Thursday 21 April 2022 05:04 PM IST

‘ഭാര്യ തന്നെ വിളമ്പിയാലേ കഴിക്കൂ, പാത്രം കഴുകുന്നത് നാണക്കേട്... അവരെക്കുറിച്ച് ഇനി എന്തു പറയാനാണ്’

Tency Jacob

Sub Editor

safeesh-shabna

കേരളത്തിൽ നിന്നു പുട്ടുകുടോം അപ്പച്ചെമ്പും മീൻ വയ്ക്കാനുള്ള മൺച്ചട്ടിയും കുടംപുളിയുമൊക്കെയായി വിദേശത്തേക്കു കുടിയേറിയ മലയാളികളാണ് ഇവരെല്ലാം.

ആദ്യമൊക്കെ ‘പെർഫെക്ട് ഓക്കെ’ ആയിരുന്നു കാര്യങ്ങൾ. കാലത്തു പുട്ട്–കടലക്കറി, ഇടിയപ്പം–കുറുമ, ഇഡ്ഡലി–സാമ്പാർ എന്നിങ്ങനെ. ഉച്ചയ്ക്ക് കുത്തരിച്ചോറ്, ഓംലെറ്റ്, ഉപ്പേരി, ഒഴിച്ചുകറി.

നാലു മണിക്ക് ചായ, വട, അട, പഴംപൊരി എന്നിങ്ങനെ. രാത്രി ബീഫ് ഫ്രൈയും ചപ്പാത്തിയും. ഞായറാഴ്ചകളിൽ ബിരിയാണി. ‘മച്ചാനേ, ഇതു മതി അളിയാ!’ എന്നു ആരും പറഞ്ഞു പോകും.

കാലം കുറച്ചങ്ങു പോയിക്കഴിഞ്ഞപ്പോൾ ‘മ ച്ചാനേ, ഇതിങ്ങനെ പോയാൽ പറ്റില്ലല്ലോ. നമുക്കു ജീവിക്കേണ്ടേ’ എന്നു തിരിച്ചു ചോദിക്കേണ്ടി വന്നു ഇവർക്ക്. നാടോടുമ്പോൾ നടുവേയല്ല, അതിലും മുന്നിൽ ഓടിയവരാണ് വിദേശ മലയാളി സ്ത്രീകൾ.

‘അടുക്കള, സ്ത്രീകളുടെ മാത്രം ഇടങ്ങളല്ല, വീട്ടിലുള്ളവർ ഒരുമിച്ചു നിൽക്കേണ്ട ഇടം’ എന്നു ഉറപ്പിച്ചു പറയുന്നു ഈ വനിതകൾ...

അടുക്കള കംഫർട്ടബിൾ ആക്കും ഷബ്ന സഫീഷ്

അമേരിക്കയിൽ എത്തുന്നതു വരെ അടുക്കള ഒരു പേടിസ്വപ്നമായിരുന്നു ഷബ്നയ്ക്ക്. ‘‘ബ്രേക്ഫാസ്റ്റ് ഉണ്ടാക്കണമെങ്കിൽ തലേന്നു തന്നെ തുടങ്ങണം. അരി വെള്ളത്തിലിട്ട് അരച്ച് പിറ്റേന്നു ചുട്ടെടുത്ത് ഒരുക്കണം. ചോറിനു മീൻ പൊരിച്ചതും കറികളുമെല്ലാം വേണം. നാട്ടിലായിരുന്നപ്പോൾ ഫൂഡുണ്ടാക്കാനാണ് നമ്മൾ ജീവിച്ചിരിക്കുന്നത് എന്നു പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.’’ ഷബ്ന അടുക്കളവിശേഷങ്ങളുടെ അടപ്പു തുറന്നു.

‘‘വിശപ്പു മാറ്റാനുള്ള ഭക്ഷണം കഴിക്കുക എന്നതാണ് ഇവിടുത്തെ രീതി. അവർക്കു എന്താണോ കഴിക്കാൻ തോന്നുന്നത് അത് അപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കും. അതുകൊണ്ടു തന്നെ നമ്മുടെ നാട്ടിലേതു പോലെ പുലർച്ചെയെഴുന്നേറ്റ് വൈകുന്നേരം വരെ അടുക്കളയിൽ പുകഞ്ഞു തീരുന്നൊന്നുമില്ല. ഏറ്റവും എളുപ്പത്തിൽ എന്താണ് ഉണ്ടാക്കാൻ സാധിക്കുക എന്നാണ് അവർ ചിന്തിക്കുക. കോൺഫ്ലേക്സ് ഇവിടെയുള്ളവർ ധാരാളമായി ഉപയോഗിക്കുന്നന്നുണ്ട്. നാട്ടിൽ ഇപ്പോഴും അതൊരു ഭക്ഷണമായി കരുതിയിട്ടില്ലല്ലോ.

