റം അധ്യാപകരും രക്ഷിതാക്കളും പ്രതീക്ഷിക്കരുത്. ക്ലാസ് റൂമിന്റെ ചിട്ടകളിൽ നിന്ന് വീട്ടകങ്ങളുടെ സ്വാതന്ത്ര്യവും സ്വകാര്യതയും ആവോളം ശീലമാക്കിയ കുട്ടികളാണ് തിരികെ ക്ലാസ് മുറികളിലേക്ക് വരുന്നത്. ഒരു പ്രീസ്കൂൾ സമീപനം തന്നെ കുട്ടികളോട് വേണം, പ്രായഭേദമന്യേ.

അന്തർമുഖത്വം, സമൂഹത്തിൽ പ്രതികരിക്കാനുള്ള വൈക്ലബ്യം, ഓണ‍ലൈൻ അഡിക്‌ഷൻ, ഏകാഗ്രതയില്ലായ്മ, മറ്റുള്ളവരുടെ മുമ്പിൽ അപമാനിതരാവുന്നു എന്ന തോന്നൽ, കൗമാരത്തിന്റെ നിഷേധം എന്നിങ്ങനെ മുമ്പില്ലാത്ത വിധം പലതരത്തിലുള്ള പ്രതികരണങ്ങൾ അധ്യാപകർക്ക് നേരിടേണ്ടി വരാം. പാഠഭാഗങ്ങൾ തീർക്കുന്നതിനപ്പുറം കുട്ടികളിൽ നിന്ന് വിദ്യാർഥികളെ വീണ്ടെടുക്കാനുള്ള ശ്രമമാവണം അധ്യാപകർ ആദ്യം ചെയ്യേണ്ടത്. അതിന് യാഥാസ്ഥിതിക രീതിയായ വഴക്ക്, കുറ്റപ്പെടുത്തല്‍, പരിഹാസം എന്നിവയ്ക്ക് പകരം അനുഭാവപൂർവമായ ഒരു അധ്യാപക–രക്ഷകർത്തൃ സമീപനമാണ് കുട്ടികളോടു പുലർത്തോണ്ടത്. കുട്ടികൾ മുമ്പ് ക്ലാസുകളിൽ കാണിച്ചിരുന്ന പഠനമികവിൽ നിന്ന് പിന്നാക്കം പോയാൽ, അവർക്ക് ആത്മവിശ്വാസം പകർന്ന് പഠനമികവിലേക്ക് തിരികെ വരാനുള്ള പ്രോത്സാഹനമാണ് നൽകേണ്ടത്. രക്ഷിതാക്കളുമായി കൃത്യമായ ആശയവിനിമയം നടത്തി കുട്ടികള്‍ക്ക് ആവശ്യമായ മനസ്സൊരുക്കത്തിനുള്ള സാഹചര്യമാണു നമ്മൾ സൃഷ്ടിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾ ഒക്ടോബർ 16–29 ലക്കം വനിതയിൽ

സ്കൂൾ വീണ്ടും തുറക്കുമ്പോൾ മാതാപിതാക്കളും അധ്യാപകരും മനസ്സിലാക്കേണ്ട കാര്യങ്ങളെപ്പറ്റി ഡോ. സി. ജെ. ജോൺ (സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എറണാകുളം.) സംസാരിക്കുന്നു...