Friday 20 May 2022 04:57 PM IST

‘ഷെഫീക്കിന്റെ ആയ ആണോ...? ’എന്നാരെങ്കിലും ചോദിച്ചാൽ വാവച്ചി ദേഷ്യപ്പെടും ‘എന്റെ അമ്മയാണ്’ എന്നുറക്കെ തിരുത്തും

Tency Jacob

Sub Editor

shafeek-ragini

രാഗിണീ, നീ എന്റെ കൊച്ചിനെ വ ച്ചോ എന്നു പറഞ്ഞു തമ്പുരാൻ തന്ന കുഞ്ഞല്ലേ ഈ വാവച്ചി.’’ നിവർന്നു നേരെയിരിക്കാൻ കഴിയാത്ത ഷെഫീക്കിനെ, രാഗിണി നെ‍ഞ്ചിലേക്ക് ചാരിയിരുത്തി കൈകളാൽ ചുറ്റിപ്പിടിച്ചു.

ഷെഫീക്കിന്, രാഗിണി അമ്മയായി തീർന്നിട്ട് ഈ ഓഗസ്റ്റ് മാസം ഒൻപതു വർഷം തികയുന്നു. സ്വന്തം അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദിച്ച് ഗുരുതരാവസ്ഥയിൽ ആക്കിയ കുഞ്ഞാണ് ഷെഫീക്ക്. അന്ന് അവന്റെ ജീവനു വേണ്ടി കേരളം മുഴുവൻ പ്രതീക്ഷയോടെ കാത്തിരുന്നു.

‘‘ഭൂമിയിൽ എത്രയോ സ്ത്രീകളുണ്ടായിരുന്നു. എന്നിട്ടും, ഈ കോടാനുകോടി സ്ത്രീകളിൽ നിന്ന് എന്റെ ഹൃദയത്തിലേക്കല്ലേ ദൈവം അവനെ തുന്നിച്ചേർത്തത്.’’ രാഗിണി ആർദ്രതയോടെ ഷെഫീക്കിനെ ഉമ്മ വച്ചു. ഷെഫീക്ക് അവ്യക്തമായ ഭാഷയിൽ അമ്മ എന്നു വിളിച്ചു രാഗിണിയുടെ കവിളിൽ തലോടി. ആ അമ്മയുടെയും മകന്റെയും ചാരുതയാർന്ന സ്നേഹം ദൈവീകാനുഭവം പകർന്നു.

തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിലെ ‘അമ്മതാരാട്ട്’ എന്നു പേരിട്ടിരിക്കുന്ന മുറിയാണ് രാഗിണിയുടെയും ഷെഫീക്കിന്റെയും ഇപ്പോഴത്തെ വീട്.

‘‘ആരെങ്കിലും വന്ന് ‘ഷെഫീക്കിന്റെ ആയ ആ ണോ’ എന്ന ചോദ്യമുയർത്തുമ്പോൾ വാവച്ചി ദേഷ്യപ്പെടും. ‘എന്റെ അമ്മയാണ്.’ എന്നുറക്കെ തിരുത്തും.

ആയ എന്നു നിങ്ങൾ വിളിക്കുമ്പോൾ എന്റെ ഉ ള്ളിൽ ഒരു ചോദ്യമുയരുന്നുണ്ട്. ‘ഒരു അമ്മയാകാ ൻ ഇതിൽ കൂടുതൽ ഞാൻ എന്താണ് ചെയ്യേണ്ടത്?’ രാഗിണി ഉള്ളുരുകി ചോദിക്കുന്നു.