ഏഴു വർഷമായി ഇവിടെയെത്തിയിട്ട്. ഇന്ത്യൻ ഭക്ഷണം കഴിക്കണമെന്നു തോന്നുമ്പോൾ മാത്രമാണ് അതു തയാറാക്കുന്നത്. കപ്പയും മീൻകറിയുമാണ് ഇഷ്ട വിഭവം. സോഫ്റ്റ് വെയർ എൻജിനീയറായ ഭർത്താവ് സഫീഷും ഭക്ഷണമുണ്ടാക്കുകയും അടുക്കള ജോലികളിൽ സഹായിക്കുകയും ചെയ്യും. അതുകൊണ്ട് ഇവിടെ വന്നശേഷം എനിക്കു എന്റേതായി കുറേ സമയം കിട്ടുന്നുണ്ട്.

അങ്ങനെ ആ ടെൻഷൻ മാറി

എനിക്ക് ഏറ്റവും കംഫർട്ടബിൾ ഇടം ഇപ്പോൾ അടുക്കളയാണ്. കാരണം പാചകം ചെയ്യാനുള്ള എല്ലാ സാധനങ്ങളും ക്രമത്തിൽ വച്ചിട്ടേ ഞാൻ തുടങ്ങൂ. അത് കുക്കിങ് എളുപ്പമാക്കും.

കഴിക്കുന്നതിന് അര മണിക്കൂർ മുൻപാണ് പാചകം. ഞാൻ അത്ര വേഗത്തിൽ പാചകം ചെയ്യുന്ന ആളല്ല. എന്നിട്ടു പോലും കുറഞ്ഞ സമയം കൊണ്ടു കുക്കിങ് തീരും. മകൾ അമാനിയും മകൻ അമിനും തനിയെ ആഹാരം ഉണ്ടാക്കി കഴിക്കും. ഇവിടെ മറ്റുള്ളവരും അങ്ങനെതന്നെയാണ് ജീവിക്കുന്നത്. ‘നിനക്കു വിശന്നാൽ നീ ഉണ്ടാക്കി കഴിക്കുക. വേറെ ഒരാൾ ഉണ്ടാക്കി തരുമെന്നു ചിന്തിക്കരുത്.’ എന്നു മകനോടു പറയാറുണ്ട്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ വന്നു കയറുന്ന ഭാര്യയോട് ടിവി കണ്ടുകൊണ്ടു വിശ്രമിക്കുന്ന ഭർത്താവ് ‘വേഗം ഒരു ചായ’ എന്നു ഓർഡറിടുന്ന കാഴ്ച പലപ്പോഴും പലവീടുകളിലും കണ്ടിട്ടുണ്ട്. ‘ക്രൂരത’ എന്നതിനപ്പുറം വേറൊന്നും പറയാനില്ല.

ഭാര്യ തന്നെ വിളമ്പി തന്നാലേ കഴിക്കൂ. പാത്രം കഴുകുന്നത് നാണക്കേട് എന്നെല്ലാം ചിന്തിച്ചിരിക്കുന്ന നമ്മുടെ നാട്ടിലുള്ളവരെക്കുറിച്ച് ഇനി എന്തു പറയാനാണ്?

kitchen-shabna-safeesh

ഫ്രോസൺ കൂർക്ക നല്ലതാണ്

ഫ്രോസൺ വെജിറ്റബിൾസ് നന്നായി ഉപയോഗിക്കും. ഫ്രഷ് സാധനങ്ങളെല്ലാം നല്ലതാണെന്നും പാക്ക് ചെയ്തു വരുന്നതെല്ലാം ചീത്തയാണെന്നും ഉള്ള വിചാരം എനിക്കുണ്ടായിരുന്നു. ഇവിടെ വന്നപ്പോൾ ആ ധാരണ മാറി.

കൂർക്ക വാങ്ങി തൊലി കളയുന്ന മെനക്കേട് ഓർക്കുമ്പോൾ എനിക്കു ഫ്രോസൺ കൂർക്ക ഇഷ്ടമാണ്. അത്രയേയുള്ളൂ കാര്യം.

ടെൻസി ജെയ്ക്കബ്