മകൻ

‘‘ആയ ആയിരുന്നെങ്കിൽ ഇടയ്ക്ക് എനിക്കു വിശ്രമിക്കാം, അവധി എടുത്തു വീട്ടിൽ പോകാം. പക്ഷേ, ഞങ്ങൾ അമ്മയും മകനുമായി ജീവിക്കുന്നു എന്നതാണ് സത്യം. ഇപ്പോഴും എന്റെ നെ‍ഞ്ചോടു ചേർത്തിരുത്തിയാണ് വാവച്ചിക്ക് ആഹാരം കൊടുക്കുന്നതും മരുന്നു നൽകുന്നതും ഉറക്കുന്നതുമെല്ലാം. അമ്മയല്ലെങ്കിൽ എനിക്കൊരിക്കലും ഇങ്ങനെ ചെയ്യാനാകില്ല.

വാവച്ചിക്ക് അപകടം പറ്റി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഗുരുതരമായ അവസ്ഥയിലേക്കു പോയി. മോണിറ്ററിൽ കാണിക്കുന്ന എല്ലാ അളവുകളും താഴ്ന്നു. മരണത്തിലേക്കുള്ള പ്രയാണം പോലെ ദീർഘമായ ശ്വാസമെടുക്കലുകൾ. വെല്ലൂരിലെ പ്രധാന ഡോക്ടർക്കു മാത്രമേ ഞാൻ വാവച്ചിയുടെ ആരാണെന്ന് അറിയുകയുള്ളൂ. ബാക്കി എല്ലാവരും ഷെഫീക്കിന്റെ സ്വന്തം അമ്മയാണെന്നാണ് കരുതിയിരിക്കുന്നത്.

ചുറ്റും കൂടിയിരിക്കുന്നവരുടെ മുഖഭാവത്തിൽ നിന്നു വാവച്ചിയെ തിരിച്ചു കിട്ടില്ല എന്നു ഞാൻ വായിച്ചെടുത്തു.എന്റെ ഹൃദയം വിറയ്ക്കാൻ തുടങ്ങി. ഇടറിക്കൊണ്ടു ഡോക്ടറോട് ചോദിച്ചു. ‘ഞാൻ വാവച്ചിയെ ഒന്നു കെട്ടിപിടിച്ചോട്ടെ.’ ഇനിയൊരിക്കലും അങ്ങനെയൊരു അവസരം ഉണ്ടാകില്ലെന്നു കരുതിയാകണം, ഡോക്ടർ സമ്മതിച്ചു.

വേഗം അവന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു. പ്രാണൻ പോകാറായ ഒരു പക്ഷിക്കു‍ഞ്ഞ്. എന്റെ ഇടതു കൈത്തണ്ടയിലേക്ക് അവനെ പതിയെ ചെരിച്ചു കിടത്തി. എന്റെ കണ്ണുനീർ അവന്റെ കവിളിലൂടെ ഒഴുകി.

ഭൂമിയിൽ നിന്ന് ആ നിമിഷം ഈശ്വരന്റെ അടുത്ത് എ ത്തിയ ഏറ്റവും ദുഃഖത്തോടെയുള്ള നിലവിളി എന്റേതായിരിക്കും. അവന്റെ ശ്വാസമെടുക്കലുകളുടെ വേഗം കുറയാൻ തുടങ്ങി. മോണിറ്ററിൽ ഹൃദയമിടിപ്പും ബിപിയുമെല്ലാം സാധാരണനിലയിലേക്ക് മടങ്ങിയതായി സൂചിപ്പിച്ചു. ഞാനും അവനും ജീവിതത്തിലേക്ക് പതിയെ പിച്ച വച്ചു.

രണ്ടു വർഷം കഴിഞ്ഞൊരിക്കൽ ചെക്കപ്പിനു ചെന്നപ്പോൾ ഡോക്ടർമാർ പറയുകയുണ്ടായി. ‘അൻപതു ശതമാനം മരുന്നും അൻപതു ശതമാനം രാഗിണിയുടെ സ്നേഹവുമാണ് അവനെ രക്ഷിച്ചത്.’

വീട്

ഷെഫീക്കിനെ എനിക്കു കിട്ടുന്നത് ഗവൺമെന്റിന്റെ കൊച്ച് എന്ന നിലയിലാണ്. ഗവൺമെന്റ് ഞങ്ങളെ രണ്ടുപേരെയും അൽ അസ്ഹർ മെഡിക്കൽ കോളജിനു ദത്തു കൊടുത്തു. 2014 മുതൽ അൽ അസ്ഹർ ഗ്രൂപ്പിന്റെ ചെയർമാൻ കെ. എം. മൂസയും എംഡിയായ നിജാസുമാണ് ഞങ്ങളുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തിരിക്കുന്നത്. അവരുടെ കുടുംബാംഗങ്ങളും അവരിലൊരാളായാണ് കരുതുന്നത്. ഞങ്ങൾക്ക് എന്ത് ആഗ്രഹമുണ്ടെങ്കിലും നിറവേറ്റി തരുന്നത് അവരാണ്.

ഈ മുറിക്കുള്ളിൽ നിന്ന് എവിടെയെങ്കിലും മാറി നിൽക്കണമെന്നു തോന്നുമ്പോൾ അവരുടെ വീട്ടിലേക്കാണ് ഞ ങ്ങൾ കയറിച്ചെല്ലുന്നത്. സ്വന്തം വീടു പോലെ ഒരിടം. സർക്കാരിന്റെ ഭാഗത്തു നിന്ന് കൃത്യമായി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.

ഇടുക്കി ഏലപ്പാറയിലാണ് എന്റെ വീട്. അച്ഛനും അ മ്മയും മൂന്നു ചേച്ചിമാരും ഒരു ആങ്ങളയും അടങ്ങിയതാണ് കുടുംബം. പത്താംക്ലാസ്സിൽ തോറ്റപ്പോൾ പഠനം നിർത്തി. പിന്നീട്, ഉപ്പുകുളം അങ്കണവാടിയിൽ ഹെൽപ്പർ ജോലിക്കു കയറി. മാസംതോറുമുള്ള മീറ്റിങ്ങിൽ പങ്കെടുക്കാൻ ഇടുക്കിയിൽ പോയതാണ്. കൂട്ടുകാരുടെ ഇടയിൽ നിന്ന് എന്നെ മാത്രം സൂപ്പർവൈസർ വിളിച്ചു മാറ്റിക്കൊണ്ടുപോയി. എന്നെക്കുറിച്ച് ആരെങ്കിലും പരാതി പറഞ്ഞതാണെന്ന് കരുതി ‘ഞാനൊന്നും ചെയ്തില്ല സാറേ’ എന്നൊക്കെ കരഞ്ഞാണ് കൂടെ ചെല്ലുന്നത്. ‘ഒന്നു കരയാതിരിക്ക്, അതൊന്നുമല്ല കാര്യം’ എന്നു പറഞ്ഞു സമാധാനിപ്പിച്ചു. ‘പത്രത്തിലൊക്കെ വാർത്ത വന്ന ഷെഫീക്ക് എന്ന കുട്ടിയില്ലേ, അവനെ നോക്കാനായി ഒരു ആയയെ സർക്കാർ അന്വേഷിക്കുന്നുണ്ട്. ഒരു മാസത്തേക്ക് മതി.’ കുഞ്ഞുങ്ങളെയും പൂക്കളെയും അത്രമേൽ ഇഷ്ടമുള്ള ഞാൻ ഒരു നിമിഷം പോലും ആലോചിക്കാതെ ‘വരാം’ എന്നു സമ്മതം പറഞ്ഞു.

പിറ്റേന്നു സ്വാതന്ത്ര്യദിമായിരുന്നു. ആ സമയത്ത് വെല്ലൂർ സിഎംസി ഹോസ്പിറ്റലിലായിരുന്നു ഷെഫീക്കിനെ ചികിത്സിച്ചിരുന്നത്. വെല്ലൂർ കേരളത്തിൽ ആണെന്നായിരുന്നു എന്റെ ധാരണ. ഒരു മാസം താമസിക്കാൻ കണക്കാക്കി ഉടുപ്പും സാധനങ്ങളും എടുത്തു ഞാനും അപ്പായും പുറപ്പെടുമ്പോഴാണ് വെല്ലൂർ തമിഴ്നാട്ടിലാണെന്നു മന സ്സിലാകുന്നതുപോലും.

ജീവിതം

ഐസിയുവിൽ വച്ചാണ് വാവച്ചിയെ ആദ്യം കാണുന്നത്. തല മൊട്ടയടിച്ച്, ദേഹം മുഴുവൻ മുറിവുകളുടെ അടയാളങ്ങളുമായി മെലിഞ്ഞൊരു കുട്ടി. കൈകാലുകൾ ചുരുണ്ടാണ് ഇരിക്കുന്നത്. വായിൽ സദാസമയം എന്തോ ചവയ്ക്കുന്നുണ്ട്. കുറേ ട്യൂബുകൾക്കിടയിൽ വിറച്ചു പമ്മി കിടക്കുന്ന നിസഹായനായ ഒരു കുഞ്ഞ്. എന്റെ ഹൃദയത്തിൽ അലിവു വന്നു നിറ‍ഞ്ഞു. ‘തമ്പുരാനേ ഞാൻ നിന്റെയല്ലേ.ഇവൻ എന്റെ കുഞ്ഞും. ഇനി കേരളത്തിലേക്കു പോകുന്നത് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചായിരിക്കണം. അതു ജീവനോടെയായാലും അല്ലെങ്കിലും.’ ആ പ്രാർഥനയോടെ അ വനു ഞാനൊരു ഉമ്മ കൊടുത്തു. എനിക്കിപ്പോഴും ഓർമയുണ്ട്, മുട്ടനാടിന്റെ മൂത്രത്തിന്റെ ഗന്ധമായിരുന്നു അവന്. ആ നിമിഷം മുതൽ അവനെയൊരു മനുഷ്യക്കുഞ്ഞാക്കിയെടുക്കാൻ ‍ഞാനെന്റെ ജീവിതമാണ് നൽകിയത്.

എന്നെ അവിടെ തനിച്ചു നിർത്തി പോരാൻ അപ്പയ്ക്ക് ചെറിയ പരിഭ്രമമുണ്ടായിരുന്നു. ഡോക്ടർമാർ കാര്യങ്ങൾ പറഞ്ഞു കൊടുത്തപ്പോൾ, ‘എന്റെ കുഞ്ഞു തൊട്ടാൽ ആ മോൻ രക്ഷപ്പെടുമെങ്കിൽ അങ്ങനെയാകട്ടെ’ എന്നു പറഞ്ഞു അപ്പ വീട്ടിലേക്കു പോയി.

അന്നെനിക്കു മുപ്പത്തിരണ്ടു വയസ്സായിരുന്നു. ഭക്തി കുറച്ചു കൂടുതലായതുകൊണ്ടു കല്യാണ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട്ടുകാർ ഇപ്പോഴും എന്റെ കല്യാണം പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, ഇനി ഞങ്ങൾക്കിടയിൽ ഒരാൾ വന്നാൽ അതു വാവച്ചിക്കു നഷ്ടങ്ങളേ ഉണ്ടാക്കൂ.വാവച്ചിയുടെ കാര്യങ്ങൾ തടസ്സം വരാതെ നോക്കിയാൽ ഒരു ഭാര്യയായി ജീവിക്കാൻ സമയം കിട്ടുകയുമില്ല. ഈ ജ ന്മം ഞാൻ വാവച്ചിയുടെ അമ്മയായി ജീവിക്കാനായിരിക്കും ദൈവനിശ്ചയം. അതു മാറ്റാൻ ആർക്കു കഴിയും?

പൂർണരൂപം വനിത മേയ് ആദ്യ ലക്കത്തിൽ

ടെൻസി ജെയ്ക്കബ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